തിരയുക

ഫ്രാൻസിസ് പാപ്പാ ഊർബി എത്ത് ഓർബി സന്ദേശം നൽകുന്നു ഫ്രാൻസിസ് പാപ്പാ ഊർബി എത്ത് ഓർബി സന്ദേശം നൽകുന്നു 

ഊർബി എത്ത് ഓർബി സന്ദേശം: സാഹോദര്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

2021 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മട്ടുപ്പാവിൽനിന്ന് ഫ്രാൻസിസ് പാപ്പാ ഊർബി എത്ത് ഓർബി (നഗരത്തിനും ലോകത്തിനും) സന്ദേശം നൽകി.
"ഊര്‍ബി എത്ത് ഓര്‍ബി" ക്രിസ്തുമസ് 2021 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നഗരത്തോടും ലോകത്തോടും പരിശുദ്ധ സിംഹാസനത്തിൽനിന്ന്

റോമാ നഗരത്തിലെയും ലോകത്തെല്ലായിടത്തെയും വിശ്വാസികൾക്ക് പത്രോസിന്റെ പിൻഗാമി നൽകുന്ന പ്രത്യേക ആശീർവാദമാണ് ഊർബി എത്ത് ഓർബി. ഈ ക്രിസ്തുമസ് ദിനത്തിലും ലോകത്തിനു മുഴുവൻ സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പായെത്തി.

ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഊർബി എത്ത് ഓർബി സന്ദേശം സാധാരണ രീതിയിൽ നൽകാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, ഇത്തവണ ഫ്രാൻസിസ് പാപ്പാ, സാധാരണ നടക്കാറുള്ളതുപോലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുൻവശത്തുള്ള മട്ടുപ്പാവിൽ നിന്നുകൊണ്ടാണ് സന്ദേശവും ആശീർവാദവും നൽകിയത്.

വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ വലിയ ചത്വരത്തിൽ നിറഞ്ഞ ആയിരക്കണക്കിന് ആളുകളോട് പാപ്പാ ഇങ്ങനെ സംസാരിച്ചു.

പ്രിയ സഹോദരീ സഹോദരന്മാരെ ക്രിസ്തുമസ് ആശംസകൾ!

ഈ ലോകം മുഴുവൻ സൃഷ്ടിക്കുകയും, മനുഷ്യന്റെ ചരിത്രത്തിനും ജീവിതപ്രയാണത്തിനും അർത്ഥം നൽകുകയും ചെയ്യന്ന ദൈവവചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. ദൈവീകരഹസ്യത്തിലേക്ക് തുറന്നിരിക്കുന്ന ഓരോ സ്ത്രീപുരുഷന്മാരുടെയും ഹൃദയങ്ങളെ വിസ്‌മയത്താൽ നിറയ്ക്കാൻ ഒരു കാറ്റിന്റെ മർമ്മരം പോലെ ഒരു മൃദുസ്വരമായി അവൻ പ്രത്യക്ഷപ്പെട്ടു.

നമ്മുടെ ഇടയിൽ ഒരുമയിൽ വസിക്കുന്ന ദൈവം

വചനം മാംസമായത് നമ്മോട് സംവദിക്കാൻവേണ്ടിയാണ്. ദൈവം ഒരു ഏകഭാഷണം നടത്താനല്ല മറിച്ച്, സംവാദമാണ് ആഗ്രഹിക്കുന്നത്. കാരണം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം തന്നെ പരസ്പരമുള്ള ഒരു സംവാദമാണ്; സ്നേഹത്തിന്റെയും ജീവന്റെയും നിത്യവും അനന്തവുമായ ഒരു കൂട്ടായ്മ.

ലോകത്തിലേക്ക് വചനം മാംസമായ വ്യക്തിയായി കടന്നുവരുമ്പോൾ ദൈവം നമുക്ക് പരസ്പരമുള്ള കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും വഴിയാണ് കാണിച്ചുതരുന്നത്. അതുമാത്രമല്ല, ഈ വഴി നാമും അറിയുവാനും, വിശ്വാസത്തോടെയും പ്രതീക്ഷയോടെയും അതിലെ സഞ്ചരിക്കുവാനും വേണ്ടി, അവൻ അവനിൽത്തന്നെ ഈ ഒരു മാർഗ്ഗം ഉൾക്കൊള്ളിച്ചു.

സമൂഹത്തിലെ ഒരുമ

സഹോദരീസഹോദരന്മാരെ, "കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരുമിച്ചു നിർത്തിയ ഉദാരമതികളായ ഒരുപാടു വ്യക്തികളുടെ ക്ഷമാപൂർണ്ണമായ സംവാദങ്ങളില്ലായിരുന്നെങ്കിൽ ഈ ലോകം എന്താകുമായിരുന്നു?" (Enc. Fratelli tutti, 198). ഇപ്പോഴത്തെ മഹാമാരിയുടെ സമയത്ത് നാം അത് കൂടുതലായി മനസിലാക്കുന്നു. സാമൂഹിക ബന്ധങ്ങൾക്കുള്ള നമ്മുടെ കഴിവ് തീവ്രമായി പരീക്ഷിക്കപ്പെടുന്നു; തന്നിൽത്തന്നെ ഒതുങ്ങിക്കൂടാനും, തനിയെ എല്ലാം ചെയ്യാനും ഉള്ള പ്രവണതകൾ ശക്തമാകുന്നു, പുറത്തേക്ക് ഇറങ്ങുന്നതിനും, മറ്റുള്ളവരുമായി കണ്ടുമുട്ടലുകൾ നടത്തുന്നതിനും, ഒരുമിച്ച് കാര്യങ്ങൾ ചെയ്യുന്നതിനുമുള്ള പ്രവണതകൾ ഉപേക്ഷിക്കാൻ തോന്നലുണ്ടാകുന്നു.  അന്തർദേശീയരംഗത്തും, സംവാദങ്ങൾ നടത്താൻ ആഗ്രഹിക്കാതിരിക്കുക എന്ന അപകടമുണ്ട്, ഇപ്പോഴത്തെ സങ്കീർണ്ണമായ പ്രതിസന്ധി, സംവാദത്തിന്റെ ദൈർഘ്യമേറിയ പാതകളേക്കാൾ മറ്റു കുറുക്കുവഴികൾ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന അപകടവുമുണ്ട്. എന്നാൽ യാഥാർത്ഥ്യത്തിൽ സംവാദങ്ങൾ മാത്രമാണ് നീണ്ടുനിൽക്കുന്നതും, പരസ്പരം പങ്കിടാവുന്നതുമായ നേട്ടങ്ങളിലേക്കും, പ്രശ്നപരിഹാരങ്ങളിലേക്കും നയിക്കുന്നത്.

ക്രിസ്തുമസും ലോകസമാധാനവും

സത്യത്തിൽ, യഥാർത്ഥ സമാധാനത്തിന്റെ ഉറവിടമായ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നമുക്കുചുറ്റും, ലോകമെമ്പാടും മുഴങ്ങുമ്പോഴും, നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും വൈരുദ്ധ്യങ്ങളും നമുക്ക് കാണാം. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന അവയെ നമ്മൾ ഏതാണ്ട് ശ്രദ്ധിക്കുന്നു പോലുമില്ല. അതിതീവ്രമായ ദുരന്തങ്ങൾ പോലും നിശബ്ദമായി കടന്നുപോകുന്ന നിലയിൽ നമുക്കിത് ശീലമായിരിക്കുന്നു. നമ്മുടെ അനേകം സഹോദരീസഹോദരന്മാരുടെ വേദനയുടെയും നിരാശയുടെയും നിലവിളി കേൾക്കാതിരിക്കാൻ പോലുമുള്ള സാധ്യതയുണ്ട്.

സിറിയ, ഇറാക്ക്, യമൻ

അനേകർ ഇരയാക്കപ്പെടുകയും അസംഖ്യം അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടുകയും ചെയ്ത ഒരു യുദ്ധത്തിൽ ഏതാണ്ട് ഒരു പതിറ്റാണ്ടിൽപ്പരം നാളുകളായി ജീവിക്കുന്ന സിറിയൻ ജനതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. വളരെനാൾ നീണ്ടുനിന്ന ഒരു പോരാട്ടത്തിൽനിന്ന് എഴുന്നേൽക്കാൻ ഇപ്പോഴും പാടുപെടുന്ന ഇറാക്കിനെ നോക്കാം. എല്ലാ ദിവസവും നിരവധി മരണങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന, എന്നാൽ എല്ലാവരാലും മറക്കപ്പെട്ട ഒരു വലിയ ദുരന്തം വർഷങ്ങളായി നിശബ്ദതയിൽ കാർന്നുതിന്നുകൊണ്ടിരിക്കുന്ന യെമെനിലെ കുട്ടികളിൽനിന്നുയരുന്ന നിലവിളി കേൾക്കാം.

ഇസ്രായേൽ, പലസ്തീന, ബെത്ലെഹേം, ലെബനോൻ

എക്കാലത്തെയും വലിയ സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളോടെ പരിഹാരമില്ലാതെ നീളുന്ന ഇസ്രായേലി, പലസ്തീനിയൻ ജനതകൾക്കിടയിൽ തുടരുന്ന പ്രശ്നങ്ങളെ ഓർക്കാം. ക്രിസ്തു ജന്മമെടുത്ത ബെത്ലെഹേം ഇപ്പോഴത്തെ മഹാമാരിമൂലമുള്ള സാമ്പത്തികബുദ്ധിമുട്ടുകൾ മൂലം ജീവിക്കുന്ന, വിഷമസ്ഥിതിയെ മറക്കാതിരിക്കാം. ഈ മഹാമാരി, ജനജീവിതത്തിന് പ്രതികൂലഫലങ്ങൾ സൃഷ്ടിച്ചുകൊണ്ട്, തീർത്ഥാടകർ വിശുദ്ധനാടുകളിലെത്തുന്നത് തടയുന്നു. ആശങ്കാജനകമായ രീതിയിൽ മുൻപെങ്ങുമില്ലാതിരുന്ന ഒരു സാമ്പത്തിക, സാമൂഹിക  പ്രതിസന്ധി അനുഭവിക്കുന്ന ലെബാനോനെക്കുറിച്ച് ഓർക്കാം.

പ്രത്യാശയുടെ അടയാളമായ ക്രിസ്തു

എന്നാൽ ഇതാ, പാതിരാവിൽ, പ്രത്യാശയുടെ അടയാളം! ഇറ്റാലിയൻ എഴുത്തുകാരനായ ദാന്തെ പറയുന്നതുപോലെ, "സൂര്യനെയും മറ്റ് നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന സ്നേഹം" (Par., XXXIII, 145), ഇന്ന് മാംസമായി. അവൻ മനുഷ്യന്റെ രൂപത്തിൽ വന്നു, നമ്മുടെ അവസ്ഥകൾ പങ്കുവെച്ചു, നമ്മുടെ നിസ്സംഗതയുടെ മതിൽ തകർത്തു. രാത്രിയുടെ തണുപ്പിൽ അവൻ തന്റെ ചെറിയ കൈകൾ നമ്മുടെ നേരെ നീട്ടുന്നുണ്ട്, കാരണം അവന് എല്ലാം ആവശ്യമാണ്; എന്നാൽ അവൻ നമുക്ക് എല്ലാം നൽകാനാണ് വരുന്നത്. പരസ്പരമുള്ള സംവാദങ്ങളിലേക്ക് നമ്മെത്തന്നെ തുറക്കാനുള്ള ശക്തി നമുക്ക് അവനോട് ആവശ്യപ്പെടാം. അനുരഞ്ജനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ആഗ്രഹം എല്ലാവരുടെയും ഹൃദയങ്ങളിൽ ഉണർത്താൻ ഈ ആഘോഷദിനത്തിൽ നമുക്ക് അവനോട് അപേക്ഷിക്കാം.

നമുക്ക് നമ്മുടെ അപേക്ഷകൾ അവന് സമർപ്പിക്കാം.

മിഡിൽ ഈസ്റ്റ്, അഫ്ഗാനിസ്ഥാൻ

ഉണ്ണീശോയെ, മധ്യപൂർവ്വദേശങ്ങൾക്കും ലോകം മുഴുവനും സമാധാനവും ഐക്യവും നൽകേണമേ. തങ്ങളുടെ ജന്മനാടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ജനങ്ങൾക്ക് മാനവിക സഹായം നൽകാൻ പ്രതിജ്ഞാബദ്ധരായ ആളുകളെ താങ്ങേണമേ. സ്വന്തം നാടുവിട്ടുപോകാൻ പലരെയും പ്രേരിപ്പിച്ച സംഘർഷങ്ങളാൽ നാല്പതുവർഷമായി കഠിനമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന .അഫ്ഗാൻ ജനതയെ ആശ്വസിപ്പിക്കണമേ.

മ്യാൻമർ

ജനതകളുടെ രാജാവേ, പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും അസ്വസ്ഥരായ സമൂഹങ്ങളെ സമാധാനിപ്പിക്കാൻ രാഷ്ട്രീയാധികാരികളെ സഹായിക്കേണമേ. അസഹിഷ്ണുതയും അക്രമവും, പലപ്പോഴും ക്രിസ്ത്യൻ സമൂഹത്തെയും ആരാധനാലയങ്ങളെയും ലക്‌ഷ്യം വയ്ക്കുകയും അങ്ങനെ, ആ ജനതയുടെ സമാധാനപരമായ മുഖം മറയ്ക്കുകയും ചെയ്യുന്ന മ്യാൻമറിലേ ജനങ്ങളെ താങ്ങിനിറുത്തേണമേ.

ഉക്രയിൻ

സമൂഹത്തിലെ പൊതുരീതിക്ക് വിപരീതമായിപ്പോലും പരസ്പരമുള്ള കണ്ടുമുട്ടലുകൾക്കും സംവാദങ്ങൾക്കും അനുകൂലമായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ കാത്തുപരിപാലിക്കുകയും അവർക്ക് വെളിച്ചമേകുകയും ചെയ്യേണമേ. ഒപ്പം ഉക്രയിനിലെ ശക്തമായ സംഘർഷത്തിന്റെ വേരുകൾ കൂടുതൽ പടരുവാൻ അനുവദിക്കരുതേ.

എത്യോപ്യ, സഹേൽ, വടക്കേ ആഫ്രിക്ക, സുഡാൻ, ദക്ഷിണ സുഡാൻ

സമാധാനത്തിന്റെ രാജകുമാരാ, ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകിക്കൊണ്ട്, ആത്മാർത്ഥമായ ചർച്ചയിലൂടെ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാത വീണ്ടും കണ്ടെത്തുന്നതിന് എത്യോപ്യയെ സഹായിക്കേണമേ. അന്താരാഷ്ട്ര ഭീകരതയുടെ അക്രമം അനുഭവിക്കുന്ന സഹേൽ മേഖലയിലെ ജനങ്ങളുടെ നിലവിളി കേൾക്കേണമേ. ഭിന്നതകൾ, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവയാൽ വലയുന്ന വടക്കേ ആഫ്രിക്കയിലെ രാജ്യങ്ങളിലെ ജനങ്ങളിലേക്ക് അങ്ങയുടെ കണ്ണുകൾ തിരിക്കേണമേ. സുഡാനിലും ദക്ഷിണ സുഡാനിലും ആഭ്യന്തര കലഹങ്ങളാൽ ബുദ്ധിമുട്ടുന്ന അനേകം സഹോദരീസഹോദരന്മാരുടെ കഷ്ടപ്പാടുകൾ നീ ലഘൂകരിക്കേണമേ.

അമേരിക്കൻ ഭൂഖണ്ഡം

സംവാദങ്ങൾ, പരസ്പരബഹുമാനം, എല്ലാ മനുഷ്യരുടെയും അവകാശങ്ങളുടെയും സാംസ്കാരികമൂല്യങ്ങളുടെയും  അംഗീകാരം എന്നിവയിലൂടെ, അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള എല്ലാ ആളുകളുടെയും ഹൃദയത്തിൽ, ഐക്യദാർഢ്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും, സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ നിലനിൽക്കേണമേ.

സ്ത്രീകളും, കുട്ടികളും, കുടുംബങ്ങളും

ദൈവപുത്രാ, ഈ മഹാമാരിയുടെ കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഇരകളെ ആശ്വസിപ്പിക്കേണമേ. ഉപദ്രവങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യാശ നൽകേണമേ. പ്രായമായവർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്കായിരിക്കുന്നവർക്ക് ആശ്വാസവും സ്നേഹവും നൽകേണമേ. വിദ്യാഭ്യാസത്തിന്റെ പ്രഥമയിടവും, സാമൂഹിക ഘടനയുടെ അടിസ്ഥാനവുമായ കുടുംബങ്ങൾക്ക് ശാന്തതയും ഐക്യവും നൽകേണമേ.

രോഗികൾ, പരിപാലനമേകുന്നവർ

ഞങ്ങളോടൊപ്പമുള്ള ദൈവമേ, രോഗികൾക്ക് ആരോഗ്യം നൽകുകയും ആരോഗ്യ പ്രതിസന്ധിയെയും അതിന്റെ അനന്തരഫലങ്ങളെയും അതിജീവിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ നല്ല മനസ്സുള്ള എല്ലാ ആളുകളെയും പ്രചോദിപ്പിക്കുകയും ചെയ്യേണമേ. ഏറ്റവും ആവശ്യമുള്ള ജനവിഭാഗങ്ങൾക്ക് ആവശ്യമായ പരിചരണം, പ്രത്യേകിച്ച് പ്രതിരോധമരുന്നുകൾ ലഭ്യമാക്കുന്നതിന് ആളുകളുടെ ഹൃദയങ്ങളെ ഉദാരമാക്കേണമേ. കുടുംബാംഗങ്ങളെയും രോഗികളെയും ദുർബലരെയും പരിപാലിക്കുന്നതിൽ ശ്രദ്ധയും അർപ്പണബോധവും കാണിക്കുന്ന എല്ലാവർക്കും പ്രതിഫലം നൽകേണമേ.

തടവുകാർ, അഭയാർത്ഥികൾ

ബെത്ലെഹേമിലെ ഉണ്ണീശോയെ, യുദ്ധത്താലും സമീപകാലങ്ങളിലുണ്ടായ സംഘട്ടനങ്ങളാലും തടവുകാരായ  സാധാരണക്കാരെയും പട്ടാളക്കാരെയും, രാഷ്ട്രീയകരണങ്ങളാൽ കാരാഗൃഹത്തിലായവരെയും സ്വന്തം വീടുകളിലേക്ക് തിരികെപ്പോകാൻ നീ അനുവദിക്കേണമേ. കുടിയേറ്റക്കാരുടെയും കുടിയിറക്കപ്പെട്ടവരുടെയും അഭയാർഥികളുടെയും ദുരന്തത്തിന് മുന്നിൽ ഞങ്ങളെ നിസ്സംഗരാക്കരുതേ. അവരുടെ ജീവിതചരിത്രം ഞങ്ങളുടെതാക്കണമെന്നും, അവർ ജീവിച്ച കഷ്ടപ്പാടുകൾ മറക്കരുതെന്നും, അവർക്കുനേരെ മുഖം തിരിക്കരുതെന്നും, ഞങ്ങളെ ഒന്നിപ്പിക്കുന്ന മനുഷ്യത്വം എന്ന ഗുണം അവർക്ക് നിഷേധിക്കരുതെന്നും അവരുടെ കണ്ണുകൾ ഞങ്ങളോട് ആവശ്യപ്പെടുന്നു (Cf. Address  at the “Reception and Identification Centre”, Mytilene, 5 December 2021).

പൊതുഭവനമായ ഭൂമി

മാംസമായി ജന്മമെടുത്ത നിത്യവചനമേ, ഞങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാൽ കഷ്ടപ്പെടുന്ന, ഞങ്ങളുടെ പൊതുഭവനമായ ഭൂമിയെക്കുറിച്ച് ഞങ്ങളെ കരുതലുള്ളവരാക്കേണമേ; വരുന്ന തലമുറകൾക്ക് ജീവനെ മാനിക്കപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ ജീവിക്കാൻ തക്കവിധം ഫലപ്രദമായ കരാറുകൾ നടത്തുവാൻ ഞങ്ങളുടെ രാഷ്ട്രീയാധികാരികളെ പ്രേരിപ്പിക്കേണമേ.

നമുക്കും സഹോദര്യത്തിലും സമാധാനത്തിലും ജീവിക്കാം.

പ്രിയ സഹോദരീ സഹോദരന്മാരെ,

നമ്മുടെ കാലഘട്ടത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്, എന്നാൽ അവയേക്കാൾ ശക്തമാണ് പ്രത്യാശ, കാരണം "നമുക്കുവേണ്ടി ഒരു ശിശു ജനിച്ചിരിക്കുന്നു" (Is 9: 5). ദൈവവചനമായ അവൻ കരയാൻ മാത്രം കഴിവുള്ളവനും എല്ലാകാര്യങ്ങളിലും സഹായം ആവശ്യമുള്ളവനുമായ ഒരു ശിശുവായിത്തീർന്നു, . എല്ലാ കുട്ടികളെയും പോലെ സംസാരിക്കാൻ പഠിക്കാൻ അവൻ ആഗ്രഹിച്ചു, നമ്മുടെ പിതാവായ ദൈവത്തെ ശ്രവിക്കുവാനും, നമ്മൾ പരസ്പരം ശ്രവിക്കുവാനും സഹോദരീസഹോദരന്മാരെപ്പോലെ സംവദിക്കാനുമായി, എല്ലാ കുട്ടികളെയും പോലെ സംസാരിക്കുവാൻ പഠിക്കാൻ വചനം മാംസമായ യേശുവും ആഗ്രഹിച്ചു. ഞങ്ങൾക്കായി ജന്മമെടുത്ത ക്രിസ്തുവേ, അങ്ങയോടൊപ്പം സമാധാനത്തിന്റെ പാതകളിൽ നടക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

ഊർബി ഏത്ത് ഓർബി ആശീർവ്വാദവും സമാപനവും

ഈ സന്ദേശാനന്തരം പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും.അതിനുശേഷം എല്ലാവർക്കും പൂർണ്ണദണ്ഡവിമോചനദായകമായ "ഊർബി ഏത്ത് ഓർബി"ആശീർവ്വാദം നല്കുകയും ചെയ്തു.

തുടർന്ന് പാപ്പാ പത്രോസിന്റെ ബസലിക്കയുടെ മുൻവശത്തെ മട്ടുപ്പാവിൽനിന്ന്, ആളുകളുടെ കരഘോഷത്തിനിടെ പിൻവാങ്ങി.

അടുത്തത് ഒരു ക്രിസ്തുമസ് ഗാനമാണ്. റോബിൻ കൈതപ്പറമ്പിന്റെ വരികൾക്ക് സംഗീതം പകർന്നത് ജോജി ജോൺസ്. ആലാപനം സനൂപ് കുമാർ.

മാലാഖവൃന്ദം പാടി...

നിങ്ങൾ ഇതുവരെ ശ്രവിച്ചത്, 2021-ലെ തിരുപ്പിറവിദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ നഗരത്തിനും ലോകത്തിനും എന്നർത്ഥം വരുന്ന ഊർബി എത്ത് ഓർബി സന്ദേശവും ആശീർവ്വാദവുമാണ്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 December 2021, 14:54