ക്രൈസ്തവ ഐക്യത്തിനായുള്ള അന്വേഷണം ഒരുമിച്ചുള്ള ഒരു യാത്രയാവണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഉണ്ണിയേശുവിനെ കണ്ടെത്തി ആരാധിച്ച സുവിശേഷത്തിലെ ജ്ഞാനികളായ പൂജ രാജക്കന്മാരെക്കുറിച്ചുള്ള ഒരു ധ്യാന ചിന്തയോടെയാണ് പാപ്പാ അവരെ അഭിസംബോധന ചെയ്തത്. പൂജരാജാക്കന്മാർ അവരുടെ ലക്ഷ്യം കണ്ടെത്തിയത് അവർ അന്വേഷിച്ചതുകൊണ്ടാണെന്നും, എന്നാൽ അവരുടെ അന്വേഷണം തുടങ്ങിയത് ഒരു നക്ഷത്രത്തിന്റെ അടയാളം കൊണ്ട് കർത്താവ് അവരെ ആദ്യം അന്വേഷിച്ചിറങ്ങിയതിനാലാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. പൂജരാജാക്കന്മാരെ പോലെ നമ്മളെയും ദൈവം തിരഞ്ഞെത്തി. അതിനാൽ നമ്മുടെ പ്രതികരണവും അവരെ പോലെ ഒരുമിച്ചുള്ള ഒരു യാത്രയാവണം എന്നും പാപ്പാ പറഞ്ഞു.
ഒരുമിച്ചുള്ള യാത്ര
ദൈവത്താൽ സ്പർശിക്കപ്പെട്ടവർക്ക് അവരിലേക്കു തന്നെ ഉൾവലിഞ്ഞ് അവർക്കു വേണ്ടി മാത്രമായി ജീവിക്കാനാവില്ല; അവർ എപ്പോഴും പ്രയാണത്തിലാവും. മുന്നോട്ടു പോകാനും, ഒരുമിച്ച് മുന്നോട്ടു പോകാനും നിർബന്ധിതരാവും എന്ന് പാപ്പാ തറപ്പിച്ചു പറഞ്ഞു.
പൂജരാജാക്കന്മാരെ വിവിധ സംസ്കാരങ്ങളുടേയും ജനതകളുടേയും പ്രതിനിധികളായി പാരമ്പര്യം കണക്കാക്കി പോന്നതുപോലെ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് നമ്മുടെ സഹോദരീ സഹോദരരുടെ കൈ കോർത്ത് മുന്നോട്ടു പോകാനുള്ള വെല്ലുവിളിയുണ്ട്. ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ഫ്രാൻസിസ് പാപ്പാ ക്രൈസ്തവരെ ആഹ്വാനം ചെയ്തു.
ഈ ഒരുമിച്ചുള്ള യാത്രയിൽ സ്ഥിരോൽസാഹത്തോടെ മുന്നോട്ടു പോകാൻ നമ്മെ അനുവദിക്കുന്ന ചില ഘട്ടങ്ങൾ എളുപ്പമാണ് എന്ന് സൂചിപ്പിച്ച പാപ്പാ ദരിദ്രരോടും ആവശ്യക്കാരോടും മാത്രമല്ല പരസ്പരം അടുക്കാനിടയാക്കുന്ന ഉപവി പ്രവർത്തികളും മറ്റും ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. എന്നാൽ പരിപൂർണ്ണമായ ഐക്യത്തിലേക്കുള്ള യാത്ര ചിലപ്പോൾ കൂടുതൽ ദുഷ്കരമാണ്, അത് ഒരു തരം ക്ഷീണത്തിനും നിരുത്സാഹതയ്ക്കുമുള്ള പ്രലോഭനത്തിലേക്ക് നയിച്ചേക്കാമെന്ന് പാപ്പാ പറഞ്ഞു. ഈ യാത്രയിൽ നമ്മൾ ദൈവത്തെ സ്വന്തമാക്കിയവരെന്ന നിലയിലല്ല മറിച്ച് തുടർന്ന് അന്വേഷിക്കുന്നവരാണ് എന്ന് സ്വയം ഓർമ്മിപ്പിക്കാൻ ക്രൈസ്തവരെ പാപ്പാ പ്രോൽസാഹിപ്പിച്ചു. ധൈര്യവും ക്ഷമയും ഈ വഴിയിലുടനീളം വേണമെന്നും പരസ്പരം ധൈര്യപ്പെടുത്തുകയും പിൻതാങ്ങുകയും വേണമെന്നും പാപ്പാ പറഞ്ഞു.
രണ്ടു പ്രധാന നിമിഷങ്ങൾ
രണ്ടു പ്രധാന വാർഷികങ്ങളെ ക്രൈസ്തവ ഐക്യത്തിനായുള്ള യാത്രയിലെ രണ്ടു പ്രധാന നിമിഷങ്ങളായി പാപ്പാ ചൂണ്ടിക്കാണിച്ചു. 2025 ൽ വരുന്ന നിക്ക്യയിലെ കൗൺസിലിന്റെ 1700ആം വാർഷികവും, ലൂതറൻ അവ്സ്ബർഗ് പ്രഖ്യാപനത്തിന്റെ 500 ആം വാർഷികവുമായിരുന്നു അവ. ത്രിത്വൈകവും, ക്രിസ്തു ശാസ്ത്രപരമമായ നിക്യാ പ്രഖ്യാപനം ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരെയും ഐക്യപ്പെടുത്തുകയും ഉൽസാഹത്തോടെ ക്രിസ്തുവിനെ പിൻചെല്ലുവാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തുവിനെയാണ് നമ്മുടെതുൾപ്പെടെയുള്ള എല്ലാക്കാലത്തിലേയും സ്ത്രീ പുരുഷന്മാർ അറിയാതെയാണെങ്കിലും അന്വേഷിക്കുന്നത്.
ക്രിസ്ത്യാനികൾ പ്രൊട്ടസ്റ്റന്റ് നവീകരണം നടത്തിക്കൊണ്ട് വഴിപിരിയാൻ തയ്യാറെടുപ്പു നടത്തിയ നേരത്താണ് അവ്സ്ബർഗ് പ്രഖ്യാപനമുണ്ടായത്. വിഭജനം തടയുന്നതിൽ വിജയിച്ചില്ലെങ്കിലും ഐക്യം കാത്തുസൂക്ഷിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. എന്നിരുന്നാലും, വരാനിരിക്കുന്ന വാർഷികം “നമ്മുടെ ഐക്യത്തിനായുള്ള യാത്രയിൽ നമ്മെ പ്രോത്സാഹിപ്പിക്കുന്നതിനും, സ്ഥിരീകരിക്കുന്നതിനുമുള്ള ഫലപ്രദമായ അവസരമായി വർത്തിക്കും. അതുവഴി നമുക്ക് ദൈവഹിതത്തോടു കൂടുതൽ അനുസരണമുള്ളവരാകാ൯ കഴിയും.
തദ്ദേശവാസികൾക്കായി സ്വപ്നങ്ങൾ കാണാം
ഫിൻലാന്റിലെ തദ്ദേശീയ ജനങ്ങളോടുള്ള ബന്ധത്തിൽ ആമസോണിയക്കുവേണ്ടിയുള്ള തന്റെ സ്വപ്നം ഏറ്റെടുത്തതിന് ഫിന്നിഷ് ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ ബിഷപ്പ് ജുക്ക കെസ്കിറ്റലോയോടു ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു. ഒരു അജപാലക൯ മൂർത്തമായ വ്യക്തികളുകളുമായി മൂർത്തമായിരിക്കണം, പക്ഷേ സ്വപ്നം കാണുന്നത് നിർത്താൻ സ്വയം അനുവദിക്കരുതെന്ന് പറഞ്ഞ പാപ്പാ സ്വപ്നം കണ്ടതിന് നന്ദി എന്നറിയിച്ചു.
നമ്മൾ ഐക്യം കൈവരിക്കുന്നത് എപ്പോൾ?
നമുക്ക് "എപ്പോൾ ഐക്യം കൈവരിക്കാനാകും?" എന്ന് ചോദ്യമുയർത്തിയ പാപ്പാ "ഐക്യം യുഗാന്ത്യത്തിൽ (Eschaton) ആയിരിക്കും" - അതായത്, സമയത്തിന്റെ അന്തിമ പൂർത്തീകരണം വരെ അല്ലെന്ന് പറഞ്ഞ ഒരു "വലിയ ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞന്റെ" പരാമർശത്തെ അനുസ്മരിച്ചു. ഐക്യത്തിലേക്കുള്ള പാത പ്രധാനമാണ് എന്ന് പാപ്പാ തറപ്പിച്ചുപറഞ്ഞു. ദൈവശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും പ്രവർത്തനം ആവശ്യവും നല്ലതുമാണെങ്കിലും, ദൈവജനം ഒരുമിച്ച് യാത്ര ചെയ്യുന്നതും നല്ലതാണ്. പാപ്പാ വ്യക്തമാക്കി.
ദൃഷ്ടി ക്രിസ്തുവിൽ ഉറപ്പിച്ച്...
“ധൈര്യത്തോടെയും മൂർത്തമായ വഴികളിലൂടെയും ദൈവത്തെ അന്വേഷിക്കുന്നതിൽ”ഒരുമിച്ച് യാത്ര തുടരാനും “പ്രാർത്ഥനയിൽ പരസ്പരം സമീപസ്ഥരായി നിലകൊള്ളുമ്പോൾ “നമ്മുടെ ദൃഷ്ടി എപ്പോഴും ക്രിസ്തുവിൽ ഉറപ്പിക്കാനും ഫ്രാൻസിസ് പാപ്പാ ക്രൈസ്തവരെ ക്ഷണിച്ചു. അവിടെ സന്നിഹിതരായവരോടു കൂടെ "സ്വർഗ്ഗസ്ഥനായ പിതാവേ " എന്ന പ്രാർത്ഥന ഒരുമിച്ച് പ്രാർത്ഥിച്ചുകൊണ്ട് പാപ്പാ തന്റെ പ്രസംഗം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: