തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: സമാധാന സംസ്ഥാപനത്തിന് സംഘാത യത്നം!

പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ പുതുവത്സരദിനത്തിൽ.

നമുക്കൊത്തൊരുമിച്ച് സമാധാനപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് മാർപ്പാപ്പാ.

ജനുവരി ഒന്നിന് തിരുസഭ ദൈവമാതാവിൻറെ തിരുന്നാളിനു പുറമെ ലോകസമാധാന ദിനവും ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഈ പുതുവത്സരദിനത്തിൽ, അതായത്, ശനിയാഴ്ച (01/01/22) “വിശ്വശാന്തിദിനം” (#WorlddayofPeace) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

താൻ ഇക്കൊല്ലത്തെ സമാധാനദിനത്തിനു നല്കിയ സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്ത് പാപ്പാ ട്വിറ്റർ ചേർത്ത പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“കൂടുതൽ സമാധാനപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് എല്ലാവർക്കും സംഘാതമായി പ്രവർത്തിക്കാൻ കഴിയും, അത് വ്യക്തികളുടെ ഹൃദയത്തിലും കുടുംബബന്ധങ്ങളിലും നിന്ന് ആരംഭിക്കുന്നു, പിന്നീടത് സമൂഹത്തിനകത്തും പരിസ്ഥിതിയുമായി ചേർന്നും തുടരുന്നു, കൂടാതെ, ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധം വരെ അത് എത്തുന്നു. #ലോകസമാധാനം ”.

അന്നുതന്നെ പാപ്പാ “സമാധാനം”  (#peace) എന്ന ഹാഷ്ടാഗോടുകൂടി ഒരു സന്ദേശവും ട്വിറ്ററിൽ കുറിച്ചു. അത് ഇങ്ങനെ ആയിരുന്നു:

“ശാശ്വതമായ #സമാധാനം കെട്ടിപ്പടുക്കുന്നതിന് മൂന്ന് സരണികൾ നിർദ്ദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ സാക്ഷാത്കാരത്തിന്  അടിസ്ഥാനമായി തലമുറകൾ തമ്മിലുള്ള സംവാദം; സ്വാതന്ത്ര്യം, ഉത്തരവാദിത്തം, വികസനം എന്നിവയുടെ ഘടകമായി വിദ്യാഭ്യാസം; മാനവാന്തസ്സിൻറെ പൂർണ്ണമായ സാക്ഷാത്കാരത്തിനുവേണ്ടി അദ്ധ്വാനവും.”

പുതുവത്സരദിനത്തിൽ ദൈവമാതാവിൻറെ തിരുന്നാൾ തിരുസഭ ആചരിക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഒരു സന്ദേശവും പാപ്പാ ട്വിറ്ററിൽ കുറിച്ചു.

“പുതുവത്സരാരംഭം പരിശുദ്ധ മാതവിൻറെ അടയാളത്തിൻ കീഴിലാണ്. അമ്മയുടെ നോട്ടം പുനർജന്മത്തിലേക്കും വളർച്ചയിലേക്കുമുള്ള വഴിയാണ്. തടസ്സങ്ങളെയും സംഘർഷങ്ങളെയും എങ്ങനെ മറികടക്കാമെന്ന് അമ്മമാർക്ക് അറിയാം. സമാധാനം പകരേണ്ടത് എങ്ങനെയെന്ന് അവർക്കറിയാം. അങ്ങനെ പ്രശ്‌നങ്ങളെ പുനർജന്മത്തിനും വളർച്ചയ്ക്കുമുള്ള അവസരങ്ങളാക്കി മാറ്റുന്നതിൽ അവർ വിജയിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2022, 13:57