കോൺസ്റ്റാന്റിനോപ്പിളിലെ പാത്രീയാർക്കീസ് ബർത്തലോമിയോയ്ക്ക് പാപ്പാ വീഡിയോ സന്ദേശമയച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പുരാതനവും മഹത്വവുമുള്ള കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയർക്കീസായി തന്റെ സുഹൃത്തും സഹോദരനുമായ ബർത്തലോമിയോ തിരഞ്ഞെടുക്കപ്പെട്ടതിന്റെ മുപ്പതാം വാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും ശുശ്രൂഷയെയും പ്രതി ദൈവത്തി നന്ദി പറയുന്ന അനേകരോടൊപ്പം ചേർന്ന് താനും പ്രത്യേകിച്ച് സന്തോഷിക്കുന്നുവെന്ന് തന്റെ സന്ദേശത്തിൽ പാപ്പാ സൂചിപ്പിച്ചു.
ഫ്രാൻസിസ് പാപ്പാ കത്തോലിക്കാ സഭാ തലവനായി ശുശ്രൂഷ ഏറ്റെടുത്ത ആദ്യ ദിവസം തന്നെ റോമിൽ തന്റെ സാന്നിധ്യം കൊണ്ട് പാപ്പായെ ആദരിച്ച അന്ന് മുതൽ അവർക്കിടയിൽ ഒരു നല്ല വ്യക്തിബന്ധം രൂപപ്പെട്ടതായി പാപ്പാ അനുസ്മരിച്ചു.
റോമിൽ മാത്രമല്ല കോൺസ്റ്റാന്റിനോപ്പിൾ, ജറുസലേം, അസീസി, കെയ്റോ, ലെസ്ബോസ്, ബാരി എന്നിവിടങ്ങളിലും പാപ്പായും പാത്രിയാർക്കീസും നടത്തിയ നിരവധി സംഗമങ്ങളിൽ അവർ തമ്മിലുള്ള വ്യക്തി ബന്ധം ഒരു സാഹോദര്യ സൗഹൃദമായി വളർന്നുവെന്നും പാപ്പാ കുട്ടിചേർത്തു.
മുഴുവൻ മനുഷ്യകുടുംബവും ഇന്ന് അഭിമുഖീകരിക്കേണ്ട അടിയന്തിര വെല്ലുവിളികളോടുള്ള നമ്മുടെ സംയുക്ത, അജപാലന ഉത്തരവാദിത്തത്തെക്കുറിച്ചുള്ള അവബോധത്തിന്റെ പങ്ക് വയ്ക്കലിൽ നാം പാത്രിയർക്കീസ് ബാർത്തലോമിയോയുമായി ഐക്യപ്പെട്ടിരിക്കുന്നു.
"സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള എക്യുമെനിക്കൽ പാത്രിയാർക്കീസിന്റെ പ്രതിബദ്ധതയ്ക്കും, ഈ വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനങ്ങൾക്കും ഞാൻ വളരെ നന്ദിയുള്ളവനാണ്, അതിൽ നിന്ന് ഞാൻ വളരെയധികം പഠിക്കുകയും, തുടർന്നും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു." പാപ്പാ പങ്കുവച്ചു.
മഹാമാരി പൊട്ടിപ്പുറപ്പെടുകയും അതിന്റെ നാടകീയവും ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ, മനുഷ്യരാശിക്ക് ആവശ്യമായ ആത്മീയ പരിവർത്തനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സാക്ഷ്യവും പ്രബോധനവും കൂടുതൽ പ്രസക്തി നേടി. കൂടാതെ, ക്രിസ്തുവിൽ എല്ലാ വിശ്വാസികളും തമ്മിലുള്ള അനുരഞ്ജനത്തിനും അവരുടെ സമ്പൂർണ്ണ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഏക മാർഗ്ഗം സത്യത്തിലും ഉപവിയിലുമുള്ള സംവാദമാണെന്ന് പരിശുദ്ധ ബർത്തലോമിയോ ഇടവിടാതെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.
"തീർച്ചയായും ഈ പാതയിലൂടെ ഒരുമിച്ച് നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ക്രൈസ്തവർക്കിടയിലും നമ്മുടെ സഭകൾക്കിടയിലുമുള്ള സാമീപ്യവും ഐക്യദാർഢ്യവും സാർവ്വത്രിക സാഹോദര്യത്തിനും സാമൂഹിക സൗഹൃദത്തിനും ആവശ്യമായ സംഭാവനയാണെന്നത് ഞങ്ങളുടെ സംയുക്ത ബോധ്യമാണ്, അത് മനുഷ്യരാശിക്ക് അടിയന്തിരമായി ആവശ്യവുമാണ്. " പാപ്പാ തന്റെ വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി.
ഈ വികാരങ്ങളോടെ, പാത്രിയാർക്കീസ് ബാർത്തലോമിയോയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിന്റെ മുപ്പതാം വാർഷികത്തിൽ തന്റെ ആശംസകൾ അറിയിച്ച പാപ്പാ അദ്ദേഹത്തിന് ആരോഗ്യവും, ശാന്തിയും, ആത്മീയ സന്തോഷവും, എല്ലാറ്റിനുപരി നർമ്മബോധവും സമൃദ്ധമായി നൽകട്ടെയെന്ന് ദൈവത്തോടു അപേക്ഷിക്കുന്നുവെന്നും പാപ്പാ അയച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അഭിവന്ദ്യ ക്രിസ്തുവിൽ പ്രിയ സഹോദരൻ, χρόνια πολλά! [ Chronic Pollà] Ad multos annos! എന്ന് ഗ്രീക്കിലും, ലാറ്റിനിലും ആശംസ അർപ്പിച്ച്കൊണ്ടാണ് പാപ്പാ തന്റെ സന്ദോശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: