യുക്രെയിന് വേണ്ടി പാപ്പായുടെ അഭ്യർത്ഥന
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
യുക്രെയ്നിലെ സ്ഥിതിഗതികൾ വഷളായതിൽ തന്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ടെന്ന് പാപ്പാ പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, കൂടുതൽ ഭയാനകമായ സാഹചര്യങ്ങളാണ് വെളിവാകുന്നതെന്ന് പാപ്പാ തന്റെ ആശങ്ക പങ്കുവച്ചു. തന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ജനങ്ങൾ വേദനയും ആശങ്കയും അനുഭവിക്കുന്നുവെന്നും പക്ഷപാതപരമായ താൽപ്പര്യങ്ങൾ കൊണ്ട് എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.
രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുള്ളവരോടു ദൈവത്തിന്റെ മുന്നിൽ തങ്ങളുടെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാൻ ആവശ്യപ്പെട്ട പാപ്പാ ദൈവം യുദ്ധത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണെന്നും ഒരാളുടെ മാത്രമല്ല, എല്ലാവരുടെയും പിതാവാണെന്നും, നാം ആരും ശത്രുക്കളായല്ല, സഹോദരന്മാരായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെ അസ്ഥിരപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ അപകീർത്തിപ്പെടുത്തുകയും, ജനങ്ങൾക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ താൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. വിശ്വാസികളും അവിശ്വാസികളുമായ എല്ലാവരോടും ഇപ്പോൾ അപേക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളിലൂടെയും, പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചുവെന്ന് ഓർമ്മപ്പെടുത്തി.
മാർച്ച് രണ്ടാം തിയതി വിഭൂതി ബുധനാഴ്ച്ചയുടെ അന്ന് സമാധാനത്തിനായുള്ള ഉപവാസ ദിനമായി ആചരിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും അന്നേ ദിവസം പ്രാർത്ഥനയിലും ഉപവാസത്തിലും തീവ്രമായി സ്വയം അർപ്പിക്കാൻ എല്ലാ വിശ്വാസികളെയും പാപ്പാ ആഹ്വാനവും ചെയ്തു.
സമാധാനത്തിന്റെ രാജ്ഞി ലോകത്തെ യുദ്ധ ഭ്രാന്തിൽ നിന്ന് സംരക്ഷിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: