പാപ്പാ: മതപീഢനത്തിനും വിവേചനത്തിനും ഇരകളായവർക്കായി പ്രാർത്ഥിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഹോദരങ്ങളാണെന്ന യാഥാർത്ഥ്യത്തിൽ നിന്ന് ജന്മം കൊള്ളുന്ന തങ്ങളുടെ അവകാശങ്ങളും ഔന്നത്യവും, വിവേചനത്തിനും മതപീഡനത്തിനും ഇരകളാക്കപ്പെടുന്നവർക്ക്, സ്വന്തം സമൂഹങ്ങളിൽ അംഗീകരിച്ചുകിട്ടുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ സഭാതനയരെ ആഹ്വാനം ചെയ്യുന്നു.
പുത്തനാണ്ടിലെ ആദ്യ മാസത്തേക്കുള്ള (2022 ജനുവരി) പ്രാർത്ഥനാ നിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.
നിരവധിയായ മതന്യൂനപക്ഷങ്ങൾ ഇപ്പോൾ വിവേചനങ്ങളൊ പീഡനമോ അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ട്? സ്വന്തം വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിൻറെ പേരിൽ ആളുകൾ പീഡിപ്പിക്കപ്പെടുന്നത് ഏറെ പരിഷ്‌കൃതമായ സമൂഹത്തിൽ, എങ്ങനെ അനുവദിക്കാനാകും? ഇത്യാദി ചോദ്യങ്ങൾ സ്പാനിഷ് ഭാഷയിലുള്ള പ്രാർത്ഥനാ നിയോഗ വീഡിയോയിൽ ഉന്നയിക്കുന്ന പാപ്പാ ഈ പീഡനങ്ങളും വിവേചനങ്ങളും അസ്വീകാര്യങ്ങളാണെന്ന് വ്യക്തമാക്കുകയും, മാത്രമല്ല അത് മനുഷ്യത്വരഹിതവും, ബുദ്ധിശൂന്യതയുമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
മതസ്വാതന്ത്ര്യം എന്നത് ആരാധനാസ്വാതന്ത്ര്യത്തിൽ, അതായത്, സ്വന്തം വിശുദ്ധ ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്ന ദിവസം ഒരാൾക്ക് ആരാധന നടത്താൻ സാധിക്കുന്ന തിൽ മാത്രം ഒതുങ്ങുന്നില്ല എന്നും അത് അപരനെ അവൻറെ വ്യതിരിക്തതയിൽ വിലമതിക്കുകയും അവനെ ഒരു യഥാർത്ഥ സഹോദരനായി അംഗീകരിക്കുകയും ചെയ്യലാണെന്നും പാപ്പാ വിശദീകരിക്കുന്നു.
സഹോദരങ്ങൾ ആയിരിക്കുന്നതിലുള്ള ആനന്ദത്തോടുകൂടി വിത്യാസങ്ങളെ സ്വീകരിച്ചുകൊണ്ട്, മനുഷ്യരെന്ന നിലയിൽ, ഒരുമിച്ചു ജീവിക്കാൻ നമുക്കു സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഒരു ചെറിയ വ്യത്യാസം, അല്ലെങ്കിൽ മതപരം പോലുള്ള സാരമായ അന്തരം, സഹോദരങ്ങൾ ആയിരിക്കുന്നതിലുള്ള മഹത്തായ ഏകതയ്ക്ക്, മഹാ ഐക്യത്തിന് മങ്ങലേല്പിക്കരുതെന്നും പാപ്പാ പറയുന്നു.
സാഹോദര്യത്തിൻറ പാത തിരഞ്ഞെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ഒന്നുകിൽ നമ്മൾ സഹോദരങ്ങളായരിക്കുക അല്ലെങ്കിൽ നമുക്കെല്ലാവർക്കും നഷ്ടം സംഭവിക്കുമെന്ന് മുന്നറിയിപ്പേകുന്നു.
പാപ്പായുടെ പ്രാർത്ഥനയ്ക്കായുള്ള ആഗോള ശൃംഖല (Pope's Worldwide Prayer Network) ആണ് പ്രതിമാസം പാപ്പായുടെ പ്രാർത്ഥനാ നിയോഗത്തിൻറെ വീഡിയൊ തയ്യാറാക്കി അവതരിപ്പിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: