തിരയുക

പാപ്പാ മാധ്യമപ്രവർത്തകരോടൊപ്പം... പാപ്പാ മാധ്യമപ്രവർത്തകരോടൊപ്പം... 

പാപ്പാ: സംവാദത്തിന് ശ്രവണം അനിവാര്യം

ലോക സാമൂഹ്യ സമ്പർക്ക മാധ്യമ ദിന സന്ദേശത്തിൽ മനുഷ്യന്റെ ആശയ വിനിമയത്തിൽ ഒഴിച്ചുകൂടാനാവാത്ത ആദ്യപടിയും സ്നേഹത്തിന്റെ തലവും ശ്രവണത്തിലാണ് എന്ന് ഫ്രാൻസിസ് പാപ്പാ.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യാഥാർത്ഥ്യങ്ങളെ കാണുകയും അത് മറ്റുള്ളവരിൽ എത്തിക്കുകയും ചെയ്യുന്നതിൽ കേന്ദ്രീകരിച്ച് കഴിഞ്ഞ വർഷം നൽകിയ സന്ദേശത്തിനു ശേഷം ഫ്രാൻസിസ് പാപ്പാ  2022 ലേക്കുള്ള തന്റെ സന്ദേശം മറ്റുള്ളവരെ കേൾക്കുന്നതിൽ കേന്ദ്രീകരിക്കുന്നു. ശ്രവിക്കുക എന്നത് "ആശയ വിനിമയത്തിന്റെ വ്യാകരണത്തിൽ നിർണ്ണായകവും യഥാർത്ഥ സംവാദത്തിനുള്ള വ്യവസ്ഥയുമാണ്", പാപ്പാ പറഞ്ഞു.

ജനങ്ങൾക്ക് പരസ്പരം ശ്രവിക്കാനുള്ള കഴിവ് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, അതേസമയം, പുതിയ രീതിയിലുള്ള ആശയ വിനിമയം വഴി ശ്രവണം പുതിയ വികാസങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രവണതകൾ ആശയ വിനിമയത്തിൽ ശ്രവിക്കലിനുള്ള പ്രാധാന്യം എടുത്തുകാട്ടുന്നു പാപ്പാ പറഞ്ഞു.

ഹൃദയം കൊണ്ടുള്ള ശ്രവണം.

ഈ വർഷത്തെ സന്ദേശത്തിന്റെ തലക്കെട്ട് “ഹൃദയത്തിന്റെ കാതുകൾ കൊണ്ടുള്ള ശ്രവണം” എന്നാണ്. വെറും ചെവികൊണ്ടുള്ള കേൾവിയേക്കാൾ ശ്രവണത്തിൽ കാര്യങ്ങളുണ്ട് എന്ന് ചിന്തിക്കാൻ അത് നമ്മെ ക്ഷണിക്കുന്നു. യഥാർത്ഥമായ ശ്രവണം സത്യസന്ധമായ ബന്ധങ്ങളുടെ അടിത്തറയാണ്; ദൈവവും മാനവകുലവും തമ്മിലുള്ള ബന്ധത്തിന്റെയും അടിത്തറ അതാണ്.

"വിശ്വാസം കേൾവിയിലൂടെ വരുന്നു" എന്ന് വി. പൗലോസ് അപ്പോസ്തോലനെ ഉദ്ധരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ, സംസാരിച്ചുകൊണ്ട് തന്നെ വെളിപ്പെടുത്തുന്ന, സ്ത്രീപുരുഷന്മാരെ ശ്രവിക്കുന്നതു വഴി അവരെ തന്റെ പങ്കാളികളായി തിരിച്ചറിയുന്ന "ദൈവത്തിന്റെ എളിയ രീതിയുമായി ശ്രവണം പൊരുത്തപ്പെട്ടു പോകുന്നു" എന്ന് പാപ്പാ പറഞ്ഞു. ദൈവം മനുഷ്യരെ ഒരു സ്നേഹ ഉടമ്പടിക്കു വിളിക്കുന്നതു പോലെ മനുഷ്യർ മറ്റുള്ളവരെ ശ്രവിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നു. ശ്രവിക്കുക എന്നത് അടിസ്ഥാനപരമായി സ്നേഹത്തിന്റെ തലമാണ്, പാപ്പാ പറഞ്ഞു.

നല്ല ആശയ വിനിമയത്തിന്റെ വ്യവസ്ഥ

പല ബന്ധങ്ങളിലും സത്യസന്ധമായ ആശയ വിനിമയത്തിന്റെ കുറവുണ്ട്, രണ്ടു വശത്തുള്ളവരും പരസ്പരം ശ്രവിക്കാൻ മടിക്കുമ്പോൾ സംവാദങ്ങൾ പരസ്പരം മൽസരിക്കുന്ന സ്വയ ഭാഷണമായി (monologue) മാറുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തള്ളിക്കളയുന്ന ഈ പ്രവണത പൊതുജീവിതത്തിൽ പോലും ഇന്ന് പ്രകടമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. സംവാദത്തിന്റെയും നല്ല ആശയ വിനിമയത്തിന്റെയും ഒഴിവാക്കാനാവാത്ത ഒന്നാമത്തെ ചേരുവയാണ് ശ്രവണം എന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു. ശ്രവിക്കാത്തെ നല്ല മാധ്യമ പ്രവർത്തനമില്ല; കൈമാറുന്ന വിവരങ്ങളുടെ വിശ്വാസ്യതയും ഗൗരവവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകർ പലരുടെ സ്വരങ്ങൾക്ക് ചെവികൊടുക്കണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ശ്രവണം ആളുകളെ വിവേചന കല അഭ്യസിക്കാൻ അനുവദിക്കുകയും നമ്മിൽ സ്വരങ്ങളുടെ സമന്വയത്തിലേക്ക് നയിക്കാനുള്ള കഴിവുണർത്തുകയും ചെയ്യും.

സഭയിലെ ശ്രവണം

സഭയിലും പരസ്പരം ശ്രവിക്കേണ്ടതിന്റെ വലിയ ആവശ്യകത നിലനിൽക്കുന്നു എന്ന് പറഞ്ഞ പാപ്പാ, മറ്റുള്ളവരെ ശ്രവിക്കാനായി നമ്മുടെ സമയം ചെലവഴിക്കുന്നത് ഉപവിയുടെ ആദ്യ നടപടിയാണെന്നും കൂട്ടിച്ചേർത്തു. സഭയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സിനഡൽ പ്രക്രിയയെ ചൂണ്ടിക്കാണിച്ചു കൊണ്ട്, അത് പരസ്പരം ശ്രവിക്കാനുള്ള ഒരു വലിയ അവസരമായിരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. സഭയിലെ ഐക്യം ഒരു ഗായക സംഘത്തോടു തുലനം ചെയ്തു കൊണ്ട് "ഐക്യത്തിന് ഏകീകൃതതയും ഏകസ്വരതയും ആവശ്യമില്ല മറിച്ച് ബഹുസ്വരതയും വൈവിധ്യമാർന്ന സ്വരങ്ങളുമാണ് ആവശ്യം എന്ന് പാപ്പാ പറഞ്ഞു. അതേ സമയം ഗായക സംഘത്തിലെ ഓരോരുത്തരും പാടുന്നത് മുഴുവൻ സ്വരലയത്തിന്റെ ബന്ധങ്ങളിൽ മറ്റുള്ളവരുടെ സ്വരവും ശ്രവിച്ചുകൊണ്ടാണ് എന്ന് പാപ്പാ വിശദീകരിച്ചു.

നമുക്ക് മുമ്പുണ്ടായിരുന്നതും നമ്മെ ഉൾക്കൊള്ളുന്നതുമായ ഒരു കൂട്ടായ്മയിൽ നമ്മൾ പങ്കെടുക്കുകയാണ് എന്ന അവബോധത്തോടെ, ഓരോരുത്തർക്കും അവരുടെ സ്വന്തം ശബ്ദത്തിൽ പാടാനും, മറ്റുള്ളവരുടെ ശബ്ദത്തെ പരിശുദ്ധാത്മാവ് സൃഷ്ടിക്കുന്ന പരിപൂർണ്ണ സ്വരലയത്തിലെ ദാനമായി സ്വാഗതം ചെയ്യാനും കഴിഞ്ഞാൽ നമുക്ക് സഭയുടെ സ്വരലയം വീണ്ടെടുക്കാൻ കഴിയും എന്നും പറഞ്ഞു കൊണ്ടാണ് തന്റെ സന്ദേശം ഫ്രാൻസിസ് പാപ്പാ അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2022, 21:39