തിരയുക

സമാധാനത്തിനായി പരിശ്രമിക്കുന്ന പാപ്പാ സമാധാനത്തിനായി പരിശ്രമിക്കുന്ന പാപ്പാ  

തലമുറകൾ തമ്മിലുള്ള സംവാദം, വിദ്യാഭ്യാസം, തൊഴിൽ - ആഗോള സമാധാന ദിനത്തിനായുള്ള പാപ്പായുടെ സന്ദേശത്തിന്റെ കാതൽ.

55 മത് ആഗോള സമാധാന ദിനമാചരിക്കുന്ന 2022 ജനുവരി ഒന്നിലേക്കുള്ള സന്ദേശമാണ് ഇന്ന് പത്രസമ്മേളനത്തിൽ പുറത്തിറക്കിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

55 മത് ആഗോള സമാധാന ദിനമാചരിക്കുന്ന 2022 ജനുവരി ഒന്നിലേക്കുള്ള സന്ദേശമാണ് ഇന്ന് പത്രസമ്മേളനത്തിൽ പുറത്തിറക്കിയത്.  

55 മത് ആഗോള സമാധാന ദിനമാചരിക്കുന്ന 2022 ജനുവരി ഒന്നിലേക്കുള്ള സന്ദേശത്തിൽ  സ്ഥായിയായ സമാധാനം കെട്ടിപ്പെടുക്കാൻ തലമുറകൾ തമ്മിലുള്ള സംവാദവും, വിദ്യാഭ്യാസവും,  തൊഴിലും   പ്രധാന ഉപകരണങ്ങളാണെന്ന് ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.

കത്തോലിക്കാ സഭയുടെ ആഗോള സമാധാന ദിനാചരണത്തിലേക്ക് പാപ്പാ നൽകുന്ന വാർഷിക സന്ദേശത്തിൽ എല്ലാ നല്ല മനസ്കരോടും, ഭരണ നേതാക്കളോടും, തീരുമാനമെടുക്കുന്നവരോടും ധൈര്യത്തോടും സർഗ്ഗാത്മകതയോടും കൂടെ തലമുറകൾ തമ്മിലുള്ള സംവാദത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും, തൊഴിലിന്റെയും പാതയിൽ ഒരുമിച്ചു നടക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

സമാധാനത്തിന്റെ പാതയായി വി. പോൾ ആറാമൻ പാപ്പാ പറഞ്ഞ സമഗ്ര വികസനം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മനുഷ്യകുലത്തിന് ഇന്നും ഒരു വിദൂര യാഥാർത്ഥ്യമായി നിൽക്കുന്നതിന്റെയും, യുദ്ധവും സംഘർഷങ്ങളും വർദ്ധിക്കുന്നതിന്റെയും, പകർച്ചവ്യാധിയുടെ വ്യാപന അന്തരീക്ഷ വ്യതിയാനത്തിന്റെയും, പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുന്നതിന്റെയും സ്വാർത്ഥത തിങ്ങുന്ന സാമ്പത്തിക മാതൃകകൾ പങ്കുവയ്ക്കലിനെ ഞെരുക്കുന്നതിന്റെയും പശ്ചാത്തലം വിശദീകരിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം മുന്നോട്ടു കൊണ്ടു പോകുന്നത്.

ദരിദ്രരുടെയും ഭൂമിയുടെയും നീതിക്കും സമാധാനത്തിനുമായുള്ള നിലവിളി  തുടർച്ചയായി നമ്മുടെ മുന്നിൽ എത്തുന്നു. എന്നാൽ സമാധാനം എല്ലാ കാലത്തും ഉന്നതത്തിൽ നിന്നുള്ള ഒരു ദാനവും പ്രതിബദ്ധതയുടെ പങ്കുവയ്പ്പിന്റെ പരിണത ഫലവുമാണെന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ നില നിൽക്കുന്ന സമാധാനം കെട്ടിപ്പടുക്കാനുള്ള മൂന്ന് വഴികൾ മുന്നോട്ടുവയ്ക്കുന്നത്.

1. തലമുറകൾ തമ്മിലുള്ള സംവാദം

സത്യസന്ധമായ സംവാദത്തിൽ അഭിപ്രായങ്ങളുടെ ശരിയും ക്രിയാത്മകവുമായ പങ്കുവയ്ക്കൽ മാത്രമല്ല പരസ്പര വിശ്വാസവും ആവശ്യമാണെന്നും വിവരിക്കുന്ന പാപ്പാ ചരിത്രത്തെ യുവതലമുറയ്ക്ക് പകർന്നു നൽകുന്ന മുതിർന്ന തലമുറയുടെ വേരുകളില്ലാതെ എങ്ങനെയാണ് വൃക്ഷം വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുക എന്ന സംശയം പ്രകടിപ്പിച്ചു. അതിനാൽ തലമുറകൾ തമ്മിലുള്ള സംവാദം സമാധാനത്തിന്റെഒരു സുപ്രധാന ഘടകങ്ങളിൽ ഒന്നാണ്. ധാരാളം പേരെ കോവിഡ് മഹാമാരി ഒതുങ്ങിക്കൂടാനും ചിലരെ അക്രമാസക്തരായി പ്രതികരിക്കാനും പ്രേരിപ്പിക്കുന്ന ഈ കാലത്ത് ഒരുമിച്ചുള്ള പദ്ധതികളുടെ സാക്ഷാൽക്കാരത്തിന് അടിസ്ഥാനമാണ് തലമുറകൾ തമ്മിലുള്ള സംവാദം.

സത്യസന്ധമായ സംവാദത്തിൽ അഭിപ്രായങ്ങളുടെ ശരിയും ക്രിയാത്മകവുമായ പങ്കുവയ്ക്കലും മാത്രമല്ല പരസ്പര വിശ്വാസവും ആവശ്യമാണെന്നും വിവരിക്കുന്ന പാപ്പാ ചരിത്രത്തെ യുവതലമുറയ്ക്ക് പകർന്നു നൽകുന്ന മുതിർന്ന തലമുറയും ചരിത്രം മുന്നോട്ടു കൊണ്ടു പോകുന്ന യുവതലമുറയും തമ്മിലുള്ള സംവാദം വളരെ പ്രാധാന്യമർഹിക്കുന്നു എന്ന് വിശദീകരിച്ചു.  സാങ്കേതിക സാമ്പത്തിക വികസനങ്ങൾ തലമുറകൾ തമ്മിൽ അന്തരം സൃഷ്ടിച്ചുവെങ്കിലും ഇന്നത്തെ പ്രതിസന്ധി തലമുറകൾ തമ്മിലുള്ള പങ്കാളിത്വത്തിന്റെ അടിയന്തിര ആവശ്യകത വെളിവാക്കുന്നു. പരിസ്ഥിതി ഓരോ തലമുറയ്ക്കും തന്നിട്ടുള്ള വായ്പയാണ്. അത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതിന് നമ്മുടെ പൊതു ഭവനത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ ഈ സഹകരണം ആവശ്യം മാണെന്ന് പാപ്പാ അടിവരയിട്ടു.

2. വിദ്യാഭ്യാസം: സ്വാതന്ത്ര്യത്തിന്റെയും, ഉത്തരവാദിത്വത്തിന്റെയും, വികസനത്തിന്റെയും ഘടകം

സമാധാനത്തിന്റെ വഴിയിലെ രണ്ടാമത്തെ പടിയായി പാപ്പാ തിരഞ്ഞെടുത്തത് വിദ്യാഭ്യാസമാണ്. ഇന്ന് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയേക്കാൾ കൂടുതൽ യുദ്ധ ഉപകരണങ്ങൾക്കായാണ് ചെലവാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ യുവജനങ്ങളുടെ പരിശീലനത്തിലും വിദ്യാഭ്യാസത്തിലും കൂടുതൽ നിക്ഷേപിക്കേണ്ടത് സമാധാനം കെട്ടിപ്പെടുക്കാനുള്ള മറ്റൊരു മാർഗ്ഗമായി എടുത്തു പറഞ്ഞു. സമഗ്ര വികസനം പ്രോൽസാഹിപ്പിക്കാനുള്ള അടിസ്ഥാന മാർഗ്ഗമാണ് വിദ്യാഭ്യാസം. അത് വ്യക്തികളെ കൂടുതൽ സ്വതന്ത്രരും ഉത്തരവാദിത്വമുള്ളവരുമാക്കുമെന്നും സമാധാനത്തിന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കും ഒഴിവാക്കാനാവാത്ത ഒന്നാണെന്നും പാപ്പാ പറഞ്ഞു.

പിന്നീട് രണ്ടു ഖണ്ഡികകൾ ആഗോളതലത്തിൽ പട്ടാള ചിലവുകളിൽ ഉണ്ടായ വർദ്ധനയെക്കുറിച്ച് എഴുതുന്ന പാപ്പാ, വിദ്യാഭ്യാസത്തിനും ആയുധങ്ങൾക്കും ചിലവഴിക്കുന്ന പണത്തെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്തേണ്ട ആവശ്യകത സർക്കാർ നയങ്ങളിൽ വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് അപലപിക്കുകയും ചെയ്തു.

വിദ്യാഭ്യാസത്തിൽ നടത്തേണ്ട നിക്ഷേപത്തോടൊപ്പം പരിപാലനയുടെ സംസ്കാരവും വേണമെന്ന പ്രതീക്ഷ പങ്കുവച്ചു കൊണ്ട് ഭാവിതലമുറയ്ക്കായുള്ള ഒരു വിദ്യാഭ്യാസ ഉടമ്പടിയിൽ സമഗ്ര പരിസ്ഥിതിയും, സമാധാന മാതൃകകളും, വികസനവും സമഗ്രതയുമാർന്ന സാഹോദര്യവും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഉടമ്പടിയും കേന്ദ്രീകരിച്ചുള്ള ഒരു പുതിയ സംസ്കാരം സംയോജിപ്പിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

3.തൊഴിൽ: മനുഷ്യന്റെ അന്തസ്സിന്റെ സാക്ഷാൽക്കാരത്തിനുള്ള മാർഗ്ഗം

സമാധാനം കെട്ടിപ്പടുക്കാനും സംരക്ഷിക്കാനുമുള്ള മൂന്നാമത്തെ വഴിയായി ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത് തൊഴിലാണ്. തൊഴിലിലിലും സാമ്പത്തിക ഉൽപ്പാദന പ്രക്രിയകളിലും കോവിഡ് ഉണ്ടാക്കിയ വിനാശകരമായ ഭവിഷ്യത്തുകൾ മുന്നോട്ടുവച്ച് ഏതു സമൂഹത്തിലും നീതിയും ഐക്യദാർഢ്യവും പണിതുയർത്തേണ്ടത് തൊഴിലിന്റെയും, തൊഴിലാളികളുടെയും, അവരുടെ അവകാശങ്ങളുടെയും അടിത്തറയിലാവണം എന്ന് ഓർമ്മിപ്പിച്ചു.

ഒരുവശത്ത് തൊഴിൽ ആവശ്യമാണെന്നും, അത് ഈ ഭൂമിയിലെ ജീവിതത്തിന് അർത്ഥം നൽകുന്നതാണെന്നും, വളർച്ചയ്ക്കും, വ്യക്തി സാക്ഷാത്കാരത്തിനും സമൂഹത്തിനും സംഭാവന നൽകാനുള്ള അവസരമാണെന്നും പാപ്പാ പറഞ്ഞു. മറുവശത്ത്, തൊഴിലാളിയുടെയും തൊഴിൽ സാഹചര്യങ്ങളുടെയും നിലവാരം ഉയർത്തേണ്ടതുണ്ടെന്നും  തൊഴിലുടമകളുടെ സംരംഭങ്ങൾ ലാഭത്തെ മാത്രം മാനദണ്ഡമാക്കരുതെന്നും മുള്ളത് പാപ്പായുടെ  വീക്ഷണത്തിന്റെ രണ്ട് തലങ്ങളാണെന്ന് സന്ദേശത്തിൽ വ്യക്തമാണ്.

സമൂഹത്തിലെ തങ്ങളുടെ പങ്കിനെക്കുറിച്ച് ബോധമുള്ളവരും, മനുഷ്യാന്തസ്സ് മാനിക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുകയും സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാർ സമാധാനത്തിന്റെ കരവേലക്കാരാകുമെന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഡിസംബർ 2021, 16:24