പാപ്പാ: സ്ത്രീവിരുദ്ധാക്രമണങ്ങൾ ദൈവദ്രോഹം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമങ്ങൾക്കെതിരെ മാർപ്പാപ്പാ ഒരിക്കൽക്കൂടി ശബ്ദമുയർത്തുന്നു.
അനുവർഷം ജനുവരി ഒന്നിന് തിരുസഭ ദൈവമാതാവിൻറെ തിരുന്നാളും വിശ്വശാന്തിദിനവും ആചരിക്കുന്നതിനോടനുബന്ധിച്ച് ഇക്കൊല്ലം പുതുവത്സരദിനത്തിൽ, ശനിയാഴ്‌ച (01/01/2022) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച സാഘോഷമായ ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കവെയാണ് പാപ്പാ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ സ്ത്രീവിരുദ്ധ പീഢനങ്ങളെക്കുറിച്ച് അനുസ്മരിച്ചത്.
ഒരു സ്ത്രീയെ മുറിവേല്പിക്കുമ്പോൾ അത് ഒരു മഹിളയിൽ നിന്ന് മനുഷ്യപ്രകൃതി സ്വീകരിച്ച ദൈവത്തിനു നേർക്കുള്ള മഹാദ്രോഹമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.
സ്ത്രീയുടെ മാതൃസ്വഭാവത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, അമ്മയായ അവൾ ജീവൻ നല്കുകയും ലോകത്തെ കാക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവിക്കുകയും അമ്മമാരെ പരിപോഷിപ്പിക്കാനും അവർക്കു സംരക്ഷണം ഉറപ്പാക്കാനും പരിശ്രമിക്കുകയെന്ന നമ്മുടെ കടമയെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.
അമ്മമാർ ലോകത്തെ നോക്കുന്നത് അതിനെ ചൂഷണവിധേയമാക്കാനല്ല പ്രത്യുത അതിന് ജീവനുണ്ടാകേണ്ടതിനാണെന്ന് പാപ്പാ പറഞ്ഞു.
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സകലവും ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു എന്ന് ലൂക്കാ സുവിശേഷകൻ പറയുന്നത് അനുസ്മരിക്കുന്ന പാപ്പാ ഈ മനോഭാവത്തെക്കുറിച്ച് നാം മറിയത്തിൽ നിന്ന് പഠിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി.
ദൈവപുത്രൻ ദാരിദ്ര്യത്തിൽ, ഒരു പുൽക്കൂട്ടിൽ പിറന്നതിൻറെ, അതായത്, “പുൽക്കൂടിൻറെ ഉതപ്പ്” മറിയം സഹിക്കേണ്ടിവന്നുവെന്നും എന്നാൽ ഈ പുൽക്കൂട് ബത്ലഹേമിലെ ആട്ടിടയരെപ്പോലെ നമുക്കും ആനന്ദത്തിൻറെ അടയാളമാണെന്നും പാപ്പാ പറഞ്ഞു.
പുൽക്കൂട്ടിൽ പിറന്നുവീണ യേശു നമുക്ക് ഭക്ഷണമായിത്തീരും എന്നതിൻറെ മുൻകൂട്ടിയുള്ള സൂചനയാണ് പുൽക്കൂടെന്നും പാപ്പാ വിശദീകരിച്ചു.
പ്രതീക്ഷകളും യാഥാർത്ഥ്യവും തമ്മിലുള്ള വേദനാജനകമായ സംഘർഷം വിശ്വാസജീവിതത്തിലും ഉണ്ടാകുമെന്നും കഠിന പരീക്ഷണത്തിൻറെ പാതയിലൂടെ സഞ്ചരിക്കേണ്ടിവരുമ്പോൾ ഇത് അനുഭവവേദ്യമാകുമെന്നും പാപ്പാ വ്യക്തമാക്കി. ഈ വേദനാജനകമായ സംഘർഷത്തിൽ നിന്ന് പ്രയോജനം നേടാനാണ്, ലക്ഷ്യപ്രാപ്തിക്ക് ഇടുങ്ങിയ വഴി ആവശ്യമാണെന്നും കുരിശില്ലാതെ ഉയിർത്തെഴുന്നേല്പ് സാദ്ധ്യമല്ലെന്നുമാണ് പരിശുദ്ധ കന്യകാമറിയം നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: