അർജന്റീനിയൻ നോബൽ സമ്മാന ജേതാവ് പെരസ് എസ്‌ക്ക്യൂവെലിന്റെ ആരോഗ്യത്തിനായി പാപ്പാ പ്രാർത്ഥിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അർജന്റീനയിലെ സമാധാന പ്രവർത്തകനായിരുന്ന പെരേസിന് ഞായറാഴ്ച അയച്ച ഒരു ചെറു കുറിപ്പിലാണ് തന്റെ പ്രാർത്ഥനയും സാമീപ്യവും പാപ്പാ അറിയിച്ചത്.
പുതുവർഷത്തിന്റെ തുടക്കത്തിൽ അഡോൾഫോ പെരസ് എസ്‌ക്ക്യൂവെലിന് ആരോഗ്യ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ മാർ ദെൽ പ്ലാത്തയിലെ കടൽത്തീര റിസോർട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചു വരുന്നു എന്ന വാർത്ത ലഭിച്ചപ്പോൾ, ബൊയ്നോസ് അയ്റെസിന് തെക്ക് 400 കിലോമീറ്റർ അകലെയുള്ള മാർ ദെൽ പ്ലാത്തയിലെ മെത്രാ൯ ഗബ്രിയേൽ മെസ്ട്രെ മുഖേന പാപ്പാ പെരസിന് ഒരു കുറിപ്പ് അയച്ചു.
90-കാരനായ പെരേസ് വേഗത്തിൽ പരിപൂർണ്ണ സുഖം പ്രാപിക്കാൻ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നതായി കുറിപ്പിൽ രേഖപ്പെടുത്തി. "യേശു നിങ്ങളെ അനുഗ്രഹിക്കുകയും പരിശുദ്ധ കന്യകാമറിയം നിങ്ങൾക്ക് കാവലിരിക്കുകയും ചെയട്ടെ," എന്ന് പെരസിന്റെ ഭാര്യ അമാൻദാ ഗ്വെറേനോയ്ക്കും പാപ്പാ ആശംസകൾ അയച്ചു.
പുതുവത്സര ദിനത്തിൽ അവിടുത്തെ മെത്രാൻ, പെരസ് എസ്‌ക്ക്യൂവെലിനെ ആശുപത്രിയിൽ സന്ദർശിക്കുകയും അവർ ഒരുമിച്ച് പ്രാർത്ഥിക്കുകയും അദ്ദേഹത്തിന് രോഗീലേപനം നൽകുകയും ചെയ്തുവെന്നും രൂപത വെബ്സൈറ്റിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. "സമാധാനത്തിനും പൊതുനന്മയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രതിജ്ഞാബദ്ധനായ ഈ അർജന്റീനക്കാരൻ" വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ ഈ പ്രസ്താവന കത്തോലിക്കരെ പ്രേരിപ്പിച്ചു.
പാവപ്പെട്ടവരെ അടിച്ചമർത്തുന്നതിനെ അപലപിച്ച വ്യക്തി
1976 മുതൽ 1983 വരെ അർജന്റീനയെ ഭരിച്ച സൈനിക സ്വേച്ഛാധിപത്യത്തിനെതിരായി സമാധാനപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ കലാകാരനും എഴുത്തുകാരനുമായ പെരസ് എസ്‌ക്ക്യൂവെലിന് 1980ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
അടിച്ചമർത്തൽ തന്ത്രങ്ങൾക്കെതിരെ സംസാരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സൈനിക ഭരണകൂടം 14 മാസം ജയിലിലാക്കി. നിരീക്ഷണഘട്ടത്തിലായിരിക്കുമ്പോൾ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു. "ലാറ്റിനമേരിക്കയിലെ ജനങ്ങൾ" എന്ന പേരിൽ സമാധാന സമ്മാനം പെരസ് സ്വീകരിച്ചു.
കുറച്ചുപേർക്ക് മാത്രം അനുകൂലമായ ഒരു സാമൂഹിക വ്യവസ്ഥയെ അപലപിച്ച വ്യക്തിയാണ് പെരസ് എസ്‌ക്ക്യൂവെൽ. "സ്ഥാപനവൽക്കരിക്കപ്പെട്ട അക്രമവും, ദുരിതവും, അടിച്ചമർത്തലും വളരെ കുറച്ചുപേർക്ക് പ്രയോജനം ചെയ്യുന്ന ഒരു സാമൂഹിക ക്രമത്തെ പ്രതിനിധീകരിക്കുന്നു: ദരിദ്രർ ദരിദ്രരാകുന്നതിന്റെ ചെലവിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു," എന്ന് അദ്ദേഹം തന്റെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം, പെരസ് ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. കലയിലൂടെയും അദ്ദേഹത്തിന്റെ പത്രമായ "സമാധാനവും നീതിയും" വഴിയും അദ്ദേഹം മനുഷ്യാവകാശങ്ങൾക്കായി മുന്നോട്ട് സഞ്ചരിച്ചു. 2013 മാർച്ചിൽ ഫ്രാ൯സിസ് പാപ്പയുടെ തിരഞ്ഞെടുപ്പിന് ശേഷം പാപ്പയ്ക്കൊപ്പം ബൊയ്നോസ് അയ്റെസ് സ്വദേശിയായ പെരസ് എസ്‌ക്ക്യൂവെൽ ഒരു സ്വകാര്യ കുടികാഴ്ച്ചയും നടത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: