2021 ൽ ഫ്രാൻസിസ് പാപ്പാ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മൂന്ന് അന്താരാഷ്ട്ര അപ്പോസ്തോലിക യാത്രകൾ പാപ്പാ നടത്തി. റോമിനകത്തും പുറത്തുമായി ലോകത്തിൽ നടന്ന പ്രധാനപ്പെട്ട സംഭവങ്ങളിലും പങ്കെടുത്ത വളരെ പ്രധാനപ്പെട്ട വർഷമായിരുന്നു പാപ്പായ്ക്ക് 2021.
അജപാലനം, നീതിന്യായം, സാമ്പത്തീകം എന്നീ മേഖലകളിലെ പരിഷ്കാരങ്ങൾക്കായി എട്ട് മോത്തു പ്രോപ്രിയോ (സ്വയാധികാര പ്രമാണം) പ്രസിദ്ധീകരിച്ചു. തുടർന്ന് സഭയിൽ സിനഡൽ പ്രക്രിയയുടെ തുടക്കം, പ്രതിരോധ കുത്തിവയ്പ്പുകൾ, കാലാവസ്ഥ, സമാധാനം, നിരായുധീകരണം എന്നിവയെക്കുറിച്ചുള്ള അഭ്യർത്ഥനകളും പാപ്പാ നടത്തി. ജൂലൈയിൽ, ജെമെല്ലി പോളിക്ലിനിക്കിൽ വച്ച് വൻകുടൽ ശസ്ത്രക്രിയയ്ക്കും പാപ്പാ വിധേയനായി.
ഇറാഖിന്റെ അതിർത്തി മുതൽ സ്ലൊവാക്യയുടെ പ്രാന്തപ്രദേശങ്ങൾ വരെയുള്ള മൂന്ന് അന്തർദേശീയ അപ്പോസ്തോലിക യാത്രകൾ ലെസ്ബോസ് ദ്വീപായ കഷ്ടപ്പാടുകളുടെ ക്രോസ്റോഡ് വരെ നീണ്ടു.
പാപ്പാ പുറപ്പെടുവിച്ച എട്ട് മോത്തു പ്രോപ്രിയോകളിൽ ആരാധനാശുശ്രുഷകളിൽ സ്ത്രീകൾക്കുള്ള പ്രവേശനം ഉൾപ്പെടെ നീതിന്യായ വ്യവസ്ഥയിലേക്കും, പുരാതന ബലിയർപ്പണത്തിനും വരെ മാറ്റങ്ങൾ സൃഷ്ടിക്കുന്നവയായി.
ലോകമെമ്പാടുമുള്ള രൂപതകളെ ഉൾക്കൊള്ളുന്ന ഒരു അഭൂതപൂർവ്വമായ സിനഡൽ പാതയുടെ തുടക്കം ഫ്രാൻസിസ് പാപ്പാ എന്ന സഭാശ്രേഷ്ഠന്റെ അജപാലന വിശുദ്ധിയുടെ വ്യാപ്തിയെ പ്രഘോഷിക്കുന്നു.
ശരീരത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പ് ഹൃദയത്തിനുള്ള കുത്തിവയ്പ്പ്
ഒത്തുചേരലുകളും പകർച്ചവ്യാധികളും ഒഴിവാക്കുന്നതിനായി ഞായറാഴ്ച്ചകളിലെ ത്രികാല പ്രാർത്ഥനയും,പൊതുകൂടികാഴ്ച്ചയും അപ്പോസ്തോലിക് ലൈബ്രറിയിൽ നിന്ന് നിർവ്വഹിച്ച പാപ്പാ കൂട്ടിലടയ്ക്കപ്പെട്ടപോലെ എന്ന് ഒരിക്കൽ സൂചിപ്പിച്ചിരുന്നു.
പകർച്ചവ്യാധിയുടെ മുറിവുകളുമായി ലോകം 2021-നെ സമീപിച്ചപ്പോൾ, വത്തിക്കാൻ അപ്പോസ്തോലിക അരമനയിൽ നിന്ന്, തത്സമയ പ്രക്ഷേപണത്തിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളോടു ഫ്രാൻസിസ് പാപ്പാ പറഞ്ഞു: "ഈ വർഷത്തിൽ ഒരു പുനർജന്മവും പുതിയ ചികിത്സകളും നാം പ്രതീക്ഷിക്കുന്നുവെങ്കിലും ചികിത്സ നേടുന്നതിനെ അവഗണിക്കുന്നില്ല" എന്നും “ശരീരത്തിനുള്ള വാക്സിൻ കൂടാതെ, ഹൃദയത്തിനുള്ള വാക്സിൻ ആവശ്യമാണ്” എന്നും. “മറ്റുള്ളവരെ നമ്മൾ ശ്രദ്ധിച്ചാൽ ഇത് ഒരു നല്ല വർഷമായിരിക്കും ... " എന്നും പാപ്പാ പറഞ്ഞു.
ഇറാഖിലെ തീർത്ഥാടകൻ
യുദ്ധങ്ങൾ, ദാരിദ്ര്യം, കുടിയേറ്റം എന്നിവയാൽ മുറിവേറ്റ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ മൂന്ന് അന്താരാഷ്ട്ര യാത്രകളിലൂടെ പാപ്പാ സൗഖ്യത്തിന്റെ രൂപം നൽകി. ഒന്നാമതായി, മാർച്ച് 5-8 തീയതികളിലെ നടത്തിയ ഇറാഖ് സന്ദർശനം: തീവ്രവാദ അക്രമവും, ജിഹാദി വാദവും തകർത്ത മധ്യ കിഴക്കൻ രാജ്യത്തിലെ ഒരു പാപ്പയുടെ ആദ്യയാത്ര. 2020 ഡിസംബറിൽ പ്രഖ്യാപിച്ച തീരുമാനത്തെ പകർച്ചവ്യാധിയുടെ സാധ്യതയും സുരക്ഷാ പ്രശ്‌നങ്ങളും കാരണം പലരും അപകടകരമാണെന്ന് നിർവചിച്ചിരുന്നു. എങ്കിലും, ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ജോൺ പോൾ രണ്ടാമനെ ആശ്ലേഷിക്കാൻ കഴിയാതിരുന്ന ജനങ്ങളെ നിരാശരാക്കാതെ എല്ലാ വഴികളിലൂടെയും സഞ്ചരിക്കാൻ പാപ്പാ ആഗ്രഹിച്ചു. ബാഗ്ദാദിലെ പൊടി നിറഞ്ഞ ചുറ്റുപാടുകളിലേക്കും ഖരാക്കോഷിലെ മൺപാതകളിലേക്കും അദ്ദേഹത്തെ സ്വീകരിച്ച ദുരിതമനുഭവിക്കുന്ന ആളുകൾക്കിടയിൽ, ഫ്രാൻസിസ് പാപ്പാ സ്വയം ഒരു "തീർഥാടകനായി" പ്രത്യക്ഷപ്പെടുകയും ഷിയാ ഇസ്ലാമിന്റെ പ്രധാനിയും മഹാനുമായ അയത്തുള്ള അലി അൽ-സിസ്ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
കൂടാതെ, മുൻകാലങ്ങളിൽ പീഡനങ്ങളുടെയും വധശിക്ഷകളുടെയും വേദിയായ മൊസൂളിൽ നിന്ന്, ദൈവത്തിന്റെ നാമത്തിൽ നടത്തിയ എല്ലാത്തരം അക്രമങ്ങൾക്കും എതിരെ പാപ്പാ സ്വർഗ്ഗത്തിലേക്ക് തന്റെ രോദനം ഉയർത്തി.
സ്ലൊവാക്യയിലെ ദരിദ്രർക്കും ലെസ്ബോസിലെ കുടിയേറ്റക്കാർക്കും ഇടയിൽ
സ്ലൊവാക്യയിലേക്കുള്ള യാത്രയ്ക്കിടെ ഒരു നിലവിളി വീണ്ടും ഉയർന്നു. സെപ്റ്റംബർ 12-15 ലായിരുന്നത്. ബ്രാറ്റിസ്ലാവയിലെ ഷോവയുടെ സ്മാരകത്തിൽ നിന്ന്, മനുഷ്യന്റെ അന്തസ്സ് നശിപ്പിക്കാൻ ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നതിനെ ദൈവ "നിന്ദ" എന്ന് അപലപിച്ചു.
ലെസ്‌ബോസിലെ റിസപ്ഷൻ ആൻഡ് ഐഡന്റിഫിക്കേഷൻ സെന്ററിൽ മനുഷ്യത്വരഹിതമായ അവസ്ഥയിൽ ആയിരക്കണക്കിന് കുടിയേറ്റക്കാർ വേനൽക്കാലത്തും തണുപ്പുകാലത്തും മുള്ളുവേലികൾക്കിടയിൽ താമസിക്കുന്നതിനെ വേദനയോടെ കണ്ടു "നാഗരികതയുടെ കപ്പൽ തകർച്ച " എന്ന് അപലപിച്ചതും ഡിസംബർ 2-6 വരെ നടത്തിയ സൈപ്രസ്, ഗ്രീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ സമയത്താണ്.
നവീകരണ പ്രക്രിയകൾ
ലോകം മുഴുവൻ സഞ്ചരിക്കുമ്പോഴും ഇനി വരാനിരിക്കുന്ന അപ്പോസ്തോലിക കോൺസ്റ്റിറ്റ്യൂഷനായ "Praedicate Evangelium " ൽ പ്രവർത്തികമാക്കാനുള്ള നവീകരണത്തിൽ കണ്ണുനട്ടു കൊണ്ടു, ഫ്രാൻസിസ് പാപ്പാ 8 മോത്തു പ്രോപ്രിയോകൾ സഭയുടെ അജപാലന, സാമ്പത്തീക, നീതിന്യായ മേഖലകളിൽ നവീകരണങ്ങൾ വരുത്തിക്കൊണ്ടിറക്കി.
അൽമായർക്ക് ദിവ്യബലി മദ്ധ്യേയുള്ള പങ്കാളിത്തത്തിൽ പുരുഷന്മാർക്ക് മാത്രമായി നിശ്ചയിച്ചിരുന്ന lectorate, acolyte പദവികളിൽ സ്ത്രീ പങ്കാളിത്തം നൽകിയ Spiritus Domini തുടങ്ങി ഏറ്റം അവസാനമിറക്കിയ വൈവാഹിക കൂദാശയുടെ നിയമപരമായ ഉടമ്പടി ഒഴിവാക്കുന്ന പ്രക്രിയയെ സംബന്ധിച്ചു ഇറ്റലിയിലെ സഭയിൽ ആറു വർഷത്തേക്ക് പ്രാബല്യത്തിൽ വരുത്തിയ മീത്തിസ് ഇയുഡെക്സ് ദോമിനൂസ് യേസൂസ് വരെ നവീകരണങ്ങളുടെ ഒരു പരമ്പര തന്നെ നമുക്ക് കാണാം.
വത്തിക്കാൻ കോടതിയിൽ 2021 രണ്ട് പ്രധാന വിചാരണകളുടെയും വർഷമായിരുന്നു. വി. പിയൂസ് പത്താമൻ സെമിനാരിയിലെ ലൈംഗീക പീഡന കേസും വത്തിക്കാൻ രാജ്യത്തിന്റെ സാമ്പത്തീക ഇടപാടുകളിൽ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിചാരണ യുമായിരുന്നു അവ.
ജെമെല്ലിയിലെ ശസ്ത്രക്രിയ
പാപ്പായുടെ ആരോഗ്യം സംബന്ധിച്ച് ആശങ്ക ഉണർത്തിയ ഒരു വർഷം കൂടിയായിരുന്നു 2021. മുൻകൂട്ടി നിശ്ചയിച്ച ഒരു ശസ്ത്രക്രിയയ്ക്കായി ജൂലൈ നാലിന് ജമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പാ പത്തു ദിവസങ്ങളോളം അവിടെ കഴിഞ്ഞു. അവിടത്തെ പത്താം നിലയിലെ മുറിയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കുട്ടികൾക്കൊപ്പം മദ്ധ്യാഹ്ന പ്രാർത്ഥന നടത്തിയതും എല്ലാവർക്കും നല്ല ആരോഗ്യ സംരക്ഷണം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ആഹ്വാനം ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയ പാപ്പായുടെ രാജിയെക്കുറിച്ച് ചില ഊഹാപോഹങ്ങൾ ഉയർത്തിയെങ്കിലും അത്തരം ഒരു ചിന്ത തന്റെ മനസ്സിൽ ഒരിക്കലുമുയർന്നില്ല എന്ന് പാപ്പാ തന്നെ സ്പാനീഷ് റേഡിയോ കോപ്പെയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
സിനഡൽ വഴി
സഭാ രീതികളിൽ സിനഡൽ വഴി സ്വീകരിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു പ്രധാന നവീകരണ പ്രക്രിയയുടെ തുടക്കവും 2021 ൽ പാപ്പാ ആരംഭിച്ചു. 3 വർഷം നീളുന്ന സിനഡൽ രീതികൾ താഴെ നിന്ന് അതായത് ലോകം മുഴുവനിലുമുള്ള വിശ്വാസികളിൽ തുടങ്ങി 2023 ൽ വത്തിക്കാനിലെ സമ്മേളനത്തിലാണ് അവസാനിക്കുക. രൂപതാ, ഭൂഖണ്ഡ, ആഗോളസഭ എന്നീ 3 തലങ്ങളിലൂടെയാണ് പഠനങ്ങൾ പുരോഗമിക്കുക. സിനസ് ഒരു സമ്മേളനമല്ല മറിച്ച് ആത്മാവിലൂടെയുള്ള ഒരു രോഗശാന്തി പ്രക്രിയയാണ് എന്ന് സഭയെ ഓർമ്മിപ്പിച്ചു പാപ്പാ.
വാക്സിൻ, കാലാവസ്ഥ സമാധാനം, ദരിദ്രർ
കഴിഞ്ഞ വർഷം പാപ്പായുടെ ധാരാളം അഭ്യർത്ഥനകൾ നാം കേൾക്കാനിടയായി. കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പുകളുടെ തുല്യവും ദ്രുതഗതിയിലുള്ള വിതരണവും പ്രത്യേകിച്ച് ദരിദ്ര പ്രദേശങ്ങളിൽ വാക്സിനുകൾ എത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പാപ്പാ മുൻഗണന നൽകി.
അതോടൊപ്പം നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണത്തെ സംബന്ധിച്ചും ചില നീക്കങ്ങൾ പാപ്പാ നടത്തി. വത്തിക്കാനിൽ ശാസ്ത്രജ്ഞരേയും മത നേതാക്കളേയും ഒരുമിച്ച് കൂട്ടുകയും പിന്നീട് പരിസ്ഥിതി നിലനിൽപ്പിനെ സംബന്ധിച്ച് കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്ക് ബർത്തലോമിയോ, കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെബ്ളി എന്നിവരൊത്ത് പരിസ്ഥിതി സംരക്ഷണത്തെയും ആഗോള സഹകരണത്തെയും സംബന്ധിച്ച ആഹ്വാനം ഒപ്പുവച്ചതും ഈ വർഷത്തെ പ്രധാന സംഭവങ്ങളിൽ ഒന്നാണ്
അതേ പ്രാധാന്യത്തോടെ സമാധാനത്തെയും നിരായുധീകരണത്തെയും സംബന്ധിച്ചും ഫ്രാൻസീസ് പാപ്പാ അഭ്യർത്ഥനകൾ നടത്തി. ഹൃദയങ്ങൾ സൈനീക രഹിതമാക്കാനും, സൈനീക ചിലവുകൾ കുറക്കാനും, മരണത്തിന്റെ ഉപകരണങ്ങൾ ജീവന്റെതാക്കി മാറ്റാനും, വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും മുതൽമുടക്കാനും പാപ്പാ നടത്തിയ ആഹ്വാനങ്ങൾ നിരവധിയാണ്.
ദരിദ്രരെ മറക്കരുത്
മഹാമാരിയുടെ നടുവിലും രാജ്യ തലവന്മാരുമായും, രാഷ്ട്രീയ സാമൂഹ്യ നേതാക്കളുമായും പാപ്പാ നടത്തിയ കൂടികാഴ്ചകളിൽ, തന്നെ മാർപ്പായാക്കിയ തിരഞ്ഞെടുപ്പിൽ താൻ സ്വീകരിച്ച നാമത്തെ പ്രതിനിധാനം ചെയ്യുന്ന ദരിദ്രരെ മറന്നില്ല. ദാരിദ്രത്തിന്റെ വിവിധ ആധുനീക രൂപങ്ങളെ അപലപിച്ച പാപ്പാ ദരിദ്രർക്ക് അവരുടെ അന്തസ്സ് തിരിച്ചു നൽകാൻ നടത്തിയ അഭ്യർത്ഥനകളും പ്രവർത്തികളും നിരവധിയാണ്.
2022 ലേക്ക് കണ്ണോടിക്കുമ്പോൾ
2022 ൽ രണ്ടു പ്രധാന സമ്മേളനങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി 27ന് ഇറ്റാലിയൻ മെത്രാൻ സമിതി ഫ്ലോറൻസിൽ നിശ്ചയിച്ചിട്ടുള്ള മെഡിറ്ററേനിയൻ പ്രദേശത്തെ മെത്രാന്മാരും മേയർമാരുമായുള്ള സമ്മേളനം, ജൂൺ 22 മുതൽ 26 വരെ റോമിൽ നടക്കാനിരിക്കുന്ന ആഗോള കുടുംബ സമ്മേളനം എന്നിവയാണവ. പാപ്പായുടെ അന്തർദ്ദേശീയ യാത്രകളിൽ ഇനിയും തിയതി തീരുമാനിച്ചിട്ടില്ലാത്ത കാനഡ സന്ദർശനവും അതിൽ നടക്കേണ്ട പ്രാദേശീകരും സഭയുമായുള്ള അനുരഞ്ജനവും ഉൾപ്പെടുന്നു.
കോംഗോ,പാപ്വ ന്യൂഗ്വിനിയ, കിഴക്കൻ തിമോർ, ഹങ്കറി എന്നിവിടങ്ങളിലും പോകാനുള്ള ആഗ്രഹം പാപ്പാ പ്രകടിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ മാനുഷീക രാഷ്ട്രീയ സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലബനൻ സന്ദർശിക്കാനും പാപ്പാ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ആഗ്ലിക്കൻ സഭാതലവൻ വെൽബി യോടൊപ്പം തെക്കൻ സുഡാനിലും ചെല്ലണമെന്നും മോസ്കോയിൽ ചെന്ന് മോസ്കോയിലെ പാത്രിയാർക്ക് കിരിലിനെ സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പാ പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: