സാന്താ മാർത്താ ചികിത്സാലയം പരിചരിക്കുന്ന കുട്ടികളെ പാപ്പാ സന്ദർശിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഒരു സംഘം കുട്ടികളും, അവരുടെ മാതാപിതാക്കളും, അവരെ പരിചരിക്കുന്നവരും ഡിസംബർ 19 ആം തീയതി ഞായറാഴ്ച രാവിലെ പാപ്പായുമായി ക്രിസ്തുമസിന്റെ ഉത്സവാന്തരീക്ഷത്തിൽ കൂടിക്കാഴ്ച നടത്തി.
കുട്ടികൾക്കായി പ്രവർത്തിക്കുന്ന സാന്താ മാർത്താ പീഡിയാട്രിക്ക് ഡിസ്പെൻസറിയിൽ നിന്ന് സഹായവും പരിചരണവും ലഭിക്കുന്ന കുടുംബങ്ങളുമായി പാപ്പാ സ്വതന്ത്രമായി സംഭാഷണത്തിലേർപ്പെട്ടു.
"ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കണം എന്നത് പ്രധാന്യമർഹിക്കുന്നതാണ്" എന്ന് പാപ്പാ അവരോടു പറയുകയും ഒരുമിച്ച് ഇത് ആവർത്തിക്കാൻ കുട്ടികളോടു പാപ്പാ ആവശ്യപ്പെടുകയും ചെയ്തു.
ജനങ്ങളുടെ ആവശ്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക
പരസ്പരം സ്നേഹിക്കുന്നതിന്റെ പ്രാധാന്യം പ്രകടിപ്പിച്ച ഒരു കുട്ടിയോടു പ്രതികരിച്ച പാപ്പാ സുവിശേഷത്തിന്റെ സന്ദേശം സംഗ്രഹിക്കുന്നുള്ള നല്ലൊരു മാർഗ്ഗമാണിതെന്ന് പറഞ്ഞു. ആളുകളുടെ കണ്ണുകളിലേക്ക് നോക്കാതെ നമുക്ക് ഒരിക്കലും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയില്ല എന്നും പാപ്പാ കൂട്ടിചേർത്തു. മറ്റുള്ളവരെ ശ്രവിക്കാത്ത ഒരു വ്യക്തി സ്വയം തന്നെ മാത്രം ശ്രവിക്കുന്നയാളാന്നെന്ന് പറഞ്ഞ പാപ്പാ അത്രമാത്രം സ്വയം കേന്ദ്രീകൃതമായിരിക്കുന്നത് വിരസതയാണെന്നും കൂട്ടിച്ചേർത്തു. "മറ്റുള്ളവരെ ശ്രദ്ധിക്കുന്നതാണ് കൂടുതൽ നല്ലത് " എന്ന ഈ സന്ദേശം കുട്ടികളോടു ഉറക്കെ വിളിച്ചു പറയാൻ പാപ്പാ അവരെ ക്ഷണിച്ചു.
പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ
കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തന്റെ സമയം ചെലവഴിച്ച പാപ്പാ ചില സമയങ്ങളിൽ എളുപ്പമല്ലെങ്കിലും ആവശ്യമുള്ളവരെ എപ്പോഴും ശ്രദ്ധിക്കാൻ സന്നിഹിതരായരിക്കണമെന്ന് കുട്ടികളോടു പങ്കുവച്ചു. "പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരായാണ് നമ്മൾ ഇന്നിവിടെ. ധൈര്യമായിരിക്കുക, മുന്നോട്ടുപോകുക. ഒരു നല്ല വിരുന്നൊരുക്കുക! "എന്ന് കരഘോഷങ്ങളുടെയും ആശംസകളുടെയും മധ്യേ പാപ്പാ പറഞ്ഞു.
നൂറു വർഷത്തെ സേവനം
ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തെ തുടർന്നുണ്ടായ ദുരിതങ്ങൾക്കിടയിലാണ് സാന്താ മാർത്ത പീഡിയാട്രിക് ഡിസ്പെൻസറി പിറവിയെടുത്തത്.1922 മെയ് എട്ടിന് പിയൂസ് പതിനൊന്നാമൻ പാപ്പായാണ് ഈ സംരംഭം തുടങ്ങി വച്ചത്. പാവപ്പെട്ട കുട്ടികൾക്കും യുദ്ധത്തിലെ കുട്ടികൾക്കും ഭക്ഷണം നൽകുന്നതിന് വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ഉപവി സഹോദരിമാരെ പാപ്പാ നിയോഗിച്ചു. 2008 ജൂലൈയിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ഈ സംരംഭത്തെ തനതായ ചട്ടങ്ങളോടെ ഒരു സ്ഥാപനമാക്കി തീർത്തത്. നിലവിൽ പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള ദാനകർത്താവ് കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി ഇതിന്റെ അദ്ധ്യക്ഷ ചുമതല നിർവ്വഹിക്കുന്നു. റോമിലെ ബംബീനോ ജെസു ആശുപത്രി, വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും നാമഥേയത്തിലുള്ള ഒരു അസോസിയേഷനും, നഗരത്തിലുള്ള സ്വകാര്യ ആശുപത്രികളും, മറ്റ് ആശുപത്രികളും, സ്വയം സന്നദ്ധസേവകരായ അൽമായരും ഒന്നുചേർന്ന് 2022 ശതാബ്ദി ആഘോഷിക്കാനിരിക്കുന്ന ഈ ചികിത്സാലയത്തിലേക്ക് സൗജന്യമായ സേവനം നൽകി കൊണ്ടിരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: