പാപ്പാ: മാനവ രൂപീകരണവും വിദ്യാഭ്യാസവും ഇന്നത്തെ വെല്ലുവിളികൾ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സന്ദേശത്തിന്റെ ആരംഭത്തിൽ തന്നെ ആ സന്യാസിനി സമൂഹത്തിന്റെ വിദ്യാഭ്യാസ സിദ്ധിക്കും, പുതുതലമുറയ്ക്കും കുടുംബങ്ങൾക്കും, സമഗ്രമാനവീകതയ്ക്കും കൂടുതൽ സാഹോദര്യമുള്ള ലോകത്തിനും വേണ്ടി നൽകുന്ന സേവനങ്ങൾക്കും പാപ്പാ നന്ദി അർപ്പിച്ചു.
മനുഷ്യന്റെ രൂപീകരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വെല്ലുവിളിയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നതെന്ന് തന്റെ സന്ദേശത്തിൽ സൂചിപ്പിച്ച പാപ്പാ അവരുടെ സ്ഥാപകരായ വിശുദ്ധ പിയറേ ഫോറിയറുടെയും, വാഴ്ത്തപ്പെട്ട അലിക്സ് ലെ ക്ലെർക്കിന്റെയും സുവിശേഷപരമായ ഉൾക്കാഴ്ചകളോടു വിശ്വസ്ഥതയോടെ നിന്ന് കൊണ്ട് ജനകീയ വിദ്യാഭ്യാസത്തിനും വിശ്വാസത്തിലേക്കുള്ള വിദ്യാഭ്യാസത്തിനും നീതിയിലേക്കുള്ള വിദ്യാഭ്യാസത്തിനും ദരിദ്രരോടുള്ള സാമീപ്യത്തിലും അവർ സ്വയം പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ് പാപ്പാ അവരെ അനുമോദിച്ചു. അവർ പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽ, പ്രേഷിത ശിഷ്യന്മാരും പ്രത്യാശയുടെയും സന്തോഷത്തിന്റെയും കൂട്ടായ്മകളുമായിരിക്കാൻ പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.
ഉപഭോഗത്തിന്റെ വിവിധതരമായുള്ളതും അടിച്ചമർത്തുന്നതുമായ വാഗ്ദാനങ്ങളും സുഖലോലുപതയിൽ മുഴുകിയ ഹൃദയവും ഉപരിപ്ലവമായ സുഖഭോഗങ്ങൾക്കു വേണ്ടിയുള്ള ത്വരയും മനസ്സാക്ഷിയെ ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം വ്യക്തിഗത ദുഃഖമാണ് ഇന്നത്തെ ലോകത്തിന്റെ വലിയ അപകടമെന്ന് പാപ്പാ ചൂണ്ടികാണിച്ചു. പൊതുസമ്മേളനത്തിന്റെ പ്രമേയമായി സ്വീകരിച്ച "നോട്ടർ-ഡാം സഭയുടെ വിദ്യാഭ്യാസ ഉടമ്പടി" എന്ന വിഷയത്തെ അനുസ്മരിച്ച പാപ്പാ യുവജനങ്ങളുടെ സമഗ്ര വികസനത്തിന് സംഭാവന നൽകുന്നതിന് അവരുടെ അനുദിന യഥാർത്ഥ്യത്തിലേക്ക് എത്തിചേരാനുള്ള പുതിയതും സാധ്യമായതുമായ വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള ശക്തമായ ക്ഷണമാണ് ഈ പ്രമേയം നൽകുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
സമകാലിക ലോകത്തിന്റെ വെല്ലുവിളികളോടും അത്യാഹിതങ്ങളോടും പ്രതികരിക്കാനും, ഓരോ തലമുറയുടെയും ആവശ്യങ്ങൾ മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും കഴിവുള്ള പുതിയ മാതൃകകൾ നിർമ്മിക്കാനുള്ള പരിശ്രമം കൂടിയാണ് ഈ പ്രമേയം. ഇന്നത്തെയും നാളത്തേയും മാനവികതയെ അഭിവൃദ്ധിപ്പെടുത്താനും നമ്മുടെ ജീവിതയാത്രയ്ക്ക് ഐക്യദാർഢ്യത്തിൽ അധിഷ്ഠിതമായ ഒരു പ്രത്യാശയും ഓരോ മാറ്റത്തിനും ഒരു വിദ്യാഭ്യാസ പാതയും ആവശ്യമാണ്. പാപ്പാ വിശദീകരിച്ചു.
യുവജനങ്ങളെ ഭീഷണിപ്പെടുത്തുന്ന വെല്ലുവിളികളും അപകടങ്ങളും അഭിമുഖീകരിക്കുമ്പോൾ, സുവിശേഷത്തിന്റെ ശക്തിയിൽ ഊന്നിപ്പറയുന്ന നിങ്ങളുടെ പ്രതിബദ്ധതയും ഉത്സാഹവും ജീവിതത്തോടുള്ള അഭിനിവേശവും പേരിന് യോഗ്യമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ആഗ്രഹവും യുവജനങ്ങൾക്ക് പുനഃസ്ഥാപിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി പാപ്പാ വെളിപ്പെടുത്തി.
നന്മയുടെയും സത്യത്തിന്റെയും ഉറവിടത്തിൽ പ്രാർത്ഥനയോടും ആരാധനയോടും കൂടി മരിക്കുകയും ഉയിർക്കുകയും ചെയ്ത ക്രിസ്തുവുമായുള്ള ഐക്യത്തിൽ, പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, ക്രിയാത്മകതയുടെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഒരു കാഴ്ചപ്പാട് ലോകത്തിൽ സ്ഥാപിക്കാനുള്ള ശക്തി പ്രത്യേകിച്ച് സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾക്കായി സ്ഥാപിക്കാൻ ഇടയാകട്ടെ എന്ന് പാപ്പാ ആശംസിച്ചു. അദ്ധ്യാപകരെന്ന നിലയിൽ അവരുടെ ദൗത്യം സമൂഹത്തിന്റെ നന്മയ്ക്കായി ജനങ്ങൾക്കിടയിൽ ഗുണനിലവാരമുള്ള ഫലം പുറപ്പെടുവിക്കുന്നത് ഇങ്ങനെയാണ്. പാപ്പാ പറഞ്ഞു.
ക്രിസ്തുവിന്റെ സ്നേഹം ഓരോ വ്യക്തിയും കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയുള്ള അവരുടെ സിദ്ധിക്ക് നന്ദി പറഞ്ഞ പാപ്പാ പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനും സാഹോദര്യത്തിനുള്ള ഇടങ്ങൾ സൃഷ്ടിക്കുന്നതിനും അവർ നൽകുന്ന സംഭാവനയെ അനുസ്മരിക്കുകയും ചെയ്തു. "വിദ്യാഭ്യാസം എല്ലായ്പ്പോഴും സഹ-പങ്കാളിത്തത്തെ ക്ഷണിക്കുകയും നിസ്സംഗതയുടെ വന്ധ്യവും തളർത്തുന്നതുമായ യുക്തിയെ നമ്മുടെ പൊതുവായ കാര്യങ്ങളെ സ്വാഗതം ചെയ്യാൻ കഴിവുള്ള മറ്റൊരു വ്യത്യസ്ഥ യുക്തിയിലേക്ക് മാറ്റുകയും ചെയ്യുന്ന പ്രത്യാശയുടെ പ്രവർത്തനമാണ്". കോവിഡ്-19 മഹാമാരി നിരവധി വശങ്ങളുള്ള ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ നിമിഷത്തിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും യുവജനങ്ങളിലും ശക്തമായ ആഘാതം സൃഷ്ടിച്ചിരിക്കുന്നു. അതിനാൽ ഒറ്റപ്പെടലിലും സങ്കടത്തിലും നിരുത്സാഹത്തിലും കഴിയുന്ന ആളുകളുമായി കൂടുതൽ സമീപസ്ഥരായിരിക്കണമെന്ന ആഹ്വാനത്തോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: