മിഷൻ ഞായർ മിഷൻ ഞായർ  

അനുദിന ജീവിതത്തിൽ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ സാക്ഷി

ഒക്ടോബർ 23ന് ആചരിക്കുവാനിരിക്കുന്ന 2022 ലെ ലോക മിഷൻ ദിനത്തിനുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. അനുദിന ജീവിതത്തിലെ ഓരോ തലങ്ങളിലും ക്രിസ്തുവിന്റെ രക്ഷാകര സന്ദേശം പ്രഘോഷിക്കാൻ ഓരോ ക്രൈസ്തവനേയും പാപ്പാ ആഹ്വാനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1926 മുതൽ സഭ ആചരിക്കുന്ന ആഗോള  മിഷൻ ദിനം ഈ വർഷം (2022) ഒക്ടോബർ 23നാണ് ആചരിക്കപ്പെടുന്നത്. റോമിൽ പ്രത്യക്ഷീകരണ തിരുനാൾ ആഘോഷിച്ച ഇന്നലെ (വ്യാഴാഴ്ച) യാണ് പാപ്പാ തന്റെ  സന്ദേശം പ്രസിദ്ധീകരിച്ചത്. പാപ്പായുടെ സന്ദേശം കേന്ദ്രീകരിച്ചിരിക്കുന്നത് "നിങ്ങൾ എനിക്ക്  സാക്ഷികളായിരിക്കും " (അപ്പ. പ്രവർത്തനങ്ങൾ 1,8) എന്ന വാക്യമെടുത്തു കൊണ്ടാണ്.

നിങ്ങൾ എന്റെ  സാക്ഷികളായിരിക്കും

ഓരോ ശിഷ്യന്റെയും  ജീവന്റെയും  പ്രേഷിതത്വത്തിന്റെയും  മൂന്ന് അടിത്തറകളെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ വിചിന്തനം ചെയ്യുന്നത്. യേശു ശിഷ്യരെ പഠിപ്പിച്ചതിന്റെ  കാതൽ "ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള ഓരോ ക്രൈസ്തവന്റെയും  വിളിയാണെന്ന് പറഞ്ഞു കൊണ്ടാണ് മൂന്ന് അടിത്തറകളിൽ ആദ്യത്തെതിനെ പാപ്പാ അവതരിപ്പിക്കുന്നത്. പിതാവിന്റെ പ്രേഷിതനായും അവിടുത്തെ  വിശ്വസ്ഥ സാക്ഷിയുമായും ആദ്യം അയക്കപ്പെട്ടവൻ യേശുവാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

"ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് ഒരു പ്രേഷിതനാകാനും ക്രിസ്തുവിന്റെ  സാക്ഷിയാകാനുമാണ്. സഭയ്ക്ക്, ക്രിസ്തു ശിഷ്യരുടെ സമൂഹത്തിന്, ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് സുവിശേഷം മുഴുവൻ ലോകത്തിലും എത്തിക്കുകയെന്നതല്ലാതെ മറ്റൊരു ദൗത്യവുമില്ല. സുവിശേഷവൽക്കരണമാണ് സഭയുടെ സ്വത്വം."

പ്രേഷിതത്വം ജീവിതത്തിന്റെ  ആവിഷ്കാര ശൈലി

അനുദിന ജീവിതത്തിന്റെ  സാധാരണ പ്രവർത്തികളിൽ പോലും ഓരോ ക്രൈസ്തവനും സഭയുടെ പ്രേഷിതത്വത്തിന്റെ  സാമൂഹ്യ രീതി അവലംബിക്കാൻ ക്ഷണിക്കപ്പെട്ടവനാണ് എന്ന് പറഞ്ഞ പാപ്പാ ക്രൈസ്തവർ ക്രിസ്തുവിന്റെ  നാമത്തിൽ സഭ പറഞ്ഞയക്കുന്നവരാണ് എന്നും ആരും സ്വന്തമായി മുൻകൈ എടുക്കുന്നവരല്ല എന്നും കൂട്ടിച്ചേർത്തു. യേശു തന്റെ  ശിഷ്യരെ ഈരണ്ടുപേരായാണ് അയച്ചതെന്ന് സൂചിപ്പിച്ചു കൊണ്ട്, ക്രൈസ്തവരുടെ ക്രിസ്തുവിനോടുള്ള സാക്ഷ്യം പ്രഥമമായി സാമൂഹികമാണ് എന്ന് പാപ്പാ അടിവരയിട്ടു.

"ശിഷ്യന്മാർ അവരുടെ വ്യക്തി ജീവിതം ഒരു പ്രേഷിത ആവിഷ്കാര ശൈലിയിൽ (Missionary key) ജീവിക്കാൻ പ്രേരിപ്പിക്കുന്നു: അവരെ യേശു ലോകത്തിലേക്ക് പറഞ്ഞയയ്ക്കുന്നത് നിർവ്വാഹകരായല്ല, അവരെ ഏൽപ്പിച്ച ദൗത്യം ജീവിക്കാനും, സാക്ഷ്യം വഹിക്കാനും മാത്രമല്ല, എല്ലാറ്റിലുമുപരിയായി ക്രിസ്തുവിന് സാക്ഷികളാകുവാനാണ്".

മിഷനറിമാർ പ്രഘോഷിക്കുന്നത് ക്രിസ്തുവിലുള്ള ദൈവത്തിന്റെ രക്ഷയുടെ സുവിശേഷമാണ്. തങ്ങളുടെ സ്വന്തം കഴിവുകളോ അനുനയിപ്പിക്കാനുള്ള ഗുണങ്ങളോ അല്ല ഫ്രാൻസിസ് പാപ്പാ പറഞ്ഞു. "സുവിശേഷവൽക്കരണത്തിൽ " "ക്രൈസ്തവ ജീവിതത്തിന്റെ  മാതൃകയും ക്രിസ്തുവിന്റെ  പ്രഘോഷണവും  വേർതിരിക്കാനാവാത്തതാണ് ". ഒന്ന് മറ്റേതിതിനെ പിൻതുണയ്ക്കുന്നു. പാപ്പാ ഓർമ്മിപ്പിച്ചു.

ഭൂമിയുടെ അതിർത്തികൾ വരെ

ക്രൈസ്തവ പ്രേഷിതദൗത്യത്തിന്റെ  രണ്ടാമത്തെ അടിത്തറയായി പാപ്പാ ചൂണ്ടിക്കാണിച്ചത് "ഭൂമിയുടെ അതിർത്തികൾ വരെ" എന്ന ആശയമാണ്. ആദ്യ ശിഷ്യർ ക്രമേണ അവരുടെ ദൗത്യത്തിന് വ്യാപ്തി വിപുലീകരിച്ചതും "പുറത്തേക്കിറങ്ങുന്ന " സഭയുടെ പ്രതിച്ഛായ ജീവിച്ചതും ദൈവത്തിന്റെ  കരുതലാണെന്നും അല്ലാതെ മതപരിവർത്തനത്തിനുള്ള ആഗ്രഹം കൊണ്ടല്ല എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഇന്ന് നമ്മുടെ കാലത്തും സംഭവിക്കുന്നതു പോലെ, പീഡനങ്ങൾ നേരിട്ടപ്പോൾ തങ്ങളുടെ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്ത ആദിമ ക്രൈസ്തവർ പുതിയ രാജ്യങ്ങളിലേക്ക്     സുവിശേഷത്തെ അവരോടൊപ്പം കൊണ്ടുപോയി.  "ഭൂമിയുടെ അതിർത്തികൾ വരെ " എന്ന വാക്യം ഇതുവരെ ക്രിസ്തുവിനെ കണ്ടെത്താത്തവരുടെയിടയിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ആധുനീക ക്രൈസ്തവരെ വെല്ലുവിളിക്കുന്നു എന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.

"ക്രിസ്തുവിനും എല്ലാ ജനതതികളിലുമുള്ള സ്ത്രീപുരുഷന്മാരോടും സംസ്കാരങ്ങളോടും സാമൂഹീക നിലവാരത്തോടുമുള്ള അവന്റെ  സ്നേഹത്തോടും സാക്ഷ്യം വഹിക്കാൻ പുതിയ ഭൗമീക, സാമൂഹീക, അസ്തിത്വ ചക്രവാളങ്ങളിലേക്കും, പുറമ്പോക്കുകളിലേക്കും മാനുഷിക സാഹചര്യങ്ങളിലേക്കും ക്രിസ്തുവിന്റെ  സഭ തുടർന്നും "പുറത്തേക്കിറങ്ങും".

പരിശുദ്ധാത്മാവിൽ നിന്നുള്ള ശക്തി

"നിങ്ങൾക്ക് പരിശുദ്ധാത്മാവിൽ നിന്ന് ശക്തി ലഭിക്കും" എന്ന  പ്രേഷിതത്വത്തിന്റെ  മൂന്നാമത്തെ അടിസ്ഥാനത്തിലേക്ക് തിരിയുന്ന പാപ്പാ യേശുവിന്റെ  മരണത്തിനും ഉയിർപ്പിനും ശേഷമുള്ള ആദ്യ നാളുകളിൽ പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരുടെ ഭയത്തിന്റെ  കൈവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞതും വി. പത്രോസിനെ ജറുസലേമിലെ ജനങ്ങളോടു തന്റെ പ്രേഷിത പ്രഭാഷണം നടത്താൻ പ്രേരിപ്പിപ്പിച്ചതും ചൂണ്ടിക്കാണിച്ചു. അങ്ങനെയാണ് യേശുവിന്റെ  ശിഷ്യന്മാർ ലോകത്തെ സുവിശേഷവൽക്കരിക്കുന്ന കാലഘട്ടത്തിന് തുടക്കം കുറിച്ചത്. പരിശുദ്ധാത്മാവിന്റെ  പ്രചോദനവും, സഹായവും കൊണ്ടു മാത്രമെ  ക്രിസ്തു നാഥന് പൂർണ്ണവും സത്യസന്ധവുമായ സാക്ഷ്യം വഹിക്കാൻ ക്രൈസ്തവർക്ക് കഴിയുകയുള്ളൂ.

"ക്രിസ്തുവിന്റെ  എല്ലാ മിഷനറി ശിഷ്യന്മാരും ആത്മാവിന്റെ  പ്രവർത്തിയുടെ അത്യന്താപേക്ഷിതമായ പ്രാധാന്യം തിരിച്ചറിയാനും, അവിടുത്തെ സാന്നിധ്യത്തിൽ അനുദിനം വസിക്കാനും, അവിടുത്തെ  ഒരിക്കലും കൈവിടാത്ത ശക്തിയും മാർഗ്ഗനിർദ്ദേശവും സ്വീകരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും, ക്ഷീണിതരും, ഉൽസാഹരഹിതരും, ആശയക്കുഴപ്പമുള്ളവരായി തോന്നുന്ന നേരത്ത് പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിനെ സമീപിക്കാൻ നാം ഓർമ്മിക്കണം"

ക്രിസ്തുവിന്റെ ജീവൻ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പുത്തൻ ഊർജ്ജത്തിന്റെയും  സന്തോഷത്തിന്റെയും  അക്ഷയ ദൈവിക ഉറവിടമായ പരിശുദ്ധാത്മാവിൽ നിന്ന്  ഉന്മേഷം വീണ്ടെടുക്കാനും ശക്തിനേടാനും  മിഷനറി ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്നും പാപ്പാ പറഞ്ഞു.

ശ്രദ്ധേയമായ പ്രേഷിത വാർഷികങ്ങൾ

2022ൽ സഭയുടെ മിഷനറി ചൈതന്യത്തിന്റെ പല ശ്രദ്ധേയമായ വാർഷീകങ്ങൾ ഉണ്ടെന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു. ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘം എന്നറിയപ്പെടുന്ന പ്രൊപ്പഗാന്ത ഫീദെ തിരുസംഘം സ്ഥാപിതമായതിന്റെ  400 ആം വാർഷികവും, 2022 ൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന പൗളീൻ ജരികോട്ട് എന്ന പ്രഞ്ച് വനിത സ്ഥാപിച്ച വിശ്വാസ പ്രചാരണത്തിനായുള്ള സംഘത്തിന്റെ  200 ആം വാർഷികവും മാത്രമല്ല ഈ  സംഘടനയ്ക്കും, തിരുബാല്യ സഖ്യത്തിനും പോളാറമൻ പാപ്പാ  പൊന്തിഫിക്കൽ  പദവി നൽകിയതിന്റെ 100 ആം വാർഷികവും  പാപ്പാ അനുസ്മരിച്ചു. ദൈവജനത്തിനിടയിൽ മിഷനറി ചൈതന്യം വളർത്താൻ ഈ സംഘടനകൾ ഒരു ഭദ്രമായ മാർഗ്ഗമാണെന്ന് പ്രാദേശിക സഭകൾ കണ്ടെത്തട്ടെ എന്ന് പാപ്പാ പ്രാർത്ഥിച്ചു.

ക്രിസ്തീയ പ്രേഷിതത്വത്തിന്റെ  നവയുഗം

"പൂർണ്ണമായും മിഷനറിയായ ഒരു സഭയും ക്രിസ്തീയ സമൂഹങ്ങൾക്കിടയിൽ മിഷനറി പ്രവർത്തനത്തിന്റെ  ഒരു പുതിയ യുഗവും" എന്നതാണ് തന്റെ  സ്വപ്നമെന്ന്   സന്ദേശത്തിന്റെ  അവസാനത്തിൽ ഫ്രാൻസിസ്  പാപ്പാ വെളിപ്പെടുത്തി.

"മാമ്മോദീസ വഴി പരിശുദ്ധാത്മാവിന്റെ  ശക്തിയാൽ പ്രവാചകരും, സാക്ഷികളും, കർത്താവിന്റെ  പ്രേഷിതരുമായി ഭൂമിയുടെ അതിരുകൾ വരെ നമുക്കായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! പ്രേഷിതത്വത്തിന്റെ  രാജ്ഞിയായ മറിയം നമുക്കു വേണ്ടി പ്രാർത്ഥിക്കട്ടെ!" പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2022, 13:48