തിരയുക

ബാറിലെ വെള്ളപ്പൊക്കത്തിൽ വീടുകൾ മുങ്ങിയ കാഴ്ച. ബാറിലെ വെള്ളപ്പൊക്കത്തിൽ വീടുകൾ മുങ്ങിയ കാഴ്ച.  

ദക്ഷിണ സുഡാനിലെ വെള്ളപ്പൊക്കത്തിൽ വലയുന്നവർക്ക് പാപ്പയുടെ സഹായം

ഫ്രാൻസിസ് പാപ്പായിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ച 75,000 ഡോളറിന് പുറമേ, അമലോത്ഭവമാതാവിൻ്റെ തിരുന്നാൾ ദിനത്തിൽ, കർദ്ദിനാൾ ക്രാജെവ്സ്കി 30,000 ഡോളർ ആഫ്രിക്കൻ രാജ്യത്തെ ന്യൂൺഷ്യേച്ചറിലുള്ള മോൺ. ലോനട്ട് പോൾ സ്ട്രെജാക്ക് വഴി മാലക്കൽ രൂപതയിലെ ജനങ്ങൾക്ക് എത്തിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഒക്ടോബറിൽ, ദക്ഷിണ സുഡാനിലെ മാലക്കൽ രൂപതയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പരിശുദ്ധ പിതാവ്, സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി വഴി 75,000 യുഎസ് ഡോളർ അയച്ചിരുന്നു.

ഈ സംഭാവനയ്‌ക്ക് പുറമേയാണ്, ഗുരുതരമായ മാനുഷിക അടിയന്തരാവസ്ഥയിൽ പാപ്പയുടെ സാമീപ്യം പ്രകടിപ്പിക്കുന്നതിനായി മറ്റൊരു 30,000 USD അടുത്തിടെ പാപ്പായുടെ ദാനധർമ്മ കാര്യദർശി കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി അയച്ചത്. ദുരിതബാധിതരായ ജനങ്ങൾക്ക് പ്രാർത്ഥനയും, സാന്ത്വന വാക്കുകളും  കൂടാതെ പ്ലാസ്റ്റിക് ഷീറ്റുകൾ, പുതപ്പുകൾ,  ഉറങ്ങാ൯ പായകൾ, കർട്ടനുകൾ തുടങ്ങിയ അടിയന്തര അത്യാവശ്യ സാമഗ്രികളും എത്തിച്ചു നൽകി.

രാജ്യത്തെ കുടിയിറക്കപ്പെട്ടവരുടെ ഏറ്റവും വലിയ ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ബെന്റിയുവിലാണ്. 2013ലെ ആഭ്യന്തരയുദ്ധത്തിനു ശേഷം 1,20,000-ത്തിലധികമാളുകൾ ഐക്യരാഷ്ട്രസഭയുടെ കീഴിൽ അഭയം കണ്ടെത്തി. ഇപ്പോൾ, സ്വന്തം ഭൂമിയിൽ കൃഷിയിറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അവർ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ (ഐഡിപി) ക്യാമ്പിൽ കഴിയാൻ നിർബന്ധിതരാക്കപ്പെട്ടു. കൂടാതെ, യുണിറ്റി സ്റ്റേറ്റിന്റെ ഭൂരിഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ 50,000 പേർ കൂടി  ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. UNMISS (UN Mission South Sudan)  നിർമ്മിച്ച അണക്കെട്ടുകളാൽ സംരക്ഷിക്കപ്പെടുന്ന ഒരേയൊരു പ്രദേശം മാത്രമാണ് ഇപ്പോൾ സുരക്ഷിതമായുള്ളത്. അതിനാൽ എല്ലാ ദിവസവും അമ്മമാർ അവരുടെ കുട്ടികളുമായി ബെന്റിയുവിൽ എത്തുന്നത് തുടരുകയാണ്. വിളകളും ഭക്ഷണസാധനങ്ങളും നഷ്‌ടപ്പെടുമ്പോൾ വെള്ളപൊക്കത്തെ അതിജീവിച്ച കുറച്ച് കന്നുകാലികളെ സുരക്ഷിതമാക്കാൻ പുരുഷന്മാർ ശ്രമിക്കുന്നു.

രാജ്യത്തെ ഒരു ദശലക്ഷത്തിലധികം ആളുകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്നു. യൂണിറ്റി, അപ്പർ നൈൽ, ജോംഗ്ലി എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മാലക്കൽ രൂപതയിലെ ഭൂരിപക്ഷവും പ്രളയത്തിലുൾപ്പെട്ടു. ഡിസംബർ 8 ന് രാവിലെ, പിയാത്സ ദി സ്പാഞ്ഞയിൽ, അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ദിനത്തിൽ യുദ്ധത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഇരകളായ ഈ ജനതയെ പരിശുദ്ധ പിതാവ് തന്റെ പ്രാർത്ഥനയിൽ അനുസ്മരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2021, 14:54