തിരയുക

പൊതുജന കൂടികാഴ്ചയിൽ പാപ്പാ സന്ദേശം നൽകുന്നു. പൊതുജന കൂടികാഴ്ചയിൽ പാപ്പാ സന്ദേശം നൽകുന്നു.  (Vatican Media)

പാപ്പാ: പരാതികൾ അവസാനിപ്പിച്ച് ഭാവിയിലേക്ക് നോക്കാം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 126-127 ആം ഖണ്ഡികകളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.

തിന്മയുടെതല്ല അവസാനവാക്ക്

126. “യേശുവിനെ സന്തോഷമായി, നിറഞ്ഞൊഴുകുന്ന ആനന്ദമായി കാണുക. വിജയം വരിച്ച സുഹൃത്തിനോടു എന്നതുപോലെ അവിടുത്തോടൊപ്പം സന്തോഷിക്കുക. വിശുദ്ധനും നീതിമാനും നിരപരാധിയുമായ അവിടുത്തെ അവർ വധിച്ചു. പക്ഷേ അവസാനം അവിടുന്ന് വിജയിച്ചു. തിന്മയുടെതല്ല അവസാനവാക്ക്. എന്തെന്നാൽ നിന്നെ സ്നേഹിക്കുകയും നിന്നിൽ വിജയം വരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് നിനക്കുണ്ട്. നിന്റെ  രക്ഷകൻ ജീവിക്കുന്നു.

127. അവിടുന്ന് ജീവിക്കുന്നതുകൊണ്ട് നിന്റെ ജീവിതത്തിൽ നന്മ മുന്നിട്ടു നിൽക്കും എന്നതിൽ സംശയമില്ല. നമ്മുടെ എല്ലാ പടപൊരുതലും വിജയിക്കും എന്നതിലും സംശയമില്ല. അങ്ങനെയെങ്കിൽ നമുക്ക് പരാതികൾ എല്ലാം അവസാനിപ്പിച്ച് ഭാവിയിലേക്ക് നോക്കാം. എന്തെന്നാൽ അവിടുത്തേക്ക് ഇത് എപ്പോഴും സാധ്യമാണ്. അതാണ് നമുക്കുള്ള തീർച്ച. യേശു എന്നേക്കും ജീവിക്കുന്നു. നാം അവിടുത്തെ മുറുകെ പിടിച്ചാൽ നമുക്ക് ജീവൻ ഉണ്ടാകും. നമ്മെ  ജീവിതത്തിൽ ആക്രമിക്കാവുന്ന മരണത്തെയും അക്രമത്തിന്റെയും ഭീഷണികളിൽ നിന്ന് നാം സംരക്ഷിക്കപ്പെടും.” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

വിജയങ്ങളുടെ പിന്നാലെ ഓടുന്ന മനുഷർ 

വിജയങ്ങളുടെ പിന്നാലെ മനുഷർ ഓടുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിച്ചു കൊണ്ടുള്ള ഓട്ടത്തിൽ എത്ര മാത്രം വിജയം കൈവരിക്കാൻ സാധിക്കുന്നു എന്നത് ഒരു ചോദ്യം തന്നെയാണെങ്കിലും  ഓരോ മനുഷ്യന്റെയും ഉള്ളിൽ ഏറ്റവും തീവ്രമായി ആഗ്രഹിക്കുന്ന അഭിലഷിക്കുന്ന ഒരു ചിന്തയാണ് വിജയം. വിജയിക്കണം എന്ന ലക്ഷ്യത്തോടുകൂടി മാത്രം കുഞ്ഞുങ്ങളെ വളർത്തുന്ന സമൂഹം. കുഞ്ഞായിരിക്കുമ്പോൾ തന്നെ കുടുംബവും കൂട്ടുകാരും ബന്ധപ്പെട്ടവരും നമ്മുടെ ഉള്ളിൽ വിജയിക്കണമെന്ന നിർബന്ധം കുത്തി നിറയ്ക്കുന്നു. എന്നാൽ ജീവിത യാത്രയിൽ വിജയത്തിനുള്ള ഇന്ധനം കുറഞ്ഞു വരുന്നത് കാണുമ്പോൾ പലപ്പോഴും ആടിയുലയുകയും വിജയം എന്ന നമ്മുടെ സ്വപ്നത്തിന് അല്ലെങ്കിൽ ലക്ഷ്യത്തിന് മങ്ങലേൽക്കുകയോ ആ സ്വപ്നം തന്നെ അപ്രത്യക്ഷമാകുകയോ ചെയ്യുമ്പോൾ അതിന്റെ ഫലമായി നിരാശയും വേദനയും ഒറ്റപ്പെടലും അനുഭവിച്ച് ജീവിതത്തെ തന്നെ പരാജയത്തിന്റെ പടുകുഴിയിൽ ചെന്നെത്തിക്കുകയും ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ വിജയം എവിടെയാണ് നാം കൈവരിക്കേണ്ടത്. പുസ്തകങ്ങളിലോ, ക്ലാസ് മുറികളിലോ, അഭിനന്ദങ്ങൾ ഒഴുകുന്ന വേദികളിലോ, കലാമത്സരങ്ങളിലോ, കായിക വിനോദങ്ങളിലോ?

വിജയത്തിന് മനുഷ്യർ നൽകുന്ന മാനദണ്ഡങ്ങൾ എന്താണ്? ഒരാളെ പരാജയപ്പെടുത്തി അയാളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതാണോ വിജയം? ഒരു സമൂഹത്തെ തന്നെ പരാജയപ്പെടുന്നതാണോ വിജയം? യഥാർത്ഥത്തിൽ എന്താണ് വിജയം? ലോകത്തിന്റെ യുക്തികൾക്കപ്പുറം വിജയത്തിന്റെ മാനദണ്ഡം മറ്റൊന്നാണെന്നാണ് യേശുവും ക്രൈസ്തവ വിശ്വാസവും നമ്മെ കാണിച്ചുതരുന്നത്. വിജയം എന്താണെന്ന് ക്രിസ്തു തന്നെ തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു. ലോകത്തിന്റെ രീതികൾ വച്ചു നോക്കിയാൽ ഒരു പക്ഷേ യേശു തന്റെ ജീവിതം കൊണ്ട് നേടിയത് കുരിശു മാത്രമല്ലേ? അതിനപ്പുറം കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ലോകവും ക്രൈസ്തവനും തമ്മിലുള്ള വ്യത്യാസം ?

ക്രിസ്തുവിന്റെ ജീവിത വിജയം

ഇന്നത്തെ ലോകത്തിൽ വിജയിക്കുന്നില്ല എന്നതിന്റെ പേരിൽ സ്വയം സ്വന്തം ജീവനെ നശിപ്പിക്കുന്നവരുണ്ട്. തന്നെ തോൽപ്പിക്കുമെന്ന് കരുതുന്നവരെ വകവരുത്തുന്നവരുണ്ട്. എന്നാൽ ഇവിടെ വധിക്കപ്പെട്ടിട്ടും വിജയിച്ച ഒരാളുണ്ട്. മരണത്തെപ്പോലും കീഴടക്കാൻ കഴിഞ്ഞവൻ. അവനെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നത്.

ഇന്ന് നാം പരിചിന്തനം ചെയ്യുന്ന 126 മത്തെ ഖണ്ഡികയിൽ പാപ്പാ വ്യക്തമായി പറയുന്നു. വിശുദ്ധനും നീതിമാനുമായ അവിടുത്തെ അവർ വധിച്ചു. പക്ഷേ അവസാനം അവിടുന്ന് വിജയിച്ചു. എങ്ങനെയാണ് വധിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതത്തെ വിജയമാണെന്ന് നമുക്ക് പ്രഘോഷിക്കാനാവുക? എങ്ങനെയാണ്  ജീവിതത്തിൽ മാതൃകയാക്കാൻ കഴിയുക? തന്റെ ജീവിതത്തിന്റെ ദൗത്യം പൂർത്തീകരിക്കാൻ ഒരാൾ തന്റെ ജീവനെ തന്നെ അർപ്പണം ചെയ്യുകയാണെങ്കിൽ, അതിനെ വിജയമെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. നാമിപ്പോഴും സ്വന്തം നിസ്സാരതകളെക്കുറിച്ചും ഇല്ലായ്മകളെക്കുറിച്ചും മാത്രം ചിന്തിച്ച് നിരാശയുടെ തീരമണയുന്നവരാണ്. എന്നാൽ പ്രത്യാശയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഒരാളുടെ ജീവിതത്തിന്റെ മഹത്വം അയാളുടെ മരണത്തോടെ മാത്രമല്ല വെളിപ്പെടുന്നത് അയാൾ ജീവിച്ച ജീവിതവും അതിനായി അയാൾ നൽകിയ ത്യാഗങ്ങളും വിലകളും  തിരിച്ചറിയുമ്പോഴാണ്. 

ജീവിച്ചിരിക്കുമ്പോഴും മരിച്ചതിന് ശേഷവും തന്റെ മഹത്വം വെളിപ്പെടുത്തിയവനായിരുന്നു ക്രിസ്തു. യേശുവിന്റെ ജീവിതത്തെ ലൗകീകവും, മാനുഷികവുമായ കണ്ണുകൾകൊണ്ട് നോക്കുമ്പോൾ ഒരു പക്ഷേ ഈ ഭൂമിയിലെ വലിമകളുടെ പ്രൗഢിയോ പ്രതാപമോ ഇല്ലാതെ, തല ചായ്ക്കാൻ ഒരിടം പോലുമില്ലാതെ, സമൂഹത്തിലെ ഉന്നതർ പുറമ്പോക്കുകളാക്കിയ ചുങ്കക്കാരുടെയും, പാപികളുടേയും, കുഷ്ഠരോഗികളുടേയും മദ്ധ്യേ കഴിഞ്ഞ ഒരു പരാജിത ജീവിതമാണെന്ന് തോന്നിയേക്കാം. അങ്ങനെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം ക്രിസ്തു ജീവിതത്തിന്റെ സഹനങ്ങളാണ്. പിറക്കാനിടമില്ലാത്ത ദരിദ്രജനനം മുതൽ അടക്കാൻ കല്ലറയില്ലാത്ത വധശിക്ഷയേറ്റു വാങ്ങിയ മരണം വരെയും ചിന്തയ്ക്കതീതമായ സഹനങ്ങളുടെ സമ്മേളനമായിരുന്നു ആ ജീവിതം. ഒരു കുഞ്ഞു നൊമ്പരം പോലും പരാജയമായി കാണുന്ന ലോകത്തിനു മുന്നിൽ യേശു പരാജിതനായോ? മരണം പോലും തളച്ചിടാ൯ മടിച്ചു നിന്ന ആ ജീവിതം ഒരു പരാജിതന്റെതല്ല എന്നതിന് തെളിവാണ് ഇന്നും ജീവിക്കുന്ന അവന്റെ ശരീരമായ സഭ. അവൻ വിജയശ്രീലാളിതനായി ഉത്ഥാനം ചെയ്ത് ദൈവമായി ഇന്നും നമ്മുടെ ഇടയിൽ, ജീവിതങ്ങളിൽ ജീവിക്കുന്നു.

നമ്മുടെ വിജയം ക്രിസ്തുവിലൂടെ

യഥാർത്ഥത്തിൽ സഹിക്കുന്ന മനുഷ്യൻ പരാജിതനാണോ? സഹനം നമ്മെ പരാജയപ്പെടുത്തുന്നുവോ? സഹനങ്ങൾക്ക്  ഒരു രക്ഷാകര ദൗത്യമില്ലേ? സഹനം ഒരു വ്യക്തിയെ ശുദ്ധീകരിക്കുന്ന അഗ്നിപോലെയാണ്. സ്വർണ്ണം ഉലയിൽ നിന്ന് വരുന്നതു പോലെ അവൻ സഹനത്താൽ ശുദ്ധീകരിച്ച് തെളിച്ചത്തോടെ ഉണരുന്നു.  ഈ ഉണർവ്വ് തന്റെ ജീവിതത്തിലുടനീളം സൂക്ഷിച്ചവനാണ് ക്രിസ്തു. അതുകൊണ്ടാണ് ക്രിസ്തുവിനെ നോക്കാൻ പാപ്പാ പറയുന്നത്.  എല്ലാ സഹനങ്ങളിലൂടെ കടന്നുപോവുകയും  തിന്മകളെ അതിജീവിക്കുകയും ചെയ്ത ക്രിസ്തു നിന്റെ കൂടെ നിന്റെ ജീവിതത്തിലുണ്ടാകുന്നിടത്തോളം കാലം നിനക്ക് പരാജയമുണ്ടാവില്ല. നീ പോരാടുന്ന എല്ലാ വീഥികളിലും വിജയിക്കുമെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. പരാജയം, സഹനം, നിരാശ എന്നതൊക്കെ നമ്മുടെ ജീവിതത്തിന്റെ  അവസാനവാക്കുകളാവരുത്. മറിച്ച് നാം അനുഭവിക്കുന്ന ഓരോ മരണങ്ങളിലും ഒരു ഉത്ഥാനത്തിന്റെ പ്രകാശം ഒളിഞ്ഞിരിപ്പുണ്ട് എന്ന് മരണത്തെ വിജയിച്ച ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തിന്റെ കരങ്ങൾ മുറുകെ പിടിച്ചുള്ള യാത്ര

മരിച്ചുപോയ ഒരു വ്യക്തിക്ക് നമ്മെ രക്ഷിക്കാൻ കഴിയുകയില്ല. എന്നാൽ ജീവിക്കുന്ന വ്യക്തി അതും നമ്മെ സ്നേഹിക്കുന്ന വ്യക്തിക്ക് നമ്മെ വിട്ടുപേക്ഷിക്കാൻ, ഒറ്റപ്പെടുത്താൻ, സഹനങ്ങളിൽ ഓടിയൊളിക്കാൻ കഴിയുകയില്ല. അതിന് ഉത്തമ ഉദാഹരണമാണ് ജോബിന്റെ ജീവിതം. വലിയ സമ്പന്നതയിലും സന്തോഷത്തിലും സമൃദ്ധിയിലും ജീവിച്ച ഒരു മനുഷ്യന് മക്കളെയും സമ്പത്തിനെയും ലോകത്തിന്റെ സൗഭാഗ്യങ്ങളെയും അപ്രതീക്ഷിതമായി നഷ്ടപ്പെട്ട നേരത്ത് ജോബ് തന്നിലേക്കു തന്നെയല്ല ദൈവത്തിലേക്കാണ് നോക്കിയത്.  അപ്പോൾ ജോബ് മനസ്സിലാക്കിയത് അവൻ വിളിച്ചു പറഞ്ഞു "ദൈവം തന്നു, ദൈവം എടുത്തു. അവിടുത്തെ നാമം മഹത്വപ്പെടട്ടെ" എന്ന്. തന്നിൽ ജീവിക്കുന്ന ദൈവത്തിൽ നിന്നും വിശ്വാസം അടർത്തിയെടുക്കാൻ സ്വന്തം ഭാര്യ അധിക്ഷേപവുമായി വന്നപ്പോഴും ശാരീരികമായും മാനസികമായും ഒരു മനുഷ്യൻ തകർന്നു പോകാവുന്ന അവസ്ഥയിലേക്ക് ജോബ് താണിറങ്ങിയപ്പോഴും ജോബ് പറഞ്ഞത് " എന്റെ അഴുകിയ ചർമ്മത്തിൽ നിന്ന് ഞാൻ എന്റെ ദൈവത്തെ സ്തുതിക്കും"എന്നാണ്. കാരണം അയാൾക്കറിയാമായിരുന്നു തന്റെ ദൈവം തന്നിൽ ജീവിക്കുന്നു  ആ ദൈവത്തിന് മാത്രമേ തന്നെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന്. തന്റെ  ദൈവം തന്നിൽ മരിച്ചിട്ടില്ല. അവിടുന്ന് തന്റെ ജീവിതത്തിൽ ഇടപ്പെട്ട് പ്രവർത്തിക്കുമെന്ന് ജോബ് തന്റെ ആത്മാവിന്റെ ആഴത്തിൽ രേഖപ്പെടുത്തി.

നമുക്ക് വേണ്ടത് ഈ ഒരു മുറുകെ പിടിക്കലാണ്. ദൈവത്തിന്റെ കരങ്ങൾ മുറുകെ പിടിച്ചുള്ള ഒരു യാത്ര. ഒരിക്കലും അവൻ ഉപേക്ഷിക്കില്ലെന്ന  വിശ്വാസത്തോടെ ഉറച്ചചുവടുകൾവച്ചു കൊണ്ടുള്ള ഒരു യാത്ര. അജ്ഞാതമായ വഴികളിലൂടെ അന്ധകാര നിബിഢമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴും മേഘ തൂണായും, അഗ്നി സ്തംഭമായും ദൈവം കൂടെയുണ്ടാകും എന്നുള്ള വിശ്വാസവും ഉറപ്പും അത്യാവശ്യമാണ്. നമ്മുടെ ജീവിതം ആടിയുലയുമ്പോൾ അതിനെ അവസാനിപ്പിക്കാതെ വീണ്ടും വീണ്ടും ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണത്.

രണ്ടു ചെറുപ്പക്കാരുടെ മരണം

"ആദ്യത്തേത് ഒരു കഥയാകാം. അലക്സാണ്ടർ എന്ന ചെറുപ്പക്കാരൻ മരിക്കുന്നതിന് മുമ്പ് അയാൾ ഇങ്ങനെ പറഞ്ഞു. ശവകുടീരത്തിലേക്ക് എന്നെ കൊണ്ടു പോകുമ്പോൾ എന്റെ കരങ്ങൾ മഞ്ചത്തിന് വെളിയിലായിരിക്കണം. ശൂന്യമായ ആ കരങ്ങൾ ലോകത്തിനോടു പറയും, എല്ലാം നേടിയ അലക്സാണ്ടർ ഒടുവിൽ വെറും കൈയോടെ മടങ്ങി പോവുകയാണ്."

രണ്ടാമത്തേത് തീർച്ചയായും കഥയെല്ല നടന്നതാണ്.
മറ്റൊരു ചെറുപ്പക്കാരൻ മരിച്ചു അയാളുടെ പേര് യേശുവെന്ന് അയാളുടെ പ്രായം 33. അയാൾ ജീവിതത്തിൽ ഒന്നും ശേഖരിച്ചിട്ടില്ല. അയാൾ നേടിയിട്ടുമില്ല. അയാളുടെ കരങ്ങളും ശൂന്യമായിരുന്നു. എന്നാൽ അയാളാകട്ടെ ശൂന്യമായ കരങ്ങൾ മലർത്തി വിരിച്ചു പിടിച്ച് ശാന്തനായി ഇങ്ങനെ പറഞ്ഞു "എല്ലാം പൂർത്തിയായി" എന്നിട്ടാണ് മിഴി അടച്ചത്. എല്ലാം  നേടിയ ഒരാൾ ഒന്നും നേടിയില്ല എന്ന് വിലപിക്കുമ്പോൾ ഒന്നും നേടാത്ത ഒരാൾ എല്ലാം പൂർത്തിയായി എന്ന് പറയുന്നതിന്റെ പൊരുളെന്ത്?” (ഫാ. ബോബി ജോസ് കട്ടിക്കാട്).

മരണം വരെയുള്ള ഒരു ജീവിതം ജീവിച്ചു തീർക്കാനല്ല ഒരു മനുഷ്യന്റെ വിളി.  അപ്രകാരം ജീവിച്ചാൽ കൈകൾ വെളിയിലിട്ട് ഒന്നും നേടാത്തവരായി നാം മണ്ണടിയും - എന്നാൽ ജീവിതത്തിൽ മരണത്തിനപ്പുറവും കൂട്ടിക്കൊണ്ടുപോകാവുന്ന ലക്ഷ്യങ്ങളെ മുൻനിറുത്തി ജീവിക്കുമ്പോൾ കുരിശിൽ കിടന്നു പോലും എല്ലാം പൂർത്തിയായി എന്ന സംതൃപ്തിയോടെ ഉയിർപ്പിലേക്കുള്ള കടന്നു പോക്കാവും ആ മരണം പോലും. അത് സ്വന്തം ഉയിർപ്പുമാത്രമല്ല അനേകരുടെ ഉയിർപ്പിനും കാരണമാകും. ഇതാണ് നമ്മുടെ രക്ഷകന്റെ ജീവിതം നൽകുന്ന പാഠം.

യേശുവിൽ എല്ലാം സാധ്യമാണ്

ഇന്ന് കാണുന്ന ലോകത്തിൽ ഒരു പക്ഷേ പ്രത്യാശയ്ക്ക് വകയില്ലാത്ത നിരവധി സാഹചര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. അവ വെറും കഥകളല്ല യാഥാർത്ഥ്യങ്ങളാണ്. നമ്മെ സാമൂഹ്യ ജീവിതത്തിൽ നിന്നും ഇന്നും പിൻവലിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി, അതുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള  പ്രിയപ്പെട്ടവരുടെ ജീവിത നഷ്ടങ്ങൾ, തൊഴിൽ നഷ്ടം, ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ തകിടം മറിഞ്ഞതും എല്ലാം ഭാവിതലമുറയുടെ നിറം കെടുത്തുന്ന യാഥാർത്ഥ്യങ്ങളാണ്. ഈ സാഹചര്യത്തിൽ പാപ്പായുടെ പ്രബോധനം നമ്മെ മറ്റൊരു കണ്ണിലൂടെ ഇവയെയെല്ലാം നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നു. യേശുവോടൊത്ത് എല്ലാം സാധ്യമാണ്. അവൻ മരിച്ചിട്ടില്ല, ജീവിക്കുന്നു. ഇന്നും നമ്മുടെയിടയിൽ സജീവമായ സാന്നിധ്യമാകുന്നു. അതിനാൽ പാപ്പാ പറയുന്നു, പിറുപിറുക്കലും കുറ്റം പറച്ചിലും നിറുത്തി നമുക്ക് ഭാവിയിലേക്ക് നോക്കാം. കാരണം അവനോടൊപ്പം എല്ലാം സാധ്യമാണ്. അതിനാൻ അവനെ മുറുകെപ്പിടിച്ച് നമ്മുടെ മേൽ ചാടി വീഴാൻ കാത്തിരിക്കുന്ന മരണത്തിന്റെയും അക്രമങ്ങളുടെയും ഭയങ്ങളിൽ നിന്ന് നമുക്ക് സംരക്ഷണം തേടാം.

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2022, 13:36