തിരയുക

ഫ്രാൻസീസ് പാപ്പാ സൈപ്രസ് സന്ദർശന വേളയിൽ  അന്നാട്ടിലെ ഗ്രീക്ക് ഓർത്തൊഡോക്സ് സഭയുടെ മെത്രാപ്പോലീത്ത ക്രിസോസ്തൊമോസ് ദ്വിതീയൻറെ (CHRYSOSTOMOS II) കുരിശു ചുംബിക്കുന്നു 03/12/2021 ഫ്രാൻസീസ് പാപ്പാ സൈപ്രസ് സന്ദർശന വേളയിൽ അന്നാട്ടിലെ ഗ്രീക്ക് ഓർത്തൊഡോക്സ് സഭയുടെ മെത്രാപ്പോലീത്ത ക്രിസോസ്തൊമോസ് ദ്വിതീയൻറെ (CHRYSOSTOMOS II) കുരിശു ചുംബിക്കുന്നു 03/12/2021 

പാപ്പാ സൈപ്രസിൽ - മുപ്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക യാത്ര!

ഫ്രാൻസീസ് പാപ്പായുടെ സൈപ്രസ് - ഗ്രീസ് സന്ദർശനം. ഈ ഇടയസന്ദർത്തിൻറെ ആദ്യവേദിയായ സൈപ്രസിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ച രാവിലെയും നടന്ന സന്ദർശന പരിപാടികളുടെ സംക്ഷിപ്ത വിവരണം.
ശബ്ദരേഖ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ തൻറെ മുപ്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. സൈപ്രസ്, ഗ്രീസ് എന്നീ നാടുകൾ വേദികളാക്കിയ ഈ ഇടയസന്ദർശനത്തിൽ പാപ്പാ ഇപ്പോൾ സൈപ്രസിലാണ്. ഡിസമ്പർ 2 മുതൽ 6 വരെ (02-06/12/21) നീളുന്ന പഞ്ചദിന ഇടയസന്ദർശന പരിപാടികളുമായി രണ്ടാം തീയതി വ്യാഴാഴ്‌ച  (02/12/21) രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ, ഫ്യുമിച്ചീനൊയിലുള്ള "ലെയൊണാർദൊ ദ വിഞ്ചി" വിമാനത്താവളത്തിൽ നിന്ന് ആകാശനൗകയേറിയ പാപ്പാ വൈകുന്നേരം  പ്രാദേശിക സമയം 3 മണിയോടെ, ഇന്ത്യയിലെ സമയം വെകുന്നേരം ഏതാണ്ട് 6.30-ന് ആണ്, സൈപ്രസിലെ ലാർനക്ക (Larnaca) രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. രണ്ടു ദിവസം അന്നാടിനായി നീക്കിവയ്ക്കുന്ന പാപ്പാ നാലാം തീയതി ശനിയാഴ്ച (04/12/21) ഗ്രീസിലേക്കു പോകും.

സൈപ്രസും ഇന്ത്യയും തമ്മിലുള്ള സമയ വിത്യാസം 3 മണിക്കൂറും 30 മിനിറ്റുമാണ്. അതായത്, അന്നാടിനെ അപേക്ഷിച്ച് ഇന്ത്യ സമയത്തിൽ 3 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. 

പാപ്പായുടെ ആദ്യദിന സന്ദർശന പരിപാടികൾ

വ്യാഴാഴ്ച സൈപ്രസിൻറെ മണ്ണിൽ പാദമൂന്നിയ ഫ്രാൻസീസ് പാപ്പാ വിമാനത്താവളത്തിലെ ഹ്രസ്വ സ്വാഗതസ്വീകരണ ചടങ്ങുകൾക്കു ശേഷം, അവിടെ നിന്ന് 50 കിലോമീറ്റർ അകലെ, സൈപ്രസിൻറെ തലസ്ഥാന നഗരിയായ നിക്കോഷ്യയിൽ വരപ്രസാദ നാഥയുടെ നാമത്തിലുള്ള മാറോണീത്ത കത്തീദ്രൽ സന്ദർശിക്കുകയും അവിടെ വച്ച് അന്നാട്ടിലെ വൈദികരും സമർപ്പിതരും മതബോധകരും ശെമ്മാശന്മാരും സഭാപ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കത്തീദ്രലിൽ നടന്ന കൂടിക്കാഴ്ചാനന്തരം പാപ്പാ സൈപ്രസിൻറെ രാഷ്ട്രപതിയുടെ, അതായത്, പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയിലേക്കു പോയി. കത്തീദ്രലിൽ നിന്ന് ഏതാണ്ട് 3 കിലോമീറ്റർ അകലെയാണ് രാഷ്ട്രപതി മന്ദിരം. പൈൻ മരങ്ങൾ തിങ്ങി വളരുന്ന ഒരു പ്രദേശത്താണ് 1930-കളിൽ പണിതീർത്ത ഈ സൗധം. ഇവിടെ ആദ്യം ഉണ്ടായിരുന്നതും, തടിയിൽ തീർത്തിരുന്നതുമായ മന്ദിരം അഗ്നിബാധയിൽ നശിച്ചതിനെ തുടർന്നാണ് അവിടെതന്നെ പുതിയത് പണികഴിപ്പിച്ചത്. 1878 മുതൽ 1960 വരെ സൈപ്രസ് ബ്രിട്ടൻറെ ആധിപത്യത്തിലായിരുന്നപ്പോൾ, ആദ്യം ഈ മന്ദിരം ഗവർണറുടെ ആസ്ഥാനമായിരുന്നു. ബ്രിട്ടൻറെ ചിഹ്നം ഇപ്പോഴും ആ മന്ദിരത്തിനുണ്ട്. സൈപ്രസ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും ഗവർണ്ണർ അവിടം വിടുകയും ചെയ്തതിനു ശേഷം 1960-ൽ ആണ് ഈ സൗധം രാഷ്ട്രപതിയുടെ ഔദ്യാഗിക വസതിയായത്.

സൈപ്രസിൻറെ പ്രസിഡൻറ്

നിക്കോസ് അനസ്താസിയാദെസ് (Nicos Anastasiades) ആണ് സൈപ്രസിൻറെ പ്രസിഡൻറ്. എഴുപത്തിയഞ്ചു വയസ്സു പ്രായമുള്ള അദ്ദേഹം 1946-ലാണ് ജനിച്ചത്. നിയമ ബിരുദധാരിയായ അദ്ദേഹം ഏതൻസിലെയും ലണ്ടനിലെയും സർവ്വകലാശാലകളിൽ നിന്നാണ് നിയമ ബിരുദങ്ങൾ നേടിയത്. അഭിഭാഷകനായി ജോലിയാരംഭിച്ച അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങുകയും 2013 ഫെബ്രുവരി 24-ന് സൈപ്രസിൻറെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിവാഹിതനായ അദ്ദേഹത്തിന് രണ്ടു പെൺമക്കളുണ്ട്.

പാപ്പാ പ്രസിഡൻറിനെ സന്ദർശിക്കുന്നു

രാഷ്ട്രപതിയുടെ മന്ദിരത്തിനു മുന്നിൽ കാറിൽ വന്നിറിങ്ങിയ പാപ്പായെ സൈപ്രസിലെ ഓർത്തൊഡോക്സ് ആർച്ചുബിഷപ്പും ഒപ്പം അന്നാടിൻറെ പ്രഥമ പ്രസിഡൻറും ആയിരുന്ന മക്കാറിയോസ് ത്രിദീയൻറെ പ്രതിമയുടെ സമീപത്തുവച്ച്, സൈപ്രസിൻറെ ഇപ്പോഴത്തെ പ്രസിഡൻറ് നിക്കോസ് അനസ്താസിയാദെസ് സ്വീകരിച്ചു. തുടർന്ന് പാപ്പായ്ക്ക് സൈനികോപചാരം അർപ്പിക്കപ്പട്ടു. തദ്ദനന്തരം സൈനിക ബാൻറ് വത്തിക്കാൻറെയും സൈപ്രസിൻറെയും ദേശീയഗാനങ്ങൾ വാദനം ചെയ്തു.

അതിനു ശേഷം പാപ്പാ മക്കാറിയോസ് ത്രിദീയൻറെ പ്രതിമയുടെ മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു. തുടർന്ന് അവിടെ സന്നിഹിതരായിരുന്ന സൈപ്രസിൻറെയും വത്തിക്കാൻറെയും പ്രതിനിധി സംഘങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. തുടർന്ന് രാഷ്ട്രപതി മന്ദിരത്തിൻറെ പ്രവേശന കവാടത്തിനു മുന്നിൽ വച്ച് പാപ്പായും പ്രസിഡൻറും ഔദ്യോഗിക ഛായാഗ്രഹണത്തിനു നിന്നു. ഫോട്ടൊയെടുക്കലിനു ശേഷം പാപ്പായും പ്രസിഡൻറും സ്വകാര്യ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. തദ്ദനന്തരം ഇരുവരും സമ്മാനങ്ങൾ കൈമാറി.

പ്രസിഡൻറിന് പാപ്പായുടെ സമ്മാനം

സൈപ്രസിലും ഗ്രീസിലും താൻ നടത്തുന്ന ഇടയസന്ദർശനത്തിൻറെ സ്മാരകമുദ്രയാണ് പാപ്പാ പ്രസിഡൻറിന് സമ്മാനിച്ചത്. സൈപ്രസ് ഗ്രീസ് സന്ദർശനം എന്ന് മുകൾ വശത്തും താഴെ ഡിസമ്പർ 2 മുതൽ 6 വരെ എന്ന സന്ദർശന തീയതിയും ഉല്ലേഖനം ചെയ്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഈ മുദ്രയുടെ മദ്ധ്യത്തിൽ വലത്തും ഇടത്തുമായി യഥാക്രമം, ഈ നാടുകളുടെ സുവിശേഷവത്ക്കരണത്തിൻറെ നായകരായ പൗലോസ്, ബാർണബ എന്നീ അപ്പസ്തോലന്മാരുടെ രൂപം മുദ്രണം ചെയ്തിരിക്കുന്നു. സൈപ്രസിലെ ക്രിസ്തുമതത്തിൻറെ നീണ്ടകാല ചരിത്രത്തിൻറെ പ്രതീകവും ഇന്ന്  വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംഗമവേദിയുമായ, പാഫോസിലെ ക്രിസൊപൊലിത്തിസ്സ ദേവാലയവും പുരാതന ഗ്രീസിൻറെ ഒരു ദൃശ്യവും പശ്ചാത്തലത്തിൽ കാണാം.

സമ്മാനങ്ങൾ കൈമാറിയതിനുശേഷം പാപ്പാ പ്രസിഡൻറിൻറെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടു. തുടർന്ന് പാപ്പായും പ്രസിഡൻറും ഔപചാരിക കാര്യങ്ങൾക്കായുള്ള ശാലയായ “സെറിമോണിയൽ ഹാളി” (Ceremonial Hall) ലേക്കു പോയി. ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയിരുന്നത് ഈ ശാലയിലായിരുന്നു. നൂറ്റിഇരുപത്തിയഞ്ചോളം പേർ അവിടെ സന്നിഹിതരായിരുന്നു. അവർ കരഘോഷത്തോടെ പാപ്പായെ വരവേറ്റു. തദ്ദനന്തരം പാപ്പാ വേദിയിൽ ആസനസ്ഥനായതിനെ തുടർന്ന് പ്രസിഡൻറ് നിക്കോസ് അനസ്താസിയാദെസ് സ്വാഗതമോതി.

പ്രസിഡൻറിൻറെ സ്വാഗത വചസ്സുകൾ

സൈപ്രസിലെ ജനതയുടെ നാമത്തിൽ പാപ്പായ്ക്ക് സ്വഗതമോതാൻ കഴിയുന്നത് തനിക്ക് വലിയൊരു ബഹുമതിയാണെന്നും, സൈപ്രസിൽ റോമൻ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ നടത്തുന്ന രണ്ടാമത്തെതായ ഈ സന്ദർശനം ചരിത്രപരമാണെന്നും പറഞ്ഞ പ്രസിഡൻറ് അനസ്താസിയാദെസ് ഇത് തന്നിലുളവാക്കുന്നത് സവിശേഷമായൊരു വികാരവും ആത്മാർത്ഥാനന്ദവുമാണെന്ന് വെളിപ്പെടുത്തി.  പ്രസിഡൻറിൻറെ സുദീർഘമായിരുന്ന സ്വാഗത പ്രസംഗത്തെ തുടർന്ന്  പാപ്പാ മറുപടി പ്രസംഗം നടത്തി.

ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ അവിടെ നിന്ന് മൂന്നു കിലോമീറ്ററോളം അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് കാറിൽ യാത്രയായി.

അപ്പൊസ്തോലിക് നൺഷിയേച്ചർ

1973 ഫെബ്രുവരി 13-നാണ് വിശുദ്ധ പോൾ ആറാമൻ പാപ്പാ സൈപ്രസിൻറെ തലസ്ഥാനമായ നിക്കോഷ്യയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥാനപതികാര്യാലയമായ അപ്പൊസ്തോലിക് നൺഷിയേച്ചർ തുറന്നുകൊണ്ടുള്ള പ്രഖ്യാപനം പുറപ്പെടുവിച്ചത്. “വിശുദ്ധകുരിശിൻറെ” (Holy Cross)  നാമത്തിലുള്ള ഫ്രാൻസിസ്ക്കൻ ആശ്രമസമുച്ചയത്തിലാണ് ഈ സ്ഥാനപതി കാര്യാലയം ഉള്ളത്. ഈ സമുച്ചയത്തിലാണ് സൈപ്രസിലെ ഏക ലത്തീൻ കത്തോലിക്കാ പള്ളി, വിശുദ്ധ കുരിശിൻറെ ഇടവക ദേവാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ളതാണ്. അപ്പൊസ്തോലിക് നൺഷിയേച്ചറിലെത്തിയ പാപ്പാ അത്താഴം കഴിച്ച് അവിടെ രാത്രി വിശ്രമിച്ചു.

സൈപ്രസിലെ രണ്ടാം ദിനം

സൈപ്രസിലെ രണ്ടാം ദിനത്തിൽ അതായത്, ഡിസംബർ മൂന്നിന് (03/12/21) വെള്ളിയാഴ്ച, പാപ്പായുടെ ഔദ്യോഗിക പരിപാടികൾ അന്നാട്ടിലെ ഓർത്തൊഡോക്സ് മെത്രാപ്പോലീത്ത ക്രിസോസ്തൊമോസ് ദ്വിതീയനു (CHRYSOSTOMOS II)മായുള്ള സൗഹൃദ കൂടിക്കാഴ്ച, നിക്കോഷ്യയിലുള്ള ഓർത്തൊഡോക്സ് കത്തീദ്രലിൽ വച്ച് ഓർത്തൊഡോക്സ് സഭാസിനഡിനെ സംബോധന ചെയ്യൽ, നിക്കോഷ്യയിലെ പാൻസിപ്രിയൻ ജിംനാസ്റ്റിക് അസ്സോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് ദിവ്യപൂജാർപ്പണം, വിശുദ്ധകുരിശിൻറെ കത്തോലിക്കാ ദേവാലയത്തിൽ വച്ച് കുടിയേറ്റക്കാരുടെ പങ്കാളിത്തത്തോടെയുള്ള എക്യുമെനിക്കൽ പ്രാർത്ഥന എന്നിവയായിരുന്നു.

പാപ്പാ ഓർത്തൊഡോക്സ് മെത്രാപ്പോലീത്തയുടെ അരമനയിൽ

വെള്ളിയാഴ്ച (03/12/21) രാവിലെ ഫ്രാൻസീസ് പാപ്പാ പ്രാതലിനു ശേഷം അപ്പൊല്തോലിക് നൺഷിയേച്ചറിൽ നിന്ന് ഒന്നര കിലോമിറ്റർ അകലെയുള്ള ഓർത്തൊഡോക്സ് അതിമെത്രാസന അരമനയിലേക്ക് കാറിൽ യാത്രയായി. പാതയോരങ്ങളിൽ നിരവധിപ്പേർ പാപ്പാ കടന്നുപോകുന്നതും കാത്തു നിന്നിരുന്നു. 1956-നും 1960-നുമിടയിൽ ഓർത്തൊഡോക്സ് മെത്രാപ്പോലീത്ത മക്കാറിയൊസ് മൂന്നാമൻ ആണ് നിക്കോഷ്യയുടെ കേന്ദ്രഭാഗത്ത് ഈ അരമന പണികഴിപ്പിച്ചത്. പുതിയ കെട്ടിടം പണിതീർന്നതോടെ ഇതിനടുത്തുളള 1730-ലെ പഴയ അതിമെത്രാസന മന്ദിരം ജനകീയ കലകളുടെയുടെ ദേശിയ പോരാട്ടത്തിൻറെയും മ്യൂസിയമാക്കി മാറ്റപ്പെട്ടു.

സൈപ്രസിൻറെ ആകമാന മെത്രാപ്പോലിത്തയായ ക്രിസോസ്തോമോസ് രണ്ടാമൻ പാഫോസിൽ 1941 ഏപ്രിൽ 10-നാണ് ജനിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് 80 വയസ്സാണ് പ്രായം. 2006 ഒക്ടോബറിലാണ് മെത്രാപ്പോലീത്ത ക്രിസോസ്തോമോസ് ആകമാന സൈപ്രസിൻറെയും നോവ ജസ്റ്റീനിയാനയുടെയും ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്.

2005 ഏപ്രിൽ 8-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ശവസംസ്ക്കാര ചടങ്ങിലും ഏപ്രിൽ 24-ന് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്ഥാനാരോഹണ കർമ്മത്തിലും അദ്ദേഹം, അന്നു ഗുരുതര രോഗബാധിതനായിരുന്ന ക്രിസോസ്തോമോസ് പ്രഥമൻറെ പ്രതിനിധിയെന്ന നിലയിൽ പങ്കെടുത്തിരുന്നു. സൈപ്രസിൻറെ ആകമാന മെത്രാപ്പോലീത്ത ആയതിനു ശേഷം ക്രിസോസ്തൊമോസ് രണ്ടാമൻ മൂന്നു തവണ, 2007,2011 എന്നീ വർഷങ്ങളിൽ വത്തിക്കാനിൽ വച്ചും 2010-ൽ സൈപ്രസിൽ വച്ചും ബെനഡിക്ട് പതിനാറാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

അതിമെത്രാസനമന്ദിരത്തിൻറെ പ്രധാന പ്രവേശനകവാടത്തിങ്കൽ കാറിലെത്തിയ പാപ്പായെ സഭാ സിനഡിൻറെ ഒരു പ്രതിനിധി സ്വീകരിച്ചു. വാതിൽക്കൽ വച്ച് മെത്രാപ്പോലിത്ത ക്രിസോസ്തോമോസ് രണ്ടാമൻ പാപ്പായെ സ്വാഗതം ചെയ്തു. തുടർന്ന് ഇരുവരും പ്രതിനിധി സംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തി. അതിനുശേഷം പാപ്പായും മെത്രാപ്പോലിത്തായും സ്വകാര്യകൂടിക്കാഴ്ച നടത്തുകയും പാപ്പാ വിശിഷ്ട വ്യക്തികൾ തങ്ങളുടെ ഓർമ്മക്കുറിപ്പു രേഖപ്പെടുത്തുന്ന സുവർണ്ണ ഗ്രന്ഥത്തിൽ ഏതാനും വാക്കുകൾ കുറിക്കുകയും അതിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

ചരിത്രത്തിൻറെയും വിശ്വാസത്തിൻറെയും മുത്തായ സൈപ്രസിലേക്കുള്ള തീർത്ഥാടകനായ ഞാൻ, പൂർണ്ണ ഐക്യോന്മുഖമായി ചരിക്കാനും, അപ്പോസ്തലന്മാരുടെ മാതൃക പിൻചെന്നുകൊണ്ട്, സാന്ത്വന സാഹോദര്യ സന്ദേശവും പ്രത്യാശയുടെ സജീവസാക്ഷ്യവും ലോകത്തിനു നല്കാനുമുള്ള എളിമയും ധൈര്യവും ദൈവത്തോട് അപേക്ഷിക്കുന്നു“ എന്നാണ് പാപ്പാ സുവർണ്ണ ഗ്രന്ഥത്തിൽ കുറിച്ചത്.

ഓർത്തൊഡോക്സ് കത്തീദ്രൽ

അതിമെത്രാസന മന്ദിരത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ സമീപത്തുള്ള ഓർത്തോഡോക്സ് കത്തീദ്രലിലേക്കു പോയി. ദൈവശാസ്ത്രജ്ഞനായ വിശുദ്ധ യോഹന്നാൻറെ കത്തീദ്രൽ എന്നും അറിയപ്പെടുന്ന ഈ ദേവാലയം യോഹന്നാൻ അപ്പോസ്തലന് പ്രതിഷ്ഠിതമാണ്. 1662 ഏപ്രിൽ 30 വരെ പിന്നോട്ടു പോകുന്നതാണ് ഈ കത്തീദ്രലിൻറെ ചരിത്രം. അന്ന് ശിലാസ്ഥാപനം നടന്ന ഈ കത്തീദ്രലിൻറെ പണി പൂർത്തിയാകുന്നതിന് 10 വർഷത്തിലേറെ വേണ്ടിവന്നു.

ഓർത്തൊഡോക്സ് സഭാസിനഡുമായുള്ള കൂടിക്കാഴ്ചയ്ക്കായിട്ടാണ് പാപ്പാ ഈ കത്തീദ്രലിൽ എത്തിയത്. സൈപ്രസിലെ സ്വയംഭരണ ഓർത്തൊഡോക്സ് സഭയുടെ പരമാധികാരസമിതിയാണ് ഈ സഭാസിനഡ്. കത്തീദ്രലിൽ സഭാസിനഡുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ പാപ്പായെ മെത്രാപ്പോലീത്ത ക്രിസോസ്തോമോസ് ദ്വിതീയൻ സ്വാഗതം ചെയ്തു.

"വിശുദ്ധന്മാരുടെയും രക്തസാക്ഷികളുടെയും ദ്വീപായ" ഞങ്ങളുടെ സൈപ്രസിലേക്ക് ഞങ്ങൾ അങ്ങയെ സ്വാഗതം ചെയ്യുന്നു” എന്ന ആമുഖ വാക്കുകളോടെയാണ് മെത്രാപ്പോലിത്താ ക്രിസോസ്തോമോസ് ദ്വിതീയൻ പാപ്പായെ വരവേറ്റത്.

യൂറോപ്പിൻറെ ക്രിസ്തീയ വേരുകളും അതിനാൽ തന്നെ അതിൻറെ ആത്മീയ സ്രോതസ്സുകളും സൈപ്രസിൽ കാണപ്പെടുന്നു എന്ന വസ്തുതയാൽ തങ്ങൾക്കുള്ളിൽ സഭാതീക്ഷ്ണത അനുഭവപ്പെടുന്നുവെന്നും അതുകൊണ്ടാണ് സൈപ്രസിനെ "വിജാതീയരുടെ ലോകത്തിലേക്കുള്ള ക്രിസ്തുമതത്തിൻറെ കവാടം" ആയി ന്യായമായും കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തുവിൻറെ സ്നേഹചൈതന്യം വിശ്വസ്തതയോടെ പിന്തുടരുന്ന സൈപ്രസിലെ സഭ എല്ലാ ക്രൈസ്തവസഭകളുമായും നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എല്ലാവരുമായും സംഭാഷണത്തിലേർപ്പെടുന്നതിന് പരിശ്രമിക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത ക്രിസോസ്തോമോസ് ദ്വിതീയൻ വെളിപ്പെടുത്തി. തുർക്കിയുടെ നിഷ്ഠൂര ആക്രമണത്തെക്കുറിച്ചും അദ്ദേഹം വേദനയോടെ അനുസ്മരിച്ചു.

1974 മുതൽ ഇന്നുവരെ സൈപ്രസിലെ സഭ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഏറ്റവും പ്രയാസകരമായ ചരിത്ര വഴിത്തിരിവിലൂടെയാണെന്നും തുർക്കി സൈപ്രസിൻറെ 38% ആയുധബലത്താൽ പിടിച്ചെടുക്കുകയും നിവാസികളെ കുന്തവും തീയും ഉപയോഗിച്ച് പുറത്താക്കുകയം സ്വഭവനങ്ങളിൽ നിന്ന് അവരെ പിടിച്ചുകൊണ്ടു പോകുകയും കർത്താവിൻറെ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കിയിരിക്കുകയും ദേവാലയങ്ങൾ നശിപ്പിക്കുകയും അശുദ്ധമാക്കുകയും ചെയ്തതും അദ്ദേഹം അനുസ്മരിക്കുകയും ദൗർഭാഗ്യവശാൽ 47 വർഷമായി തങ്ങൾ കടന്നുപോകുന്നത് ദേശീയവും സഭാപരവുമായ ഈ ഗൊൽഗോഥയിലൂടെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മെത്രാപ്പോലീത്തയുടെ വാക്കുകളെ തുടർന്ന് പാപ്പാ സിനഡിനെ സംബോധന ചെയ്തു. പ്രഭാഷണാനന്തരം പാപ്പായും മെത്രാപ്പോലിത്തയും സമ്മാനങ്ങൾ കൈമാറി. അതിനു ശേഷം പാപ്പാ മെത്രാപ്പോലിത്ത ക്രസോസ്തൊമോസ് രണ്ടാമനോടും ഓർത്തൊഡോക്സ് സഭാസിനഡിനോടും വിട പറഞ്ഞു.

ദിവ്യബലി സ്റ്റേഡിയത്തിൽ

വെള്ളിയാഴ്ച രാവിലെ പാപ്പായുടെ അടുത്ത പരിപാടി പാൻസിപ്രിയൻ ജിംനാസ്റ്റിക് അസ്സോസിയേഷൻ സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണമായിരുന്നു. അതിനായി പാപ്പാ ഓർത്തോഡോക്സ് കത്തീദ്രലിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള ഈ കാൽപ്പന്തുകളി മൈതാനിയിൽ കാറിൽ എത്തി. 22000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഈ സ്റ്റേഡിയം 1999 ഒക്ടോബർ 6-നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1902 മുതൽ അവിടെ ഉണ്ടായിരുന്നതും 12000 പേരെ ഉൾക്കൊള്ളാൻ സ്ഥലസൗകര്യം ഉണ്ടായിരുന്നതുമായ പഴയ സ്റ്റേഡിയത്തിൻറെ സ്ഥാനത്താണ് ഇത് ഉയർന്നു നില്ക്കുന്നത്.

ഡിസമ്പർ 3-ന് വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ തിരുന്നാൾ ആകയാൽ സ്റ്റേഡിയത്തിൽ അർപ്പിക്കപ്പെട്ടത് ആ വിശുദ്ധൻറെ തിരുന്നാൾക്കുർബ്ബാന ആയിരുന്നു. സ്റ്റേഡിയത്തിലെത്തിയ പാപ്പാ കാറിൽ നിന്നിറങ്ങിയതിനുശേഷം അവിടെ, തന്നെ സ്വീകരിക്കാൻ നിന്നിരുന്നവരുമൊത്ത് കുശലം പറയുകയും തുടർന്ന് സങ്കീർത്തിയിലേക്കു പോകുകയും പൂജാവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങുകയും ചെയ്തു. അപ്പോൾ പ്രവേശന ഗാനം അന്തരീക്ഷത്തിൽ അലതല്ലി.

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസും, ഇസ്രായേൽ, പലസ്തീൻ, ജോർദ്ദാൻ, സൈപ്രസ് എന്നിവിടങ്ങളിലെ ലത്തീൻ റീത്തിലെയും പൗരസ്ത്യ സഭകളിലെയും കത്തോലിക്കാമെത്രാന്മാരുടെ സമിതിയുടെ (AOCTS) അദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് പിയെർബത്തീസ്ത പിത്സബാല്ലയും സഹകാർമ്മികനായിരുന്നു.  ദിവ്യബലി ആരംഭിച്ച ഉടനെ പാത്രിയാർക്കിസ് പിയെർബാത്തിസ്ത പിത്സബാല്ല പാപ്പായെ സ്വാഗതം ചെയ്തു.

പാത്രിയാർക്കീസ് പിത്സബാല്ലയുടെ വാക്കുകൾ

സൈപ്രസിലെ സഭ പാപ്പായെ  അതിയായ ആനന്ദത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും  പാപ്പായ്ക്കും സാർവ്വത്രിക സഭയ്‌ക്കുള്ള പാപ്പായുടെശുശ്രൂഷയ്‌ക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ ഇവിടെ സൈപ്രസും ഉൾപ്പെടുന്ന ജറുസലേമിലെ മുഴുവൻ സഭയും ഒന്നുചേരുന്നുവെന്നും  പാത്രിയാർക്കീസ് പറഞ്ഞു.

ഈ ചെറിയ ദ്വീപ്, നിരവധി വിഭജനങ്ങളാൽ മുറിവേറ്റിട്ടുണ്ടെങ്കിലും, വെളിച്ചവും പ്രതീക്ഷകളും സംവഹിക്കുന്നുണ്ടെന്നും അത് സഭകൾ തമ്മിലുള്ള ഐക്യം, സ്വാഗതഭാവവും ഏകീകരണവും ആണെന്നും പാത്രിയാർക്കീസ് പിത്സബാല്ല അനുസ്മരിച്ചു.

സൈപ്രസിൽ, ഏഷ്യക്കാർ, ആഫ്രിക്കക്കാർ, യൂറോപ്യന്മാർ, കുടിയേറ്റക്കാർ, വിദേശ തൊഴിലാളികൾ - തദ്ദേശീയ ജനത എല്ലാവരും ചേർന്ന് ഒരൊറ്റ ഗാത്രമായി ഒരൊറ്റ സമൂഹം ആയിത്തീർന്നിരിക്കുന്നു, ആദ്യക്രൈസ്തവ സമൂഹം പോലെ ആയിരിക്കുന്നു എന്നു അദ്ദേഹം വിശദീകരിച്ചു.

പാത്രിയാർക്കീസിൻറെ ആമുഖവക്കുകളെ തുടർന്ന് വിശുദ്ധഗ്രന്ഥ വായനകളായിരുന്നു. തദ്ദനന്തരം ഫ്രാൻസീസ് പാപ്പാ സുവിശേഷ ചിന്തകൾ പങ്കുവച്ചു. പ്രഭാഷണാന്തരം ഇറ്റാലിയൻ, ഗ്രീക്ക്, ഇംഗ്ലീഷ്, തഗലോഗ് അറബി എന്നീ ഭാഷകളിലായിരുന്ന വിശ്വാസികളുടെ പ്രാർത്ഥനയോടെ ദിവ്യബലി തുടർന്നു. ദിവ്യകാരുണ്യസ്വീകരണത്തിനു ശേഷം സൈപ്രസിലെ മാറോണീത്ത ആർച്ചുബിഷപ്പ് സേലിം ഷ്വാൻ സ്ഫെയെ (Selim Jean Sfeir) പാപ്പായ്ക്ക് നന്ദിയർപ്പിച്ചു.   ആർച്ചുബിഷപ്പിൻറെ വാക്കുകളെ തുടർന്ന് പാപ്പായുടെ കൃതജ്ഞതാപ്രകാശനമായിരുന്നു.

പാപ്പായുടെ നന്ദിപ്രകാശനം

തനിക്കേകിയ വരവേല്പിനും തന്നോട് കാണിച്ച സ്നേഹത്തിനും പാപ്പാ എല്ലാവരോടും തൻറെ ഹൃദയംഗമമായ നന്ദി അറിയിച്ചു.

സൈപ്രസിൽ തനിക്ക്, പൗരാണികതയും വൈവിധ്യമാർന്ന ക്രൈസ്തവ പാരമ്പര്യങ്ങളും ഓരോ തീർത്ഥാടകനെയും സമ്പന്നമാക്കുന്ന വിശുദ്ധ നാടിൻറെതായ പ്രതീതി അനുഭവപ്പെടുന്നുവെന്നും  പ്രതീക്ഷയോടെയും ഭാവിയിലേക്കുള്ള തുറന്ന മനസ്സോടെയും വർത്തമാനകാലത്തിൽ ജീവിക്കുന്നവരും ഈ മഹത്തായ ദർശനം ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുമായി പങ്കിടുന്നവരുമായ വിശ്വാസികളുടെ സമുഹത്തെ കണ്ടുമുട്ടുന്നത് പ്രോത്സാഹജനകമാണെന്നും പാപ്പാ പറഞ്ഞു.

മെച്ചപ്പെട്ട ജീവിതം തേടുന്ന കുടിയേറ്റക്കാരെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.

ഈ സന്ദർശനം സംഘടിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും എല്ലാവരെയും കർത്താവ്  അനുഗ്രഹിക്കട്ടെ എന്നും പരിശുദ്ധ അമ്മയുടെ സംരക്ഷണമുണ്ടാകട്ടെയന്നും ആശംസിക്കുകയും ചെയ്തു. പ്രാദേശിക ഭാഷയിൽ എഫ്കാരിസ്തോ, അതായത് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തൻറെ വാക്കുകൾ ഉപസംഹരിച്ചത്.

തദ്ദനന്തരം സമാപനാശീർവ്വാദത്തെ തുടർന്ന് പാപ്പാ സങ്കീർത്തിയിലേക്കു പോയി. അപ്പോൾ സമാപനഗീതം ഉയർന്നു. ദിവ്യപൂജയ്ക്കു ശേഷം പാപ്പാ സ്റ്റേഡിയത്തിൽ നിന്ന് 8 കിലോമീറ്ററോളം അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് കാറിൽ പോയി. അവിടെ ആയിരുന്നു ഉച്ചവിരുന്ന് ഒരുക്കിയിരുന്നത്.

                              

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2021, 12:00