തിരയുക

2020-ലെ ദൈവവചനത്തിന്റെ ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ 2020-ലെ ദൈവവചനത്തിന്റെ ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ 

ദൈവവചനത്തിന്റെ ഞായർ: അല്മായരും അൾത്താരശുശ്രൂഷയിലേക്ക്

2022 ജനുവരി 23-ന് ആഘോഷിക്കപ്പെടാൻ പോകുന്ന മൂന്നാമത് ദൈവവചനത്തിന്റെ ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ, വിശുദ്ധഗ്രന്ഥവായനകൾക്കും, അൾത്താരശുശ്രൂഷയ്ക്കുമുള്ള സഭാപരമായ ഔദ്യോഗിക അനുമതി അൽമായരായ സ്ത്രീകൾക്കും പുരുഷന്മാർക്കും നല്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2019 സെപ്റ്റംബർ 30-ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ദൈവവചനത്തിന്റെ ഞായറാഴ്ചയുടെ മൂന്നാം ആഘോഷം 2022 ജനുവരി 23-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ വച്ച് രാവിലെ 9.30-ന് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ  അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെയാണ് നടക്കുക. വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവും പഠനവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, അന്നേദിവസം വിശുദ്ധ ബലിയിൽ സംബന്ധിക്കുന്നവർക്ക്, വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ 4, 5 അധ്യായങ്ങളെക്കുറിച്ച് സഭാപിതാക്കന്മാരുടെ വിചിന്തനങ്ങൾ അടങ്ങിയ ഒരു പുസ്തകം പാപ്പാ നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ഈ ചടങ്ങുകളിൽ രണ്ടായിരം ആളുകൾക്കേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

അന്നത്തെ വിശുദ്ധബലി മദ്ധ്യേ, ആദ്യമായി, തിരഞ്ഞെടുക്കപ്പെട്ട അൽമായരായ സ്ത്രീപുരുഷന്മാർക്ക് വിശുദ്ധഗ്രന്ഥവായനകൾക്കും, അൾത്താരശുശ്രൂഷയ്ക്കുമുള്ള (ലെക്‌ടറേറ്റിറ്റും അക്കോലൈറ്റും) പട്ടങ്ങളും നൽകപ്പെടും. 2021 ജനുവരി 10-ന് ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ അപ്പസ്തോലികലേഖനം മോത്തു പ്രോപ്രിയോ, സ്പിരിത്തൂസ് ദോമിനിയും വിശ്വാസപരിസംഘത്തിന്റെ അധ്യക്ഷന് പാപ്പാ എഴുതിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് സഭയിൽ ഈ രണ്ടു മേഖലകളിലേക്കും അൽമായരായ സ്ത്രീപുരുഷന്മാർക്ക് പ്രവേശനം അനുവദിക്കുന്നത്. പുരുഷന്മാർക്ക് മാത്രമായി വേർതിരിച്ചിരുന്ന ഈ സ്ഥാനങ്ങൾ, പിന്നീട് പൗരോഹിത്യത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായാണ് ഇതുവരെ നിലനിന്നിരുന്നത്. ഇതിനായി ലത്തീൻ കാനോനികനിയമം 230 പാപ്പാ പരിഷ്കരിച്ചിരുന്നു.

അന്നേ ദിവസം തന്നെ പരിശുദ്ധ പിതാവ്, മതബോധനത്തിനായുള്ള സേവനത്തിനായും കുറച്ചുപേരെ പ്രത്യേകം വാഴിക്കും. 2021 മെയ് 10-ന് മോത്തു പ്രോപ്രിയോ ആന്തിക്കും മിനിസ്തേരിയും വഴിയായിരുന്നു മതബോധന അധ്യയനവുമായി ബന്ധപ്പെട്ട തീരുമാനം ഫ്രാൻസിസ് പാപ്പാ എടുത്തത്. അതുവഴി ഇങ്ങനെയുള്ള സേവനങ്ങൾ ചെയ്യുന്നവരെ, മതപരമായ ഒരു പ്രത്യേക ക്രമത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.

ദൈവാരാധനയും, കൂദാശയുടെ പരികർമ്മവുമായി ബന്ധപ്പെട്ട അച്ചടക്കവും സംബന്ധിച്ച കാര്യങ്ങൾക്കായുള്ള കോൺഗ്രിഗേഷൻ പ്രത്യേകമായി തയ്യാറാക്കിയ ക്രമമനുസരിച്ചായിരിയ്ക്കും ഈ രണ്ട് പട്ടങ്ങളും നൽകുക.

തെക്കൻ കൊറിയ, പാകിസ്ഥാൻ, ഘാന, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള കുറച്ചുപേർക്കാണ് വായനാശുശ്രൂഷാ പട്ടം നല്കപ്പെടുക. മതാധ്യാപനത്തിനായുള്ള പട്ടം ലഭിക്കുന്നത്, പെറു, ബ്രസീൽ എന്നീ രാജ്യങ്ങളിൽനിന്നുള്ള രണ്ടു പേർ വീതം, ഘാന, റോമിൽ നിന്നുള്ള ഒരാൾ, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിനിന്നുള്ള ഓരോ ആളുകൾ എന്നിവർക്കാണ്. ഈ ചടങ്ങുകളിൽ ഉണ്ടാകേണ്ടിയിരുന്ന, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, ഉഗാണ്ട എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു പേർക്ക് കോവിഡ് നിബന്ധനകൾ മൂലം പങ്കെടുക്കാൻ സാധിക്കില്ല.

ചടങ്ങുകൾ, വത്തിക്കാൻ ന്യൂസ് (vaticannews.va) എന്ന വെബ്സൈറ്റിലും റായി ഊനോ (Rai1), റ്റി.വി. 2000 (Tv2000) എന്നീ ടെലിവിഷൻ ചാനലുകളിലും, മറ്റ് നിരവധി വിദേശചാനലുകളിലും തത്സമയസംപ്രേക്ഷണം ചെയ്യും.

വിശ്വാസജീവിതത്തിൽ കർത്താവിന്റെ സാന്നിധ്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമാക്കിയാണ് ദൈവവചനത്തിന്റെ ഞായറാഴ്ച ആഘോഷിക്കപ്പെടുന്നത്. എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാരുമായി ബന്ധപ്പെട്ട ചിത്രമാണ് ഈ ഞായറിന്റെ ഔദ്യോഗിക ചിഹ്നം. വിശുദ്ധഗ്രന്ഥവചനങ്ങൾ വീണ്ടും വായിക്കുവാനും, പഠിക്കുവാനും പ്രചോദനമേകുന്നതിനായാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെയൊരു ദിനം സ്ഥാപിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2022, 16:59