തിരയുക

വിനയത്തിന്റെ മാതൃകയായ പൂജരാജാക്കന്മാർ: ഫ്രാൻസിസ് പാപ്പാ

ജനുവരി 6 പ്രത്യക്ഷീകരണത്തിരുന്നാളിൽ ത്രികാലപ്രാർത്ഥനയോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തരൂപം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുദീർഘവും ക്ലേശകരവുമായ ഒരു യാത്രയാണ് പൂജരാജാക്കന്മാർ നടത്തിയത്. എങ്കിലും അവർ തങ്ങൾ കണ്ടെത്തിയ അമ്മയുടെയും കുഞ്ഞിന്റെയും ദർശനത്തിൽ ആരോടും പ്രതിഷേധിക്കാതെ, വണങ്ങി ആരാധിക്കുകയാണ് ചെയ്തത്. വെറും ഒരു കുഞ്ഞിനേയും അമ്മയെയും കാണുവാൻ വേണ്ടി ബുദ്ധിമുട്ടേറിയ യാത്ര ചെയ്തതിലുള്ള നിരാശയല്ല അവരിൽ ഉണ്ടായിരുന്നത്.

വിനയത്തിന്റെ മാതൃക

ദൂരെനിന്ന് വന്ന ഈ രാജാക്കന്മാർ ഒരു ശിശുവിന്റെ മുന്നിൽ കുമ്പിട്ട് ആരാധിക്കുന്നതിൽ ഒരു വൈരുധ്യം തോന്നിയേക്കാം. അധികാരത്തിന്റെ ചിഹ്നമുള്ള ഒരുവനെ, ഇന്നെന്നപോലെ അന്നും ആളുകൾ വണങ്ങിയേക്കാം. എന്നാൽ ബെത്ലെഹെമിലെ ശിശുവിന്റെ മുന്നിൽ ഇത്രയും വലിയ ജ്ഞാനികൾ വണങ്ങുന്നത്തിലൂടെ, എളിമയിൽ പ്രകടമാകുന്ന ദൈവത്തിന്റെ മഹത്വത്തെ അവർ സ്വാഗതം ചെയ്യുകയായിരുന്നു. തങ്ങൾ സങ്കൽപ്പിച്ചതിൽനിന്ന് വ്യത്യസ്തമായി, ചെറിയവനും ദരിദ്രനുമായി തങ്ങളുടെ മുന്നിൽ കണ്ടെത്തിയ ദൈവത്തിന് മുന്നിൽ തങ്ങളെത്തന്നെ ചെറുതാക്കുകയാണ് അവർ ചെയ്യുന്നത്. സ്വന്തം ആശയങ്ങളെ മാറ്റിനിറുത്തി ദൈവത്തിന് ഇടം കൊടുക്കുന്നവരുടെ അടയാളമാണ് ഇത്. ഇങ്ങനെ പെരുമാറാൻ വിനയം ആവശ്യമാണ്.

വണങ്ങി ആരാധിക്കുക

സുവിശേഷം ഊന്നിപ്പറയുന്ന ഒരു കാര്യം അവർ ശിശുവിനെ കുമ്പിട്ട് ആരാധിച്ചു എന്നതാണ്. എളിമയിൽ തന്നെത്തന്നെ അവതരിപ്പിക്കുന്നവനെ വിനയാന്വിതരായി സ്വീകരിക്കുകയാണ് ഇതുവഴി രാജാക്കന്മാർ ചെയ്യുന്നത്. അവർ തുറക്കുന്ന ചെപ്പുകൾ, തുറന്ന അവരുടെ ഹൃദയങ്ങളുടെ പ്രതീകങ്ങളാണ്. ഈ രാജാക്കന്മാരുടെ യഥാർത്ഥ സമ്പത്ത് പ്രശസ്തിയിലും വിജയത്തിലുമല്ല, മറിച്ച് എളിമയിലും, രക്ഷ ആവശ്യമുള്ളവരാണ് തങ്ങളെന്ന ചിന്തയിലുമാണ്. ഇന്ന് അവർ നൽകുന്ന മാതൃകയും ഇതുതന്നെയാണ്.

സ്വയം ചെറുതാകുക

എപ്പോഴും നമ്മുടെ ആശയങ്ങളുമായി തുടരുകയും എല്ലാറ്റിന്റെയും കേന്ദ്രബിന്ദുവായി നമ്മെത്തന്നെ കാണുകയും ദൈവമുമ്പാകെ നാം എന്തെങ്കിലും ആണെന്ന് കരുതുകയും ചെയ്താൽ, നമുക്ക് ഒരിക്കലും അവനെ പൂർണ്ണമായി കാണുവാനോ ആരാധിക്കുവാനോ സാധിക്കുകയില്ല. നമ്മുടെ പൊള്ളത്തരങ്ങളും, അവകാശവാദങ്ങളും എപ്പോഴും മുന്നിലെത്താനുള്ള ആഗ്രഹങ്ങളുമായി മാത്രം മുന്നോട്ട് പോയാൽ ഒരു പക്ഷെ നാം ഈ  ലോകത്തിൽ ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ ഒക്കെ ആരാധിച്ചേക്കാം, പക്ഷെ അത് ഒരിക്കലും യഥാർത്ഥ ദൈവത്തെയായിരിക്കില്ല. ഹൃദയത്തിന്റെ വിനയത്തിലൂടെയാണ് ആരാധന ഉണ്ടാകുന്നത്, അതുകൊണ്ടുതന്നെ, സ്വയം പര്യാപ്തരെന്നെ ചിന്ത വെടിഞ്ഞ്, നമ്മെത്തന്നെ ചെറുതാക്കി യേശുവിനെ ആരാധിക്കുന്നതിന്റെ മനോഹാരിത നമുക്ക് കണ്ടെത്താം. മറ്റുള്ളവരെ മറികടന്നുപോകുന്ന സ്വഭാവമുള്ളവർ അവർക്കരികിലൂടെ കടന്നുപോകുന്ന യേശുവിനെയും കാണില്ല. എന്നാൽ രാജാക്കന്മാർ അങ്ങനെയല്ല നമുക്ക് കാണിച്ചുതരുന്നത്.

സ്വയം വിലയിരുത്തി മുന്നോട്ട് നടക്കുക.

നമ്മുടെ ജീവിതത്തിൽ വിനയം ഉണ്ടോയെന്നും അഹങ്കാരം നമ്മുടെ ആത്മീയപുരോഗതിയെ തടയുന്നുണ്ടോയെന്നും നമുക്ക് നോക്കാം. ദൈവത്തിലേക്കുള്ള എന്റെ ചായ്‌വിനെ തടസപ്പെടുത്തുന്ന, തുറന്നതോ മറഞ്ഞിരിക്കുന്നതോ ആയ അഹങ്കാരം എന്നിലുണ്ടോ എന്ന് പരിശോധിക്കാം. സ്വാർത്ഥതയെന്ന അഹങ്കാരത്താൽ.എന്നിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാണോ ഞാൻ ജീവിക്കുന്നത്? ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടി എന്റെ കാഴ്ചപ്പാടുകളെ മാറ്റാൻ എനിക്ക് സാധിക്കുന്നുണ്ടോ? എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രമാണോ ഞാൻ പ്രാർത്ഥിക്കുന്നത്? അതോ എനിക്ക് എപ്പോഴും യേശുവിനെ ആവശ്യമാണെന്ന തോന്നലുള്ളതിനാൽ ഞാൻ എല്ലായ്പ്പോഴും പ്രാർത്ഥിക്കാറുണ്ടോ?

ജ്ഞാനികൾ നക്ഷത്രത്തെ പിന്തുടർന്ന് യേശുവിനെ കണ്ടെത്തി. നമുക്കും നക്ഷത്രത്തെ നോക്കി നടക്കാം. ഒരിക്കലും നിറുത്താതെ, നക്ഷത്രത്തെ നോക്കാൻ മറക്കാതെ നമുക്കും മുന്നോട്ട് നടക്കാം.

കർത്താവിന്റെ ദാസിയായ കന്യകാമറിയം, താഴ്മയുടെ സുപ്രധാന ആവശ്യകതയും ആരാധനയുടെ സജീവമായ രുചിയും വീണ്ടും കണ്ടെത്തുവാൻ നമ്മെ പഠിപ്പിക്കട്ടെ.

പ്രാർത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പാ തുടർന്ന് നൽകിയ സന്ദേശം

ക്രിസ്തുവിന്റെ ജനനം അടുത്ത ദിവസങ്ങളിൽ ആഘോഷിക്കുന്ന വിശ്വാസികൾക്ക് ആശംസകൾ

ക്രിസ്തുവിന്റെ ജനനത്തിരുന്നാൽ ജനുവരി ഏഴിന് ആഘോഷിക്കുന്ന പൗരസ്ത്യസഭകളിലെ കത്തോലിക്കർക്കും മറ്റ് ഓർത്തഡോക്സ് സഭംഗങ്ങൾക്കും പാപ്പാ ആശംസകൾ നേർന്നു. കന്യകാമറിയത്തിൽനിന്ന് ജനിച്ച ക്രിസ്തു നിങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും  പ്രകാശിപ്പിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

കുഞ്ഞുമിഷനറിമാരും പ്രത്യക്ഷീകരണത്തിരുന്നാളും

പ്രത്യക്ഷീകരണത്തിരുന്നാൾ, സുവിശേഷപ്രഘോഷണത്തിനായി പ്രാർത്ഥിക്കുവാനും, അതിനായി തങ്ങളുടെ ചെറിയ സമ്പാദ്യങ്ങൾ നൽകുവാനും തയ്യാറാകുന്ന ആളുകളുടെ ആഘോഷമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അങ്ങനെയുള്ള കുട്ടികൾക്ക് പാപ്പാ നന്ദി പറഞ്ഞു. ദൈനംദിന ജീവിതത്തിലെ ക്രൈസ്തവസാക്ഷ്യത്തോടെയാണ് മിഷനറി ദൗത്യം ആരംഭിക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു. ഈയൊരർത്ഥത്തിൽ, വിവിധ പാരമ്പര്യങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നടത്തുന്ന സുവിശേഷവത്കരണ സംരംഭങ്ങളെ, പ്രത്യേകിച്ച് നൂതന ആശയവിനിമയ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ളവയെ താൻ പ്രോത്സാഹിപ്പിക്കുന്നു എന്നും പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ജനുവരി 2022, 18:55