പൗരസ്ത്യ സഭയുടെ പ്ലീനറി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയവസരത്തിൽ ഫ്രാൻസിസ് പാപ്പാ. പൗരസ്ത്യ സഭയുടെ പ്ലീനറി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയവസരത്തിൽ ഫ്രാൻസിസ് പാപ്പാ. 

പാപ്പാ: യുദ്ധത്തിന്റെ പാഠങ്ങൾ ഇപ്പോഴും ശ്രവിക്കാതെ പോകുന്നു

"മനുഷ്യരാശി ഇപ്പോഴും ഇരുട്ടിൽ തപ്പുന്നതായി തോന്നുന്നു," എന്നും മധ്യ കിഴക്കിലെയും സിറിയയിലെയും ഇറാഖിലെയും സംഘർഷങ്ങളിൽ നിന്നുള്ള കൂട്ടക്കൊലകളും"കിഴക്കൻ യൂറോപ്പിലെ പുൽമേടുകൾക്കപ്പുറത്തു നിന്നുള്ള ഭീഷണികാറ്റും" ഇത് എടുത്തുകാണിക്കുന്നു എന്നും പൗരസ്ത്യ സഭയുടെ പ്ലീനറി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വെള്ളിയാഴ്ച വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള സഭയുടെ പ്ലീനറി അസംബ്ലിയിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യവേ, ഫ്രാൻസിസ് പാപ്പാ തന്റെ മുൻഗാമികളിൽ ഒരാളും പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാ൯ തിരുസംഘത്തിന്റെയും, പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സ്ഥാപകനുമായ ബെനഡിക്റ്റ് പതിനഞ്ചാമ൯ പാപ്പായിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് സംസാരിച്ചത്.

"യേശു ക്രിസ്തുവിന്റെ സഭ ലാറ്റിനോ, ഗ്രീക്കോ, സ്ലാവോക്കോ അല്ല മറിച്ച് കാതോലികമാണ്.  അതിന്റെ മക്കൾക്കിടയിൽ വിവേചനമില്ല" എന്ന് പ്രസ്താവിച്ചുകൊണ്ട്  ബനഡിക്ട് പതിനഞ്ചാമൻ പാപ്പാ  സമത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതായി  ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു.

യുദ്ധത്തിന്റെ അപരിഷ്കൃതത

തന്റെ ഭരണകാലത്ത്, ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പാ യുദ്ധത്തിന്റെ അപരിഷ്കൃതതയെ "ഉപയോഗശൂന്യമായ കശാപ്പ്" എന്ന് അപലപിച്ചു കൊണ്ടു നടത്തിയ  മുന്നറിയിപ്പ് ഒന്നാം ലോകമഹായുദ്ധത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ നേതാക്കൾ ശ്രദ്ധിക്കാതെ പോയെന്നും അതുപോലെ തന്നെയാണ് ഇറാഖിലെ സംഘർഷം ഒഴിവാക്കാനുള്ള  വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അഭ്യർത്ഥന  അവഗണിക്കപ്പെട്ടതെന്നും പാപ്പാ അടിവരയിട്ടു.

ഇന്നത്തെ ലോകത്തിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടുകൊണ്ട് മനുഷ്യകുലം ഇപ്പോഴും ഇരുട്ടിൽ തപ്പിത്തടയുകയാണെന്നു പറഞ്ഞ ഫ്രാൻസിസ് പാപ്പാ,  മദ്ധ്യ കിഴക്കൻ രാജ്യങ്ങളിലേയും സിറിയയിലെയും, ഇറാഖിലെയും സംഘർഷങ്ങളും, എത്യോപ്യൻ പ്രവിശ്യയായ ടിഗ്രേയിലും ലെബനൻ അഭിമുഖീകരിക്കുന്ന "നാടകത്തിലും" ഉൾപ്പെട്ട  കൂട്ടക്കൊലകൾ ചൂണ്ടിക്കാണിച്ചു.

"പൗരസ്ത്യ സഭകളുടെ മാതൃരാജ്യമാണ് അവിടം: നൂറ്റാണ്ടുകളുടെ പാരമ്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട്  അവിടെയാണ് അവർ വളർന്നത്, അവരുടെ മക്കളും അവകാശികളും ആണ്  ഡിക്കാസ്ട്രിയിലെ അംഗങ്ങളായ നിങ്ങളിൽ പലരും," പാപ്പാ പറഞ്ഞു.

കിഴക്കൻ യൂറോപ്പിന്റെ ഭാഗത്ത് ഇപ്പോഴും വീശുന്ന "ഭീഷണിപ്പെടുത്തുന്ന കാറ്റുകളും" ഫ്രാൻസിസ് പാപ്പയുടെ ശ്രദ്ധ പിടിച്ചുപറ്റി, "ആയുധങ്ങളുടെ ഫ്യൂസുകളും തീയും കത്തിക്കുമ്പോൾ ദരിദ്രരുടെയും നിഷ്കളങ്കമായ ഹൃദയം തണുത്തുറയുകയാണ്" പാപ്പാ ഓർമ്മിച്ചു.

പൗരസ്ത്യ കത്തോലിക്കാ പാരമ്പര്യം

അവരുടെ ജീവിതം വിലയേറിയ ഭൂതകാലത്തിന്റെ "സ്വർണ്ണപൊടി"യുടെയും " അനേകരുടെ വിശ്വാസത്തിന്റെ ധീരമായ സാക്ഷ്യത്തിന്റെ " വർത്തമാനകാലവും ചേർന്ന മിശ്രിതം പോലെയാണെന്ന് പാപ്പാ സന്നിഹിതരായവരോടു പറഞ്ഞു. എന്നിരുന്നാലും, "നമ്മൾ തന്നെ ഉത്തരവാദികളായ ദുരിതങ്ങളുടെ ചെളിയും ബാഹ്യ ശക്തികൾ നിങ്ങൾക്ക് ഉണ്ടാക്കുന്ന വേദനയും" ഉണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിദൂര ഭൂഖണ്ഡങ്ങളിൽ പൗരസ്ത്യ സഭകൾ തീർത്ത പാതകളെയും കാനഡ, അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിൽ രൂപീകരിച്ച എപ്പാർക്കികളേയും പാപ്പാ അനുസ്മരിച്ചു.

ശ്രവിക്കാനുള്ള ശക്തി

സുവിശേഷവൽക്കരണത്തിന്റെ പ്രാധാന്യവും "വ്യത്യസ്ഥ പാരമ്പര്യങ്ങളുടെ സമ്പന്നതയെ കൂടുതൽ ശ്രവിക്കേണ്ടതിന്റെ" ആവശ്യകതയും പാപ്പാ തന്റെ പ്രസംഗവേളയിൽ സൂചിപ്പിച്ചു.പ്രത്യേകിച്ചും, കിഴക്കൻ സഭകളിൽ കുട്ടികളെ സംരക്ഷിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ഒരു ആചാരമായ വേദോപദേശമാർഗ്ഗം (Catechumenate) മുതിർന്നവർക്കായി നടത്തുന്നതിനെക്കുറിച്ചും  പാപ്പാ സംസാരിച്ചു.

"നമ്മുടെ മാനവികതയുടെ 'കളിമണ്ണ്' സ്വയം രൂപപ്പെടുത്താൻ അനുവദിക്കുന്ന ഒരു അനുഭവമുണ്ട്, അത് അഭിപ്രായങ്ങൾ മാറ്റുന്നതിലൂടെയോ ആവശ്യമായ സാമൂഹികവിശകലനങ്ങൾ കൊണ്ടോ അല്ല, മറിച്ച് ഉയിർത്തെഴുന്നേൽക്കപ്പെട്ട കർത്താവിന്റെ വാക്കും ആത്മാവും കൊണ്ടാണ്," ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ഈ ആഴ്ച റോമിൽ നടക്കുന്ന പൗരസ്ത്യ സഭകളുടെ കാനോൻ നിയമത്തിൽ  നൽകിയിട്ടുള്ള ആരാധനാകുറിപ്പടികൾ പ്രായോഗികമാക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശത്തിന്റെ 25ആം വാർഷികം ആഘോഷിക്കുന്ന ആരാധനാക്രമങ്ങളെക്കുറിച്ചുള്ള ഒരു സമ്മേളനത്തെ അനുസ്മരിപ്പിച്ച പാപ്പാ "വ്യത്യസ്ഥ സഭകളുടെ ആരാധനാ കമ്മിഷനുകൾക്കുള്ളിൽ പരസ്പരം അറിയാനുള്ള അവസരമാണിത്; രണ്ടാം വത്തിക്കാൻ സൂനഹദോസിൽ സൂചിപ്പിച്ച പാത അനുസരിച്ച്, ഡികാസ്റ്റിറിയും അതിന്റെ ഉദ്ദേശക സമിതിയുമായി ഒരുമിച്ച് നടക്കാനുള്ള ക്ഷണമാണിത്" എന്ന് ഫ്രാൻസിസ് പാപ്പാ സമ്മേളനത്തിനെത്തിയവരോടു പറഞ്ഞു.

"ഏകവും തനിമയാർന്നതുമായ സ്വരമേളമായ കത്തോലിക്കാ സഭ എല്ലായ്പ്പോഴും മറ്റ് പാരമ്പര്യങ്ങളെയും, അവരുടെ ഗവേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും പാതകളെയും ശ്രവിക്കണമെന്നും, ഒപ്പം ഓരോരുത്തരുടേയും മൗലികത സംരക്ഷിക്കുകയും വേണം" എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പങ്കുവയ്പിന്റെ സാക്ഷി

"ഓർത്തോഡോക്സ്, ഓറിയന്റൽ ഓർത്തോഡോക്സ് സഭകളിലെ സഹോദരന്മാർ നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന് നാം മറക്കരുത്: ഒരേ ബലിപീഠത്തിൽ ബലിയർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, നമ്മൾ മിക്കവാറും എല്ലായ്പ്പോഴും ഒരേ ആരാധനാ ഗ്രന്ഥങ്ങളാണ് ആഘോഷങ്ങൾക്കും പ്രാർത്ഥനയ്ക്കും ഉപയോഗിക്കുന്നത്. അതുകൊണ്ട് ക്രിസ്തുവിന്റെ എല്ലാ ശിഷ്യന്മാരുടെയും ദൃശ്യമായ ഐക്യത്തിലേക്കുള്ള യാത്രയെ ദോഷകരമായി ബാധിക്കുന്ന പരീക്ഷണങ്ങളുടെ മേൽ ജാഗ്രത നമുക്കു ഉണ്ടായിരിക്കണം." തന്റെ പ്രസംഗത്തിൽ ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

"ലോകത്തിന് പങ്കുവയ്പ്പിന്റെ സാക്ഷ്യം ആവശ്യമാണ്. " ആരാധനാപരമായ തർക്കങ്ങൾ കൊണ്ട് നാം അപവാദങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ, വിഭജനത്തിന്റെ യജമാനനായ അവന്റെ കൈകളിലാണ് നമ്മൾ കളിക്കുന്നത്," തന്റെ പ്രഭാഷണം ഉപസംഹാരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 February 2022, 20:10