തിരയുക

സാഹോദര്യം : അടിസ്ഥാനപരവും സനാതനവുമായ മൂല്യം

മാനവസാഹോദര്യത്തിന്റെ രണ്ടാം അന്തർദേശീയ ദിനത്തിൽ (International Day of Human Fraternity) ഫ്രാൻസിസ് പാപ്പാ നൽകിയ വീഡിയോ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മനുഷ്യസാഹോദര്യത്തിന്റെ രണ്ടാം അന്തർദേശീയ ദിനത്തിൽ നൽകിയ വീഡിയോ സന്ദേശത്തിന്റെ തുടക്കത്തിൽ തന്നെ മനുഷ്യസാഹോദര്യത്തിനും സഹവാസത്തിനുമായുള്ള  രേഖ   പാപ്പായോടെപ്പം ഒപ്പുവച്ച വലിയ ഇമാം അഹ്മദ് അൽ- തയ്യിബിന് അഭിവാദനങ്ങൾ അർപ്പിച്ചു കൊണ്ടും ഈ പാത പിൻതുടരാൻ സംഭാവനകൾ നൽകുന്ന ഷേയ്ക്ക് മൊഹമ്മദ് ബിൻ സയ്ദിനും  മനുഷ്യ സാഹോദര്യത്തിന്റെ അത്യുന്നത കമ്മിറ്റിക്കും നന്ദിയർപ്പിച്ചു കൊണ്ടുമാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കൂടാതെ 2020 ഡിസംബർ 21 ന്  മാനവസാഹോദര്യത്തിന്റെ അന്തർദേശീയ ദിനത്തിന്റെ സ്ഥാപനം പ്രമാണിച്ച പ്രമേയം പാസ്സാക്കിയ ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിനും പാപ്പാ നന്ദി പറഞ്ഞു.

ഈ വർഷങ്ങളിൽ സഹോദരരെന്ന നിലയിൽ നാം വ്യക്തിപരമായ സംസ്കാരവും പാരമ്പര്യവും മാനിച്ചുകൊണ്ട് ഒരുമിച്ച് നടന്നുവെന്നും വെറുപ്പിനും അക്രമത്തിനും അനീതിക്കും എതിരായി ഒരു സാഹോദര്യം സൃഷ്ടിക്കാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

സാഹോദര്യം : അടിസ്ഥാനപരവും സനാതനവുമായ മൂല്യം

സാഹോദര്യം ജനതകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ അടിസ്ഥാനപരവും സനാതനവുമായ ഒരു മൂല്യമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ദുരിതമനുഭവിക്കുന്നവരും  പരിമിതികളുള്ളവരും വിസ്മരിക്കപ്പെടാതിരിക്കാനും പുറം തള്ളപ്പെടാതിരിക്കാനും അവർ മാനവ കുടുംബത്തിലെ അംഗങ്ങളായി അംഗീകരിക്കപ്പെടാനും അത് ആവശ്യമാണ്.

സമാധാനത്തിന്റെ സംസ്കാരം

പരസ്പരം പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെ പ്രചോദനത്താൽ എല്ലാവരും ഒരുമിച്ച്  സമഗ്രമായ വികസനവും,സഹിഷ്ണുതയും, സകലരേയും ഉൾക്കൊള്ളുന്നതും പരസ്പരം മനസ്സിലാക്കുന്നതുമായ  ഒരു സമാധാനത്തിന്റെ സംസ്കാരം പ്രോൽസാഹിപ്പിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. തൊലിയുടെ നിറത്തിനും, മതത്തിനും, സാമൂഹ്യ സംഘങ്ങൾക്കും, ലിംഗ, പ്രായ സാമ്പത്തിക സാഹചര്യങ്ങൾക്കും അപ്പുറം ഒരേ ആകാശത്തിനു കീഴിൽ വസിക്കുന്നവരാണ് നാം.  വ്യത്യസ്ഥരെങ്കിലും  എല്ലാവരും സമന്മാരാണെന്നത് ഈ മഹാമാരിയുടെ കാലം നമുക്ക് കാണിച്ചു തന്നുവെന്നും ആരും തനിച്ച് രക്ഷപ്പെടില്ലെന്ന് ഒരിക്കൽക്കൂടി നമുക്ക് പറയാം, പാപ്പാ പറഞ്ഞു.

ഒരേ ആകാശത്തിനു കീഴിൽ

ഒരേ ആകാശത്തിനു കീഴിൽ വസിക്കുന്ന നമ്മൾ സഹോദരീ സഹോദരരാണെന്ന് ദൈവത്തിന്റെ നാമത്തിൽ അവന്റെ സൃഷ്ടികളായ നമുക്ക് അംഗീകരിക്കാം. വിശ്വാസികളെന്ന നിലയിൽ നമുക്കുള്ള കർത്തവ്യം നമ്മുടെ സഹോദരർക്ക് വേണ്ടി സ്വർഗ്ഗത്തിലേക്ക് കണ്ണുകളും പ്രാർത്ഥനകളും  ഉയർത്താനും ദൈവത്തെ  സത്യസന്ധമായ ഹൃദയത്തോടെ  ആരാധിക്കുന്നവരെല്ലാം അവരുടെ അയൽക്കാരെ സ്നേഹിക്കുവാനും സഹായിക്കുക എന്നതാണ്. സഹോദര്യം നമ്മെ എല്ലാവരുടെയും പിതാവായ ദൈവത്തിലേക്ക് നയിക്കുകയും മറ്റുള്ളവരെ സഹോദരീ സഹോദരന്മാരായി കാണാൻ തുറവ് നൽകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

അനുയോജ്യമായ സമയം

ഒരേ ആകാശത്തിനു കീഴിൽ വസിക്കുന്ന വിശ്വാസികൾക്കും നല്ല മനസ്കർക്കും ഒരുമിച്ചു യാത്ര ചെയ്യാൻ അനുയോജ്യമായ സമയമാണിത്.  ഇത് നാളത്തേക്ക് മാറ്റിവയ്ക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നാനാത്വത്തിലുള്ള നമ്മുടെ ഐക്യം ആഘോഷിക്കാനും നമ്മൾ ജീവിക്കുന്ന സമൂഹത്തോടു സഹോദര്യം എത്തി എന്ന് ഉദ്ഘോഷിക്കാനുമുള്ള നല്ല ദിവസമാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നിസ്സംഗതയ്ക്കുള്ള സമയമല്ല

നിസ്സംഗതയുടെ സമയമല്ലിത് എന്ന് ഊന്നിപ്പറഞ്ഞ ഫ്രാൻസിസ് പാപ്പാ ഒന്നുകിൽ നമ്മൾ സഹോദരരാണ് അല്ലെങ്കിൽ സകലതും തകരുകയാണെന്നും മുന്നറിയിപ്പു നൽകി. ഇന്നത്തെ ചെറിയ യുദ്ധങ്ങളും, ജനതകളെ നശിപ്പിച്ചു കൊണ്ടിരിക്കുകയും, കുട്ടികൾ വിശപ്പനുഭവിക്കുകയും അവരുടെ ഭാവി അടയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കഷണം കഷണമായി നടക്കുന്ന മൂന്നാം ലോക മഹായുദ്ധവും അതാണ് കാണിക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.

മറവിക്കുള്ള സമയവുമല്ലിത്. ഓരോ ദിവസവും അബ്രഹാമിന് ദൈവം നൽകിയ പ്രത്യാശയുടെ വചനം ഓർമ്മിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. ആ വാഗ്ദാനം തന്നെ മക്കളായ നമ്മിലാണ് നിറവേറ്റുന്നത് ആകാശത്തിലെ നക്ഷത്രങ്ങളുടെ തിളക്കമാർന്ന സഹോദര്യത്തിൽ, ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

സാഹോദര്യം രക്ഷയുടെ നങ്കൂരം

സാഹോദര്യത്തിന്റെ പാത നീണ്ടതും വെല്ലുവിളി നിറഞ്ഞതുമാണ് എന്നാൽ അതാണ് മനുഷ്യകുലത്തിന്റെ രക്ഷാകരമായ നങ്കൂരം. നമ്മെ ഭയപ്പെടുത്തുന്ന, സഹോദര്യവുമായി സംഘർഷത്തിലേർച്ചെന്ന അടയാളങ്ങളെ നേരിടാനും മറ്റുള്ളവരെ അംഗീകരിക്കുകയും അവരുടെ തനിമയെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ അവരെയും നാം ഒരു ഒരുമിച്ചുള്ള യാത്രയിലേക്ക് ക്ഷണിക്കുകയാണെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ സൃഷ്ടികളും സഹോദരീ സഹോദരരുമായതിനാൽ നമുക്ക് ഒരുമിച്ച് സ്വരുമയിൽ ജീവിക്കാവുമെന്ന ദൃഢവിശ്വാസത്തോടെയും, കൂടുതൽ സഹോദര്യമാർന്ന ഒരു ലോകം ആവശ്യമാണെന്ന ബോധ്യത്തോടെയും ജീവിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു. കൂടാതെ ഈ സാഹോദര്യത്തിന്റെ യാത്രയിൽ ഇനിയും വന്നു ചേരുന്നവർക്കും പാപ്പാ നന്ദി പറഞ്ഞു.

സമാധാനത്തിനായി പ്രതിസന്ധതയുള്ളവരാകാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ ഏറ്റം പിന്നോക്കം നിൽക്കുന്നവരും പാവപ്പെട്ടവരും സ്വയം പ്രതിരോധിക്കാൻ കഴിയാത്തവരുമായവരുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും പ്രതികരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

"വ്യത്യസ്ഥതകളുടെ സ്വരലയത്തിൽ ഓരോരുത്തരുടേയും തനിമയെ മാനിച്ച് എല്ലാവരും സഹോദരി സഹോദരന്മാരായി തോളോടു തോളു ചേർന്ന് സമാധാനത്തിന്റെയും നീതിയുടേയും കൈത്തൊഴിലാളികളാകാനാണ് നമ്മുടെ ദൃഢനിശ്ചയം. സഹോദരരെ, സഹോദര്യത്തിന്റെ പാതയിൽ നമുക്ക് മുന്നേറാം", പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഫെബ്രുവരി 2022, 09:41