തിരയുക

ആർദ്രതയോടെ പെരുമാറുവാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ ആർദ്രതയോടെ പെരുമാറുവാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ 

കലയും ആർദ്രസ്നേഹവും: ഫ്രാൻസിസ് പാപ്പാ

ഡിസംബർ 16-ന് വത്തിക്കാനിൽ നടക്കാനിരിക്കുന്ന സംഗീതക്കച്ചേരി നടത്തുന്ന കലാകാരന്മാരെ അഭിസംബോധന ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുമസ് ദൈവത്തിന്റെ ആർദ്രത ലോകത്തിന് വെളിപ്പെടുത്തിയ സംഭവമെന്നും, അത് ഇന്നും ലോകത്ത് സന്തോഷവും പ്രത്യാശയും ഉണർത്തുകയും ചെയ്യുന്നു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ക്രിസ്തുമസുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ സംഗീതക്കച്ചേരി നടത്താനിരിക്കുന്ന കലാകാരന്മാരോട്, ക്രിസ്തുമസ് കൊണ്ടുവരുന്ന ആർദ്രത, സന്തോഷം, പ്രത്യാശ എന്നീ വികാരങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ കലാകാരന്മാർക്കും സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ആർദ്രത സ്നേഹത്തിൽനിന്നാണ് വരുന്നതെന്നും, അത് സ്നേഹത്തില്നിന്നു വരുന്ന ഒരു ഭാഷപോലെയാണ് എന്നും പാപ്പാ പറഞ്ഞു. ഒരു കുട്ടിയെയോ, കാമുകീകാമുകന്മാർ പരസ്പരമോ സ്‌നേഹിക്കുമ്പോഴും, ഈ ആർദ്രതയിൽനിന്നുളവാകുന്ന സ്നേഹവും ലാളനയുമാണ് നാം കാണുന്നതെന്ന് പാപ്പാ വിശദീകരിച്ചു. പുൽക്കൂട്ടിലും നാം കാണുന്നത്, നവജാതശിശുവിനോടുള്ള മാതാവിന്റെ സ്നേഹവും വിശുദ്ധ യൗസേപ്പിന്റെ സംരക്ഷണവുമാണ്.

അസ്സീസിയിലെ ഫ്രാൻസിസ്

അസ്സീസിയിലെ ഫ്രാൻസിസ്, ഗ്രെച്ചോ എന്ന സ്ഥലത്ത് ആദ്യമായുണ്ടാക്കിയ തിരുപ്പിറവിരംഗം തയ്യാറാക്കിയപ്പോൾ, ക്രിസ്തു പിറക്കുന്ന, ദരിദ്രത്തെക്കുറിച്ചുള്ള ആർദ്രതനിറഞ്ഞ ചിന്തയായിരുന്നു, ഫ്രാൻസിസിൽ നിറഞ്ഞു നിന്നത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഈ സംഗീതക്കച്ചേരിയിലൂടെ ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാർ, ഹെയ്തിയിലെയും ലെബനോനിലെയും യുവജനങ്ങൾക്കും കുട്ടികൾക്കുമായി ചെയ്യുന്ന സാമ്പത്തിക സഹായത്തേയും പാപ്പാ പ്രകീർത്തിച്ചു. ഹെയ്തിയിൽ സലേഷ്യൻ സമൂഹത്തിന്റെയും, ലെബനോനിൽ സ്‌കോളാസ് ഒക്കുറെന്തെസ് എന്ന പൊന്തിഫിക്കൽ പ്രസ്ഥാനത്തിന്റെയും മേൽനോട്ടത്തിലൂടെ, അനേകം കുടുംബങ്ങൾക്ക് തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള വഴിയാണ് തുറക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു.

മഹാവ്യാധികൾ

ആർദ്രതയും സന്തോഷവും പ്രത്യാശയും നിറഞ്ഞ്, മാനവികതയ്ക്ക് പ്രതീക്ഷയാണ് ബെത്ലെഹെമിലെ പുൽക്കൂട് തുറക്കുന്നതെന്ന് പറഞ്ഞ പാപ്പാ, എന്നാൽ നിലവിൽ ലോകത്ത് കോവിഡ് മഹാമാരി കുട്ടികളുടെയും കൗമാരക്കാരുടെയും വിദ്യാഭ്യാസരംഗത്ത് ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് ഓർമ്മിപ്പിച്ചു. എന്നാൽ, ഇത് കൂടാതെ, ലോകത്ത്, ആവശ്യമില്ലാത്തതെന്ന് തോന്നുന്നവരെ ഒഴിവാക്കുന്ന സംസ്കാരം ആധിപത്യം പുലർത്തുന്നു എന്നും, അത് ഒരു മഹാമാരിയാണെന്നും പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ ക്രിസ്തുമസ് സാഹോദര്യത്തിന്റെയും സഹോദരങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെയും അർത്ഥം ഒരിക്കൽക്കൂടി കണ്ടറിയാൻ നമ്മെ ആഹ്വാനം ചെയ്യുന്നു എന്ന് പറഞ്ഞു.

സംഗീതജ്ഞരോട്, കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി അവർ ഉദാരമനസ്കതയോടെ ചെയ്യുന്ന സായാഹങ്ങൾക്ക് നന്ദി പറയുകയും, എപ്പോഴും ആർദ്രതയുടെയും സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും സന്ദേശവാഹകരായിരിക്കാൻ ഉദ്ബോധിപ്പിക്കുകയും ചെയ്താണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഡിസംബർ 2021, 16:52