ന്യുയോർക്കിൽ അഗ്നിബാധ ദുരന്തം, പാപ്പായുടെ അനുശോചനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അമേരിക്കൻ ഐക്യനാടുകളിൽ ന്യുയോർക്ക് പട്ടണത്തിലെ ബ്രോങ്ക്സ് ഭരണപ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് ന്യുയോർക്ക് അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ തിമൊത്തീ ദോളന് തിങ്കളാഴ്ച (10/01/22) അയച്ച അനുശോചന സന്ദേശത്തിലാണ് പാപ്പാ തൻറെ വേദന അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച (09/01/21) രാത്രിയുണ്ടായ ഈ അഗ്നിബാധ കുട്ടികളുൾപ്പടെ അനേകരുടെ ജീവനപഹരിച്ചത് അനുസ്മരിക്കുന്ന പാപ്പാ ഈ ദുരന്തം മൂലം വേദനിക്കുന്ന എല്ലാവർക്കും തൻറെ ആത്മീയ സാമീപ്യം ഉറപ്പുനല്കുകയും കർത്താവ് അവർക്ക് സാന്ത്വനവും മനക്കരുത്തും പ്രദാനം ചെയ്യുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ബ്രോങ്ക്സിലെ 19 നില പാർപ്പിട സൗധത്തിലെ 120 വസതികളിൽ ഒന്നിൽ നിന്ന് രണ്ട്, മൂന്നു നിലകളിലേക്കു പടർന്ന അഗ്നിബാധയിൽ 19 പേർ മരണഞ്ഞു. ഇവരിൽ 9 കുട്ടികളുണ്ട്. പരിക്കേറ്റ അറുപതിലേറെ ആളുകളിൽ മുപ്പതിലേറെപ്പേർ ചികിത്സയിലാണ്.
ഈ കെട്ടിടത്തിൽ താമസിക്കുന്നവരിൽ ഗാംബിയയിൽ നിന്നുള്ള കുടിയേറ്റക്കാർ നിരവധിയാണ്.
തീ പടർന്നത് വൈദ്യുതി താപപ്രസരണോപകരണത്തിൽ (electric heater) നിന്നാണെന്ന് അഗ്നിശമന സേനാവിഭാഗം കരുതുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: