തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

അറിവാർജ്ജിക്കലും മനുഷ്യവ്യക്തയോടുള്ള ആദരവിൻറെ പരിപോഷണവും കൈകോർത്തു നീങ്ങണം!

പോളണ്ടിലെ ക്രോക്കോവിലുള്ള ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ സർവ്വകലാശാലയുടെ അറുനൂറ്റിയിരുപത്തിയഞ്ചാം സ്ഥാപന വാർഷികത്തിന് ഫ്രാൻസീസ് പാപ്പായുടെ ആശംസകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പോളണ്ടിലെ ക്രക്കോവിൽ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ നാമത്തിലുള്ള പൊന്തിഫിക്കൽ സർവ്വകലാശാല പുത്തൻ ക്രൈസ്തവ തലമുറകളുടെ രൂപീകരണ വേദിയാകണമെന്ന് മാർപ്പാപ്പാ.

1397 ജനുവരി 11-ന് ക്രക്കോവിലെ ദൈവശാസ്ത്ര അക്കാദമിയായി സ്ഥാപിതമായതും ഇന്ന് ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ സർവ്വകലാശാലയെന്ന് അറിയപ്പെടുന്നതുമായ കലാലയത്തിൻറെ അറുനൂറ്റിയിരുപത്തിയഞ്ചാം (625) സ്ഥാപന വാർഷികത്തോടനുബന്ധിച്ച് നല്കിയ ആശംസാ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

ഈ രൂപീകരണപ്രക്രിയ ശാസ്ത്രീയ പഠനത്തിലൂടെയും സത്യാന്വേഷണത്തിലൂടെയും മാത്രമല്ല, വിശ്വാസജീവിതത്തിൻറെ സാമൂഹ്യ സാക്ഷ്യത്തിലൂടെയുമാണ് സാദ്ധ്യമാകേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

അറിവാർജ്ജിക്കൽ, മനുഷ്യവ്യക്തയോടുള്ള ആദരവ് പരിപോഷിപ്പിക്കുന്നതുമായി കൈകോർത്തു നീങ്ങേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിന് യുവതയെ, ദൈവം ഉറവിടമായുള്ള സത്യത്തിൻറെയും സൗഷ്ഠതയുടെയും നന്മയുടെയും അടിസ്ഥാനത്തിൽ സഹായിക്കാൻ കത്തോലിക്കാ സർവ്വകലാശാലകൾക്ക് കടമയുണ്ടെന്ന് പാപ്പാ പറയുന്നു.

സർവ്വകലാശാലയുടെ “ചിന്താ ശുശ്രൂഷയും” സത്യാന്വേഷണവും പോളണ്ടിലെയും ലോകം മുഴുവനിലെയും സഭയ്ക്ക് ആവശ്യമാണെന്ന് പാപ്പാ പ്രസ്താവിക്കുന്നു.

“പോയി ശിഷ്യപ്പെടുത്തുക”  എന്ന മുദ്രാവാക്യം രണ്ടാം ജോൺ പോൾ സർവ്വകലാശാല സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, ഈ ദൗത്യ നിർവ്വഹണ പ്രക്രിയയ്ക്ക്  വെളിപാടിൻറെ ഉള്ളടക്കത്തെക്കുറിച്ച് ചിരസമ്മതവും സമകാലികവുമായ ഗവേഷണരീതികളുപയോഗിച്ചുള്ള ശാസ്ത്രീയമായ മനനം ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2022, 14:21