തിരയുക

സിസ്റ്റൈൻ ചാപ്പലിൽ പാപ്പാ കുഞ്ഞുങ്ങൾക്ക്  ജ്ഞാനസ്നാനം നൽകുന്നു. സിസ്റ്റൈൻ ചാപ്പലിൽ പാപ്പാ കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനം നൽകുന്നു. 

സിസ്റ്റൈൻ ചാപ്പലിൽ പതിനാറ് കുഞ്ഞുങ്ങൾക്ക് പാപ്പാ ജ്ഞാനസ്നാനം നൽകി

യേശുവിന്റെ ജ്ഞാനസ്നാനത്തിരുനാളിൽ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ 16 കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനമാണ് പാപ്പാ നിർവ്വഹിച്ചത്. വി. ജോൺ പോൾ രണ്ടാമൻ 40 വർഷം മുമ്പ് തുടങ്ങി വച്ച ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണിത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ സിംഹാസനത്തിലേയും, റോമൻ കൂരിയയിലേയും ജീവനക്കാരുടെ കുഞ്ഞുങ്ങൾക്കായിരുന്നു 2022 ജനുവരി 9 ആം തിയതി ഞായറാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകിയത്. മൈക്കിൾ ആഞ്ചലോയുടെ ചിത്രകലകളാൽ പ്രശോഭിതമായ സിസ്റ്റൈൻ ചാപ്പലിൽ അർപ്പിച്ച  ദിവ്യബലി മദ്ധ്യേയാണ് പാപ്പാ ജ്ഞാനസ്നാനം നൽകുന്നത്. അങ്ങനെ കഴിഞ്ഞ 40 വർഷങ്ങളായി നൂറുകണക്കിന് കുട്ടികൾ പാപ്പാമാരിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിക്കുകയും ക്രൈസ്തവ ജീവിതം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ 1981ലാണ് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.

സിസ്റ്റെൻ ചാപ്പൽ നൂറ്റാണ്ടുകളെ മറികടക്കുന്ന പരിശുദ്ധയിടമാണ്. പത്രോസിന്റെ പിൻഗാമിമാരായ പാപ്പാമാരെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിന്റെ സമയത്ത് കർദ്ദിനാൾമാരുടെ തിരുസംഘത്തിന്റെ മേൽ പരിശുദ്ധാത്മാവ് എഴുന്നള്ളി വരുന്നയിടമാണത്.

ഓരോ വർഷവും ഏകദേശം അഞ്ച് ദശലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കുന്ന നവോത്ഥാന കാലത്തെ അമൂല്യ കലാസൃഷ്ടിയിരിക്കുന്നതും പാപ്പാമാരുടെ തിരഞ്ഞെടുപ്പിന്റെ മഹത്ക്രമീകരണങ്ങളുടെ ഇടവുമായ  സിസ്റ്റെൻ ചാപ്പൽ ജനുവരിയുടെ തുടക്കത്തിൽ ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാളിൽ കുഞ്ഞുങ്ങളും അവരുടെ കുടുംബങ്ങളുമടങ്ങുന്ന തികച്ചും വ്യത്യസ്ഥമായ ഒരു പ്രേക്ഷക വേദിയായി മാറുന്നു.

പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള ജീവനക്കാരുടെ മക്കൾ

പരിശുദ്ധ പിതാവിൽ നിന്ന് ഈ ആദ്യ കൂദാശ സ്വീകരിക്കാനുള്ള വിശേഷ ഭാഗ്യം പരിശുദ്ധ സിംഹാസനത്തിലെയും റോമൻ കൂരിയയിലേയും ജീവനക്കാരുടെ മക്കൾക്കാണ്. 1981 ജനുവരി 11നാണ് പാപ്പായായിരുന്ന വി.ജോൺ പോൾ രണ്ടാമ൯ ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ അപ്പോസ്തോലീക അരമനയിലെ പൗളിൻ കപ്പേളയിലാണ് ഈ ചടങ്ങ് നടന്നിരുന്നത്. പിന്നീട് അത് സിസ്റ്റൈൻ ചാപ്പലിലേക്ക് മാറ്റുകയായിരുന്നു. തുടക്കത്തിൽ സിസ്റ്റൈൻ ചാപ്പലിലെ ജ്ഞാനസ്നാനം സ്വിസ് ഗ്വാർഡുകളുടെ കുഞ്ഞുങ്ങൾക്ക് മാത്രമായിരുന്നു. പിന്നീടാണ് വത്തിക്കാനിലെ അൽമായ ജീവനക്കാരുടെ മക്കൾക്കും ഈ ഭാഗ്യം കൈവന്നത്.

പാപ്പാ : ഇടവക വികാരിയായി ഒരു ദിവസം

"ഒരു ദിവസത്തേക്ക് മൈക്കിൾ ആഞ്ചലോയുടെ കപ്പേള തങ്ങളുടെ ഇടവകയാകുന്നു. കുടുംബം പോലെയും അജപാലകപരവുമായ ഒരന്തരീക്ഷത്തിൽ പാപ്പാ ഒരു ഇടവക വികാരിയുടെ വേഷത്തിൽ വളരെ സുഖം നൽകുന്ന ഒരനുഭവമാണെന്നും, യുവതികളായ അമ്മമാർക്ക് പാപ്പാ ഉപദേശങ്ങൾ നൽകാറുണ്ടെന്നും പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ ഡിക്കാസ്ട്രിയിലെ ജീവനക്കാരനായ സ്വിറ്റ്സർലൻഡ് കാരൻ മരിയോ ഗൽഗാനോ പറഞ്ഞു. 2014ൽ തന്റെ മകളായ സോഫിയയുടെ ജ്ഞാനസ്നാനം അനുസ്മരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. അത് അർജന്റീനക്കാരനായ പാപ്പായുടെ ആദ്യ ജ്ഞാനസ്നാനമായിരുന്നു.

നിയമങ്ങളും ചട്ടങ്ങളും

കത്തോലിക്കാ സഭയുടെ നിയമ പ്രകാരം വിവാഹിതരായ ദമ്പതികളുടെ മകൾക്കുള്ള ജ്ഞാനസ്നാന പ്രക്രിയയുടെ  മേൽനോട്ടം  വഹിക്കുന്നത് പരിശുദ്ധ പിതാവിന്റെ ആരാധനക്രമങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യാലയമാണ്. എന്നാൽ ജ്ഞാനസ്നാനം സ്വീകരിക്കുന്ന കുട്ടിക്ക് ഒരു വയസ്സു കഴിഞ്ഞിരിക്കാൻ പാടില്ല. ഓരോ കുട്ടിയെയും കൊണ്ടുവരാൻ നാല് പേർക്ക് കൂടെ വരാം - മാതാപിതാക്കളും ജ്ഞാനപിതാക്കളുമാണത്. മറ്റു കുടുംബാംഗങ്ങൾക്ക് വത്തിക്കാൻ മാധ്യമം വഴിയും മറ്റും തത്സമയ പ്രക്ഷേപണം വീക്ഷിക്കാം.

തികച്ചും ഭക്തിനിർഭരമായ ചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ഗായക സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം യുവകുടുംബങ്ങളുടെ സന്തോഷവും കുഞ്ഞുങ്ങളുടെ ശബ്ദവും ഒരു സ്വർഗ്ഗീയാനുഭവമാണെന്ന് മാരിയോ പറയുന്നു. കൂടാതെ കുട്ടികളുടെ വസ്ത്രം മാറാനുള്ള ചെറിയ മേശകൾ സജ്ജീകരിച്ച ഒരു മുറിയും അവിടെ തയ്യാറാക്കി വച്ചിരിക്കും. തിരുക്കർമ്മങ്ങളുടെ മദ്ധ്യേ കുട്ടികൾ 'കുട്ടികൾ കരഞ്ഞാൽ കരഞ്ഞോട്ടെ" എന്നും  "അവർക്ക് ഒരു ഗായക സംഘത്തിന്റെ മാനമാണെന്നും, ഒരാൾ തുടങ്ങിയാൽ മതി എല്ലാവരും പിൻതുടരുകയും അവരുടെ ഗാനമേളയുണ്ടാവും" എന്ന പാപ്പായുടെ അന്നത്തെ പ്രസംഗവും മാരിയോ ഓർമ്മിച്ചു.

ഇത്തരം അവസരങ്ങൾ വത്തിക്കാനിലെ കുട്ടികൾക്ക് "ദൃശ്യത നൽകാനുള്ള" സന്ദർഭം കൂടിയാണ്. വത്തിക്കാൻ ഒരു വലിയ സന്യാസ ഭവനമാണെന്നാണ് ജനങ്ങൾ കരുതുന്നത്. എന്നാൽ അങ്ങനെയല്ല ഇവിടെ  ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന  കുടുംബങ്ങളുണ്ട്, അവരുടെ മക്കൾ ഇവിടത്തെ ജീവിതത്തിൽ പങ്കുചേരുന്നുണ്ട്,  മാരിയോ പറഞ്ഞു. ഇന്ന് എട്ട് വയസ്സുകാരിയായ സോഫിയ ഗൽഗാനോ തന്റെ അത്യസാധാരണ ജ്ഞാനസ്നം ഓർമ്മിക്കുന്നില്ല, എന്നാൽ താൻ ആദ്യകുർബ്ബാന സ്വീകരണത്തിനായി ഒരുക്കുന്നത് വ്യക്തമായ ബോധ്യത്തോടെയാണ്. മാരിയോ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജനുവരി 2022, 14:29