തിരയുക

ഫ്രാൻസീസ് പാപ്പാ, സൈപ്രസിലെ നിക്കോഷ്യയിൽ, വിശുദ്ധ കുരിശിൻറെ കത്തോലിക്കാ ഇടവക ദേവാലയത്തിൽ കുടിയേറ്റക്കാരുമൊത്തുള്ള എക്യുമെനിക്കൽ പ്രാർത്ഥനാ വേളയിൽ, 03/12/21  ഫ്രാൻസീസ് പാപ്പാ, സൈപ്രസിലെ നിക്കോഷ്യയിൽ, വിശുദ്ധ കുരിശിൻറെ കത്തോലിക്കാ ഇടവക ദേവാലയത്തിൽ കുടിയേറ്റക്കാരുമൊത്തുള്ള എക്യുമെനിക്കൽ പ്രാർത്ഥനാ വേളയിൽ, 03/12/21  

പാപ്പാ : നിസ്സംഗതയുടെ സംകൃതിക്കു മുന്നിൽ മൗനം പാലിക്കാനാകില്ല!

ഡിസമ്പർ 2-ന് വ്യാഴാഴ്ച (02/12/21) സൈപ്രസിൽ ഇടയസന്ദർശനം ആരംഭിച്ച ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച (03/12/21) നിക്കോഷ്യയിൽ വിശുദ്ധ കരിശിൻറെ നാമത്തിലുള്ള കത്തോലിക്കാദേവാലയത്തിൽ വച്ച് കുടിയേറ്റക്കാരുമൊത്ത് പ്രാർത്ഥനാ ശുശ്രൂഷ നയിക്കുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ കുടിയേറ്റക്കാരോട് പ്രാർത്ഥനാശുശ്രൂഷാവേളയിൽ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ

കുടിയേറ്റക്കാരേകിയ സാക്ഷ്യങ്ങൾക്കുള്ള മറുപടിയായിരുന്നു പാപ്പായുടെ പ്രസംഗം.

കൃതജ്ഞതയും ആനന്ദവും

കുടിയേറ്റക്കാർക്കൊപ്പം ആയിരിക്കാനും സൈപ്രസ് സന്ദർശനം പ്രാർത്ഥനാ യോഗത്തോടെ അവസാനിപ്പിക്കാനും കഴിയുന്നതിലുള്ള തൻറെ അതിയായ ആനന്ദം പാപ്പാ തൻറെ പ്രഭാഷണാരംഭത്തിൽ വെളിപ്പെടുത്തി.

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയെർബത്തീസ്ത പിത്സബാല്ലയ്ക്കും ലെബനനിലെ കത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ബെഷാറ ബുത്രോസ് റായിക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ഈ പ്രാർത്ഥനാസമ്മേളനത്തിനെത്തിയിരുന്ന സൈപ്രസിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികളോടുള്ള തൻറെ സ്നേഹവും നന്ദിയും വെളിപ്പെടുത്തുകയും ചെയ്തു.

സാക്ഷ്യങ്ങൾ നൽകിയ യുവ കുടിയേറ്റക്കാരോട് പാപ്പാ തൻറെ  ഹൃദംഗമമായ  ഒരു വലിയ "നന്ദി"  അറിയിച്ചു.

അന്യരോ പരദേശികളോ അല്ല

“ഇനിമേൽ നിങ്ങൾ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിൻറെ അംഗങ്ങളുമാണ്”, (എഫേസോസ് 2, 19) എന്ന് പൗലോസ് അപ്പോസ്തലനിലൂടെ പറയുന്ന ദൈവവചനത്തിൻറെ എല്ലാ പ്രവാചകശക്തിയും കൂടുതൽ നന്നായി മനസ്സിലാക്കാൻ കുടിയേറ്റക്കാരെ ശ്രവിച്ചുകഴിഞ്ഞപ്പോൾ സാധിക്കുന്നുണ്ടെന്ന വസ്തുത അനുസ്മരിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം തുടർന്നു:

ഇവിടെ നിന്ന് ഏറെ വിദുരത്തല്ലാത്ത എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ വാക്കുകൾ; കാലത്തിൽ വളരെ അകലെയാണെങ്കിലും വളരെ അടുത്താണ്, എന്നത്തേക്കാളും കൂടുതൽ പ്രസ്ക്തമാണ്, അത് ഇന്ന് നമുക്കായി എഴുതിയത് പോലെയാണ്: "നിങ്ങൾ പരദേശികളല്ല, സഹപൗരന്മാരാണ്". ഇതാണ് സഭയുടെ പ്രവചനം: എല്ലാ മാനുഷിക പരിമിതികളുമുണ്ടെങ്കിലും ദൈവത്തിൻറെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന ഒരു സമൂഹം. കോംഗൊ  പ്രജാധിപത്യ റിപ്പബ്ലിക്കിൽ നിന്ന് വന്ന മരിയാമിയേ, നീ നിന്നെത്തന്നെ സ്വപ്നപൂരിതയെന്ന് നിർവ്വചിച്ചിരിക്കുന്നു. നിന്നെപ്പോലെ ദൈവവും സ്വന്തം മക്കൾ സഹോദരീസഹോദരന്മാരായി ജീവിക്കുന്ന സമാധാനത്തിൻറെ ലോകം സ്വപ്നം കാണുന്നു. ദൈവം ഇത് ആഗ്രഹിക്കുന്നു, ദൈവം ഇതു സ്വപ്നം കാണുന്നു. അത് വേണ്ടെന്നാഗ്രഹിക്കുന്നത് നമ്മളാണ്.

കുടിയേറ്റക്കാരുടെ സാക്ഷ്യങ്ങൾ ദർപ്പണങ്ങൾ

കുടിയേറ്റക്കാരായ സഹോദരങ്ങളേ, നിങ്ങളുടെ സാന്നിധ്യം ഈ ആഘോഷത്തിന് വളരെ പ്രധാനമാണ്. നിങ്ങളുടെ സാക്ഷ്യങ്ങൾ ക്രൈസ്തവ സമൂഹങ്ങളായ ഞങ്ങൾക്ക് ഒരു "കണ്ണാടി" പോലെയാണ്. "ഞാൻ ആരാണെന്ന് എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്" എന്ന് ശ്രീലങ്കയിൽ നിന്നുള്ള താമര, നീ പറയുമ്പോൾ  ഞങ്ങളോടും ചിലപ്പോൾ ഈ ചോദ്യം ഉന്നയിക്കപ്പെടാറുണ്ടെന്ന് നീ ഞങ്ങളെ ഓർമ്മിപ്പിക്കുന്നു:  കുടിയേറ്റ പ്രക്രിയയിലെ നിർദ്ദയത്വം ഒരുവൻറെ അനന്യതയെ അപകടത്തിലാക്കുന്നു, എൻറെ വേര് എവിടെയാണെന്ന് എനിക്ക് അറിയില്ല. ആരാണു ഞാൻ? "നീ ആരാണ്?". നിർഭാഗ്യവശാൽ ഇത് പലപ്പോഴും അർത്ഥമാക്കുന്നത്: “നിങ്ങൾ ഏത് പക്ഷത്താണ്? നിങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?" എന്നാണ്. എന്നാൽ നീ ഞങ്ങളോട് പറഞ്ഞതുപോലെ, നമ്മൾ സംഖ്യകളല്ല, പട്ടികയിൽപ്പെടുത്തേണ്ട വ്യക്തികൾ അല്ല; നമ്മൾ "സഹോദരങ്ങൾ", "സുഹൃത്തുക്കൾ", "വിശ്വാസികൾ", പരസ്പരം "ചാരത്തുള്ളവർ" ആണ്. എന്നാൽ കക്ഷിതാല്പര്യങ്ങളോ രാഷ്ട്രീയ താല്പര്യങ്ങളോ, ദേശീയ താല്പര്യങ്ങൾ പോലും നമ്മിൽ പലരെയും സമ്മർദ്ദത്തിലാക്കി മാറ്റി നിറുത്തുമ്പോൾ നാം അറിയാതെതന്നെ അടിമകളായി മാറുന്നു. കാരണം സ്വാർത്ഥ താൽപ്പര്യങ്ങൾ എന്നും അടിമകളാക്കുന്നു, അടിമകളെ സൃഷ്ടിക്കുന്നു. വിശാലവും വിദ്വേഷത്തിനു വിരുദ്ധവുമായ സ്നേഹമാകട്ടെ നമ്മെ സ്വതന്ത്രരാക്കുന്നു.

വിദ്വേഷമെന്ന വിഷം  

കാമറൂണിൽ നിന്ന് വരുന്ന മക്കോളിൻസ്, നിൻറെ ജീവിതപാതയിൽ നീ "വിദ്വേഷത്താൽ മുറിവേറ്റിട്ടുണ്ട്" എന്ന് പറയുമ്പോൾ,  നി ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ഈ താൽപ്പര്യങ്ങൾ ഉളവാക്കിയ മുറിവുകളെക്കുറിച്ചാണ്; വെറുപ്പ് ക്രിസ്ത്യാനികൾ തമ്മിലുള്ള ബന്ധത്തെയും മലിനമാക്കിയിരിക്കുന്നു എന്ന് നീ ഞങ്ങളെ ഓർമ്മിപ്പിക്കുകയാണ്. ഇത്, നീ പറഞ്ഞതുപോലെ, അതിൻറെ മുദ്ര പതിക്കുന്നു, നീണ്ടുനിൽക്കുന്ന ആഴത്തിലുള്ള അടയാളം. അതൊരു വിഷമാണ്.... അതെ, വിദ്വേഷം വിഷമാണ്, അതിൻറെ വിഷാംശത്തിൽ നിന്നു മുക്തമാകുക പ്രയാസമാണ്. വിദ്വേഷം ഒരു വികലമായ മാനസികാവസ്ഥയാണ്, നാം പരസ്പരം സഹോദരങ്ങളായി അംഗീകരിക്കുന്നതിനുപകരം, നമ്മെ എതിരാളികളായും ശത്രുക്കളായും, അല്ലെങ്കിൽ വിൽക്കാനോ ചൂഷണം ചെയ്യാനോ ഉള്ള വസ്തുക്കളായും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.

സഹജീവനത്തിലേക്കുള്ള സഞ്ചാരികൾ  

ഇറാഖിൽ നിന്ന് വരുന്ന റോഷ്, നീ ഒരു "യാത്രികൻ" ആണെന്ന് എന്ന് നീ പറയുമ്പോൾ, ഞങ്ങളും സഞ്ചരിക്കുന്ന സമൂഹങ്ങളാണെന്ന്, സംഘർഷത്തിൽ നിന്ന് കൂട്ടായ്മയിലേക്ക് യാത്രചെയ്യുന്നവരാണെന്ന് നീ ഞങ്ങളെ ഓർമ്മിപ്പിക്കുകയാണ്. വഴിയിലാണ്. നീണ്ടതും നിമ്നോന്നതവുമായ ഈ പാതയിൽ, നമ്മൾ തമ്മിലുള്ള വ്യത്യാസങ്ങൾ നമ്മെ ഭയപ്പെടുത്തരുത്, മറിച്ച്,  അതെ, നമ്മുടെ അടച്ചുപൂട്ടലുകളും നമ്മുടെ മുൻവിധികളുമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്, കാരണം, അവ യഥാർത്ഥ കൂടിക്കാഴ്ചയ്ക്കും കൂട്ടായ യാത്രയ്ക്കും തടസ്സമാകുന്നു. നാം തമ്മിലുള്ള അടച്ചിടലുകളും മുൻവിധികളും ക്രിസ്തു തകർത്ത ആ ഭിന്നിപ്പിൻറെ മതിലിനെ പുനർനിർമ്മിക്കുന്നു, അതായത് ശത്രുതയെ (എഫേസോസ് 2:14)...... എന്തോ ലക്ഷ്യം വച്ച്, ഒരു പ്രതീക്ഷയിലേക്ക്, കൂടുതൽ മാനവികമായ സഹവർത്തിത്വത്തിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരനെക്കുറിച്ചും നീ പറയുകയുണ്ടായി.

സ്വപ്നങ്ങളിലൂടെ സംസാരിക്കുന്ന ദൈവം 

അതിനാൽ, ദൈവം നിങ്ങളുടെ സ്വപ്നങ്ങളിലൂടെ ഞങ്ങളോട് സംസാരിക്കുന്നു. പലപ്പോഴും നമ്മൾ സ്വപ്നങ്ങളെ നമ്മിലേക്ക് കടന്നുവരാൻ അനുവദിക്കുന്നില്ല, സ്വപ്നം കാണാതെ ഉറങ്ങാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത് എന്നതാണ് അപകടം. മറ്റൊരു ദിശയിലേക്കു നോക്കുക എത്ര എളുപ്പമാണ്. ഈ ലോകത്ത് നമ്മൾ നിസ്സംഗതയുടെ സംസ്കൃതി, മുഖം തിരിക്കുന്നത്, ശീലിച്ചിരിക്കുന്നു, അങ്ങനെ നാം ശാന്തമായി ഉറങ്ങുന്നു.

വിഭജനമാകുന്ന മുറിവ് സാഹോദര്യത്തിൻറെ പണിശാലയ്ക്ക് വഴിമാറട്ടെ 

വേദനാജനകമായ വിഭജനത്തിൻറെ മുദ്ര പേറുന്ന ഈ ദ്വീപ് ദൈവകൃപയാൽ സാഹോദര്യത്തിൻറെ പണിശാലയായി മാറട്ടെ. ഇതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ ദ്വീപ് ഉദാരമാണെന്ന് കരുതുന്നു, പക്ഷേ അതിന് എല്ലാം ചെയ്യാൻ കഴിയില്ല, കാരണം എത്തിച്ചേരുന്ന ആളുകളുടെ എണ്ണം അവരെ ഉൾക്കൊള്ളാനും ഏകീകരിക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അതിൻറെ കഴിവിനേക്കാൾ കൂടുതലാണ്. 

സാഹോദര്യത്തിൻറെ പണിശാലയായി മാറേണ്ടതിന് അനിവാര്യമായ രണ്ടു വ്യവസ്ഥകളും മുന്നോട്ടു വച്ചുകൊണ്ട് പാപ്പ ഇപ്രകാരം തുടർന്നു:

മാനവാന്തസ്സ് മാനിക്കപ്പെടണം

ആദ്യത്തേത്, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിൻറെ ഫലപ്രദമായ അംഗീകാരമാണ് (ഫ്രത്തേല്ലി തൂത്തി 8). നമ്മുടെ മാനം വില്പനയ്ക്കുള്ളതല്ല, വാടകയ്‌ക്ക്കൊടുക്കുന്നതല്ല, നഷ്ടപ്പെടുത്താനുള്ളതല്ല. തല ഉയർത്തിപ്പറയാം: ഞാൻ ദൈവത്തിൻറെ യോഗ്യനായ പുത്രനാണ്, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിൻറെ ഫലപ്രദമായ അംഗീകാരം: ഇതാണ് ധാർമ്മിക അടിത്തറ, ഇത് ക്രിസ്തീയ സാമൂഹ്യ പ്രബോധനത്തിൻറെ ഹൃദയഭാഗത്തുള്ള ഒരു സാർവത്രിക അടിസ്ഥാനവുമാണ്. രണ്ടാമത്തെ വ്യവസ്ഥ എല്ലാവരുടെയും പിതാവായ ദൈവത്തോടുള്ള വിശ്വാസപൂർണ്ണമായ തുറവാണ്;  ഇതാണ്, വിശ്വാസികൾ എന്ന നിലയിൽ നാം സംവഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന "പുളിപ്പ്" (ഫ്രത്തേല്ലി തൂത്തി, 272).

ഞാൻ നിൻറെ സഹോദരൻ

ഈ അവസ്ഥകളിൽ, സ്വപ്നം, സംഘർഷത്തിൽ നിന്ന് കൂട്ടായ്മയിലേക്കും വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്കും പലായനത്തിൽ നിന്ന് സമാഗമത്തിലേക്കുമുള്ള സമൂർത്ത ചുവടുവയ്പുകളാലുള്ള ദൈനംദിന യാത്രയായി വിവർത്തനം ചെയ്യപ്പെടുക സാധ്യമാണ്. ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ദേശത്തേക്ക്, "നീ ആരാണ്" എന്ന് നിന്നോടു ചോദിച്ചാൽ, "നോക്കൂ, ഞാൻ നിൻറെ സഹോദരനാണ് എന്ന് അനാവൃത വദനത്തോടെ ഉത്തരം നല്കാൻ നിനക്കു സാധിക്കുന്ന, എന്നെ നീ അറിയില്ലേ എന്ന് ചോദിക്കാനാകുന്ന ഒരിടത്തേക്ക് ഉള്ള ക്ഷമാപൂർവ്വ യാത്രയാണ് അത്.

സഹനങ്ങളിലേക്ക് ഊളിയിടുന്ന ചിന്തകൾ  

നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ, നിങ്ങളുടെ മുഖത്ത് നോക്കുമ്പോൾ, ഓർമ്മകൾ അതിരുകൾക്കപ്പുറം കടക്കുന്നു,  അത് സഹനങ്ങളിലേക്ക് പോകുന്നു. നിങ്ങൾ ഇവിടെ എത്തി: എന്നാൽ നിങ്ങളുടെ എത്ര സഹോദരീസഹോദരന്മാർ വഴിയിൽ കിടക്കുന്നു? നിരാശരായ എത്രയോ ആളുകളാണ് വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ, അപകടകരമായ അവസ്ഥകളിൽ യാത്ര ആരംഭിക്കുകയും ലക്ഷ്യസ്ഥാനത്തെത്താതിരിക്കുകയും ചെയ്യുന്നത്? വലിയ ശ്മശാനമായി മാറിയ ഈ കടലിനെ കുറിച്ച് നമുക്കു പറയാനാകും. നിങ്ങളെ നോക്കുമ്പോൾ, ഞാൻ കാണുന്നത് പ്രയാസകരമയാ യാത്രയാണ്, അനേകർ തട്ടിക്കൊണ്ടുപോകപ്പെടുകയും വിൽക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തു..., അവർ ഇപ്പോഴും വഴിയിലാണ്, എവിടെയാണെന്ന് നമുക്കറിയില്ല. ഇത് ഒരു അടിമത്തത്തിൻറെ കഥയാണ്, ഒരു സാർവ്വത്രിക അടിമത്തം....... നാം പാശ്ചാത്യമെന്ന് വിളിക്കുന്ന ഈ വികസിത നാഗരികതയുടെ കഥയാണിത്.

വിഭജനത്തിൻറെ മുള്ളു വേലികൾ

വേർതിരിവിൻറെ കമ്പിമുള്ളുവേലിയെക്കുറിച്ചും നാടിനെ വിഭജിക്കുന്ന വിദ്വേഷത്തിൻറെ യുദ്ധത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. സ്വാതന്ത്ര്യവും അന്നവും സഹായവും സാഹോദര്യവും സന്തോഷവും യാചിച്ചെത്തുന്ന, വിദ്വേഷത്തിൽ നിന്ന് പലായനം ചെയ്തെത്തുന്ന അഭയാർത്ഥികളുടെ പ്രവേശനം തടയാൻ വേണ്ടിയാണ് മുള്ളു കമ്പിവേലികൾ പലയിടത്തും തീർത്തിരിക്കുന്നതെന്നും അവർ എത്തിച്ചേരുന്നത് വിദ്വേഷത്തിൻറെ ഈ മുള്ളു വേലികൾക്കു മുന്നിലാണെന്നും പാപ്പാ പറഞ്ഞു.

യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് ഒരു ക്ഷമാപണത്തോടെ വ്യക്തമാക്കിയ പാപ്പാ നിസ്സംഗതയുടെ ഈ സംസ്കൃതിയിൽ മൗനം പാലിക്കാനും മുഖം തിരിക്കാനും സാധിക്കില്ലെന്നും പ്രസ്താവിക്കുകയും കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് തൻറെ പ്രസംഗം ഉപസംഹരിച്ചത്.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2021, 13:29