സെമെരു അഗ്നിപർവ്വതസ്ഫോടനം: അപകടങ്ങളിൽപ്പെട്ടവർക്കുവേണ്ടി പാപ്പായുടെ പ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രദേശത്തുള്ള സെമെരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യയിലേക്കുള്ള അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് പിയറോ പ്യോപ്പോയ്ക്കയച്ച സന്ദേശത്തിൽ, കഴിഞ്ഞ ദിവസങ്ങളിൽ സെമെരു അഗ്നിപർവ്വതസ്ഫോടനത്തിൽ മരിച്ചവർക്കും, അപകടത്തിൽ പരിക്കേറ്റവർക്കും, വീടുകളിൽനിന്ന് കുടിയിറങ്ങേണ്ടിവന്നവർക്കും, അതോടൊപ്പം രക്ഷാപ്രവർത്തങ്ങളിലും, പുനരധിവാസപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ പ്രവർത്തകർക്കും അധികാരികൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് പാപ്പാ അറിയിച്ചു.
ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ തന്റെ സന്ദേശം അറിയിച്ചത്. അഭിവന്ദ്യ പിയറോ പ്യോപ്പോയ്ക്ക് അയച്ച സന്ദേശത്തിൽ, ഈ വലിയ ദുരന്തത്തിൽപ്പെട്ടവർക്ക് പാപ്പാ തന്റെ ഐക്യദാർഢ്യവും പ്രാർത്ഥനകളും ഉറപ്പുനൽകുകയും ഒപ്പം മനോധൈര്യത്തിന്റെയും സമാധാനത്തിന്റെയും ദൈവാനുഗ്രഹങ്ങളും ആശംസിച്ചു.
ഡിസംബർ 4 ശനിയാഴ്ചയും, 7 ചൊവ്വാഴ്ചയും ഉണ്ടായ അഗ്നിപർവ്വതസ്ഫോടനങ്ങളിൽ കുറഞ്ഞത് 34 പേര് മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് 3000-ഓളം വീടുകൾക്ക് പൂർണ്ണമായോ ഭാഗികമായോ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്.
3,676 മീറ്റർ ഉയരമുള്ള സെമെരു അഗ്നിപർവ്വതം ഇന്തോനേഷ്യയിലെതന്നെ ഏറ്റവും ഉയരംകൂടിയ പർവ്വതമാണ്. സ്ഫോടങ്ങളിൽ അപകടകരമായ വാതകങ്ങളും, ചാരം, കല്ലുകൾ തുടങ്ങിയവയാണ് പുറത്തേക്ക് തെറിച്ചത്. വർഷങ്ങളായി സജീവമായി തുടരുന്ന ഈ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഇനിയും കൂടുതൽ അപകടസാധ്യതകൾ ഉണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ഇൻഡോനേഷ്യൻ അധികാരികൾ അറിയിച്ചു. ഏതാണ്ട് രണ്ടായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ചൊവ്വാഴ്ചയും തുടർന്നുവെങ്കിലും കാറ്റും, മഴയും, പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: