തിരയുക

 ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ജോൺ പോൾ രണ്ടാമനോടൊപ്പം (1983ൽ പകർത്തിയ ചിത്രം). ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ജോൺ പോൾ രണ്ടാമനോടൊപ്പം (1983ൽ പകർത്തിയ ചിത്രം). 

നൊബേൽ സമ്മാന ജേതാവ് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

മരണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

തൊണ്ണൂറാം വയസ്സിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ ആഗ്ലിക്കൻസഭയുടെ ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ നിര്യാണത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വഴി പാപ്പാ തന്റെ അനുശോചനം രേഖപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ അപ്പോസ്തോലിക ന്യൂൺഷിയോ ആർച്ച് ബിഷപ്പ് പീറ്റർ ബി. വെൽസിന് അയച്ച ടെലഗ്രാം സന്ദേശത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാണു ഒപ്പുവെച്ചത്.  ആർച്ച് ബിഷപ്പിന്റെ മരണവാർത്ത അറിഞ്ഞതിൽ താൻ ദു:ഖിതണെന്ന് പാപ്പാ സന്ദേശത്തിൽ അറിയിച്ചു. അന്തരിച്ച ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പാപ്പാ തന്റെ അനുശോചനം അറിയിച്ചു.

തന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വംശീയ സമത്വവും അനുരഞ്ജനവും പ്രോത്സാഹിപ്പിച്ച് കൊണ്ട് സുവിശേഷത്തിന് അദ്ദേഹം നൽകിയ സേവനത്തെ പാപ്പാ അനുസ്മരിച്ചു. ആർച്ച് ബിഷപ്പ് ടുട്ടുവിന്റെ നിര്യാണത്തിൽ വിലപിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ സമാധാനത്തിന്റെയും  ആശ്വാസത്തിന്റെയും  സ്വർഗ്ഗീയ അനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്ന് പാപ്പാ തന്റെ ടെലഗ്രാം സന്ദേശത്തിൽ പ്രാർത്ഥന അർപ്പിച്ചു.

ദക്ഷിണാഫ്രിക്കൻ മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു സന്ദേശത്തിൽ കേപ് ടൗണിൽ അന്തരിച്ച ആർച്ച് ബിഷപ്പ് എമരിറ്റസ് ടുട്ടുവിന്റെ ഭാര്യ ലെയ ടുട്ടുവിനും, കുടുംബത്തിനും, ആംഗ്ലിക്കൻ സഭയ്ക്കും അനുശോചനമറിയിച്ചു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ സംയുക്ത സമ്മാനജേതാവായ ആർച്ച് ബിഷപ്പ് ടുട്ടു  ദക്ഷിണാഫ്രിക്കയുടെ വിമോചനത്തിനും, ജനാധിപത്യത്തിനും നൽകിയ അപാരമായ ആത്മീയ സംഭാവനകൾ ഓർമ്മിക്കപ്പെടും എന്ന് സന്ദേശത്തിൽ  പറഞ്ഞു.

സത്യത്തിനും അനുരഞ്ജനത്തിനുമായുള്ള കമ്മീഷന്റെ അധ്യക്ഷനായിരുന്നപ്പോഴും അതിനുശേഷവും നീതിക്കായുള്ള അദ്ദേഹത്തിന്റെ ദാഹം തുടർന്നുണ്ടായിരുന്നതായി സൂചിപ്പിച്ചു. ജോഹാനസ്ബർഗിനു സമീപം ജനിച്ച ആർച്ച്ബിഷപ്പ് എന്നാൽ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കേപ്ടൗണിലാണ്  ചെലവഴിച്ചത്. വംശീയ വേർതിരിവിന്റെയും, വിവേചനത്തിന്റെയും  നയത്തെ എതിർക്കുന്നതിനായി നിരവധി മാർച്ചുകളും, പ്രചാരണങ്ങളും അദ്ദേഹം നയിച്ചു.

1990 കളുടെ ആരംഭത്തിൽ വർണ്ണവിവേചനം അവസാനിക്കുകയും നെൽസൺ മണ്ടേല രാജ്യത്തിന്റെ പ്രസിഡന്റ് ആകുകയും ചെയ്തപ്പോൾ ആർച്ച് ബിഷപ്പ് ടുട്ടു അനുരജ്ഞനത്തിനും നീതിക്കുമായുള്ള കമ്മീഷന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ടു.1984 സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹം നേടി. ലോകമെമ്പാടുമുള്ള ജനങ്ങളെ മോചിപ്പിക്കാൻ സഹായിച്ച സ്നേഹം, ക്ഷമ തുടങ്ങിയ ആത്മീയ തത്വങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി തന്റെ  ജീവിതകാലം മുഴുവൻ പ്രവർത്തിച്ചതിന് ആർച്ച് ബിഷപ്പ്  ടുട്ടുവിന്  ടെമ്പിൾട്ടൺ സമ്മാനവും ലഭിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2021, 09:29