തിരയുക

പാപ്പാ ത്രികാല പ്രാർത്ഥനാ സന്ദേശം നൽകുന്നു. പാപ്പാ ത്രികാല പ്രാർത്ഥനാ സന്ദേശം നൽകുന്നു. 

അമേരിക്കയിൽ മാരകമായ നാശം വിതച്ച ചുഴലിക്കാറ്റിലകപ്പെട്ടവർക്കായി പാപ്പായും അമേരിക്കയിലെ മെത്രാൻമാരും പ്രാർത്ഥിക്കുന്നു

മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം വി. പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായിരുന്നവരോടു് അമേരിക്കയിൽ അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും വ്യാപകമായ നാശവും നിരവധിയാളുകളുടെ മരണത്തിനു കാരണമാവുകയും ചെയ്ത ചുഴലിക്കാറ്റിന്റെ ഇരകൾക്കായി താൻ പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ അറിയിച്ചു.

 സി.റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

പ്രാർത്ഥനയിൽ ഒരുമിക്കാം

കെൻടക്കിയിൽ മാത്രം 20 ലധികം പേർ മരിച്ചതായി പറയപ്പെടുന്നു. എന്നാൽ സംസ്ഥാന ഭരണ നേതൃത്വം മരണസംഖ്യ നൂറിലധികമാവാമെന്ന് അറിയിച്ചു. മേയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറിയിൽ നിന്ന് 40 പേരെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് 70ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അനുമാനിക്കുന്നു. മറ്റു നാലു സംസ്ഥാനങ്ങളിലായി മറ്റു 30 പേരിലധികം പേരുടെയും ജീവനെടുത്ത ചുഴലിക്കാറ്റിൽ വളരെയധികം പ്രദേശങ്ങളിൽ വീടുകൾക്കും വ്യാപാര വ്യവസായ സംരംഭങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

കൊടുങ്കാറ്റ് ഏറ്റം കൂടുതൽ നാശം വിതച്ച ഓവൻസ്ബൊറോയിലെ മെത്രാനായ വില്യം മെഡ്ലി, ഈ ദുരന്തമുണ്ടാക്കിയ ദുരിതങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി പ്രാർത്ഥിക്കാനായി ഒരുമിക്കാൻ കത്തോലിക്കാ സമൂഹത്തോടു ആവശ്യപ്പെട്ടു. രൂപതയിൽ ഉടനീളമുണ്ടായ ദുരന്തത്തിന്റെ നാശനഷ്ടങ്ങളുടെ വെളിച്ചത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഓരോ ഇടവകകളോടും കത്തോലിക്കാ ഉപവി കാര്യാലയത്തിലൂടെ പ്രത്യേകം സംഭാവനാശേഖരം നടത്താനും അടിയന്തര സഹായവും സേവനവും ഇരകൾക്ക് എത്തിക്കാനും ആവശ്യപ്പെട്ടു.

സമാധാനത്തിനും സമാശ്വാസത്തിനും പ്രത്യാശയ്ക്കുമായി പ്രാർത്ഥന

ദേശീയ തലത്തിൽ, അമേരിക്കയിലെ മെത്രാൻ സമിതിയുടെ തലവൻ ലോസ് ആഞ്ചെലസ്സിലെ ആർച്ചുബിഷപ്പ്  ഹൊസെ ഗോമസും അഭ്യന്തര നീതി, മാനവ വികാസ സമിതിയുടെ അദ്ധ്യക്ഷൻ  ഒക്ളഹോമയിലെ ആർച്ച് ബിഷപ്പ് പോൾ കോക്ളേയും നിര്യാതരായവർക്കും പരിക്കേറ്റവർക്കും അവരുടെ ദു:ഖിതരായ കുടുംബങ്ങൾക്കുമായി തങ്ങളുടെ പ്രാർത്ഥനകളർപ്പിച്ചു. "കൊടുങ്കാറ്റിന്റെ ദുരന്തത്താൽ ദുരിതമനുഭവിക്കുന്നവർ  നമ്മുടെ വിശ്വാസത്തിലും ദൈവത്തിന്റെ അനന്തമായ സ്നേഹത്തിലും സമാധാനവും ആശ്വാസവും പ്രത്യാശയും കണ്ടെത്തട്ടെ" എന്ന് പ്രാർത്ഥിച്ചു.

തങ്ങളുടെ പ്രസ്താവനയിൽ മെത്രാപ്പോലീത്തമാർ അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സഹായമെത്തിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിച്ചു." ദുരന്തത്തിലകപ്പെട്ടിരിക്കുന്ന ഞങ്ങളുടെ എല്ലാ സഹോദരീ സഹോദരന്മാരെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നുവെന്നും അവളുടെ തുടർച്ചയായ സംരക്ഷണവും പ്രാർത്ഥനയും വിഷമ മനുഭവിക്കുന്നവർക്ക് ആശ്വാസമാകട്ടെ എന്നും അവർ അറിയിച്ചു. കൂടാതെ കത്തോലിക്കരോടും എല്ലാ നല്ല മനസ്കരോടും ദുരന്തത്തിലകപ്പെട്ടവരെ വീണ്ടെടുക്കാൻ അമേരിക്കയിലെ കത്തോലിക്ക ഉപവി പ്രവർത്തന സംഘടനയെ കൈയയച്ചു സഹായിക്കാനും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഡിസംബർ 2021, 14:59