“ക്രിസ്തു ജീവിക്കുന്നു” : പരിശുദ്ധാത്മാവ് ജീവൻ നൽകുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
നാലാം അദ്ധ്യായം
മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും
നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.
130. പരിശുദ്ധാത്മാവ് ജീവൻ നൽകുന്നു
ദൈവം നിങ്ങളെ സ്നേഹിക്കുന്നു ക്രിസ്തു നിങ്ങളുടെ രക്ഷകനാണ്. അവിടുന്ന് സജീവനാണ് എന്നീ മൂന്നു സത്യങ്ങളിൽ പിതാവായ ദൈവത്തെയും പുത്രനെയും നാം കാണുന്നു. പിതാവും പുത്രനും എവിടെയുണ്ടോ അവിടെ പരിശുദ്ധാത്മാവും ഉണ്ടായിരിക്കും. അവിടുന്നാണ് ആ സന്ദേശം സ്വീകരിക്കാൻ ശാന്തതയോടെ ഹൃദയങ്ങൾ തുറക്കുന്നത്. രക്ഷയെ കുറിച്ചുള്ള നമ്മുടെ പ്രത്യാശയെ അവിടുന്ന് സജീവമായി സൂക്ഷിക്കുന്നു. അവിടുത്തെ പ്രവർത്തനത്തോടു നിനക്ക് തുറവുണ്ടെങ്കിൽ സന്തോഷത്തിൽ വളരാൻ അവിടുന്ന് നിന്നെ സഹായിക്കും. പരിശുദ്ധാത്മാവ് ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറച്ചിട്ട് നിങ്ങളുടെ ജീവിതത്തിലേക്ക് കവിഞ്ഞൊഴുകുന്നു. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോൾ അവിടുന്ന് നിങ്ങളെ ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് കൂടുതൽ ആഴത്തിൽ വലിച്ചടുപ്പിക്കുന്നു. അങ്ങനെയാണ് അവിടുത്തെ സ്നേഹത്തിലും ജീവനിലും ശക്തിയിലും വളരാൻ നിങ്ങൾക്ക് കഴിയുന്നത്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
കഴിഞ്ഞ ഖണ്ഡികകളിൽ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചും, രക്ഷകനായ ക്രിസ്തുവിനെക്കുറിച്ചും, ഇന്നും ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ചുമാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോടു സംസാരിച്ചത്. എന്നാൽ ഇവിടെയെല്ലാം വളരെ വ്യക്തമായി പിതാവായ ദൈവത്തെക്കുറിച്ചും അവിടുത്തെ സ്നേഹത്തെക്കുറിച്ചും വിവരിച്ചപ്പോഴെല്ലാം ആ സ്നേഹം മൂർത്തീകരിച്ചത് യേശുവിലാണെന്ന് പാപ്പാ ഉപസംഹരിച്ചു. യേശുവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്നതല്ല യഥാർത്ഥ്യം അത് ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു എന്നും പാപ്പാ വിശദീകരിച്ചു. ഉത്ഥാനത്തോടെ യേശു മരണത്തെപ്പോലും ജയിച്ച് കാലങ്ങളെ മറികടന്ന് നമ്മോടൊപ്പം ഇന്നും സജീവ സാന്നിധ്യമാകുന്നു. എന്നാൽ ഇവിടെയൊന്നും പ്രതിപാദിക്കാതിരുന്ന ഒരു വിഷയത്തിലേക്ക് കടക്കുകയാണ് ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ.
പരിശുദ്ധാത്മാവിനെക്കുറിച്ചാണ് ഇനിയുള്ള പാപ്പായുടെ ചിന്തകൾ. ഉപശീർഷകമായി വരുന്നത് ആത്മാവ് ജീവൻ നൽകുന്നു എന്നാണ്. രൂപരഹിതവും ശൂന്യവുമായ ഭൂമിയിൽ, അന്ധകാരം നിറഞ്ഞ ആഴത്തിനു മേൽ ദൈവത്തിന്റെ ചൈതന്യം ചലിച്ചുകൊണ്ടിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം ജീവന്റെ തുടക്കത്തിനു മുമ്പുള്ള അവസ്ഥയെക്കുറിച്ച് എഴുതി വയ്ക്കുന്നു (ഉല്‍പത്തി1:2). ദൈവവും ദൈവത്തിന്റെ വചനവും ദൈവത്തിന്റെ ചൈതന്യവും ചേർന്നാണ് സൃഷ്ടിയുടെ ആരംഭം കുറിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ പ്രകടമായ ഇടപെടലുകളാണ് രൂപരഹിതമായവയ്ക്ക് രൂപം പകരുന്നതും, ശൂന്യതയെ സൃഷ്ടിജാലങ്ങളാൽ നിറക്കുന്നതും, അന്ധകാരത്തിൽ പ്രകാശം വിതറുന്നതും.
എസെക്കിയേൽ പ്രവാചകന്റെ അനുഭവം വിവരിക്കുന്ന ഭാഗവും ഇവിടെ ഓർമ്മിക്കുന്നത് ഉചിതമായിരിക്കും. ഉണങ്ങി വരണ്ട അസ്ഥികൾ നിറഞ്ഞ താഴ്വരയിൽ അവയ്ക്കു ചുറ്റും നടത്തിയ ശേഷം ദൈവത്തിന്റെ വചനത്താലും ജീവാത്മാവിനാലും അസ്ഥികൾക്ക് ജീവൻ പകരുന്ന രംഗം എത്ര മനോഹരമാണ് (37,1-10).
ഇന്ന് യുവാക്കളോടു പരിശുദ്ധ പിതാവ് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്കുള്ള ഒരാമുഖമായി ഇവയെ നമുക്ക് കാണാം. പിതാവും പുത്രനും എവിടെയുണ്ടോ അവിടെയെല്ലാം പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ട് എന്ന് പാപ്പാ പറയുമ്പോൾ രക്ഷാകര ദൗത്യത്തിന്റെ ഒരു നിമിഷത്തിൽ പോലും പരിശുദ്ധാത്മാവിന്റെ സാന്നിധ്യമില്ലാതിരുന്നിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്.
ഈ ഖണ്ഡികയിൽ പരിശുദ്ധാത്മാവിനെ ഫ്രാൻസിസ് പാപ്പാ വിവരിക്കുന്നത് ദൈവത്തിന്റെ സന്ദേശം ശ്രവിക്കാൻ മൃദുലമായി ഹൃദയങ്ങൾ തുറക്കുന്നയാൾ എന്നാണ്. ദൈവം സ്നേഹിക്കുന്നു, ക്രിസ്തു രക്ഷിക്കുന്നു, അവൻ ജീവിക്കുന്നു എന്നതാണ് ആ സന്ദേശം. സത്യത്തിൽ രക്ഷയുടെ സന്ദേശമാണത്. ദൈവത്തിന്റെ സ്നേഹത്തിലൂടെയല്ലാതെ, ക്രിസ്തുവിലൂടെയല്ലാതെ എവിടെയാണ് രക്ഷ. നമ്മുടെ രക്ഷയുടെ സാക്ഷാൽക്കാരത്തിനായാണ് ക്രിസ്തു ജീവിക്കുന്നത്. ഈ സന്ദേശം ശ്രവിക്കാനും അത് അനുഭവിക്കാനും നമ്മുടെ ഹൃദയങ്ങൾ തുറന്നു തരുന്നത് സത്യത്തിൽ പരിശുദ്ധാത്മാവാണ് എന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുകയാണിവിടെ.
രക്ഷയുടെ സന്ദേശത്തിന് ഹൃദയം തുറക്കുക മാത്രമല്ല രക്ഷയുടെ പ്രത്യാശ സജീവമായി നിലനിറുത്തുന്നതും പരിശുദ്ധാത്മാവാണ് എന്ന് നമ്മോടു പറയുന്നു. ജീവിതത്തിന്റെ വഴികളിൽ നാം കേട്ടുകൊണ്ടിരിക്കുന്ന കോലാഹലങ്ങളിൽ ഒരു പക്ഷേ നമ്മുടെ ഹൃദയം വഴി തെറ്റിയെന്നും വരാം. തെറ്റിയ വഴിയിൽ നിന്ന് നിരാശയുടെ പടുകുഴിയിൽ വീഴാതെ പ്രത്യാശ പുലർത്താൻ നമുക്ക് ശക്തി പകരുന്നത് പരിശുദ്ധാത്മാവാണ്. കാരണം യേശു നമുക്ക് വാഗ്ദാനം ചെയ്ത സഹായകനാണ് അവൻ. ഏതു നേരത്തും നമ്മുടെ കൂടെ എത്തുന്നവൻ. നമ്മുടെ ജീവിതത്തിന് രൂപം നഷ്ടപ്പെടുമ്പോഴും, വിരൂപമാകുമ്പോഴും, എങ്ങും എത്തിപ്പെടാത്ത അവസ്ഥയിൽ വലയുമ്പോഴും നായകൻ കൂടെയുണ്ട്.
വിശ്വാസമർപ്പിച്ച പ്രത്യയശാസ്ത്രങ്ങളും, വിശ്വാസമർച്ചിച്ച വ്യക്തികളും, ഭാവിയിൽ ഉപകരിക്കുമെന്നു കരുതി കൂട്ടി വച്ചതെല്ലാം പൊള്ളയാണെന്ന തിരിച്ചറിവിന്റെ ശൂന്യതയിൽ തീർച്ചയായും സഹായത്തിനെത്തുന്നവൻ പരിശുദ്ധാത്മാവാണ്.
നമ്മുടെ ജീവിതത്തിന്റെ പ്രത്യാശയെല്ലാം ഉണങ്ങി വരണ്ട നിർജ്ജീവമായ അസ്ഥികൾ പോലെ ബന്ധമറ്റ് കിടക്കുമ്പോഴും അവയെല്ലാം കോർത്തിണക്കി മജ്ജയും മാംസവും നൽകി ഉയിർത്തെഴുന്നേൽപ്പിക്കാൻ സഹായകനായ അവനുണ്ട് എന്ന് നമ്മോടു പറയാതെ പറയുകയാണ് ഫ്രാൻസിസ് പാപ്പാ.
പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ സന്തോഷത്തിൽ വളർത്തും എന്നും പാപ്പാ പറയുന്നുണ്ട്. സന്തോഷം: അത് നിറവിന്റെ അടയാളമാണ്. കുറവുകൾ മനുഷ്യനെ ദു:ഖിപ്പിക്കുമ്പോൾ കുറവുകളെ നിറവാക്കാൻ വരുന്ന സഹായകൻ നമ്മെ സന്തോഷത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ അക്കാര്യം ഫ്രാൻസിസ് പാപ്പാ എടുത്തു പറയുന്നുമുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തോടു തുറവുള്ളവരായിരിക്കുക എന്ന്. ഇത് ഒരു നിബന്ധനയാണ്. ഈ തുറവാണ് നമുക്കാവശ്യം. പരിശുദ്ധാത്മാവിന്റെ മൃദുല സ്വരത്തിനും പ്രചോദനത്തിനും ചെവികൊടുക്കാനും അവന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചരിക്കാനും കഴിഞ്ഞാൽ രക്ഷയുടെ സന്തോഷത്തികവിലേക്ക് നാം എത്തിച്ചേരും.
പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോൾ യേശുവിന്റെ സ്നേഹത്തിലും, ജീവനിലും, ശക്തിയിലും വളരാനായി നമ്മെ കൂടുതൽ ആഴത്തിൽ അവന്റെ ഹൃദയത്തോടു അടുപ്പിക്കുമെന്നും പരിശുദ്ധ പിതാവ് എഴുതുന്നു. സ്നേഹിക്കുന്നവന്റെ ജീവനിൽ പങ്കു ചേരുന്നതിനേക്കാൾ എന്തു ഭാഗ്യമാണ് നമുക്ക് വേണ്ടത്? ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ഹൃദയത്തോടു ആഴത്തിൽ ചേരാനും അവന്റെ ജീവനിൽ പങ്കുപറ്റുകയും ചെയ്യുന്നതല്ലേ രക്ഷ എന്നു പറയുന്നത്.
യേശുവിന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുമ്പോൾ അവന്റെ ചിന്തകൾ നമ്മുടെ ചിന്തകളാകും, അവന്റെ പ്രവർത്തികൾ നമ്മുടെതും - ഒരുതരത്തിൽ പരിശുദ്ധാത്മാവിനോടു തുറവുള്ളവരായാൽ നാം മറ്റൊരു ക്രിസ്തുവായി ഇവിടെ ജീവിക്കും എന്ന് നമ്മെ മനസ്സിലാക്കാൻ പരിശ്രമിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.
നമുക്ക് ആ വരത്തിനായി പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാം, അവന്റെ പ്രചോദനങ്ങൾക്ക് കാതോർക്കാം, അവനോടു തുറവുള്ളവരായിരിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: