തിരയുക

ഇറ്റാലിയൻ ടെലവിഷൻ നെറ്റ് വർക്കിന്റെ ചാനലായ RAl 3 യിൽ "കെ തെംപോ കെ ഫാ '' (“Che tempo che fa”) എന്ന പരിപാടിയിൽ പാപ്പായുമായുള്ള അഭിമുഖം. ഇറ്റാലിയൻ ടെലവിഷൻ നെറ്റ് വർക്കിന്റെ ചാനലായ RAl 3 യിൽ "കെ തെംപോ കെ ഫാ '' (“Che tempo che fa”) എന്ന പരിപാടിയിൽ പാപ്പായുമായുള്ള അഭിമുഖം. 

പാപ്പാ : ക്ഷമ ഒരു മനുഷ്യാവകാശമാണ്

ഇറ്റാലിയൻ ടെലവിഷൻ നെറ്റ് വർക്കിന്റെ ചാനലായ RAl 3 യിൽ "കെ തെംപോ കെ ഫാ '' (“Che tempo che fa”) എന്ന പരിപാടിയിൽ പാപ്പായുമായുള്ള അഭിമുഖം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റാലിയൻ ടിവി അവതാരകനായ ഫാബിയോ ഫാത്സിയോയുമായായിരുന്നു പാപ്പായുടെ സംഭാഷണം. ഞായറാഴ്ച (ഇന്നലെ ) രാത്രി പ്രക്ഷേപണം ചെയ്ത പരിപാടിയിൽ എങ്ങനെയാണ് ലോകത്തിലുള്ള ദുരിത, ദു:ഖങ്ങളുടെ പറയാനാവാത്തത്രയും ഭാരം താങ്ങാൻ കഴിയുന്നതെന്ന ചോദ്യത്തിന്, "എന്നെ മുഴുവൻ സഭയും സഹായിക്കുന്നു" എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

"യുദ്ധം ഒരു വിരോധാഭാസമാണ് " എന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ട് തന്റെ താമസസ്ഥലമായ സാന്താ മാർത്തയിൽ നിന്ന് ചോദ്യങ്ങളോടു പ്രതികരിച്ച പാപ്പാ, യുദ്ധം, കുടിയേറ്റം, സൃഷ്ടിയുടെ സുരക്ഷിതത്വം, മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം, തിന്മയും ദുരിതവും, പ്രാർത്ഥന, സഭയുടെ ഭാവി, സുഹൃത്തുക്കളുടെ ആവശ്യകത തുടങ്ങി ഇറ്റാലിയൻ അവതാരകന്റെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി. ക്ഷമ ഒരു മാനുഷീക അവകാശമാണ് എന്ന് അടിവരയിട്ട ഫ്രാൻസിസ് പാപ്പാ ക്ഷമിക്കപ്പെടാനുള്ള അവകാശം ഒരു മാനുഷ്യാവകാശമാണെന്നും ക്ഷമ ചോദിക്കുകയാണെങ്കിൽ ക്ഷമിക്കപ്പെടുവാനുള്ള അവകാശം നമുക്ക് എല്ലാവർക്കുമുണ്ട് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

കുടിയേറ്റം

ഗ്രീസിനും തുർക്കിക്കും ഇടയിലെ അതിർത്തിയിൽ തണുപ്പിൽ ഈ അടുത്തയിടെ  12  കുടിയേറ്റക്കാർ മരിച്ച സംഭവം ഫ്രാൻസിസ് പാപ്പായെ സംബന്ധിച്ചിടത്തോളം "നിസ്സംഗതയുടെ സംസ്കാരത്തിന്റെ അടയാളമാണ് " എന്നും "തരം തിരിവിന്റെ ഒരു പ്രശ്നം കൂടിയാണെന്നും" ചൂണ്ടിക്കാണിച്ചു. ഇവിടെ യുദ്ധങ്ങൾക്കാണ് പ്രഥമസ്ഥാനം. ജനങ്ങൾ രണ്ടാമതും. ഇനിയും പരിഹാരം കാണാത്ത വളരെ കാലമായ യമനിലെ പ്രശ്നങ്ങൾ ഉദാഹരണമാക്കിയ ഫ്രാൻസിസ് പാപ്പാ ഇവിടെ ഒരു തരംതിരിവുണ്ടെന്നും അവിടെ ദുരിതമനുഭവിക്കുന്ന കുട്ടികൾ, കുടിയേറ്റക്കാർ, ദരിദ്രർ, ഭക്ഷണരഹിതർ  തുടങ്ങിയവരല്ല ഒന്നാം സ്ഥാനത്ത് മറിച്ച് ആയുധവിൽപ്പനയാണ് എന്ന് പരിതപിച്ചു. ഒരു വർഷം ആയുധ നിർമ്മാണം നിർത്തിവച്ചാൽ  ലോകത്തിനു മുഴുവൻ ഭക്ഷണവും, വിദ്യാഭ്യാസവും സൗജന്യമായി നൽകാ൯ കഴിയുമെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

കുടിയേറ്റത്തിനിടെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിറിയൻ കുഞ്ഞ്  അലൻ കുർദ്ദിയെ പോലെ നാമറിയാതെ നിരവധി കുട്ടികൾ തണുപ്പിൽ ദിവസവും മരിക്കുന്നുവെന്ന് തന്റെ ഖേദം പങ്കുവച്ചു. യുദ്ധം ഒന്നാമത്തെ സ്ഥാനത്തു നിൽക്കുന്ന ഇന്നത്തെ ലോകത്ത് സമ്പദ് വ്യവസ്ഥ ചലിക്കുന്നത് തന്നെ യുദ്ധവും ആയുധവിൽപ്പനയും കൊണ്ടാണെന്ന് പാപ്പാ വിരൽ ചൂണ്ടി.

യുദ്ധം

ഉക്രെയ്നും, റഷ്യയും തമ്മിലുള്ള സംഘർഷങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി യുദ്ധത്തെ കുറിച്ചുള്ള തന്റെ ചിന്തകൾ  പാപ്പാ പങ്കുവച്ചു. ഭയാനകമായ  ഈ യാഥാർത്ഥ്യത്തിന്റെ വേരുകൾ ഉൽപ്പത്തി പുസ്തകത്തിൽ കായേനും,ആബേലും തമ്മിലുള്ള യുദ്ധത്തിലും ബാബേൽ ഗോപുരത്തിന്റെ അധ:പതനത്തിലും തുടങ്ങി  കാണുന്നതാണെന്നും ഇന്നും തുടരുന്ന യുദ്ധങ്ങളെ  "സൃഷ്ടിയുടെ വൈരുദ്ധ്യം"  എന്നുമാണ്  പാപ്പാ വിശേഷിപ്പിച്ചത്. 

ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതിന് തൊട്ടുപുറകെയാണ് സഹോദരന്മാർ തമ്മിലുള്ള യുദ്ധങ്ങൾ പ്രത്യക്ഷപ്പെട്ടത്. സൃഷ്ടിയുടെ വിപരീത അർത്ഥമാണ് യുദ്ധം എന്നും  അത് കൊണ്ടാണ് യുദ്ധം എപ്പോഴും വിനാശം വിതയ്ക്കുന്നത് എന്നും പാപ്പാ പറഞ്ഞു. ഉദാഹരണത്തിന്  മണ്ണിലെ കരവേലയും, കുട്ടികളെ നോക്കലും, കുടുംബം കെട്ടിപ്പെടുക്കുന്നതും, സമൂഹത്തെ വളർത്തുകയും ചെയ്യുന്ന  പണിതുയർത്തലാണ്. എന്നാൽ യുദ്ധം ചെയ്യുക എന്നാൽ  എല്ലാം നശിപ്പിക്കുകയാണ്, പാപ്പാ വിശദീകരിച്ചു.

കുടിയേറ്റക്കാരുടെ നേരെയുള്ള കുറ്റകരമായ പെരുമാറ്റം

കടൽ വരെ എത്താൻ  കുടിയേറ്റക്കാർ  വളരെയധികം കഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ പാപ്പാ ലിബിയയിൽ കുടിയേറ്റക്കാരെ പാർപ്പിച്ചിട്ടുള്ള തടങ്കൽ പാളയങ്ങളെ അപലപിക്കുകയും ചെയ്തു. അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ മനുഷ്യകടത്തുകാരുടെ കൈകളിൽപ്പെട്ട് എത്ര മാത്രം കഷ്ടപ്പെടുന്നുവെന്നു പാപ്പാ വേദനയോടെ പങ്കുവെച്ചു. അടുക്കാൻ ഒരു തുറമുഖം തേടി ചുറ്റുന്ന കുടിയേറ്റക്കാരുടെ നിരവധി കപ്പലുകളുണ്ടെന്നും ആരും തുറമുഖത്തു പ്രവേശിപ്പിക്കാതെ വരുമ്പോൾ അവർ വന്നിടത്തേക്ക് മടങ്ങി ചെല്ലേണ്ടി വരുകയോ  അല്ലെങ്കിൽ കടലിൽ തന്നെ മരിക്കേണ്ടി വരുകയോ ചെയ്യുമെന്നും ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പാപ്പാ വ്യക്തമായി പറഞ്ഞു. ഓരോ രാജ്യവും എത്ര കുടിയേറ്റക്കാരെ വരെ സ്വീകരിക്കാൻ കഴിയുമെന്ന്  തീരുമാനിക്കണം എന്നു പറഞ്ഞ പാപ്പാ ഇത് ആഭ്യന്തര രാഷ്ട്രീയ പ്രശ്നമാണെന്നും അത് വ്യക്തമായി പരിഗണിക്കേണ്ടതാണെന്നും പറഞ്ഞത് നിയമപരമായ കുടിയേറ്റത്തിന് അടിത്തറയിടുന്നതിനെ ഉദ്ദേശിച്ചാണ്.

കുടിയേറ്റക്കാരെ സ്വീകരിക്കുകയും, അനുഗമിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, സമന്വയിപ്പിക്കുകയും വേണമെന്നു പലപ്പോഴും ആവർത്തിക്കാറുള്ള  പാപ്പായുടെ  ഈ നാലു പ്രധാന പദങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു.

ലോകത്തിലെ വിഭാഗീയതകൾ

ലോകത്തിൽ കാണുന്ന ഭിന്നതകളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങൾക്ക് വികാസം പ്രാപിച്ച  ലോകത്തിന്റെ ഒരു ഒരു വശത്ത്  വിദ്യാഭ്യാസത്തിനും തൊഴിലിനും സാധ്യതകളുള്ളതും എന്നാൽ മറുവശത്ത് ഇതൊന്നുമില്ലാതെ  കുട്ടികളും, കുടിയേറ്റക്കാരും മുങ്ങി മരിക്കുന്നതും തമ്മിലുള്ള വിരോധാഭാസം പാപ്പാ ഉയർത്തി കാണിച്ചു. ഇത്തരം  അനീതികൾ നമ്മുടെ രാജ്യങ്ങളിലും നാം കാണുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളെ  കാണാതെ ഒഴിവാക്കുന്ന വളരെ "വൃത്തിഹീനമായ " പ്രലോഭനമുണ്ട് എന്ന് പാപ്പാ പറഞ്ഞു.  ലോകത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ കാണിക്കുന്നുണ്ട് എങ്കിലും നാം അകലം പാലിക്കുകയും, കാണുന്ന യാഥാർത്ഥ്യത്തിൽ നിന്ന്  പിന്നോട്ടു പോകുകയും ചെയ്യുന്നുവെന്ന് പാപ്പാ അപലപിച്ചു.

കണ്ടാൽ  മാത്രം പോരാ സ്പർശിക്കണം.  ദുരിതങ്ങളെ സ്പർശിക്കുന്നത് നമുക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ പാപ്പാ  മഹാമാരിയിൽ ജീവൻ നൽകിയ ഡോക്ടർമാരെയും നഴ്സുമാരെയും ഓർക്കുകയും അവർ മഹാമാരി എന്ന തിന്മയെ സ്പർശിക്കുകയും രോഗികളോടൊപ്പം തുടരാൻ തീരുമാനിക്കുകയും ചെയ്തത് ചൂണ്ടിക്കാണിച്ചു.

സൃഷ്ടിയുടെ പരിപാലനം

ഇതേ തത്വം ഭൂമിക്കും ബാധകമാണെന്നും പാപ്പാ പറഞ്ഞു.  ആമസോണിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും, വനനശീകരണവും, ഓക്സിജന്റെ അഭാവവും, കാലാവസ്ഥ വ്യതിയാനവും തുടങ്ങിയവ ജൈവവൈവിധ്യത്തിന്റെ അന്ത്യത്തിനും ഭൂമാതാവിന്റെ വധത്തിനും കാരണമാകുമെന്ന അപകട സാധ്യത  ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഇറ്റലിയിലെ  സാൻ ബെനദേത്തോ ദെൽ ത്രോന്തോയിലെ മത്സ്യതൊഴിലാളികൾ ഒരു വർഷത്തിനുള്ളിൽ ഏകദേശം മൂന്ന് ദശലക്ഷം ടൺ പ്ലാസ്റ്റിക്ക് കണ്ടെത്തുകയും കടലിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുകയും ചെയ്തത് എടുത്തു പറഞ്ഞ പാപ്പാ ഭൂ മാതാവിനെ നാം പരിപാലിക്കണം എന്നത് നമ്മുടെ ബുദ്ധിയിൽ സൂക്ഷിക്കേണ്ടതാണെന്നും ഓർമ്മിപ്പിച്ചു.

കരുതലിന്റെ മനോഭാവം

കരുതലിന്റെ മനോഭാവത്തിന്  ആഹ്വാനം ചെയ്ത ഫ്രാൻസിസ് പാപ്പാ ഇത് സാമൂഹിക വീക്ഷണത്തിൽ കുറഞ്ഞു വരുന്നുവോ എന്ന് സംശയം പ്രകടിപ്പിച്ചു.  ഭീഷണിപ്പെടുത്തൽ  (Bullying) എന്ന പ്രതിഭാസം പോലെയുള്ള ഒരു "സാമൂഹിക ആക്രമണ" മാണ് ഇന്നു കാണുന്നത് എന്ന് പാപ്പാ പറഞ്ഞു.

യുവജനങ്ങൾ, ചിലപ്പോൾ "അസാമാന്യ ഏകാന്തത" അനുഭവിക്കുന്നവരാണെന്നും "മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ" മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നവരുമാണെന്നും പാപ്പാ മാതാപിതാക്കളോടു പറഞ്ഞു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെ  "സാമീപ്യം" എന്ന ഒറ്റ വാക്കിൽ സംഗ്രഹിച്ച പാപ്പാ യുവദമ്പതികൾ കുമ്പസാരിക്കാൻ വരുമ്പോഴോ അവരോടു സംസാരിക്കുമ്പോഴോ താൻ എപ്പോഴും  ‘നിങ്ങൾ നിങ്ങളുടെ കുട്ടികളുമായി കളിക്കാറുണ്ടോ?’ എന്ന് ചോദിക്കാറുണ്ടെന്നും  ' പിതാവേ, ഞാൻ ജോലിക്ക് പോകുമ്പോൾ അവർ ഉറങ്ങുകയാണ്, രാത്രിയിൽ ഞാൻ തിരിച്ചെത്തുമ്പോൾ അവർ വീണ്ടും ഉറങ്ങുകയാണ്’ എന്ന സങ്കടകരമായ ഉത്തരങ്ങൾ  ചിലപ്പോൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും  പാപ്പാ പറഞ്ഞു. കുട്ടികളിൽ നിന്ന് വേർപെടുത്തുന്ന ഒരു സമൂഹം ക്രൂരമായ സമൂഹമാണ് എന്ന് പാപ്പാ പറഞ്ഞു. കുട്ടികളോടു ഔദാര്യപൂർവ്വം പെരുമാറാൻ പാപ്പാ മാതാപിതാക്കള നിർബന്ധിച്ചു. അവരോടൊപ്പം കളിക്കാനും ഇനി മുതിർന്ന കുട്ടികൾ ഒന്നു തെറ്റിയാലും പിതാവിനെ പോലെയോ മാതാവിനെ പോലെയോ അവരോടു സംസാരിക്കാനും പാപ്പാ ഓർമ്മിപ്പിച്ചു.

സാമീപ്യം

"ഒരു വ്യക്തി മറ്റൊരാളിലേക്ക്  താഴ്ന്നു നോക്കേണ്ട ഒരേയൊരു കാരണം അവനെ ഉയരാൻ സഹായിക്കുക എന്നതു മാത്രമായിരിക്കണം" എന്ന പാപ്പയുടെ വാക്കുകളെ  അവതാരകനായ ഫാത്സിയോ ഓർമ്മിപ്പിച്ചപ്പോൾ “അത് സത്യമാണ്,” എന്ന് പാപ്പാ പറഞ്ഞു. "സമൂഹത്തിൽ, മറ്റുള്ളവരെ എഴുന്നേൽക്കാൻ സഹായിക്കുന്നതിനുപകരം ആധിപത്യം സ്ഥാപിക്കാനും, കീഴ്പ്പെടുത്താനും ആളുകൾ എത്ര തവണ അവരെ നിസ്സാരരായി കാണുന്നത് നാം കാണുന്നു." "ഇതൊരു സങ്കടകരമായ  ദൈനംദിന കഥയാണ്. - മേലധികാരികൾ നിന്ദിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിനാൽ സ്വന്തം ശരീരം കൊണ്ട് ജോലി സ്ഥിരതയ്ക്ക് വില നൽകേണ്ടിവരുന്ന ജീവനക്കാരെ പാപ്പാ ഓർമ്മിച്ചു.

സ്വാതന്ത്ര്യം

പിന്നീട് അഭിമുഖം സ്വാതന്ത്ര്യം എന്ന ആശയം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിലേക്ക് നീങ്ങി.

സ്വാതന്ത്ര്യം ദൈവത്തിന്റെ ദാനമാണെന്നും എന്നാൽ അത് " ധാരാളം തിന്മ ചെയ്യാനും പ്രാപ്തമാണ്" എന്ന് പാപ്പാ പറഞ്ഞു.  "ദൈവം നമ്മെ സ്വതന്ത്രരായി സൃഷ്ടിച്ചതിനാൽ, നാം നമ്മുടെ തീരുമാനങ്ങളുടെ  അധിപന്മാരാണ്, തെറ്റായ തീരുമാനങ്ങൾ എടുക്കാനും നാം പ്രാപ്തരാണ്."

തിന്മയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. "ദൈവത്തിന്റെ ക്ഷമയ്ക്കും കരുണയ്ക്കും മാത്രമല്ല മനുഷ്യരുടെ ക്ഷമയ്ക്കും അർഹതയില്ലാത്ത ആരെങ്കിലും ഉണ്ടോ?" എന്ന അവതാരകന്റെ ചോദ്യത്തിന് തന്റെ ഉത്തരം "ചില ആളുകളെ ഞെട്ടിച്ചേക്കാം" എന്ന് പറഞ്ഞു കൊണ്ട്  "ക്ഷമിക്കപ്പെടുവാനുള്ള കഴിവ് മനുഷ്യാവകാശമാണ്" എന്ന് മറുപടി നൽകി. “നാം ക്ഷമ ചോദിച്ചാൽ ക്ഷമിക്കപ്പെടാൻ നമുക്കെല്ലാവർക്കും അവകാശമുണ്ട്. അത് ദൈവത്തിന്റെ സ്വഭാവത്തിൽ നിന്ന് വരുന്നതും മനുഷ്യർക്ക് പാരമ്പര്യമായി നൽകപ്പെട്ടതുമായ ഒരു അവകാശമാണ്. ക്ഷമ ചോദിക്കുന്ന ഒരാൾക്ക് ക്ഷമിക്കപ്പെടാൻ അവകാശമുണ്ടെന്ന് നമ്മൾ മറന്നുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

തിന്മ

നിഷ്കളങ്കരെ ബാധിക്കുന്ന മറ്റൊരു തരത്തിലുള്ള തിന്മയുമുണ്ട് എന്നും എന്തുകൊണ്ടാണ് ദൈവം ഇടപെടാത്തത് എന്ന് ആളുകൾ അത്ഭുതപ്പെടാറുണ്ട് എന്നും പറഞ്ഞ റോമിന്റെ മെത്രാൻ  പല തിന്മകൾക്കും കാരണം മനുഷ്യൻ നിയമങ്ങൾ പാലിക്കാത്തതു കൊണ്ടും മനുഷ്യന്റെ ബലഹീനതകൾ കൊണ്ടുമാണെന്നും സൂചിപ്പിച്ചു. ദൈവം ഇത് തുടരാൻ അനുവദിക്കുന്നു എന്നാൽ എന്തുകൊണ്ടു കുഞ്ഞുങ്ങൾ ദുരിതമനുഭവിക്കുന്നു എന്നതുപോലുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു. തനിക്ക് ഇതിന് വിശദീകരണമില്ല. എന്നാൽ തനിക്ക് വിശ്വാസമുണ്ട്. പിതാവായ ദൈവത്തെ സ്നേഹിക്കാൻ താ൯ പരിശ്രമിക്കുന്നുമുണ്ട്.  അതിനോടൊപ്പം എന്തിനാണ് കുഞ്ഞുങ്ങൾ കഷ്ടപ്പെടുന്നതെന്ന് സ്വയം ചോദിക്കാറുമുണ്ട്. പാപ്പാ പറഞ്ഞു. ദൈവം ശക്തനും സ്നേഹത്തിൽ സർവ്വശക്തനുമാണ്. എന്നാൽ അസൂയ മൂലം ലോകത്തിൽ തിന്മ വിതച്ചവന്റെ കൈയിലാണ് വെറുപ്പും നാശവും. പാപ്പാ ചുരുക്കി.

സഭയുടെ ഭാവി

ലോകത്തിന്റെയും സഭയുടെയും ഭാവിയെക്കുറിച്ചും പാപ്പാ അഭിമുഖത്തിൽ പങ്കുവച്ചു. ഫ്രത്തേല്ലി തൂത്തി യിൽ വിവരിച്ചിട്ടുള്ളത് പോലെ ലോകത്തിന്റെ ഭാവിയിരിക്കുന്നത് മാനവീകത കേന്ദ്രമാക്കുന്ന സാമ്പത്തിക വ്യവസ്ഥകളിലും തിരഞ്ഞെടുപ്പുകളിലുമാണ്.  വിവിധ രാഷ്ട്ര നേതാക്കളുമായി ഇക്കാര്യം താൻ സംസാരിക്കാറുണ്ട് എന്ന് പാപ്പാ പറഞ്ഞു.

ഇവാഞ്ചലി ഗൗദിയും എന്ന തന്റെ അപ്പോസ്തോലിക പ്രബോധനത്തിന് പ്രചോദനമേകിയ  പോൾ ആറാമൻ പാപ്പായുടെ ഇവാഞ്ചലി നൂൻസ്യാന്തിയിൽ വരച്ചുകാട്ടിയ 'തീർത്ഥാടക സഭ ' യാണ്  സഭയുടെ ഭാവി എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സഭയിൽ ഇന്നുള്ള ഏറ്റവും വലിയ തിന്മ പൗരോഹിത്യ മേധാവിത്വമാണെന്ന് (Clericalism) പാപ്പാ സൂചിപ്പിച്ചു. ഇതിൽ നിന്ന് കാർക്കശ്യവും ഉണ്ടാവുന്നു. സഭ മുന്നോട്ടു പോകുന്നത് ദൈവത്തിന്റെ ശക്തിയിലും കരുണയിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലുമുള്ള ആശ്രയത്വത്തിലുമാണ്.  സ്വന്തം കഴിവു കൊണ്ട് മുന്നോട്ടു പോകാമെന്ന ചിന്തയും (Pelagianism) ദൈവമില്ലാത്ത ഒരു ആത്മീയത എന്ന് പാപ്പാ വിശേഷിപ്പിച്ച Gnosticismവും അജപാലന മനോഭാവത്തെ നശിപ്പിക്കും. സഭയുടെ ഭാവി വചനം മാംസമായ കുരിശിന്റെ അപവാദത്തിലാണ് (Scandal of the Cross) പാപ്പാ വ്യക്തമാക്കി.

പ്രാർത്ഥന

പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ പങ്കുവച്ചു. ഒരു കുഞ്ഞിന് തന്റെ പരിമിതി മനസ്സിലാകുമ്പോൾ വിളിക്കുന്ന അപ്പാ, അമ്മാ എന്ന വിളി പോലെയാണ് പ്രാർത്ഥന എന്ന് പാപ്പാ വിശദീകരിച്ചു. നമ്മുടെ പരിമിതികൾ, ആവശ്യങ്ങൾ, പാപങ്ങൾ എന്നിവയുടെ തിരിച്ചറിയലാണ് പ്രാർത്ഥന. പ്രാർത്ഥിക്കുക എന്നാൽ ശക്തിയോടെ പരിമിതികൾകപ്പുറം, ചക്രവാളങ്ങൾക്കപ്പുറം കടക്കുക എന്നതാണ്. ക്രൈസ്തവരായ നമുക്ക് പ്രാർത്ഥിക്കുക എന്നാൽ അപ്പനെ കണ്ടെത്തുക എന്നതാണ് എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.

സ്നേഹിതർ

വളരെ വ്യക്തിപരമായ കാര്യങ്ങളെയും അഭിമുഖം സ്പർശിച്ചു. പാപ്പായ്ക്ക് ഏകാന്തത തോന്നാറുണ്ടോ? യഥാർത്ഥ സ്നേഹിതരുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.

തീർച്ചയായും. തന്നെ സഹായിക്കുന്ന കൂട്ടുകാർ തനിക്കുണ്ടെന്നും അവർക്ക് തന്നെ ഒരു സാധാരണ ക്കാരനെ പോലെ അറിയാമെന്നും പാപ്പാ പറഞ്ഞു. പാപ്പായ്ക്ക് വിചിത്രമായ സ്വഭാവമില്ല എന്നല്ല. സാധാരണ മനുഷ്യരെ പോലെ അവരുമായി ആശങ്കകൾ പങ്കുവയ്ക്കുകയും അവരുടേത് കേൾക്കുകയും ചെയ്യാറുണ്ട് എന്നും പാപ്പാ പറഞ്ഞു. തനിക്ക് സ്നേഹിതർ വേണം അതുകൊണ്ടാണ് അപ്പോസ്തോലിക അരമന വിട്ട് സാന്താ മാർത്തയിൽ വന്ന് താമസമാക്കിയതെന്ന് പാപ്പാ സൂചിപ്പിച്ചു. മുമ്പുണ്ടായിരുന്ന പാപ്പാമാർ വിശുദ്ധരായിരുന്നെന്നും താൻ അത്ര വിശുദ്ധിയുള്ളയാളല്ല എന്നും അതിനാൽ മനുഷ്യബന്ധം ആവശ്യമാണെന്നും അറിയിച്ചു. ഇവിടെ എല്ലാവരുമായി സംസാരിക്കാനും കൂട്ടുകാരെ കണ്ടെത്താനും കഴിയും. കൂട്ടുകാരാണ് തനിക്ക് ശക്തി പകരുന്നത് - അധികം പേരില്ല എന്നാൽ ഉള്ളവർ യഥാർത്ഥകൂട്ടുകാരാണ്.

അഭിമുഖത്തിൽ  ബാല്യകാലത്തെക്കുറിച്ചും, ഇഷ്ടപ്പെട്ട ഫുട്ബോൾ ടീമിനെക്കുറിച്ചും, സംഗീതത്തോടു പ്രത്യേകിച്ച് ക്ലാസിക്കൽ സംഗീതത്തോടുള്ള ഇഷ്ടവും, പാപ്പായുടെ നർമ്മബോധവും തുടങ്ങി നിരവധി വിഷയങ്ങൾ ഉരുത്തിരിഞ്ഞു. തന്റെ എല്ലാ അനുഭവങ്ങളിലും ദൈവത്തിന്റെ വിളിയാണ് വിജയിച്ചത് എന്ന് പാപ്പാ പറഞ്ഞു.

(Salvatore Cernuzio റിപ്പോർട്ട് ചെയ്ത അഭിമുഖത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങളുടെ പരിഭാഷ).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 February 2022, 22:41