തിരയുക

 സൈപ്രസിലേക്കും ഗ്രീസിലേക്കും അപ്പസ്‌തോലിക യാത്ര - ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന വിശുദ്ധ സിനഡിൽ പാപ്പാ സൈപ്രസിലേക്കും ഗ്രീസിലേക്കും അപ്പസ്‌തോലിക യാത്ര - ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന വിശുദ്ധ സിനഡിൽ പാപ്പാ 

പാപ്പാ: ദൈവരാജ്യത്തിന്റെ വയലിനെ ഒരുമിച്ച് പരിപോഷിപ്പിക്കാം

നിക്കോസിയയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ സിനഡുമായുള്ള കൂടിക്കാഴ്ച നടന്നവസരത്തിൽ പരിശുദ്ധ പിതാവ് നൽകിയ പ്രഭാഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പൊതുവായ അപ്പോസ്തോലിക ഉത്ഭവം

സിനഡിനും മെത്രാന്മാർക്കും ഡീക്കന്മാർക്കും സൈപ്രസ് ഓർത്തോഡോക്സ് സഭയിലെ എല്ലാ വിശ്വാസികൾക്കും പാപ്പായും അവരും തമ്മിലുള്ള സംവാദത്തെ പ്രോൽസാഹിപ്പിക്കുന്ന അവരുടെ തുറവിനും ഫ്രാൻസിസ് പാപ്പാ നന്ദി രേഖപ്പെടുത്തി.

നമുക്ക് ഒരു പൊതുവായ അപ്പോസ്തോലിക ഉത്ഭവം ഉണ്ട് എന്നതിന്റെ സൂചനയാണ്  ഇവിടെ ആയിരിക്കാ൯ ലഭിച്ച കൃപ നമ്മോടു സൂചിപ്പിക്കുന്നത്. സൈപ്രസിലൂടെ സഞ്ചരിച്ച് റോമിലെത്തിയ പൗലോസ് അപ്പോസ്തലന്റെ അതേ അപ്പോസ്തോലിക  തീക്ഷ്ണതയുടെ അവകാശികളാണ് നാം. പാപ്പാ പങ്കുവച്ചു.

“സാന്ത്വനത്തിന്റെ പുത്രൻ”എന്നും “പ്രബോധനത്തിന്റെ പുത്രൻ” എന്നും വിളിക്കപ്പെടുന്ന വിശുദ്ധ ബർണബാസിന്റെ സവിശേഷതകൾ ഇന്നത്തെ സുവിശേഷ പ്രഘോഷണത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് പാപ്പാ അവരോടു പറഞ്ഞു. യഥാർത്ഥ സ്വാതന്ത്ര്യത്തിന് സ്വകാര്യമായി തുടരാനാവില്ല. മറിച്ച്  അത് പ്രബോധനത്തിൽ ആവിഷ്കാരം കണ്ടെത്തുകയും സ്വാതന്ത്ര്യത്തെ നന്മയിലേക്ക് നയിക്കുകയും ചെയ്യണം. എല്ലാ പ്രബോധനങ്ങളും ദൈവീകസാന്ത്വനത്തിലും,സാന്നിധ്യത്തിലും അടിസ്ഥാനമായിരിക്കുകയും അതോടൊപ്പം തന്നെ സാഹോദര്യപരമായ ഉപവി പ്രവർത്തികളാൽ അനുധാവനം ചെയ്യുന്നവയുമായിരിക്കണം.സാന്ത്വനത്തിന്റെ പുത്രനായ ബർണബാസ് നമ്മോടാവശ്യപ്പെടുന്നത് സുവിശേഷം മനുഷ്യകുലത്തിൽ എത്തിക്കാനാണ്. അതിന് ജനങ്ങളുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലും, അവരെ കേൾക്കാനുള്ള തുറവും, അവരുടെ ചോദ്യങ്ങളിൽ ശ്രദ്ധയും ആവശ്യമാണ്. അപ്പോൾ ജനങ്ങളുടെ അസ്തിത്വപരമായ ആവശ്യങ്ങളിൽ  നമുക്ക് കൂടതൽ ശ്രദ്ധ നൽകാൻ കഴിയും.

ഐക്യത്തിലൂടെ സുവിശേഷ കൈമാറ്റം

സുവിശേഷം കൈമാറ്റം ചെയ്യുന്നത് ആശയവിനിമയത്തിലൂടെ എന്നതിനെക്കാൾ ഐക്യത്തിലൂടെയാണെന്ന് പാപ്പാ അടിവരയിട്ടു. അതിനാലാണ് കത്തോലിക്കാ സഭ വരുന്ന വർഷങ്ങളിൽ സഭയുടെ സിനഡൽ തലം വീണ്ടും കണ്ടെത്താൻ പരിശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അവരുടെ സിനഡൽ അനുഭവം വഴി കത്തോലിക്കാ സഭയെ സഹായിക്കാനാകും എന്ന് പാപ്പാ അറിയിച്ചു. കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള ദൈവശാസ്ത്രപരമായ സംവാദത്തിനായുള്ള അന്തർദേശീയ സംയുക്ത സമിതികളിലെ സജീവമായ പങ്കാളിത്തം സഹോദര്യ സഹകരണത്തിൽ പ്രകടമാണെന്ന് പറഞ്ഞ പാപ്പാ അതിന് നന്ദി പറയുകയും ചെയ്തു.

പരസ്പരം കണ്ടുമുട്ടാനും, അറിയാനും, മുൻവിധികൾ നീക്കാനും നമ്മുടെ വിശ്വാസ അനുഭവത്തെ തുറവോടെ കേൾക്കാനുമുള്ള അവസരം വീണ്ടും ഉണ്ടാകും എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് കൂടുതൽ നന്നായി ചെയ്യാനും സാന്ത്വനത്തിന്റെ ആത്മീയ ഫലം പുറപ്പെടുവിക്കാനുള്ള ഒരു ആഹ്വാനം ആയിരിക്കും. ഇക്കാര്യത്തിൽ തന്റെയും കത്തോലിക്കാസഭയുടെയും പ്രാർത്ഥനയും സാമീപ്യവും വാഗ്ദാനം ചെയ്ത പാപ്പാ  അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും തങ്ങളുടേതുമാണെന്നും അവരുടെ പ്രാർത്ഥന തങ്ങൾക്കും ആവശ്യമുണ്ടെന്നും അറിയിച്ചു.

ദൈവരാജ്യത്തിന്റെ വയലിനെ ഒരുമിച്ച് പരിപോഷിപ്പിക്കാം

"തന്റെ വയല്‍ വിറ്റുകിട്ടിയ പണം അപ്പസ്തോലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു." എന്ന (അപ്പ. പ്രവര്‍ത്തനങ്ങള്‍  4 :37) വചനത്തെ ഉദ്ധരിച്ചുകൊണ്ട് ബർണ്ണബാസിന്റെ മറ്റൊരു സുകൃതത്തെ പാപ്പാ വിശദീകരിച്ചു. ബർണബാസിന്റെ ഈ സുകൃതം സൂചിപ്പിക്കുന്നത്  ഐക്യത്തിന്റെ സമ്പൂർണ്ണതയിലെത്താനും, പ്രേക്ഷിതത്വവും, ഐക്യവും പുനരുജ്ജ്വീപ്പിക്കാനും ഭൗമീകമായ എല്ലാറ്റിനെയും നമ്മിൽനിന്ന് ഉപേക്ഷിക്കാനുള്ള ധൈര്യം ആവശ്യമാണെന്നുമാണ്.

വിശുദ്ധവും ദൈവത്തെ കണ്ടുമുട്ടാൻ സഹായിക്കുന്നതുമായ വസ്തുതകളെ കുറിച്ചല്ല താൻ സംസാരിക്കുന്നത്. മറിച്ച് എല്ലാരുടെയും ഭാഗത്തുനിന്ന് ഏകീകരണവും പങ്കാളിത്തവും ആവശ്യമില്ലാത്ത ചില രീതികളെയും ശീലങ്ങളെയും കൽപനയാക്കുന്ന അപകടത്തെക്കുറിച്ചാണ്. സുവിശേഷമായി യാതൊരു ബന്ധവും ഇല്ലാത്തതും അനുരഞ്ജനത്തിന് സാധ്യതയില്ലാത്തതുമായ വ്യത്യാസങ്ങളെ കുറിച്ചുള്ള സംസാരത്തിന് ഇടകൊടുക്കാതിരിക്കാനും തുറവോടെ, ധീരമായ ചുവടുകൾ എടുക്കാനുള്ള ഭയത്താൽ സ്തബ്ദരാകാതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു

 "പാരമ്പര്യങ്ങൾ " യഥാർത്ഥ പാരമ്പര്യത്തെ മറികടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യഥാർത്ഥ പാരമ്പര്യം ബർണബാസിനെ അനുകരിച്ചുകൊണ്ട് ഐക്യത്തിന്റെ പൂർണ്ണതയെയും, ഉപവിയുടെ പ്രാഥമികതയെയും,  കൂട്ടായ്മയുടെ ആവശ്യകതയെയുമായി വിട്ടുവീഴ്ച ചെയ്യാൻ ഇടയുള്ളവയെ,  അവ എത്ര നല്ലവയായിരുന്നാലും വിട്ടെറിയാനും പാപ്പാ ആഹ്വാനം ചെയ്തു.

ചരിത്രം നമ്മുടെ ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ ഇടയിൽ വിശാലമായ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് എളിമയോടും ബഹുമാനത്തോടും കൂടെ നാം പരസ്പരം അടുപ്പമുള്ളവരാകണം എന്നാണ്. നമ്മുടെ ഭൂതകാല വിഭാഗീതയിൽ മുറുകെ പിടിക്കാതെ ദൈവരാജ്യത്തിന്റെ വയലിനെ ഒരുമിച്ച് പരിപോഷിപ്പിക്കാം. "Our Lady of Golden City" എന്ന ദേവാലയത്തിൽ വച്ച് വിവിധ ക്രിസ്തീയ വിഭാഗക്കാർ ഒന്നിച്ചു പ്രാർത്ഥിക്കുന്നതും, പ്രത്യേകിച്ച് വിവാഹ തിരുകർമ്മങ്ങളുടെ ആഘോഷങ്ങൾക്കായി ജനങ്ങൾ ആ ദേവാലയത്തിലേക്ക് കടന്നു ചെല്ലുന്നതും എടുത്തു പറഞ്ഞ പാപ്പാ  വിശ്വാസത്തിലുള്ള ഐക്യത്തിന്റെയും ദൈവമാതാവിന്റെ ദൃഷ്ടിയിൽ ജീവിതത്തിലുള്ള ഐക്യത്തിന്റെയും അടയാളമാണെന്ന് വെളിപ്പെടുത്തി.

ഐക്യം ത്യാഗം ആവശ്യപ്പെടുന്നു

പാഫോസ് എന്ന സ്ഥലത്ത് വിശ്വാസത്തെ പ്രതി 30 പ്രാവശ്യം പ്രഹരമേറ്റ വിശുദ്ധ പൗലോസിനെ അനുസ്മരിച്ച പാപ്പാ പ്രേക്ഷിതത്വവും, ഐക്യവും  എപ്പോഴും പരീക്ഷണങ്ങളിലൂടെയും ത്യാഗത്തിലൂടെയും കൂടിയാണ് കടന്നുപോകുന്നതെന്നും പറഞ്ഞു. ദൈവത്തിന്റെ നേരായ പാതകളെ വളച്ചൊടിക്കാൻ ശ്രമിച്ച് ബർണബാസിന്റെ മുന്നിൽ വന്ന  വ്യാജ പ്രവാചകനും മാന്ത്രികനുമായ എലിമാസിനെ ഓർമ്മിപ്പിച്ച പാപ്പാ ഇന്നും നമ്മുടെ യാത്രയെ തടസ്സപ്പെടുത്താൻ വ്യാജത്തിനും വഞ്ചനയ്ക്കും യാതൊരു കുറവും ഇല്ല എന്ന് പറഞ്ഞു. നൂറ്റാണ്ടുകളാളായി നീണ്ട വിഘടനവും വേർപാടും, പരസ്പര വിരുദ്ധമായ ശത്രുതയും, മുൻവിധിയും നമ്മിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. നേരായതും ഐക്യത്തിലേക്കും പൊരുത്തത്തിലേക്കും ലക്ഷ്യം വയ്ക്കുന്നതുമായ ദൈവത്തിന്റെ വഴിയെ വളയ്ക്കുന്ന ഒരുപാട് വീഴ്ചകൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടായതിനെ ഓർമ്മിപ്പിച്ച് പാപ്പാ ഉപവിയോടെ അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്തു.

ബർണബാസിന്റെ പാത പിന്തുടരാനുള്ള വിജ്ഞാനവും ധൈര്യവും അപേക്ഷിച്ച പാപ്പാ സൈപ്രസിലെ എണ്ണമറ്റ രക്തസാക്ഷികളുടെയും വിശുദ്ധരുടേയും മാധ്യസ്ഥം പ്രാർത്ഥിച്ചു. കിഴക്കിനും പടിഞ്ഞാറിനുമിടയിൽ പാലം തീർക്കുന്ന സൈപ്രസിനെ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള ഒരു പാലമാക്കി മാറ്റാൻ ഉന്നതത്തിൽ നിന്ന്  ബർണബാസ്, പൗലോസ്, മർക്കോസ്, എപ്പിഫാനിയോസ്, ബാർബറാ, സ്പൈറിഡോ൯ എന്നീ വിശുദ്ധർ പ്രോത്സാഹിപ്പിക്കുന്നു എന്ന് പാപ്പാ വെളിപ്പെടുത്തി. പരിശുദ്ധ ത്രിത്വം നമ്മുടെ എല്ലാവരുടെയും നന്മയ്ക്കായി  നമ്മെ അങ്ങനെയാക്കിത്തീർക്കട്ടെ എന്നാശംസിച്ചുകൊണ്ട് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചു.

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2021, 15:36