ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരുങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2021 ഡിസംബർ 12 ഞായറാഴ്ച, പതിവുപോലെ, പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം ത്രികാലജപപ്രാർത്ഥനയിൽ പങ്കുചേരാനും, ആശീർവാദം നേടുവാനുമായി, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസലിക്കയുടെ മുന്നിലെ വലിയ ചത്വരത്തിൽ, തീർത്ഥാടകരും സന്ദർശകരുമായി വിവിധ രാജ്യങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകൾ വന്നുചേർന്നിരുന്നു. ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്ക്, അതായത് ഇന്ത്യൻ സമയം വൈകുന്നേരം 4.30 നാണ് വത്തിക്കാനിലെ ഈ പ്രാർത്ഥന. പതിവുപോലെ 12-ന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് അപ്പസ്തോലികകൊട്ടാരത്തിന്റെ ജനാലയ്ക്കൽ പാപ്പായെത്തിയപ്പോൾ, ചത്വരത്തിൽനിന്ന് വിശ്വാസികളുടെ കരഘോഷവും ഹർഷാരവവുമുയർന്നു.
"ഞങ്ങൾ എന്ത് ചെയ്യണം?" (ലൂക്ക 3:10)
പ്രാർത്ഥനയ്ക്ക് മുൻപായി, പതിവുപോലെ, ലത്തീൻ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ ലൂക്കയുടെ സുവിശേഷം മൂന്നാമധ്യായം പത്തുമുതൽ പതിനെട്ടുവരെയുള്ള തിരുവചനങ്ങളുമായി ബന്ധപ്പെട്ട ചില ചിന്തകൾ തന്റെ മുന്നിലെത്തിയ എല്ലാവരുമായി പാപ്പാ പങ്കുവച്ചു. യോഹന്നാന്റെ പ്രഭാഷണം കേട്ട് അനുരഞ്ജനപ്പെട്ട ജനങ്ങൾ, ഇനി എപ്രകാരമാണ് തങ്ങൾ ജീവിക്കേണ്ടതെന്ന് യോഹന്നാന്റെ ഉപദേശം തേടുന്നതായിരുന്നു ഞായറാഴ്ചത്തെ സുവിശേഷഭാഗം.
ഇറ്റാലിയൻ ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം:
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ആരാധനാക്രമമനുസരിച്ച് ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയായ ഇന്നത്തെ സുവിശേഷം സ്നാപകയോഹന്നാന്റെ പ്രസംഗത്താൽ സ്പർശിക്കപ്പെട്ട വിവിധതരം ആളുകളെയാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്: ജനക്കൂട്ടങ്ങൾ, ചുങ്കക്കാർ, പടയാളികൾ. അവർ യോഹന്നാനോട് "ഞങ്ങൾ എന്ത് ചെയ്യണം?" (ലൂക്ക 3:10) എന്ന് ചോദിക്കുന്നു. ഞങ്ങൾ എന്ത് ചെയ്യണം എന്ന ചോദ്യത്തിൽ നമുക്ക് ഒന്ന് നിൽക്കാം.
കടമ എന്ന ഒരു ബോധ്യത്തിൽനിന്നല്ല അത് വരുന്നത്, മറിച്ച് ദൈവത്താൽ സ്പർശിക്കപ്പെട്ട ഒരു ഹൃദയവും, അവന്റെ വരവിലുള്ള ആവേശവുമാണ് "ഞങ്ങൾ എന്താണ് ചെയ്യേണ്ടത്" എന്ന് ചോദിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നത്. യോഹന്നാൻ പറയുന്നു: “കർത്താവ് അടുത്തുവന്നിരിക്കുന്നു”. “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്". ഉദാഹരണത്തിന് നമുക്ക് പ്രിയപ്പെട്ട ഒരാൾ നമ്മെ സന്ദർശിക്കാൻ വന്നുകൊണ്ടിരിക്കുകയാണെന്ന് കരുതുക. നമ്മൾ അദ്ദേഹത്തെ സന്തോഷത്തോടെയും അക്ഷമയോടെയും കാത്തിരിക്കും. അദ്ദേഹത്തെ ശരിയായ രീതിയിൽ സ്വീകരിക്കാനായി, നാം നമ്മുടെ വീട് വൃത്തിയാക്കും, നമുക്ക് സാധ്യമായ ഏറ്റവും മികച്ച ഭക്ഷണം തയ്യാറാക്കും, ഒരു പക്ഷെ ഒരു സമ്മാനവും. ചുരുക്കത്തിൽ, നാം അതിനായി തയ്യാറെടുക്കും. കർത്താവിന്റെ കാര്യത്തിലും ഇങ്ങനെയാണ്, അവന്റെ വരവിലുള്ള സന്തോഷം, "ഞങ്ങൾ എന്താണ് ചെയ്യേണ്ടത്" എന്ന് ചോദിക്കുവാൻ പ്രേരിപ്പിക്കും. എന്നാൽ ദൈവം ഈ ചോദ്യം കൂടുതൽ ഉയർന്ന തലത്തിലേക്ക് ഉയർത്തുന്നു: എന്റെ ജീവിതംകൊണ്ട് എന്തുചെയ്യണം? ഞാൻ എന്തിനായാണ് വിളിക്കപ്പെട്ടിരിക്കുന്നത്? എന്നെ എന്താണ് സാക്ഷാത്കരിക്കുന്നത്?
ജീവിതം അർത്ഥമുള്ളതാണ്
ഈ ഒരു ചോദ്യം നമ്മോട് നിർദ്ദേശിക്കുന്നതിലൂടെ, സുവിശേഷം ഒരു പ്രധാന കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നു: ജീവിതം നമുക്ക് ഒരു കർത്തവ്യം നൽകുന്നുണ്ട്. ജീവിതം അർത്ഥശൂന്യമല്ല, അത് യാദൃശ്ചികമായി നൽകപ്പെട്ടതല്ല. ഒരിക്കലുമല്ല! നിങ്ങൾ ആരാണെന്ന് കണ്ടെത്തുക, നിങ്ങളുടെ ജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനമായി പരിശ്രമിക്കുക, എന്ന് പറഞ്ഞുകൊണ്ട് കർത്താവ് നമ്മെ ഏൽപ്പിക്കുന്ന ഒരു ദാനമാണിത്. സാക്ഷാത്കരിക്കപ്പെടേണ്ട ഒരു ദൗത്യമാണ് നാം ഓരോരുത്തരും എന്ന് നമുക്ക് മറക്കാതിരിക്കാം. അങ്ങനെയെങ്കിൽ, ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് കർത്താവിനോട് ചോദിക്കാൻ നമുക്ക് ഭയമുണ്ടാകില്ല. ഈ ചോദ്യം അവനോട് കൂടെക്കൂടെ നമുക്ക് ആവർത്തിക്കാം. ഈ ചോദ്യം ബൈബിളിൽ വീണ്ടും കാണാം: അപ്പസ്തോലപ്രവർത്തനങ്ങളിൽ, യേശുവിന്റെ പുനരുത്ഥാനത്തെ കുറിച്ച് പത്രോസ് പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോൾ "ചില ആളുകളുടെ ഹൃദയം നുറുങ്ങി, അവർ പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും "സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" എന്ന് ചോദിച്ചു (2, 37). നമുക്കും സ്വയം ചോദിക്കാം: എനിക്കും സഹോദരന്മാർക്കും വേണ്ടി എന്തു ചെയ്യുന്നതാണ് നല്ലത്? സഭയുടെ, സമൂഹത്തിന്റെ നന്മയ്ക്കായി എനിക്ക് എങ്ങനെ സഹായം ചെയ്യാനാകും? ഒന്ന് നിന്ന്, ക്രിസ്തുമസിന് എങ്ങനെ തയ്യാറെടുക്കണമെന്ന് സ്വയം ചോദിക്കാൻവേണ്ടിയുള്ളതാണ് ആഗമനകാലം. സമ്മാനങ്ങൾക്കും, നിലനിൽക്കാത്ത കാര്യങ്ങൾക്കും, നിരവധി തയ്യാറെടുപ്പുകൾക്കുമായി നാം തിരക്കിലാണ്, എന്നാൽ യേശുവിനും മറ്റുള്ളവർക്കുംവേണ്ടി എന്ത് ചെയ്യാമെന്ന് നമുക്ക് സ്വയം ചോദിക്കാം! ഞങ്ങൾ എന്താണ് ചെയ്യേണ്ടത്"
വ്യക്തിപരമായ വിളി
"ഞങ്ങൾ എന്താണ് ചെയ്യേണ്ടത്" എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് തുടർന്ന് സുവിശേഷത്തിൽ. ഓരോ ആളുകൾക്കും വ്യത്യസ്തങ്ങളാണവ. രണ്ടു കുപ്പായങ്ങൾ ഉള്ളവനോട് ഇല്ലാത്തവരുമായി പങ്കുവയ്ക്കാനും; നികുതികൾ പിരിക്കുന്ന ചുങ്കക്കാരോട് "മുൻപ് നിശ്ചയിച്ചിട്ടുള്ളതിൽക്കൂടുതൽ ഒന്നും ആവശ്യപ്പെടരുത്" (ലൂക്ക 3:13) എന്നും, പടയാളികളോട് "ആരോടും മോശമായി പെരുമാറരുതെന്നും ആരിൽനിന്നും ഒന്നും പിടിച്ചുപറിക്കരുതെന്നുമാണ് (വാക്യം14) യോഹന്നാൻ നിർദ്ദേശിക്കുന്നത്. ഓരോരുത്തരോടും പറയപ്പെടുന്നത്, അവരുടെ ജീവിതത്തിന്റെ യഥാർത്ഥ അവസ്ഥയനുസരിച്ചുള്ള ഒരു ഉത്തരമാണ്. ഇത് നമുക്ക് വിലയേറിയ ഒരു അനുശാസനമാണ് നൽകുന്നത്: മൂർത്തമായ, പച്ചയായ, ജീവിതത്തിലാണ് വിശ്വാസം ജന്മമെടുക്കുന്നത്. അത് അമൂർത്തവും സാമാന്യവൽക്കരിക്കപ്പെട്ടതുമായ ഒരു സിദ്ധാന്തമല്ല, മറിച്ച് ഓരോ മനുഷ്യരുടെയും ജീവിതത്തെ സ്പർശിക്കുകയും ഓരോരുത്തരുടെയും ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്. നമുക്ക് നമ്മുടെ വിശ്വാസത്തിന്റെ മൂർത്തതയെക്കുറിച്ച് ചിന്തിക്കാം. ഞാനും എന്റെ വിശ്വാസവും മൂർത്തമായ ഒന്നാണോ അതോ അമൂർത്തമാണോ? മറ്റുള്ളവർക്കുവേണ്ടിയുള്ള സേവനത്തിലും സഹായത്തിലും ഞാൻ എന്റെ വിശ്വാസം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടോ?
ക്രിസ്തുമസിനുള്ള നമ്മുടെ ഒരുക്കം
അങ്ങനെയെങ്കിൽ, അവസാനമായി നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ക്രിസ്തുമസിനോട് നാം അടുത്തിരിക്കുന്ന ഈ ദിവസങ്ങളിൽ എന്താണ് എനിക്ക് പ്രത്യക്ഷമായി ചെയ്യാൻ സാധിക്കുക? ഞാൻ എങ്ങനെയാണ് എന്റെ ഭാഗം ചെയ്യുന്നത്? ചെറുതെങ്കിലും, നമ്മുടെ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടുന്ന വ്യക്തമായ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുകയും അത്, ഈ ക്രിസ്തുമസിനായി നമ്മെത്തന്നെ ഒരുക്കുവാനായി, പ്രവർത്തികമാക്കുകയും ചെയ്യാം. ഉദാഹരണത്തിന്, ഒറ്റയ്ക്കായിരിക്കുന്ന ഒരു വ്യക്തിയെ നമുക്ക് ഫോണിൽ വിളിച്ചുസംസാരിക്കാം, വൃദ്ധനോ രോഗിയോ ആയ ഒരാളെ സന്ദർശിക്കാം, ഒരു പാവപ്പെട്ടവനെയോ മറ്റേതെങ്കിലും ആവശ്യങ്ങൾ ഉള്ളവനെയോ സഹായിക്കാൻ എന്തെങ്കിലും ചെയ്യാം. വീണ്ടും: ഒരുപക്ഷെ എനിക്ക് ഒരു ക്ഷമ ചോദിക്കാനുണ്ടാകാം, അതല്ലെങ്കിൽ ക്ഷമ കൊടുക്കുവാനുണ്ടാകാം, ഒരു പ്രശ്നം പരിഹരിക്കപ്പെടാനുണ്ടാകാം, ഒരു കടം വീട്ടാനുണ്ടാകാം. ഒരുപക്ഷെ ഞാൻ പ്രാർത്ഥന അവഗണിച്ചിരിക്കാം, വളരെക്കാലത്തിന് ശേഷം കർത്താവിന്റെ അനുരഞ്ജനത്തിനായി അണയാനുള്ള സമയമായിരിക്കാം. സഹോദരീസഹോദരന്മാരെ, അങ്ങനെ വ്യക്തമായി എന്തെങ്കിലും ഒന്ന് കണ്ടുപിടിച്ച് അതനുസരിച്ച് പ്രവർത്തിക്കാം. ആരുടെ ഉദരത്തിലാണോ ദൈവം മാംസം ധരിച്ചത്, ആ മാതാവ് നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകൾക്ക് ശേഷം ഫ്രാൻസിസ് പാപ്പാ ത്രികാലജപപ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും പ്രാർത്ഥനാവസാനം എല്ലാവർക്കും ആശീർവാദം നൽകുകയും ചെയ്തു.
ത്രികാലജപത്തിന് ശേഷം
ആശീർവാദത്തിന് ശേഷം, പാപ്പാ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഉണ്ടായിരുന്ന ആളുകളെ വീണ്ടും അഭിസംബോധന ചെയ്തു.
ഉക്രയിനും സമാധാനവും
ആദ്യമേതന്നെ ഉക്രയിനിലെ വിഷമസ്ഥിതിയിലേക്കാണ് പാപ്പാ ശ്രദ്ധ തിരിച്ചത്. അവിടുത്ത എല്ലാ സഭകൾക്കും, സമർപ്പിതർക്കും, മറ്റാളുകൾക്കും വേണ്ടി താൻ പ്രാർത്ഥന ഉറപ്പുനൽകുന്നു എന്ന് പറഞ്ഞ പാപ്പാ, ആയുധങ്ങൾകൊണ്ടല്ല, അന്താരാഷ്ട്രതലത്തിലുള്ള ചർച്ചകളിലൂടെയാണ് അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതെന്ന് പറഞ്ഞു. ലോകത്ത് കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ വർഷം നിർമ്മിക്കപ്പെട്ടു എന്ന വാർത്ത തന്നെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞ പാപ്പാ, ഇത്തവണത്തെ ക്രിസ്തുമസ് ഉക്രയിനിൽ സമാധാനം കൊണ്ടുവരട്ടെ എന്ന് ആശംസിച്ചു.
വടക്കേ അമേരിക്കയിലെ വിവിധയിടങ്ങളിൽ, പ്രത്യേകിച്ച് കെന്റക്കിയിൽ ഉണ്ടായ കൊടുങ്കാറ്റിൽപ്പെട്ടവർക്കുവേണ്ടി താൻ പ്രാർത്ഥിക്കുന്നു എന്നും പാപ്പാ പറഞ്ഞു.
ഗ്വാദലൂപ്പെ മാതാവിന്റെ തിരുന്നാൾ
തുടർന്ന് സ്പാനിഷ് ഭാഷയിൽ വിവിധ അമേരിക്കൻ രാജ്യങ്ങളിൽനിന്നും ഫിലിപ്പീൻസിൽനിന്നുമുള്ള സമൂഹങ്ങളെ അഭിവാദ്യം ചെയ്ത പാപ്പാ, മെക്സിക്കോയിലെ ഗ്വാദലൂപ്പെ മാതാവിനെ വണങ്ങുന്നതിനും, ജപമാല ചൊല്ലുന്നതിനുമായി ഒത്തുകൂടിയതിന് അവരെയെല്ലാം അഭിനന്ദിച്ചു. ഈ ദൈവമാതാവിനെ വണങ്ങുന്നതിനായി നിങ്ങളോട് ചേരുന്ന അലാസ്ക മുതൽ പാത്തഗോണിയ വരെയുള്ള ഇടങ്ങളിൽനിന്നുള്ളവരെയും താൻ അഭിനന്ദിക്കുന്നു എന്നും പാപ്പാ പറഞ്ഞു.
അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരുമായി സഹകരിച്ചുകൊണ്ട്, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങൾ മുതൽ കേന്ദ്രം വരെയുള്ളവർ ഒരുമിച്ച് മുന്നേറി എല്ലാവർക്കും സദ്‌വാർത്തയാകുവാനാണ് ഗ്വാദലൂപ്പെ മാതാവും വിശുദ്ധ ഹുവാൻ ദിയെഗോയും നമ്മെ പഠിപ്പിക്കുന്നത് എന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുവഴി, ഒരുമ തന്നെയായ ദൈവം, അമേരിക്കൻ ഭൂഖണ്ഡത്തിൽ ആവശ്യമായ, സഭയുടെയും സമൂഹത്തിന്റെയും പരിവർത്തനവും നവീകരണവും നയിക്കുമെന്നും പറഞ്ഞു. നിരവധി അമേരിക്കൻ രാജ്യങ്ങളുടെ സ്ഥിതി ദയനീയമാണെന്നു പറഞ്ഞ പാപ്പാ, ഇതേ പരിവർത്തനവും നവീകരണവും ലോകത്തെമ്പാടും ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.
നിങ്ങൾ ഇന്ന് ചെയ്ത വിശ്വാസത്തിന്റെയും പരസ്യസാക്ഷത്തിന്റെയും പ്രവർത്തികൾ വഴി 2031-ലെ ഗ്വാദലൂപ്പെ ജൂബിലിക്കും 2033-ലെ വീണ്ടെടുപ്പിന്റെ ജൂബിലിക്കും നാം തയ്യാറെടുക്കാൻ തുടങ്ങുന്നതിൽ തനിക്ക് ആനന്ദമുണ്ടെന്നും, എപ്പോഴും നാം മുന്നിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കണമെന്നും പറഞ്ഞ പാപ്പാ, എല്ലാവരെയും ഒരുമിച്ച് “ഗ്വാദലൂപ്പെ മാതാവ് വാഴട്ടെ” എന്ന് പറയുവാൻ ക്ഷണിച്ചു.
അന്താരാഷ്ട കാരിത്താസ് സംഘടനയുടെ 75 വർഷങ്ങൾ
ഈ വർഷം സ്ഥാപനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര കാരിത്താസ് സംഘടനയ്ക്ക് തന്റെ എല്ലാ ആശംസകളും നേർന്ന പാപ്പാ ഈ സംഘടന ഇനിയും വളർന്ന് ശക്തിപ്പെടണമെന്നും, ലോകമെങ്ങുമുള്ള പാവപ്പെട്ടവർക്കും, ദുർബലർക്കും ഇത് സഭയുടെ സ്‌നേഹഹസ്തമാണ് എന്നും അവരിൽ ക്രിസ്തു സന്നിഹിതനാണെന്നും പറഞ്ഞു. എളിമയോടും സർഗ്ഗാത്മകതയോടും കൂടി സമൂഹത്തിലെ ഉപേക്ഷിക്കപ്പെട്ട കൂടുതൽ ആളുകളിലേക്ക് ചെല്ലുവാനും, അതുവഴി നിസ്സംഗതയുടെയും ആളുകളെ തരംതിരിച്ച് മാറ്റിനിറുത്തുന്നതിന്റെയും സംസ്കാരത്തിന് മറുമരുന്നായി സേവനം ചെയ്യുവാനും ആഹ്വാനം ചെയ്ത പാപ്പാ, കാരിത്താസിന്റെ "നാമൊരുമിച്ച്" എന്ന, പാവങ്ങളെയും പ്രപഞ്ചസൃഷ്ടികളെയും സംരക്ഷിക്കുന്നതിനുള്ള ആഗോളസംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അവസാനതട്ടിൽ കിടക്കുന്നവർക്കാണ് ഈ ഭൂമിയേൽക്കുന്ന മുറിവുകളുടെ ദുരിതഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നതെന്നു പറഞ്ഞ പാപ്പാ, എന്നാൽ, പാരിസ്ഥിതികപരിവർത്തനങ്ങൾക്ക് സംഭാവന നൽകാൻ എല്ലാ സമൂഹങ്ങൾക്കും കഴിയുമെന്നും, അതുകൊണ്ടുതന്നെ കാരിത്താസിന്റെ മുൻപറഞ്ഞ സംരംഭത്തിൽ ചേരുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. കാരിത്താസ് സംഘടനയിലെ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട്, ആ സംഘടനയെ കൂടുതൽ ചുരുക്കി, അവരുടെ കൈയിലെത്തുന്ന പണം സംഘടനാപ്രവർത്തനങ്ങൾക്കെന്നതിനേക്കാൾ പാവപ്പെട്ടവർക്ക് നൽകുവാൻ പാപ്പാ ആഹ്വാനം ചെയ്തു.
വിവിധ സംഘങ്ങൾ
തുടർന്ന് ഉണ്ണീശോയുടെ ചെറുപ്രതിമകളുമായി, റോമിൽനിന്നും മറ്റു ഭാഗങ്ങളിൽനിന്നും വന്ന ആളുകളെയും, പ്രത്യേകിച്ച് കുട്ടികളെയും, അഭിസംബോധന ചെയ്ത പാപ്പാ, റോമിലെ ഇടവകകളിലെ കുട്ടികൾക്കുവേണ്ടിയുള്ള ഘടകങ്ങൾക്ക് നന്ദി പറയുകയും, എല്ലാവരോടും അവരുടെ മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രിയപ്പെട്ടവർക്കും പാപ്പായുടെ പേരിൽ ക്രിസ്തുമസ് ആശംസകൾ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പോർച്ചുഗലിലെ ലെരിയായിൽനിന്നും, ഇറ്റലിയിലെ വിവിധ ഇടവകകളിൽനിന്നും വന്ന കുട്ടികളെയും മുതിർന്നവരെയും അഭിവാദ്യം ചെയ്ത പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായറാഴ്‌ച ആശംസിക്കുകയും ഒരിക്കൽക്കൂടി ഗ്വാദലൂപ്പെ മാതാവിന് അഭിവാദ്യമർപ്പിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
പിന്നീട്, സാധാരണ പതിവുപോലെ, തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന പാപ്പാ ആവർത്തിക്കുകയും എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്ന ആശംസയോടെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജനാലയ്ക്കൽനിന്ന് പിൻവാങ്ങുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: