തിരയുക

ഫ്രാൻസീസ് പാപ്പാ, "തെയാറ്റിൻസ് " എന്നറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് ക്ലെരിക്സ് റെഗുലർ എന്ന സന്ന്യസ്ത സമൂഹത്തിൻറെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 15/01/2022 ഫ്രാൻസീസ് പാപ്പാ, "തെയാറ്റിൻസ് " എന്നറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് ക്ലെരിക്സ് റെഗുലർ എന്ന സന്ന്യസ്ത സമൂഹത്തിൻറെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 15/01/2022 

പാപ്പാ: വിശുദ്ധരെ അനുകരിക്കുകയെന്നാൽ അവരുടെ സുവിശേഷ ജീവിത രീതി സ്വന്തമാക്കൽ!

ഫ്രാൻസീസ് പാപ്പാ, കോൺഗ്രിഗേഷൻ ഓഫ് ക്ലെരിക്സ് റെഗുലർ എന്ന സന്ന്യസ്ത സമൂഹത്തിൻറെ നാല്പതോളം പ്രതിനിധികളെ, ഈ സമൂഹത്തിൻറെ നൂറ്റിയറുപത്തിനാലാം ജനറൽ ചാപ്റ്ററിനോട് അനുബന്ധിച്ച് വത്തിക്കാനിൽ ശനിയാഴ്ച (15/01/22) സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഭൂമിയിൽ സ്വന്തം ദൗത്യം വിശുദ്ധിയുടെ യാത്രയായി മനസ്സിലാക്കാത്ത പക്ഷം ക്രൈസ്തവന് ആ ദൗത്യത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് മാർപ്പാപ്പാ.

തെയാറ്റിൻസ് എന്നറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് ക്ലെരിക്സ് റെഗുലർ എന്ന സന്ന്യസ്ത സമൂഹത്തിൻറെ നാല്പതോളം പ്രതിനിധികളെ, ഈ സമൂഹത്തിൻറെ നൂറ്റിയറുപത്തിനാലാം പൊതുസംഘത്തോട്, അതായത്, ജനറൽ ചാപ്റ്ററിനോട് അനുബന്ധിച്ച് വത്തിക്കാനിൽ ശനിയാഴ്ച (15/01/22) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വിശുദ്ധ ഗയേത്താനൊ തിയേനെയും പിന്നീട് പോൾ നാലാമൻ പാപ്പായായിത്തീർന്ന ജാൻ പീയെത്രൊ കരാഫ, ബൊനിഫാചൊ ദെ കോള്ളി, പാവൊളൊ കൊൺസിലിയേരി എന്നിവരും ചേർന്നു രൂപം നല്കിയ ഈ സന്ന്യാസസമൂഹം ആദ്ധ്യാത്മിക ജീവിതത്തിലും ആവശ്യത്തിലിരിക്കുന്നവരോടുള്ള സമൂർത്ത ഉപവിയിലും രൂഢമൂലമായ അപ്പൊസ്തോലിക പൗരോഹിത്യ ഭാതൃത്വമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ഈ സമൂഹത്തിൻറെ ദൗത്യത്തിലൂന്നിയതാണ് ജനറൽ ചാപ്റ്ററിൻറെ വിചിന്തന പ്രമേയം എന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ച പാപ്പാ, ഓരോ വിശുദ്ധനും ഒരു ദൗത്യമാണെന്ന് ഈ സമൂഹത്തിൻറെ മുഖ്യ സ്ഥാപകനായ വിശുദ്ധ ഗയെത്താനൊ തിയേനെ നമുക്കു കാണിച്ചുതരുന്നുവെന്നും  ഒരോ വിശുദ്ധനും വിശുദ്ധയും ചരിത്രത്തിലെ ഒരു സവിശേഷ നിമിഷത്തിൽ സുവിശേഷത്തിൻറെ ഒരു മാനം പ്രതിഫലിപ്പിക്കാനും മൂർത്തമാക്കാനുമുള്ള പിതാവിൻറെ പദ്ധതിയാണെന്നും പാപ്പാ വിശദീകരിച്ചു.

യേശുക്രിസ്തുവിനെ മാത്രമാണ് നാം അനുകരിക്കേണ്ടതെന്ന വസ്തുത ഊന്നിപ്പറയുന്ന പാപ്പാ, ഒരു വിശുദ്ധനെയൊ വിശുദ്ധയെയൊ അനുകരിക്കണമെന്നു പറയുമ്പോൾ വിവക്ഷ, ആ വിശുദ്ധനൊ, വിശുദ്ധയൊ സുവിശേഷം ജീവിച്ച രീതിയും ആദ്ധ്യാത്മിക ചലനാത്മകതയും സ്വന്തമാക്കുക എന്നാണെന്ന് ഉദ്ബോധിപ്പിച്ചു.

ഇന്നിൻറെ വെല്ലുവിളികളോട് പ്രതികരിക്കുന്നതിന് സ്വന്തം അനന്യതയിൽ നിന്നു തുടങ്ങണമെന്നും കൂട്ടായ്മയും കാലത്തിൻറെ അടയാളങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള ദൗത്യവും ആവശ്യമാണെന്നും പാപ്പാ വിശുദ്ധ ഗയെത്താനൊയുടെ ജീവിതം എടുത്തുകാട്ടിക്കൊണ്ട് പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2022, 13:07