തിരയുക

ഫ്രാൻസിസ് പാപ്പാ ഇറ്റലിയിലെ കെട്ടിടനിർമ്മാണപ്രവർത്തകരുടെ സംഘടനയുടെ പ്രതിനിധികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഇറ്റലിയിലെ കെട്ടിടനിർമ്മാണപ്രവർത്തകരുടെ സംഘടനയുടെ പ്രതിനിധികൾക്കൊപ്പം  (Vatican Media)

തൊഴിലാളികളുടെ അവകാശങ്ങളും ഫ്രാൻസിസ് പാപ്പായും

ഇറ്റലിയിലെ കെട്ടിടനിർമ്മാണപ്രവർത്തകരുടെ സംഘടനയുടെ പ്രതിനിധികൾക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തരൂപം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്ഥാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇറ്റാലിയൻ ദേശീയ കെട്ടിടനിർമ്മാണ സംഘടനയിലെ പ്രവർത്തകരെ ജനുവരി ഇരുപതിന് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.  വിശുദ്ധ ഗ്രന്ഥത്തിലെ യേശുവിന്റെ ഉദ്ബോധനങ്ങളുമായി ബന്ധപ്പെടുത്തി, അവരോട് സംസാരിച്ച പാപ്പാ, ആരോഗ്യകരമായ മാത്സര്യവും, സുതാര്യതയും, ഉത്തരവാദിത്വപരമായ പെരുമാറ്റവും, സുസ്ഥിരതയും, ധാർമ്മികതയും, നിയമപരമായ വ്യക്തതയും, വ്യക്തികളുടെയും പരിസ്ഥിതിയുടെയും സുരക്ഷയും ജോലിയുമായി ബന്ധപ്പെട്ടയിടങ്ങളിൽ ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്തി.

ക്രിസ്തുവിന്റെ സുവിശേഷവും നിർമ്മാണപ്രവർത്തിയും

ക്രിസ്തുവിൽ അടിയുറച്ച വിശ്വാസത്തെ സംബന്ധിച്ച് സംസാരിച്ച പാപ്പാ, യേശുവും തന്റെ സംഭാഷണത്തിൽ കെട്ടിടനിർമ്മാണത്തിന്റെ രൂപകം ഉപയോഗിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്ന് വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അധ്യായം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. നല്ല നിർമ്മാതാക്കൾ ഉറപ്പുള്ള അടിത്തറയിലാണ് വീട് നിർമ്മിക്കുന്നതെന്നും, അത് ഇന്നത്തേക്ക് മാത്രമല്ല, ബുദ്ധിമുട്ടേറിയ കാലാവസ്ഥാവ്യവസ്ഥകളിലും നിലനിൽക്കുവാൻ പര്യാപ്തമായ രീതിയിലാണ് പടുത്തുയർത്തുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. യേശു, തന്റെ വചനങ്ങൾ കേട്ട് അതനുസരിച്ച് ജീവിക്കുന്നവരെക്കുറിച്ചാണ് ഉറപ്പുള്ള പാറമേൽ പണിയപ്പെട്ട വീടിന്റെ ഉപമ പങ്കുവയ്ക്കുന്നത്.

ബാഹ്യമായി മാത്രം ക്രൈസ്തവരായി ജീവിക്കാതെ, എല്ലായ്‌പ്പോഴും വിശ്വാസമനുസരിച്ച് ജീവിക്കുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനിയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അങ്ങനെയുള്ളവർക്കാണ് സാധാരണ സമയങ്ങളിൽ മാത്രമല്ല, പ്രയാസകരമായ നിമിഷങ്ങളിൽപ്പോലും വളർന്നുവരുവാനും നിലനിൽക്കുവാനും സാധിക്കുന്നത്.

മത്സരവും സുതാര്യതയും.

മറ്റുള്ളവരെ ഇല്ലാതാക്കുന്ന മാത്സര്യബോധമല്ല, മറിച്ച് മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യകരമായ മാത്സര്യബോധമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് പാപ്പാ എടുത്തുപറഞ്ഞു. മറ്റൊരാളെ എതിർത്തു തോൽപ്പിക്കുന്നതോ, അയാളെ ഇല്ലായ്മ ചെയ്യുന്നതോ അല്ല യഥാർത്ഥ മാത്സര്യബോധം. അത് വിപണിയെത്തന്നെ തകരാറിലാക്കുകയേ ചെയ്യുകയുള്ളൂ.

തീരുമാനങ്ങളിലും, സാമ്പത്തിക തിരഞ്ഞെടുപ്പുകളിലും സുതാര്യത അടിസ്ഥാനതത്വമായി മുന്നിലുണ്ടാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തൊഴിൽ നഷ്ടങ്ങൾ ഒഴിവാക്കാനും, കുറഞ്ഞ ശമ്പളം, നിയമാനുസൃതമല്ലാത്ത ജോലികൾ എന്നിവ ഒഴിവാക്കാനും സുതാര്യതയും ആരോഗ്യകരമായ മാത്സര്യവും ഉപകരിക്കും.

ഉത്തരവാദിത്തവും സുസ്ഥിരതയും.

പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും, മറ്റുള്ളവർക്ക് ജീവിക്കാൻ അസാധ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. തന്റെ തന്നെ ലൗദാത്തോ സി എന്ന ചാക്രികലേഖനവുമായി ബന്ധപ്പെടുത്തി, പദ്ധതികളുടെ മേന്മയല്ല, ജീവിതത്തിന്റെ മേന്മയാണ് ശ്രദ്ധിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രകൃതിയുമായുള്ള ഐക്യവും ആളുകളുടെ ജീവിതത്തിന്റെ മെച്ചപ്പെടലുമാണ് പ്രധാനം.

സുസ്ഥിരത എന്നത്, മുൻപെങ്ങുമില്ലാത്ത രീതിയിൽ ചർച്ചചെയ്യപ്പെടുന്ന ഒരു കാലമാണ് ഇതെന്ന് പാപ്പാ പറഞ്ഞു. ഓരോ ആവാസവ്യവസ്ഥയുടെയും പുനരുജ്ജീവന ശേഷിയെക്കുറിച്ച് ഇന്ന് ആളുകൾ കൂടുതൽ ബോദ്ധ്യവാന്മാരാണ്. പ്രകൃതിയെയും ആവാസവ്യവസ്ഥയെയും ചൂഷണം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.

ധാർമ്മികത, നിയമസാധുത, സുരക്ഷ

ജോലിസ്ഥലത്ത് മരിച്ച ആളുകളുടെ എണ്ണം മുൻവർഷങ്ങളേക്കാൾ കൂടുതലായിരുന്നു കഴിഞ്ഞ വർഷം എന്ന് ഓർമ്മിപ്പിച്ച പാപ്പാ, തൊഴിലാളികൾ വെറും സംഖ്യയല്ല, മനുഷ്യരാണ് എന്ന് പറഞ്ഞു. ജോലിസ്ഥലത്തെ സുരക്ഷയെ ഒരു അനാവശ്യ ചെലവായി കാണുകയാണെങ്കിൽ, നിങ്ങൾ തെറ്റായ അനുമാനത്തിൽ നിന്നാണ് പ്രവർത്തനം ആരംഭിക്കുന്നത്. ബാബേൽ ഗോപുരനിർമ്മാണവുമായി ബന്ധപ്പെടുത്തി, അന്ന് ഒരു ചുടുകട്ടയ്ക്കായിരുന്നു മനുഷ്യനേക്കാൾ പ്രാധാന്യം കൊടുത്തിരുന്നതെന്ന് പാപ്പാ കുറ്റപ്പെടുത്തി. ഒരു ഇഷ്ടിക നശിപ്പിക്കുന്ന തൊഴിലാളി ശിക്ഷിക്കപ്പെടുകയും എന്നാൽ ഒരു തൊഴിലാളിയുടെ വീഴ്ച ഒന്നുമല്ലാതാകുകയും ചെയ്യുന്ന ഒരു അവസ്ഥയായിരുന്നു അന്ന് നിലനിന്നിരുന്നത്.

യഥാർത്ഥ സമ്പത്ത് ആളുകളാണ്: അവരില്ലാതെ തൊഴിൽ സമൂഹമില്ല, ബിസിനസ്സില്ല, സമ്പദ്‌വ്യവസ്ഥയില്ല എന്ന് നാം ഓർക്കണമെന്ന് പാപ്പാ എടുത്തുപറഞ്ഞു. ജോലിസ്ഥലത്തെ സുരക്ഷിതത്വം അർത്ഥമാക്കുന്നത് മനുഷ്യവിഭവങ്ങളുടെ കാര്യത്തിലുള്ള ഉത്തരവാദിത്വമാണ്. അത് ദൈവത്തിന്റെ മാത്രമല്ല, ഒരു യഥാർത്ഥ സംരംഭകന്റെ കണ്ണിലും അമൂല്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ, നിയമസാധുത എന്നത് ഏറ്റവും പ്രധാനപ്പെട്ട സ്വത്തായ ജനങ്ങളുടെ  സമ്പത്തായി കാണാൻ സാധിക്കണം.

സുരക്ഷിതമായ ഒരു വ്യവസ്ഥയിൽ വേല ചെയ്‌ത്‌ അനുദിനഭക്ഷണത്തിനുള്ള വക നേടുന്നത്, ഓരോരുത്തർക്കും മെച്ചമായ രീതിയിൽ തങ്ങളെത്തന്നെ പ്രകടിപ്പിക്കുവാൻ സഹായിക്കും. ജോലിയുടെ മാന്യത വർദ്ധിക്കുന്നതനുസരിച്ച് നിർമ്മാണങ്ങളുടെയും സൃഷ്ടികളുടെ ഗുണനിലവാരവും സൗന്ദര്യവും വർദ്ധിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

എല്ലാ തൊഴിലാളികളെയും, തൊഴിലാളിമാധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ്യത്തിന് സമർപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രസംഗം അവനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2022, 18:39