തിരയുക

ബാഴ്‌സലോണയിലെ തിരുക്കുടുംബനാമത്തിലുള്ള ബസലിക്കയിലുയർത്തിയ നക്ഷത്രം ബാഴ്‌സലോണയിലെ തിരുക്കുടുംബനാമത്തിലുള്ള ബസലിക്കയിലുയർത്തിയ നക്ഷത്രം 

പരിശുദ്ധ അമ്മ മാതൃകയും വെളിച്ചവും: ഫ്രാൻസിസ് പാപ്പാ

സ്പെയിനിലെ അതിപ്രശസ്തമായ തിരുക്കുടുംബ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള ഗോപുരത്തിൽ നക്ഷത്രം ഉയർത്തുന്ന അവസരത്തിലേക്ക് ഫ്രാൻസിസ് പാപ്പാ അയച്ച വീഡിയോസന്ദേശത്തിന്റെ സംക്ഷിപ്‌തരൂപം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമാധാനവും സ്നേഹവും നിങ്ങൾക്ക് ഞാൻ നേരുന്നു എന്ന ഫ്രാൻസിസ്കൻ അഭിവാദ്യത്തോടെ ഫ്രാൻസിസ് പാപ്പാ, സഗ്രാദാ ഫമിലിയ എന്ന് സ്പാനിഷ് ഭാഷയിൽ വിളിക്കപ്പെടുന്ന തിരുക്കുടുംബത്തിന്റെ പേരിലുള്ള ബസലിക്കയിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള ഗോപുരത്തിൽ ഡിസംബർ 8-ന് നക്ഷത്രം ഉയർത്തിയ അവസരത്തിലേക്കയച്ച സന്ദേശത്തിൽ, പരിശുദ്ധ അമ്മ നമുക്ക് മാതൃകയും വെളിച്ചവുമാണെന്ന് ഉദ്‌ബോധിപ്പിച്ചു.

ദുർബലർക്കായി പ്രകാശിക്കുന്ന നക്ഷത്രം

തന്റെ സന്ദേശത്തിന്റെ ആദ്യഭാഗത്തുതന്നെ ബാഴ്‌സലോണ നഗരത്തിലെ രോഗികൾക്കും പ്രായമായവർക്കും, തങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായ യുവജനങ്ങൾക്കുമായി പ്രത്യാശയുടെ വാക്കുകളാണ് പാപ്പാ നൽകിയത്. "മേരിയുടെ പേരിലുള്ള ഗോപുരത്തിലെ ഈ നക്ഷത്രം നിങ്ങൾക്കായാണ് പ്രകാശിക്കുന്നത്" എന്ന് പാപ്പാ പറഞ്ഞു.

പുതിയ സുവിശേഷവത്കരണത്തിന്റെ നക്ഷത്രമായ പരിശുദ്ധ അമ്മ

പരിശുദ്ധ അമ്മയുടെ പേരിലുള്ള ഈ ഗോപുരത്തെ കിരീടമണിയിക്കുവാനായി ആന്റണി ഗൗദി എന്നയാൾ നിർമ്മിച്ച ഈ നക്ഷത്രം, കർദ്ദിനാൾ ഹുവാൻ ഹൊസെ ഒമെയ്യ എന്ന നിങ്ങളുടെ അഭിവന്ദ്യ പിതാവിനും മറ്റ് മൂന്ന് സഹായമെത്രാന്മാരോടും ഒപ്പമുള്ള നിങ്ങളുടെ സിനഡൽ, അതായത് ഒരുമിച്ചുള്ള, യാത്രയെ പ്രകാശിപ്പിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

പരിശുദ്ധ അമ്മ യഥാർത്ഥത്തിൽ പുതിയ സുവിശേഷവത്കരണത്തിന്റെ നക്ഷത്രമാണെന്നും അതുകൊണ്ടുതന്നെ, ഇപ്പോൾ ഉയർത്തിയിരിക്കുന്ന ഈ നക്ഷത്രത്തെ നോക്കുമ്പോൾ പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിക്കുവാനും, അതുവഴി ആർദ്രതയുടെയും വാത്സല്യത്തിന്റെയും വിപ്ലവകരമായ ശക്തിയിൽ വീണ്ടും വിശ്വസിക്കുവാനും (Evangelii gaudium, n. 288 ) നിങ്ങൾക്ക് സാധിക്കട്ടെ എന്ന് പാപ്പാ പറഞ്ഞു.

കൃപ നിറഞ്ഞ അമ്മ

അമലോത്ഭവമാതാവ് കൃപാനിറഞ്ഞ (ലൂക്ക 1, 28) ദൈവത്തിന്റെ കലാസൃഷ്ടിയാണ്. തന്റെ ഉള്ളിൽ മാംസമായി മാറിയ ദൈവത്തിന്റെ സാന്നിധ്യം അവളിൽ നിറഞ്ഞിരിക്കുന്നു. അമ്മയുടെ മാതൃത്വവും വാത്സല്യവും നിറഞ്ഞ സാന്നിധ്യമാണ് ഓരോ നന്മനിറഞ്ഞ മറിയമേ ചൊല്ലുമ്പോഴും നാം അനുഭവിക്കേണ്ടത്. ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തോടെ നാം ദേവാലയത്തിൽ പ്രവേശിക്കുവാൻ വേണ്ടിയാണ്, ഗൗദി എന്ന കലാകാരൻ പരിശുദ്ധ അമ്മയെ കാരുണ്യത്തിന്റെ വാതിലിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്നത്.

പാവപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരും തിരുക്കുടുംബവും

ബാഴ്‌സലോണ നഗരം എല്ലാവർക്കും നേരെ കൂടുതൽ തുറന്നതും ജീവിതയോഗ്യവുമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. തിരുക്കുടുംബം അനുഭവിച്ച ബുദ്ധിമുട്ടുകളാണ് "പ്രതീക്ഷയുടെ വാതിലിൽ" ചിത്രീകരിച്ചിരിക്കുന്ന സഹനത്തിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന ജോലിക്കാരുടെ മുഖങ്ങളിൽ നാം കാണുന്നത്. ജറുസലേമിൽ മരിച്ച അനേകം കുട്ടികളുടെ മരണമാണ് നിഷ്കളങ്കരായ അനേകരുടെ മരണങ്ങളിൽ നാം കാണുന്നത്.

പാർശ്വവത്കരിക്കപ്പെട്ടവരും പ്രായമായവരും

പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ഗോപുരത്തിലെ നക്ഷത്രം, എല്ലായിടങ്ങളിലും സുവിശേഷത്തിന്റെ ആനന്ദം പ്രസരിപ്പിക്കുവാൻ നമ്മെ സഹായിക്കട്ടെ എന്ന് ആശംസിച്ച പാപ്പാ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ നമ്മെ സഹോദര്യത്തിൽ വളരാനും, സുവിശേഷം ചെറുപ്പക്കാരോട് അറിയിക്കാനും, ദരിദ്രരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സ്വീകരിക്കുവാനും കഴിവുള്ളവരാക്കട്ടെ എന്ന് ഉദ്‌ബോധിപ്പിച്ചു.

പ്രായമായവരെ മറക്കരുതെന്ന് പറഞ്ഞ പാപ്പാ, വൃക്ഷങ്ങൾക്ക് വേരുകൾ പോലെ, നമുക്ക് വളരാനുള്ള ജീവജലം ലഭിക്കുന്നത് അവരിൽനിന്നാണെന്ന് ഓർമ്മിപ്പിച്ചു. ചെറുപ്പക്കാരും വൃദ്ധരും തമ്മിലുള്ള സംസാരവും ഇടപെടലുകളും കൂടുതൽ ഉണ്ടാകുന്നതിന് സഹായിക്കാനും അതുവഴി യുവജനങ്ങൾക്ക് വളരാനും പുഷ്‌പിക്കാനും സാധിക്കട്ടെയെന്നും പാപ്പാ പറഞ്ഞു.

പരിശുദ്ധ അമ്മയുടെ പരിപാലനവും ദൈവാനുഗ്രഹങ്ങളും നേർന്ന പാപ്പാ, പതിവുപോലെ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷയോടെയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2021, 16:48