ഇറാഖിലെ സഭാപ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ കൂടി കാഴ്ച്ച നടത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2021 മാർച്ച് 5 മുതൽ 8 വരെ നടന്ന തന്റെ അപ്പോസ്തോലിക യാത്രയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് റോം സന്ദർശിക്കുന്ന ഇറാഖിലെ ക്രൈസ്തവ സഭകളുടെ പ്രതിനിധികളെ ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു.
സുവിശേഷത്തിന്റെ ധീരരായ സാക്ഷികൾ
ഇറാഖ് നാഗരികതകളുടെയും ക്രിസ്തീയതയുടെയും പിള്ളത്തൊട്ടിലാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത പരിശുദ്ധ പിതാവ് ബൈബിൾ കാലഘട്ടം മുതൽ ഇത് പ്രവാസികളുടെ നാടായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഈ സമീപ വർഷങ്ങളിലെ ദാരുണമായ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട്, പീഡനങ്ങൾക്കിടയിലും "സുവിശേഷത്തോടുള്ള വിശ്വസ്ഥതയ്ക്ക് ധൈര്യശാലികളായി സാക്ഷ്യം വഹിച്ചതിന് " ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങളോടു പാപ്പാ തന്റെ അഗാധമായ നന്ദി രേഖപ്പെടുത്തി.
ജീവൻ പണയംവെച്ച് പോലും വിശ്വാസം കാത്തുസൂക്ഷിച്ചവരുടെ സഹനങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും മുന്നിൽ നമിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.
സ്നേഹത്താൽ ചൊരിയപ്പെട്ട ക്രിസ്തുവിന്റെ രക്തം അനുരഞ്ജനം സാധ്യമാക്കുകയും സഭയെ അഭിവൃദ്ധിപ്പെടുത്തിയതുംപോലെ, വ്യത്യസ്ത പാരമ്പര്യങ്ങളിൽപ്പെട്ടവരും എന്നാൽ ഒരേ ബലിയിൽ ഐക്യപ്പെട്ടവരുമായ നമ്മുടെ കാലത്തെ ഈ അനേകം രക്തസാക്ഷികളുടെ രക്തം ക്രിസ്ത്യാനികൾക്കിടയിലും ഐക്യത്തിന്റെ വിത്തും വിശ്വാസത്തിന്റെ പുതിയ വസന്തകാലത്തിന്റെ അടയാളവുമായിരിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.
സാഹോദര്യ ബന്ധങ്ങൾ
അജപാലനം, രൂപീകരണം, ദരിദ്രർക്കുള്ള സേവനം എന്നീ മേഖലകളിൽ സഹകരണത്തിന്റെ നിരവധി കണ്ണികൾ സ്ഥാപിക്കാൻ അനുവദിച്ച ഇറാഖിലെ സഭകളുടെ സാഹോദര്യ ബന്ധങ്ങളെ പാപ്പാ അഭിനന്ദിക്കുകയും "ഈ പാതയിൽ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ മൂർത്തമായ സംരംഭങ്ങളിലൂടെയും നിരന്തരമായ സംവാദങ്ങളിലുടെയും, ഏറ്റവും പ്രധാനമായ സാഹോദര്യ സ്നേഹത്തിലൂടെയും, പൂർണ്ണമായ ഐക്യത്തിലേക്ക് പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. "വളരെയധികം വിഭജനവും ഭിന്നതയും അനുഭവിച്ച ഒരു ജനതയുടെ മധ്യത്തിൽ, നാനാത്വത്തിൽ ഏകത്വത്തിന്റെ ഒരു പ്രവചനപരമായ അടയാളമായി ക്രൈസ്തവർ തിളങ്ങു"മെന്നും പാപ്പാ കൂട്ടി ചേർത്തു.
ഇറാഖിലെ സമൂഹത്തിന്റെ ഒരു പ്രധാന ഘടകം
ക്രിസ്ത്യാനികൾ ഇറാഖി സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി. "ക്രൈസ്തവരില്ലാത്ത ഇറാഖ്", ഇനി ഇറാഖ് ആകില്ല, എന്ന് സൂചിപ്പിച്ച പാപ്പാ അതിനുകാരണമായി സഹവർത്തിത്വവും സഹിഷ്ണുതയും പരസ്പര സ്വീകാര്യതയും ആദ്യ നൂറ്റാണ്ടുകൾ മുതൽ അഭിവൃദ്ധി പ്രാപിച്ച സ്ഥലമെന്ന നിലയിൽ ക്രിസ്ത്യാനികളും മറ്റ് വിശ്വാസികളും ചേർന്ന് രാജ്യത്തിന്റെ പ്രത്യേക വ്യക്തിത്വത്തിന് ശക്തമായി സംഭാവന ചെയ്യുന്നു എന്നത് ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് ഇറാഖ് തങ്ങളുടെ വീടാണെന്നും നാം സ്വന്തം പൗരന്മാരാണെന്നും ക്രിസ്ത്യാനികൾ തുടർന്നും കരുതുന്നത് ഉറപ്പാക്കാൻ എല്ലാവഴിക്കും ശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു.
സംവാദത്തിന്റെ പ്രാധാന്യം
മതങ്ങൾ സാഹോദര്യത്തിന്റെ സേവനത്തിലാണ് എന്നുറപ്പാക്കാൻ സംവാദത്തിൽ ഏർപ്പെടാനുള്ള കടമയും ഇറാഖിലെ ക്രൈസ്തവർക്കുണ്ടെന്നും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ഏത് മതവിശ്വാസികയുടെയും ജീവിതത്തിന് അപകടകരവും സമാധാനത്തിന് ഗുരുതരമായ ഭീഷണിയുമാകുന്ന തീവ്രവാദത്തിനെതിരായ ഏറ്റവും നല്ല മറുമരുന്നാണ് സംവാദം എന്ന് പാപ്പാ പറഞ്ഞു.
"ഭൗതികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ദാരിദ്ര്യവും അനീതിയുടെയും ദുർബ്ബലതയുടെയും സാഹചര്യങ്ങളും" ഉൾപ്പെടുന്ന മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ മാത്രമേ മൗലികവാദത്തെ ഉന്മൂലനം ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"നിരുത്സാഹപ്പെടരുത്!"
ക്രൈസ്തവർ നിരാശരാകരുതെന്നും “ഐക്യത്തിന്റെ സ്രഷ്ടാവായ”യേശുവിന്റെ ആത്മാവിനെ തുടർന്നും സഹായത്തിനായി വിളിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. നമുക്കിടയിലും നമ്മുടെ സഭകൾക്കിടയിലും ഉള്ള കൂട്ടായ്മ ദൃഢമാക്കാൻ നമുക്ക് ഏകത്വമല്ലാത്ത യഥാർത്ഥ ഐക്യത്തിന്റെ മാതൃകയായ പരിശുദ്ധ ത്രിത്വത്തോടു അപേക്ഷിക്കാം. തന്റെ ശിഷ്യന്മാർ ‘ഒന്നായിരിക്കണമെന്ന’ കർത്താവിന്റെ ഹൃദയംഗമമായ ആഗ്രഹത്തോടു പ്രതികരിക്കാൻ ഇതുവഴി നമുക്ക് കഴിയും, ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചു.
പ്രതിനിധി സംഘത്തിലെ അംഗങ്ങൾ
ഇറാഖ് പ്രതിനിധി സംഘത്തിൽ മറ്റുള്ളവരെക്കൂടാതെ മൊസൂളിലെ സിറിയക് ഓർത്തഡോക്സ് മെത്രാപ്പോലീത്ത നിക്കോദേമൂസ് ദാവൂദ്, കിർകുക്ക് - ദിയാന പൗരസ്ത്യ അസീറിയൻ ബിഷപ്പ് അബ്രിസ് യൂഖാന്ന എന്നിവരും ഉണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പയുടെ ചരിത്രപരമായ ഇറാഖ് സന്ദർശനത്തിന് രണ്ടു പേരും അഗാധമായ നന്ദി രേഖപ്പെടുത്തി.
ഇറാഖ് സന്ദർശനം
തീർച്ചയായും രാജ്യത്തെ മതാന്തര ബന്ധങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്ത്യാനികളോടുള്ള മുസ്ലീങ്ങളുടെ മനോഭാവത്തിൽ നല്ല സ്വാധീനം ചെലുത്തിയെന്ന് ആർച്ച് ബിഷപ്പ് ദാവൂദ് പറഞ്ഞു. പാപ്പയുടെ സന്ദർശനം ഇറാഖിലെ എക്യുമെനിക്കൽ സംവാദങ്ങൾക്ക് "പുതിയ പ്രചോദനവും വെളിച്ചവും" നൽകിയതായി ബിഷപ്പ് യൂഖാന്ന അഭിപ്രായപ്പെട്ടു. “നാമെല്ലാം ദൈവത്തിന്റെ മക്കളാണെന്നും അതിനാൽ സഹോദരങ്ങളാണെന്നും നിരന്തരം ഓർമ്മിപ്പിക്കുന്ന മനുഷ്യബന്ധങ്ങളാൽ നിർമ്മിതമാണ് സംവാദമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: