ഫ്രാ൯സിസ് പാപ്പാ സൈപ്രസിൽ എത്തി
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വിശ്വാസത്തിലുള്ള സാന്ത്വന യാത്ര
ഫ്രാൻസിസ് പാപ്പാ തന്റെ 35-ആം അപ്പോസ്തോലിക യാത്ര ഡിസംബർ 2 ആം തീയതി വ്യാഴാഴ്ച്ച പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് വത്തിക്കാനിൽ നിന്ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട് കൊണ്ട് ആരംഭിച്ചു. സാന്താ മാർത്തയിൽ നിന്നും 29 കി.മീ. അകലെയുള്ള പോർത്തോ സാന്താ റുഫീനാ രൂപതയിലാണ് ഈ വിമാനത്താവളം. മോൺ.ജാൻറിക്കോ റൂസ്സായാണ് രൂപതയുടെ അപ്പോസ്തോലിക നിർവ്വാഹി.
10.30 ന് വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് പാപ്പായെയും വഹിച്ച് കൃത്യം 11.00 മണിക്ക് വിമാനം യാത്രയുടെ ആദ്യഭാഗമായ ലർനാക്കയിലേക്ക് യാത്ര തിരിച്ചു.
ലർനാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്. ഫ്രാൻസിസ് പാപ്പാ വിമാനത്തിലെ ജോലിക്കാരുമായി ഫോട്ടോ എടുക്കുകയും, മാധ്യമപ്രവർത്തകരെ അഭിവാദനം ചെയ്യുകയും ചെയ്തു. റോമിൽ നിന്ന് പറന്നുയർന്ന വിമാനം ഇറ്റലി ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ മേലെ പറന്നാണ് ലർനാക്കയിലേക്കെത്തിയത്. 2.148 കി.മി.ദൂരം കടക്കാൻ പാപ്പായുടെ വിമാനത്തിന് വേണ്ടിയിരുന്നത് മൂന്ന് മണിക്കൂറുകളാണ്. അതിനാൽ ഉച്ചഭക്ഷണം വിമാനത്തിൽ തന്നെയാണ് കഴിച്ചത്. പ്രാദേശീക സമയം രണ്ടിന് പാപ്പായെയും വഹിച്ചുള്ള വിമാനം ലർനാക്കാ വിമാനത്താവളത്തിലെത്തി.
ലർനാക്കാ നഗരം
ലർനാക്കാ നഗരം BC 9-ആം നൂറ്റാണ്ടിൽ ഒരു ഫീനിഷ്യൻ ഉടമ്പടി വഴി രൂപപ്പെട്ടതാണ്. ഒന്നാം നൂറ്റാണ്ടിൽ ഈ നഗരം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു, പാരമ്പര്യമനുസരിച്ച്, അതിന്റെ ആദ്യത്തെ മെത്രാ൯ യേശുവിന്റെ സുഹൃത്തായ വിശുദ്ധ ലാസറാണ്. അദ്ദേഹത്തെ ഉയിർപ്പിച്ച അത്ഭുതത്തിന് ശേഷം ഈ നഗരത്തിൽ അദ്ദേഹം താമസമാക്കി. എട്ടാം നൂറ്റാണ്ടിൽ വിജ്ഞാനിയായ ലിയോ ആറാമൻ ചക്രവർത്തി നിർമ്മിച്ച ലാസറിന്റെ പേരിലുള്ള പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
ഒരു തെക്കൻ തുറമുഖമെന്ന നിലയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ അറബികളുടെ ആവർത്തിച്ചുള്ള കടന്നാക്രമണവും ഈ ദ്വീപിന്റെ ചരിത്രമാണ്. 1974 മുതൽ, ദ്വീപിന്റെ വടക്കൻ ഭാഗത്തുണ്ടായ തുർക്കി അധിനിവേശത്തെത്തുടർന്നും, ഫമാഗുസ്ത തുറമുഖത്തിന്റെ നഷ്ടത്തെത്തുടർന്നും, ലർനാക്കായിൽ ഒരു വിമാനത്താവളം നിർമ്മിക്കുകയും, തുറമുഖം വിപുലീകരിക്കുകയും ചെയ്തു. അങ്ങനെ ലർനാക്കാ വളരെ തിരക്കുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായി.
പാപ്പായ്ക്ക് സ്വീകരണം
“Head of State Executive Terminal”ൽ എത്തിയ വിമാനത്തിലേക്ക് പാപ്പായെ അഭിവാദ്യം ചെയ്യാൻ സൈപ്രസിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ മോൺ. അദോൽഫോ തീത്തോ ഇല്ലാന്നായും, പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിന്റെ മുൻഭാഗത്തെ വാതിലൂടെ പ്രവേശിച്ച് പാപ്പായ്ക്ക് അഭിവാദനം അർപ്പിച്ചു.
വിമാനത്തിന്റെ മുൻവശത്തെ ഗോവണിപ്പടിയുടെ ചുവട്ടിൽ പാർലമെന്റ് ഹൗസിന്റെ അധ്യക്ഷൻ പാപ്പയെ സ്വാഗതം ചെയ്തു. പരമ്പരാഗത വസ്ത്രം അണിഞ്ഞ മൂന്ന് കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ അർപ്പിച്ചു. അതിനെ തുടർന്ന് പാപ്പയ്ക്ക് സൈനീക ബഹുമതിയും നൽകപ്പെട്ടു.
സൈനീക ബഹുമതി സ്വീകരിച്ച പാപ്പാ 50 കി.മീ. അകലെയുള്ള നിക്കോസിയയിലെ കൃപയുടെ മാതാവിന്റെ നാമഥേയത്തിലുള്ള മറോനൈറ്റ് ഭദാസന ദേവാലയത്തിലേക്ക് പ്രാദേശിക സമയം 2.20 ന് കാറിൽ യാത്രയായി.
നികോസിയ
സൈപ്രസ് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ നികോസിയ മെസോറിയ സമതലത്തിൽ വടക്ക് കിറേനിയാ പർവ്വതനിരകൾക്കും തെക്ക് ട്രൂഡോസ് പീഠഭൂമിക്കുമിടയിൽ പെഡിയോസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. തുർക്കികളുടെ അധിനിവേശത്തിനു ശേഷം 1974ൽ മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ് ദ്വീപിന്റെ മധ്യഭാഗത്തുള്ള നഗരം ഗ്രീക്ക് - സൈപ്രിയേറ്റ് എന്നും തുർക്കി - സൈപ്രിയേറ്റ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു.
വെങ്കലയുഗം മുതൽ ജനവാസമുള്ളതും മുൻകാലങ്ങളിൽ ലെദ്ര എന്നറിയപ്പെട്ടിരുന്നതുമായ നിക്കോസിയ ഗ്രീക്ക്-റോമൻ, ബൈസൈൻറ്റൈൻ എന്നിവയിൽ തുടങ്ങി നിരവധി നാഗരികതകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൂന്നാം കുരിശു യുദ്ധസമയത്ത് 1187ൽ റിച്ചാർഡ് ദി ലയൺ ഹാർട്ട് നഗരത്തെ പരാജയപ്പെടുത്തി കുരിശുയുദ്ധ പോരാളികളായ ടെംബ്ളാറികൾക്ക് വിറ്റു. തുടർന്ന് 1192ൽ അവസാനിച്ച നിക്കോസിയാക്കാരുടെ കലാപം വരെ ഇവിടം ടെംബ്ളാറികളുടെ കൈവശമായിരുന്നു. പിന്നീട് 1489 വരെ ലൂസിഗ്നൻ രാജാക്കന്മാരാണ് തലസ്ഥാനം ഭരിച്ചത്. പിന്നീട് വെനീഷ്യരും, ഓട്ടോമൻ സാമ്രാജ്യവും ഈ നാടു ഭരിച്ചു. 1878 മുതൽ1960 ൽ സൈപ്രസ് സ്വാതന്ത്ര്യം നേടും വരെ ബ്രിട്ടീഷുകാരും ഇവിടെ ഭരണം നടത്തി.
1974 ൽ ഒരു ഗ്രീക്ക് സൈനിക നടപടിയിലൂടെ സൈപ്രസ് സർക്കാരിനെ അട്ടിമറിക്കാനും ഗ്രീസിനോടു കൂട്ടിച്ചേർക്കാനും ശ്രമിച്ചു. 1983ൽ വടക്കൻ തുർക്കികൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അങ്ങനെ വടക്ക് റിപ്പബ്ലിക് സൈപ്രസ് സർക്കാർ രൂപിതമായി. അങ്കാര സർക്കാർ അവരെ അംഗീകരിച്ചെങ്കിലും അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചില്ല. ഇന്ന് യൂറോപ്യൻ ഭൂഖണ്ഡത്തിലെ അവസാനത്തെ വിഭജിത തലസ്ഥാനമായ നിക്കോസിയ കിഴക്കൻ മെഡിറ്ററേനിയനിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ്.
റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ നിയന്ത്രണത്തിൽ തുടരുന്ന തെക്കൻ ഭാഗത്ത് രാഷ്ട്രീയ സാമ്പത്തിക വ്യാവസായിക സ്ഥാപനങ്ങളും നയതന്ത്രകാര്യാലയങ്ങളുമുണ്ട്. വടക്കുഭാഗത്ത് വിശുദ്ധ സോഫിയായിലെ മുൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയം കാണാം. ഇവിടെയുള്ള അത്താതുർക്ക് ചത്വരത്തിലാണ് ഓട്ടോമൻ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നാല് മെത്രാന്മാരും മറ്റ് വൈദികരും ഉൾപ്പെടെ 486 ഗ്രീക്ക് സൈപ്രസുകാരെ ശിരഛേദം ചെയ്യുകയോ തൂക്കിലേറ്റുകയോ ചെയ്തത്.
സൈപ്രസിന്റെ മറോണൈറ്റ്സ് ആർച്ചിപാർക്കി
13-ആം നൂറ്റാണ്ടിൽ രൂപീകൃതമായ മറോണൈറ്റ്സ് ആർച്ചിപാർക്കി 9,251 ചതുരശ്ര കി.മീ.വിസ്താരമുള്ളതാണ്. 849,640 നിവാസികൾ; 13,000 കത്തോലിക്കർ; 12 ഇടവകകൾ; 1 പള്ളി; 9 രൂപത വൈദികർ; 3 സ്ഥിരം ഡീക്കന്മാർ; തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുന്ന 2 സെമിനാരി വിദ്യാർത്ഥികൾ ; പുരുഷ സന്യാസ സ്ഥാപനത്തിലെ ഒരു സന്യാസി; സ്ത്രീകളുടെ സന്യാസിനി ഭവനങ്ങളിൽ 3 അംഗങ്ങൾ; 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾ; 30 ഉപവി സ്ഥാപനങ്ങൾ എന്നിവ ആർച്ചിപാർക്കിയിൽ ഉണ്ട്. കഴിഞ്ഞ വർഷം 85 പേർ മാമോദീസാ സ്വീകരിച്ചു. മധ്യ ലെബനനിലെ കെസർവാനിൽ ജനിച്ച മോൺ. സെലിം ഷാൺ സ്ഫെയരാണ് മറോണൈറ്റുകളുടെ സൈപ്രസിലെ ആർച്ച് ബിഷപ്പ്.
സൈപ്രസിലുള്ള ലത്തീൻ പാത്രിയാർക്കൽ വികാരിയേറ്റ്
വിശുദ്ധ കുരിശിന്റെ നാമധേയത്തിലുള്ള ഫ്രാൻസിസ്കൻ ആശ്രമമാണ് സൈപ്രസിനുള്ള ലത്തീൻ പാത്രിയാർക്കൽ വികാരിയേറ്റ് . സൈപ്രസിലെ പാത്രിയാർക്കൽ വികാരി റവ. ജെർസി ക്രാജ് ഒ.എഫ്.എം.
സൈപ്രസിലെ ആർച്ചിപാർക്കിയുടെ ആസ്ഥാനമാണ് നിക്കോസിയയിലെ കൃപയുടെ മാതാവിന്റെ നാമധേയത്തിലുള്ള മറോണൈറ്റൈ൯ ഭദ്രാസന ദേവാലയം. സൈനീക ബഹുമതിക്ക് ശേഷം കാറിൽ പുറപ്പെട്ട പാപ്പാ മൂന്നു മണിക്ക് ഈ കത്തീഡ്രൽ ദേവാലയത്തിലെത്തി.
കൃപയുടെ മാതാവിന്റെ മറോണൈറ്റൈ൯ ഭദ്രാസന ദേവാലയം
പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ദേവാലയം1959-ൽ പുനർനിർമ്മിക്കപ്പെട്ടു. 1961 ഒക്ടോബർ 28-ന് സൈപ്രസിലെ മരോനൈറ്റ് ആർച്ച് ബിഷപ്പ് ഏലിയാസ് ഫറയാണ് അത് ഉദ്ഘാടനം ചെയ്തത്. തുടർന്നുള്ള പുനരുദ്ധാരണങ്ങൾ പ്രത്യേകിച്ച് ബലിപീഠത്തെ സംബന്ധിച്ചവ മരോനൈറ്റ് ആരാധനാക്രമത്തിന്റെ നിയമങ്ങൾക്കനുസൃതമായി പുനർനിർമ്മിച്ചു. മറോണൈറ്റ് സന്യാസിമാരുടെ ജീവിതത്തിൽ നിന്നുള്ള ഉപാഖ്യാനങ്ങൾ ചിത്രീകരിക്കുന്ന കലാപരമായ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങൾ സ്ഥാപിക്കുകയും പുറത്ത് മൊസൈക്കുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. 2010 ജൂൺ 6-ന് സൈപ്രസിലേക്ക് അപ്പസ്തോലിക യാത്ര നടത്തിയ ആദ്യത്തെ പാപ്പയായ ബെനഡിക്റ്റ് പതിനാറാമൻ ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഇവിടെവെച്ചാണ് ഫ്രാൻസിസ് പാപ്പാ വൈദികർ, സമർപ്പിതർ, ഡീക്കന്മാർ, മതബോധനാദ്ധ്യാപകർ, സൈപ്രസിലെ സഭാ സംഘടനകളുടെയും, വിവിധ മുന്നേറ്റങ്ങളുടെയും അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കത്തീഡ്രൽ ദേവാലയത്തിലേക്കെത്തിയ പാപ്പായെ പ്രധാന കവാടത്തിൽ വെച്ച് മരോനൈറ്റ് പാത്രിയാർക്കീസും ആർച്ച് ബിഷപ്പും ചേർന്ന് കുരിശും വിശുദ്ധജലവും നൽകി സ്വീകരിച്ചു. തുടർന്ന് അവർ ഒരുമിച്ച് ദേവാലയത്തിൽ പ്രവേശിച്ചു. പരിശുദ്ധ പിതാവിന് അന്ത്യോക്യയിലെ പാത്രിയർക്കീസായ കർദ്ദിനാൾ ബെച്ചറ ബൂട്രോസ് റായി ,ഒ.എം.എം.അഭിവാദ്യമർപ്പിച്ചു. തുടർന്ന് ഒരു ഫ്രാൻസിസ്കൻ സന്യാസിനിയുടെ സാക്ഷ്യമുണ്ടായിരുന്നു. അതിനെ തുടർന്ന് പരമ്പരാഗത ഗാനാലാപനം, തുടർന്ന് ഒരു ജോസഫൈ൯ സന്യാസിനിയുടെ സാക്ഷ്യം, ഇറ്റാലിയൻ ഭാഷയിൽ അപ്പോസ്തല പ്രവർത്തനത്തിൽ നിന്നുള്ള വായന (13: 1-4) യും നടന്നു. വായനയ്ക്ക് ശേഷം പാപ്പാ തന്റെ ആദ്യ പ്രഭാഷണം നൽകി.
പ്രഭാഷണത്തിന് ശേഷം ലുത്തിനിയാ പാടി. തുടർന്ന് പാപ്പാ തന്റെ അപ്പോസ്തോലിക അശീർവ്വാദം നൽകി. അതിനു ശേഷം പരിശുദ്ധ പിതാവിന് സമ്മാനം നൽകപ്പെട്ടു. ഇവിടെ നിന്ന് 5.15 ന് നിക്കോസിയയിലെ രാഷ്ട്രപതി ഭവനിൽ പാപ്പായ്ക്ക് നൽകുന്ന സ്വീകരണത്തിൽ പങ്കെടുത്ത ശേഷം 5.30ന് രാഷ്ട്രപതി ഭവനിലെ സ്വകാര്യ കാര്യാലയത്തിൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ പാപ്പാ സന്ദർശിക്കും. അതിന് ശേഷം 6.00 മണിക്ക് ഭരണാധികാരികൾ, പൗര സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി നിക്കോസിയയിലെ രാഷ്ട്രപതി ഭവനിലെ "സെറിമോണിയൽ ഹാളിൽ" വച്ച് കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവ് പ്രഭാഷണം നൽകുകയും ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: