തിരയുക

വിശ്വാസപരിസംഘത്തിന്റെ പ്ലീനറി സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ വിശ്വാസപരിസംഘത്തിന്റെ പ്ലീനറി സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ 

വിശ്വാസവും വിവേചനശക്തിയും മനുഷ്യാന്തസ്സും കാക്കുക: വിശ്വാസപരിസംഘത്തോട് ഫ്രാൻസിസ് പാപ്പാ

വിശ്വാസപരിസംഘത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുത്തവരോട് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാൻ വിശ്വാസപരിസംഘത്തിന്റെ പ്ലീനറി സമ്മേളനത്തിന്റെ അവസാനത്തിൽ, സമ്മേളനത്തിൽ പങ്കെടുത്തവരോട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. വിശ്വാസത്തിലും ധാർമ്മികതയിലും കത്തോലിക്കാ സിദ്ധാന്തത്തിന്റെ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സാർവത്രിക സഭയ്ക്കുവേണ്ടി അവർ ചെയ്യുന്ന സേവനത്തിന് പാപ്പാ നന്ദി പറഞ്ഞു. മനുഷ്യാന്തസ്, പ്രവൃത്തികളിലെ വിവേചനബുദ്ധി, വിശ്വാസം എന്നീ മൂന്ന് കാര്യങ്ങളെ സംബന്ധിച്ചാണ് പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്.

മനുഷ്യാന്തസ്

തന്റെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തി ഉദ്ധരിച്ചുകൊണ്ട്, ജീവിക്കാൻ നമുക്ക് ലഭിച്ചിരിക്കുന്ന ഈ കാലത്ത്, എല്ലാ മനുഷ്യരുടെയും അന്തസ്സ് തിരിച്ചറിഞ്ഞ്, ലോകമെമ്പാടുമുള്ള സാഹോദര്യത്തിനായുള്ള അഭിലാഷത്തെ പുനരുജ്ജീവിപ്പിക്കാൻ നമുക്ക് കഴിയണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് പാപ്പാ പറഞ്ഞു. സൃഷ്ടാവായ ദൈവം മാനവരാശിയുടെ ജീവിതപ്രയാണലക്ഷ്യമായി നൽകിയിരിക്കുന്നത് സഹോദര്യമാണെങ്കിൽ, അതിലേക്കുള്ള പാത, ഓരോ മനുഷ്യരുടെയും അന്തസ് തിരിച്ചറിയുക എന്നതാണ്.

വിവിധ പിരിമുറുക്കങ്ങളിൽ ജീവിക്കുന്ന ഇന്നത്തെ കാലത്ത്, അപരനെ അപരിചിതനായോ ശത്രുവായോ കാണാനുള്ള പ്രലോഭനം വളരുകയാണ് എന്നൊർമ്മിപ്പിച്ച പാപ്പാ അതുകൊണ്ടുതന്നെ, നാം ഓരോ അവസരങ്ങളും നല്ല സാധ്യതകളായി കാണുവാനും, രണ്ടായിരം വർഷത്തോളം പഴക്കമുള്ള സഭാപ്രബോധനം പിന്തുടർന്ന്, ഗർഭധാരണനിമിഷം മുതൽ സ്വാഭാവികമായ മരണം വരെ ഓരോ മനുഷ്യരുടെയും ജീവിതത്തിന്റെ അന്തസ് അമൂല്യമായതാണെന്ന് കരുതുവാനും പരിശ്രമിക്കണമെന്ന് പറഞ്ഞു. ഭൂമിയിലുള്ള എല്ലാ മനുഷ്യരും തമ്മിലുള്ള സാഹോദര്യവും സൗഹൃദവും യാഥാർഥ്യമാകുന്നതിന് ഈ അന്തസ് തിരിച്ചറിയുന്നത് അനിവാര്യമായി മാറുന്നുണ്ട്.

സഭ തന്റെ ദൗത്യത്തിന്റെ ആദ്യം മുതൽ മനുഷ്യമഹത്വത്തിന്റെ അമൂല്യതയെ എന്നും പ്രോത്സാഹിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും, മനുഷ്യൻ ദൈവത്തിന്റെ ഉത്‌കൃഷ്ടസൃഷ്ടിയാണെന്നും പറഞ്ഞ പാപ്പാ, യേശു മരണത്തോളം കുരിശിലേറിയത് ഈ മനുഷ്യരുടെ രക്ഷയ്ക്ക് വേണ്ടിയാണെന്ന് ഓർമ്മിപ്പിച്ചു. ഇത്തരുണത്തിൽ, മാനുഷികാന്തസ്സിന്റെ മൂല്യത്തെ സംബന്ധിച്ച് വിശ്വാസതിരുസംഘം തുടങ്ങിവച്ച വിചിന്തനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.

വിവേചനശക്തി

വിശ്വാസികളെ സംബന്ധിച്ച് വിവേചനശക്തി കൂടുതലായി ആവശ്യമുള്ള ഒരു സമയമാണ് ഇതെന്ന് പാപ്പാ പറഞ്ഞു. മുൻപെങ്ങും കണ്ടിട്ടില്ലാത്ത പ്രശ്നങ്ങളെ ഇന്നത്തെ വിശ്വാസികൾ അഭിമുഖീകരിക്കുമ്പോൾ, അവയ്ക്ക് ഉത്തരം കണ്ടെത്താൻ, പ്രത്യേകിച്ച് സുവിശേഷത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കിട്ടാത്ത ഒരു ആത്മീയതയുടെ മുന്നിൽ, വിവേചനബുദ്ധി കൂടുതലായി വിശ്വാസികൾക്ക് ആവശ്യമുണ്ട്.

എല്ലാ തരത്തിലുമുള്ള ദുരുപയോഗങ്ങൾക്കെതിരായ പോരാട്ടത്തിലും വിവേചനത്തിന്റെ ഉപയോഗം പ്രധാനപ്പെട്ടതാണ്. സഭയിലെ അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള ദുരുപയോഗങ്ങൾക്ക് വിധേയരായവരോട് നീതിപുലർത്തുവാൻ, ശ്രദ്ധയോടും കണിശതയോടും കൂടി വിഭാവനം ചെയ്തിട്ടുള്ള കാനോനിക നിയമങ്ങൾ ഉപയോഗിച്ചും ദൈവസഹായത്തോടെയും സഭ പരിശ്രമിക്കുകയാണ്. അതിനായി താൻ ഇത്തരത്തിലുള്ള കുറ്റങ്ങൾക്കെതിരെയുള്ള നിയമങ്ങൾ പുതുക്കിയത് പാപ്പാ പരാമർശിച്ചു.

വിവേചനശക്തിയുമായി ബന്ധപ്പെടുത്തി തന്റെ പ്രഭാഷണം തുടർന്ന പാപ്പാ, കത്തോലിക്കാ വിശ്വാസത്തിന് അനുകൂലമായി, പത്രോസിനടുത്ത അധികാരത്താൽ, കൗദാശികമല്ലാത്ത വിവാഹം വേർപെടുത്തുന്നതിനെ പരാമർശിക്കുകയും, അതുവഴി, ഇതിനകം പരാജയപ്പെട്ട ഒരു വിവാഹത്തിന് കാനോനികമായ അന്ത്യം കുറിക്കുക മാത്രമല്ല, കത്തോലിക്കാ വിശ്വാസത്തെ അനുകൂലിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് പറഞ്ഞു.

സഭയിൽ നടന്നുകൊണ്ടിരിക്കുന്ന സിനഡൽ പ്രക്രിയയിലും വിവേചനബുദ്ധിയുടെ ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാവരും പറയുന്നത് കേൾക്കുകയും അതിന് ഉത്തരം നൽകുകയും ചെയ്യുന്ന ഒരു അന്വേഷണമല്ല സിനഡൽ പ്രക്രിയ എന്നും, മറിച്ച്, അഭിപ്രായങ്ങളെയും, കാഴ്ചപ്പാടുകളെയും, വിചിന്തനങ്ങളെയും വിവേചനബുദ്ധിയോടെ വിലയിരുത്തുകയാണ് യഥാർത്ഥ സിനഡൽ പ്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഈ വിവേചനാധികാരമാണ് സിനഡിനെ ഒരു യഥാർത്ഥ സിനഡാക്കി മാറ്റുന്നത്. വിവേചനപ്രക്രിയയുടെ പ്രധാനപ്പെട്ട കേന്ദ്രം പരിശുദ്ധാത്മാവാണ്; അല്ലാതെ മാധ്യമങ്ങൾക്ക് നടത്തുവാൻ സാധിക്കുന്ന ഒരു അഭിപ്രായവോട്ടെടുപ്പോ, പാർലമെന്ററി വ്യവസ്ഥയോ അല്ല എന്ന് പാപ്പാ വ്യക്തമാക്കി.

വിശ്വാസം

വിശ്വാസപരിസംഘം വിളിക്കപ്പെട്ടിരിക്കുന്നത്, വിശ്വാസത്തെ പ്രതിരോധിക്കാൻ മാത്രമല്ല, മറിച്ച് പ്രോത്സാഹിപ്പിക്കാനുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശ്വാസമില്ലെങ്കിൽ ലോകത്തിൽ വിശ്വാസികളുടെ സാന്നിധ്യം വെറും ഒരു മാനവികസംഘടനയായി ചുരുങ്ങും. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയുടെയും ജീവിതകേന്ദ്രം വിശ്വാസമായിരിക്കണം. വെള്ളം കലർത്തിയ വീഞ്ഞുപോലെ, അവ്യക്തമോ, പൊതുചിന്തകൾ ഉൾക്കൊള്ളുന്നതോ മാത്രമാകരുത് ഈ വിശ്വാസം; മറിച്ച് യഥാർത്ഥവും ആത്മാർത്ഥവുമായിരിക്കണം. അതുകൊണ്ടാണ് യേശു, നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞത്.

2017-ൽ റോമൻ കൂരിയയോട് നടത്തിയ പ്രഭാഷണത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട്, നമ്മെ പ്രതിസന്ധിയിലാക്കാത്ത വിശ്വാസം പ്രതിസന്ധിയിലാണെന്നും, നമ്മെ വളർത്താത്ത വിശ്വാസം വളരാനുള്ളതാണെന്നും, നമ്മെ ചോദ്യം ചെയ്യാത്ത ഒരു വിശ്വാസത്തെക്കുറിച്ച് നാം സ്വയം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും, നമ്മെ നയിക്കാത്ത ഒരു വിശ്വാസം നയിക്കപ്പെടേണ്ടതാണെന്നും, നമ്മെ അസ്വസ്ഥരാക്കാത്ത ഒരു വിശ്വാസം അസ്വസ്ഥമാക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.

മന്ദോഷ്ണമായ, തഴക്കം മാത്രമായ, പാഠപുസ്തകത്തിൽ മാത്രം കാണുന്ന ഒരു വിശ്വാസം കൊണ്ട് നാം സംതൃപ്തരാകരുതെന്നും, പരിശുദ്ധാത്മാവിനോട് സഹകരിച്ചും പരസ്പരം സഹകരിച്ചും, ക്രിസ്തു ഈ ഭൂമിയിൽ കൊണ്ടുവരുവാൻ ആഗ്രഹിച്ച അഗ്നിയാൽ എല്ലാവരുടെയും ഹൃദയങ്ങളെ ജ്വലിപ്പിക്കുകയും ചെയ്യാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2022, 18:24