തിരയുക

പാപ്പാ: സന്തോഷത്തിന്റെ അടിത്തറയായ സ്നേഹത്തിന്റെ പേരും മുഖവുമാണ് യേശു

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചയിൽ നൽകിയ പ്രബോധന സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഡിസംമ്പർ 22ആം തിയതി  ബുധനാഴ്ച  ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുദര്‍ശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ഹാളിലെത്തി. പാപ്പായെ കാണുവാനും, പ്രഭാഷണം ശ്രവിക്കുവാനും, ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും അവിടെ സന്നിഹിതരായിരുന്നു. അവർ കരഘോഷമുയത്തി പാപ്പായെ സ്വീകരിച്ചു. പ്രാദേശിക സമയം 9.30 ന് ത്രിത്വസ്തുതിയോടു കൂടി പ്രാൻസിസ് പാപ്പാ പൊതുദർശന പരിപാടി ആരംഭിച്ചു. തുടർന്ന് വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥത്തിൽ നിന്നുള്ള വായന വായിക്കപ്പെട്ടു.

വിശുദ്ധ ഗ്രന്ഥപാരായണം : ലൂക്കാ 2, 1-7

“അക്കാലത്ത്‌, ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ എഴുതിച്ചേര്‍ക്കപ്പെടണം എന്ന്‌ അഗസ്‌റ്റസ്‌ സീസറില്‍നിന്ന്‌ കല്‍പന പുറപ്പെട്ടു. ക്വിരിനിയോസ്‌ സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി. ജോസഫ്‌ ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍,പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക്‌ ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.” (ലൂക്കാ 2: 1-7)

വിശുദ്ധഗ്രന്ഥ വായനയ്ക്കുശേഷം പരിശുദ്ധ പിതാവ് ബുധനാഴ്ച പൊതു കൂടിക്കാഴ്ച അവസരത്തിൽ നൽകുന്ന പ്രബോധനം തുടർന്നു.  ക്രിസ്തുമസിന് ഇനി കുറച്ച് ദിവസം മാത്രം ബാക്കി നിൽക്കെ, ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത യേശുവിന്റെ ജനനത്തെ കുറിച്ച് ഓർമ്മിപ്പിക്കാൻ ഇന്ന് താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്ഫ്രാ ൻസിസ്പാപ്പാ, പൊതുകൂടിക്കാഴ്ചയിൽ ലൂക്കായുടെ  വിശുദ്ധ സുവിശേഷം 2, 1-7 വരെയുള്ള വാക്യങ്ങൾ വിശദീകരിച്ചു.

ലോക സൃഷ്ടാവിനു പിറക്കാൻ ഒരിടമില്ല

അഗസ്റ്റസ് സീസർ ചക്രവർത്തിയുടെ കൽപ്പന പ്രകാരം ജന്മനാട്ടിൽ  പേര് ചേർക്കുന്നതിനു യൗസേപ്പും മറിയവും നസ്രത്തിൽ നിന്ന് ബെത്ലെഹേമിലേക്കുപോയതും, അവിടെവച്ച്  മറിയത്തിനു പ്രസവസമയമായതിനാൽ താമസിക്കാൻ ഇടം തേടിയതും, ഇടം കിട്ടാതെ മറിയം ഒരു കാലിത്തൊഴുത്തിൽ വച്ച് പ്രസവിക്കാൻ നിർബന്ധിതയായതും പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ സൃഷ്ടാവിനു പിറക്കാൻ ഒരിടം കൊടുക്കാതിരുന്നതിനെകുറിച്ച് നമുക്ക് ചിന്തിക്കാം എന്ന് പാപ്പാ പറഞ്ഞു. ഒരു പക്ഷെ  യോഹന്നാൻ സുവിശേഷകൻ എഴുതിയതും (യോഹ.1,11 ) പിന്നെ യേശുതന്നെ പറഞ്ഞതുമായ“കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്‌; മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല.” (ലൂക്കാ 9:58 ) എന്ന വാക്യങ്ങളുടെ മുൻ ആസ്വാദനമായിരിക്കാം അതെന്ന് പാപ്പാ വിശദീകരിച്ചു.

ഇടയന്മാർ ഇസ്രായേലിലെ ദരിദ്രരുടെ പ്രതീകം

ഒരു മാലാഖയാണ് യേശുവിന്റെ ജനനം പ്രഘോഷിച്ചത് അത് എളിയ ഇടയന്മാരോടായിരുന്നു. ഒരു നക്ഷത്രം പൂജരാജാക്കന്മാർക്കു ബത്ലെഹെമിലെത്താനുള്ള  (മത്താ2:1,9-10)വഴികാട്ടിയായിരുന്നു. മാലാഖ ദൈവത്തിന്റെ സന്ദേശവാഹകനാണ്, നക്ഷത്രം വെളിച്ചം സൃഷ്ടിച്ച ദൈവത്തെയും (ഉൽപ്പ:1,3) ആ കുഞ്ഞ് സ്വയം വിശേഷിപ്പിച്ചതുപോലെ (യോഹ8,12.46), “ലോകത്തിന്റെ പ്രകാശമാകുമെന്നും” ഓരോ മനുഷ്യനെയും തെളിയിക്കുന്ന(യോഹ 1,9), ഇരുൾ തിളങ്ങുന്നതും ഇരുളിന് ജയിക്കാൻ കഴിയാത്തതുമായ  സത്യ പ്രകാശമാണെന്നും ഓർമ്മിപ്പിക്കുന്നു. “ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല” (യോഹ1,5). ഇടയന്മാർ ഇസ്രായേലിലെ ദരിദ്രരുടെ പ്രതീകമാണ്. തങ്ങളുടെ  കുറവുകളെക്കുറിച്ചുള്ള ആന്തരീകബോധ്യത്തോടെ  ജീവിക്കുകയും അതിനാൽ തന്നെ മറ്റുള്ളവരെക്കാൾ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യന്നവർ. അവരാണ് ആദ്യം മനുഷ്യനായ ദൈവപുത്രനെ കാണുന്നത്. ഈ കണ്ടുമുട്ടൽ അവരെ ആഴത്തിൽ മാറ്റി. അവർ "കണ്ടതിനെയും കേട്ടതിനെയും കുറിച്ച് ദൈവത്തെ സ്തുതിച്ചുകൊണ്ടും മഹത്വപ്പെടുത്തിക്കൊണ്ടും" തിരിച്ചുപോയി എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. (ലൂക്കാ 2,20).

പൂജരാജാക്കന്മാർ ദൈവത്തെ തിരയുന്ന വിജാതീയരുടെ പ്രതീകം

യേശുവിനു ചുറ്റും പൂജരാജാക്കന്മാരുമുണ്ട് (മത്താ2,1-12).ആരാണ് ഈ പൂജരാജാക്കന്മാരെന്നോ, എത്രപേരുണ്ടായിരുന്നെന്നോ അവരുടെ പേരെന്തെന്നോ സുവിശേഷങ്ങൾ രേഖപ്പെടുത്തുന്നില്ല. ദൂരെ കിഴക്കുനിന്നുള്ള ഒരു നാട്ടിൽ നിന്ന് (പേർഷ്യ, ബാബിലോണിയ  അല്ലെങ്കിൽ തെക്കൻ അറേബ്യയിൽ നിന്നെന്നോ മറ്റോ ചിന്തിക്കാം)  അവരുടെ ഹൃദയത്തിൽ ദൈവമായി  കരുതിയ  യൂദയായിലെ  രാജാവിനെ തേടി യാത്ര തിരിച്ച വരാണവർ കാരണം അവർ ആരാധിക്കാനാണ് വരുന്നതെന്നാണ് പറയുന്നത്. പൂജരാജാക്കന്മാർ, പ്രതേകിച്ച് നീണ്ട  നൂറ്റാണ്ടുകളായി ദൈവത്തെ അന്വേഷിക്കുകയും, തിരക്കിയിറങ്ങുകയും ചെയ്യുന്ന  വിജാതീയരെ  പ്രതിനിധീകരിക്കുന്നു. അവർ ധനവാന്മാരെയും അധികാരികളെയും പ്രതിനിധീകരിക്കുന്നു. എന്നാൽ ധനത്തിന്റെ അടിമകളാകാത്തവരുടെയും, തങ്ങൾക്കുണ്ടെന്ന് അവർ വിശ്വസിക്കുന്നവയാൽ "ബാധിത"രല്ലാത്തവരുടെയും മാത്രം പ്രതിനിധികളാണവരെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

യേശുവിന്റെ ജനനം ഒരു സാർവത്രീക സംഭവം

സുവിശേഷങ്ങളിലെ സന്ദേശം വ്യക്തമാണ്: യേശുവിന്റെ ജനനം എല്ലാ ജനങ്ങളെയും ബാധിക്കുന്ന ഒരു സാർവത്രീക സംഭവമാണ്.ദൈവത്തിലേക്ക് എത്തിക്കുന്ന വഴി എളിമയുടേതാണ് എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. കാരണം അത് ദൈവത്തിലേക്ക് നമ്മെ നയിക്കുന്നു, ജീവിതത്തിന്റെ അടിസ്ഥാനത്തിലേക്കും, യഥാർത്ഥ അർത്ഥത്തിലേക്കും, ജീവിതം ജീവിക്കേണ്ടതിന്റെ ഏറ്റവും വിശ്വസനീയമായ  കാരണത്തിലേക്കും നമ്മെ നയിക്കും പാപ്പാ പറഞ്ഞു.

സത്യത്തിന്റെയും, യഥാർത്ഥ സന്തോഷത്തിന്റെയും, അറിവിന്റെയും അനുഭവം നമുക്ക് തുറന്നു തരാൻ എളിമയ്ക്ക് മാത്രമേ കഴിയൂ. എളിമയില്ലാതെ ദൈവത്തെയോ നമ്മെത്തന്നെയോ മനസ്സിലാക്കാൻ കഴിയില്ല എന്ന് ഫ്രാൻസിസ് പാപ്പാ  പ്രബോധിപ്പിച്ചു. പൂജരാജാക്കന്മാർ ലോകത്തിന്റെ യുക്തി യനുസരിച്ച് മഹാന്മാരായിരുന്നിരിക്കാം എന്നാൽ അന്വേഷിക്കാനും, യാത്ര തിരിക്കാനും, മറ്റുള്ളവരോടു ചോദിക്കാനും, സ്വയം അപകടപ്പെടുത്താനും, തെറ്റിലകപ്പെടാനുമുള്ള എളിമ സ്വീകരിച്ചു ചെറുതായതിനാലാണ് യേശുവിനെ കണ്ടെത്താനും തിരിച്ചറിയാനും അവർക്ക് കഴിഞ്ഞത് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ദാരിദ്ര്യം:  ദൈവരാജ്യം സ്വന്തമാക്കാൻ സുരക്ഷമായ മാർഗ്ഗം

എല്ലാ മനുഷ്യരും അവനവന്റെ ഹൃദയത്തിന്റെ അഗാഥതയിൽ നിന്ന് ദൈവത്തെ അന്വേഷിക്കാൻ വിളിക്കപ്പെട്ടവരാണ് എന്നും  ദൈവ കൃപയാൽ ദൈവത്തെ കണ്ടെത്താൻ കഴിയുമെന്നും പറഞ്ഞ പാപ്പാ “കർത്താവേ നിന്നെ അന്വേഷിക്കാൻ എന്നെ പഠിപ്പിക്കണമേ, ഞാൻ  തിരയുമ്പോൾ നിന്നെ എനിക്ക് കാണിച്ചു തരണമേ” (Proslogion, 1) എന്നു തുടങ്ങുന്ന വി. ആൻസലത്തിന്റെ (1033-1109) പ്രാർത്ഥന നമ്മുടെ സ്വന്തമാക്കാൻ ആവശ്യപ്പെട്ടു.

എല്ലാവരേയും ബത്ലെഹെമിലെ ഗുഹയിൽ മനുഷ്യനായ ദൈവപുത്രനെ ആരാധിക്കാനായി ക്ഷണിക്കാൻ താൻ ആ ഗ്രഹിക്കുന്നതായി പാപ്പാ വെളിപ്പെടുത്തി. അദ്യനിരയിൽ താൻ ദരിദ്രരെ നിർത്താൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ പാപ്പാ അതിന് കാരണവും പറഞ്ഞു. വി. പോൾ ആറാമന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു അത്.

“നമ്മൾ ദരിദ്രരെ ആരാധിക്കണം കാരണം ഒരു തരത്തിൽ അവർ ക്രിസ്തുവിന്റെ കൂദാശയാണ് -വിശക്കുന്നവരിൽ, ദാഹിക്കുവരിൽ, നാടുകടത്തപ്പെട്ടവരിൽ, നഗ്നരിൽ, രോഗികളിൽ തടവുകാരിൽ - നിഗൂഢമായി അവൻ സ്വയം തിരിച്ചറിയാൻ ആഗ്രഹിച്ചു. നമ്മൾ അവരെ സഹായിക്കണം, അവരോടൊപ്പം സഹിക്കണം, അവരെ അനുഗമിക്കണം, കാരണം ദൈവരാജ്യം പൂർണ്ണമായും സ്വന്തമാക്കാൻ ഏറ്റം സുരക്ഷമായ മാർഗ്ഗമാണ് ദാരിദ്ര്യം.”  (1969, മേയ് ഒന്നിലെ വചനപ്രഘോഷണം).

പിന്നീട് താൻ ബത്ലെഹെമിലെക്ക് കൂടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്, മത വിഭ്രാന്തിയില്ലാത്തവരെയും, ദൈവം ഒരു പ്രശ്നമല്ലാത്തവരേയും, മതത്തിനെതിരെ പോരാടുന്നവരെയും, നിരീശ്വരർ എന്ന് തെറ്റായി നാമകരണം ചെയ്യപ്പെട്ടവരെയുമാണ് എന്ന് പാപ്പാ പറഞ്ഞു.  "ദൈവത്തെ അംഗീകരിക്കുന്നത്  അന്തസ്സിനെ ഒരു തരത്തിലും ഹനിക്കുന്നില്ലെന്ന് സഭ വിശ്വസിക്കുന്നു, കാരണം ഈ അന്തസ്സിന്റെ അടിത്തറയും പൂർണ്ണതയും ദൈവത്തിലാണ് കണ്ടെത്തുക. മനുഷ്യ ഹൃദയത്തിന്റെ ഏറ്റവും രഹസ്യ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നതാണ് സഭയുടെ സന്ദേശമെന്ന് അവൾക്കറിയാമെന്ന വത്തിക്കാൻ സൂന്നഹദോസിന്റെ സന്ദേശം  (Gaudium et spes, 21). അവരോടു ആവർത്തിക്കുവാനുള്ള ആഗ്രഹവും പാപ്പാ പങ്കുവച്ചു.

യോഗ്യതയില്ലാതെ സ്നേഹിക്കപ്പെട്ടവരാണ് നാം

“ദൈവം സ്നേഹിക്കുന്ന മനുഷ്യർക്ക് സമാധാനം” എന്ന മാലാഖമാരുടെ ആശംസകളുമായി നമുക്ക് വീട്ടിലേക്ക് മടങ്ങാം. നമ്മളല്ല ദൈവത്തെ സ്നേഹിച്ചത് അവനാണ് നമ്മെ സ്നേഹിച്ചത്. അവൻ നമ്മെ ആദ്യം സ്നേഹിച്ചു ( യോഹ4,10.19 )എന്ന വചനങ്ങൾ എപ്പോഴും ഓർക്കാമെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. യോഗ്യതയില്ലാതെ സ്നേഹിക്കപ്പെട്ടവരാണ് നാം. നമ്മെക്കാൾ മുന്നേ  നമ്മെ സ്നേഹിക്കാൻ ദൈവം മുന്നിട്ടിറങ്ങി  എന്നതാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം. മാംസം ധരിച്ച് നമ്മുടെ ഇടയിൽ വന്ന് താമസിക്കാൻ വേണ്ടുവോളം ആ സ്നേഹം അത്ര മൂർത്തമായിരുന്നു. ഈ സ്നേഹത്തിന് ഒരു പേരും ഒരു മുഖവുമുണ്ട്. നമ്മുടെ സന്തോഷത്തിന്റെ  അടിത്തറയായ ആ സ്നേഹത്തിന്റെ പേരും മുഖവും - യേശുവാണ്. അത് നാം പുൽകൂട്ടിൽ കാണുന്ന കുഞ്ഞാണ്. ഈ വാക്കുകളോടെ പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചു.

അഭിവാദനവും, ആശംസകളും

പ്രഭാഷണത്തിനു ശേഷം പാപ്പാ ഇറ്റാലിയൻ ഭാഷയില്‍ നല്‍കിയ പ്രഭാഷണ സംഗ്രഹം ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെട്ടു. ഓരോ വായനയുടെയും അന്ത്യത്തിൽ  അതാതു ഭാഷക്കാരെ ഇറ്റാലിയൻ ഭാഷയിൽ  പാപ്പാ അഭിവാദ്യം ചെയ്തു.

ഇംഗ്ലീഷ് സംസാരിക്കുന്ന തീർത്ഥാടകരെയും സന്ദർശകരെയും പാപ്പാ അഭിവാദനം ചെയ്തു. അതിനുശേഷം അവിടെ സമ്മേളിച്ചിരുന്നവരെ അഭിവാദനം ചെയ്ത പാപ്പാ എല്ലാവർക്കും സന്തോഷത്തിന്റെയും പരിശുദ്ധിയുടെയും ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചു. ഈ ദിവസത്തിൽ ആശംസകളും, കുടുംബ സംഗമങ്ങുമുണ്ടാകാം. അവ നല്ലതാണ്. എന്നാൽ അവയോടൊപ്പം ദൈവം എനിക്കായി വരുന്നു എന്ന അവബോധം കൂടിയുണ്ടായിരിക്കണമെന്ന് പാപ്പാ അവരെ അനുസ്മരിപ്പിച്ചു. ദൈവം എനിക്കായി കടന്നു വരുന്നു എന്ന് എല്ലാവരും പറയട്ടെ എന്ന് ആഹ്വാനം ചെയ്ത പാപ്പാ ദൈവത്തെ അന്വേഷിക്കാനും, കണ്ടെത്താനും, സ്വീകരിക്കാനും  നമുക്ക് എളിമ ആവശ്യമുണ്ടെന്ന അവബോധം വേണമെന്നും പറഞ്ഞു. വ്യർത്ഥതയുടെയും അഹങ്കാരത്തിന്റെയും കണ്ണാടി തകർത്ത് നമ്മെത്തന്നെ നോക്കാനുള്ള എളിമയുടെ കൃപയും വേണമെന്ന്  പാപ്പാ അറിയിച്ചു. ഒരിക്കൽ കൂടി അവിടെ സന്നിഹിതരായിരുന്നവർക്ക് ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചു. തുടർന്ന് “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു.  പ്രാർത്ഥനയ്ക്ക് ശേഷം  പാപ്പാ അപ്പോസ്തോലീക ആശീർവ്വാദം നൽകി. ഇതോടെ പൊതു കൂടിക്കാഴ്ച പരിപാടി അവസാനിച്ചു.

 

 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2021, 15:13