തിരയുക

വത്തിക്കാനിലെ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള വിശുദ്ധരുടെ നിര...  വത്തിക്കാനിലെ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള വിശുദ്ധരുടെ നിര...  

ആറ് പുതിയ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് പാപ്പാ അംഗീകാരം നൽകി

ഇന്നലെ തിങ്കളാഴ്ച വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ മർചെല്ലോ സെമെറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2 അത്ഭുതങ്ങളും 4 വീരോചിത പുണ്യങ്ങളും സംബന്ധിച്ച 6 പ്രഖ്യാപനങ്ങൾ പ്രസിദ്ധീകരിക്കാൻ അനുവാദം നൽകി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രഞ്ചുകാരിയായ വാഴ്ത്തപ്പെട്ട മരീ റിവീയറിന്റെ മദ്ധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹമാണ് അതിലൊന്ന്. സിസ്റ്റേഴ്സ് ഓഫ് ദ പ്രസന്റേഷൻ ഓഫ് മേരി എന്ന സഭയുടെ സ്ഥാപകയാണ് മരീ റിവിയർ. 1768ൽ ജനിച്ച മരീ 19 മാസം മാത്രം പ്രായമുള്ളപ്പോൾ കിടക്കയിൽ നിന്നു വീണു എളിയെല്ലൊടിഞ്ഞ് 10 കൊല്ലത്തോളം ഇഴഞ്ഞ് നീങ്ങിയ അവൾ താങ്ങുവടിയിൽ നടക്കാനാരംഭിക്കവെ വീണ്ടും വീണു കിടപ്പിലായി. എന്നാൽ ദൈവത്തിലുള്ള അവളുടെ വിശ്വാസം 1777 ൽ പരിപൂർണ്ണ സൗഖ്യത്തിലേക്ക് നയിച്ചു. ആരോഗ്യ പ്രശ്നം പറത്ത് നോട്രഡാം സന്യാസസഭയിൽ പ്രവേശിക്കാൻ അനുവാദം നിഷേധിക്കപ്പെട്ട റിവിയർ ഫ്രാൻസിസ്കൻ, ഡോമിനിക്കൻ മൂന്നാം സഭകളിൽ അംഗമായിക്കൊണ്ട്  ഇടവകയിലെ തൊഴിൽ രഹിതരായ യുവതികൾക്ക് തൊഴിലഭ്യസിക്കാൻ ഒരു സംരംഭം ആരംഭിച്ചു. രോഗീ സന്ദർശനം നടത്തിയും ദരിദ്രരെ സഹായിച്ചും ഫ്രഞ്ചു വിപ്ലവം ആരംഭിക്കും വരെ തന്റെ പ്രവർത്തനം തുടർന്നു. വിപ്ലവകാരികൾ സന്യാസഭവനങ്ങൾ അടപ്പിക്കുമ്പോൾ റ്റുവെയിലേക്ക് താമസം മാറ്റിയ മരി കുറച്ചു യുവതികളുമായി ഒരു ചെറിയ സമൂഹം 1796 നവംബർ ഒന്നിന്  രൂപീകരിച്ചു. 1801 ൽ വിയന്നായിലെ മെത്രാൻ അവളുടെ പ്രസന്റേഷൻ ഓഫ്  മേരി സഹോദരികളുടെ സഭയ്ക്ക് അനുവാദം നൽകി. ചുരുങ്ങിയ കാലം കൊണ്ട് 46 ഓളം സന്യാസ ഭവനങ്ങൾ തുറന്നു. 1838 ഫെബ്രുവരി 3 ന് റിവിയർ നിര്യാതയായി. വി. ജോൺ പോൾ രണ്ടാമനാണ് 1982 മേയ് 23 ന് അവളെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചത്.

വത്തിക്കാൻ അംഗീകരിച്ച മറ്റൊരത്ഭുതം ഇറ്റലിക്കാരിയായ ദൈവദാസി മരിയ കരോള ചെക്കിന്റെ മദ്ധ്യസ്ഥതയിൽ ലഭിച്ചതാണ്. 1877 ഏപ്രിൽ 3 ന് ഇറ്റലിയിലെ ചിത്തദെല്ലയിൽ ജനിച്ച മരിയ കരോള കൊത്തലെങ്കോ സഭയിലെ അംഗമാണ്. 1925 നവംബർ 13ന്  കെനിയയിൽ നിന്ന്  മടങ്ങവെ  കപ്പലിൽ വച്ച് നിര്യാതയാവുകയായിരുന്നു. മരിയ കരോളയും ഉടനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും. വീരോചിത പുണ്യങ്ങൾ അംഗീകരിക്കപ്പെട്ട ദൈവദാസരിൽ  സ്പെയിനിൽ നിന്നുള്ള അന്ത്രയാ ഗരീദോ പെരാലെസ്, ഇറ്റലിയിൽ നിന്ന് കാർളോ മരിയ ദ അബിയാത്തെഗ്രാസ്സോ, ബെർണ്ണാർദോ സാർത്തൊരി എന്നിവരും പോളണ്ട് കാരിയായ മേരി മാർഗരറ്റും ഉൾപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2021, 13:22