തിരയുക

തെസേ സമൂഹത്തിന്റെ പ്രിയോർ ഫാ. അല്വാസിനെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം തെസേ സമൂഹത്തിന്റെ പ്രിയോർ ഫാ. അല്വാസിനെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം 

സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പരിശുദ്ധാത്മാവ്: ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

ഫ്രാൻസിലെ തെസേയിലെ സമൂഹം നടത്തുന്ന സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തെസേയിലെ സമൂഹം എന്ന എക്യൂമെനിക്കൽ സമൂഹത്തിന്റെ 44-മത് യൂറോപ്യൻ സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പായുടെ പേരിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ സന്ദേശമയച്ചു. സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സൃഷ്ടാക്കളെ ഉണർത്തുന്നതിൽ പരിശുദ്ധാത്മാവ് ഒരിക്കലും പിന്നോട്ടുപോകുന്നില്ല എന്ന് തന്റെ സന്ദേശത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

 ജൂലൈ മാസത്തിൽ വടക്കേ ഇറ്റലിയിലെ ടൂറിൻ നഗരത്തിൽവച്ച് നടക്കാനിരിക്കുന്ന സമ്മേളനത്തിൽ എല്ലാവർക്കും നേരിട്ട് സംബന്ധിക്കാൻ സാധിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പായുടെ പേരിൽ കർദ്ദിനാൾ ആശംസിച്ചു.

വിവിധ ആശങ്കകൾ നിലനിൽക്കുന്ന ഇക്കാലത്ത്, ഭൂമിയുടെ ഭാവിയെക്കുറിച്ചുപോലും സംശയങ്ങൾ ഉയരുമ്പോൾ, നമ്മുടെ പൊതുഭവനമായ ഭൂമിയെ കൂടുതൽ വാസയോഗ്യമാക്കുന്നതിന് നമുക്ക് എന്ത് ഉത്തരവാദിത്വമാണ് ഏറ്റെടുക്കാനാകുക എന്നും, ലോകത്തെമ്പാടും വിവിധ രീതിയിലുള്ള ഭിന്നതകൾ ഉണ്ടാകുന്ന ഇക്കാലത്ത്, ഇപ്പോൾ നടക്കുന്ന നിങ്ങളുടെ സമ്മേളനത്തിന്റെ ചിന്താവിഷയം പറയുന്നതുപോലെ, എപ്രകാരം ഐക്യത്തിന്റെ സൃഷ്ടാക്കളാകാൻ സാധിക്കും എന്ന് ചിന്തിക്കാമെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.

ഈയൊരവസരത്തിൽ, ഐക്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ പ്രധാന വിഷയമായി എടുക്കാനും, ഒരുമിച്ച് പ്രാർത്ഥിക്കാനും, ദൈവവചനം ശ്രവിച്ച്, മാനുഷികമായ സങ്കീർണ്ണ അവസ്ഥകളെ ദൈവത്താൽ പ്രകാശിതമാകാനുമാണ് നിങ്ങൾ പരിശ്രമിക്കുന്നതെന്നു പറഞ്ഞ കർദ്ദിനാൾ പരോളിൻ, പെന്തക്കോസ്താതിരുനാളും ഇതുപോലെ, ശിഷ്യന്മാർ ഒരുമിച്ചായിരുന്നു എന്ന് എടുത്തുപറഞ്ഞു. അങ്ങനെ ഒരുമിച്ചിരിക്കുമ്പോഴാണ് ദൈവാത്മാവ് നമ്മിലേക്ക് ഇറങ്ങിവരുന്നതെന്ന് ഓർമിപ്പിച്ച അദ്ദേഹം, ഇപ്പോഴത്തെ സിനഡിലൂടെ സഭയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതലായി സ്വയം വിട്ടുകൊടുക്കുകയാണെന്നും, അങ്ങനെ ക്രിസ്തുശിഷ്യന്മാർക്ക് പരസ്പരം എന്തുമാത്രം ആവശ്യമുണ്ടെന്ന് മനസിലാക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ഇപ്പോൾ സമ്മേളനത്തിലേർപ്പെട്ടിരിക്കുന്ന കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റു വിഭാഗങ്ങളിൽനിന്നുള്ള എല്ലാ യുവജനങ്ങളെയും പാപ്പാ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു എന്നും, നിങ്ങളെ അനുഗ്രഹിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുന്നു എന്നുമുള്ള വാക്കുകളാലാണ് കർദ്ദിനാൾ തന്റെ ഫ്രാൻസിസ് പാപ്പായുടെ പേരിലുള്ള ഈ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2021, 16:22