പാപ്പാ: ഭിന്നശേഷിയുള്ള ഒരു വ്യക്തിയെ നമ്മിലൊരാളായാണ് കാണണം
സി.റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
കസോറിയായിലെ വിശുദ്ധ ലൂഡോ വിക്കോ സ്ഥാപിച്ച സെറാഫിക് സ്ഥാപനത്തിന്റെ 150 ആം വാർഷികത്തോടനുബന്ധിച്ചാണ് ഭിന്നശേഷിക്കാരായ കുട്ടികളും സ്ഥാപനത്തിലെ അംഗങ്ങളും സഹായകരുമടക്കം ആയിരത്തോളം പേരുടെ സംഘം പാപ്പായെ കാണാനെത്തിയത്.
സ്വയം ദരിദ്രനായ വിശുദ്ധ ഫ്രാൻസിസ്
അവരെ സ്വീകരിച്ച പാപ്പാ അവരോടൊപ്പം അസ്സീസിയിൽ ചിലവഴിച്ച നിമിഷങ്ങളെ അനുസ്മരിച്ചു. താൻ സ്വീകരിച്ച പേരിന്റെ വിശുദ്ധനായ ഫ്രാൻസിസ് അസീസിയുടെ പാത പിന്തുടരാൻ വന്നവനാണ് താനെന്ന് പാപ്പാ വെളിപ്പെടുത്തി. അന്ന് നടന്ന സന്ദർശനത്തിൽ അവിടെയുള്ള ഓരോ കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ച ഒരുവിധത്തിൽ ഏറ്റം എളിയവരെ പുണർന്ന വിശുദ്ധ ഫ്രാൻസ്സിന്റെ ജീവിത സവിശേഷതയെ പുനർജീവിക്കാൻ തനിക്കിടവരുത്തിയതായി പാപ്പാ വെളിപ്പെടുത്തി. വിശുദ്ധ ഫ്രാൻസിസ് യേശുവിന്റെ മാതൃക പിന്തുടർന്ന് തന്നെ തന്നെ സ്വയം ദരിദ്രനാക്കുകയും ഏറ്റവും നിസ്സാരരായവരുടെ പക്ഷം ചേരുകയും ചെയ്തു. ഒരു കുഷ്ഠരോഗിയെ ആലിംഗനം ചെയ്ത ആ പ്രവർത്തിയിൽ വി. ഫ്രാൻസിസിന്റെ ജീവിതത്തിന്റെ അർത്ഥം മുഴുവൻ അടങ്ങിയിരിക്കുന്നു. കുഷ്ഠരോഗിയായ ആ മനുഷ്യനെ ചുംബിച്ചതോടെ അദ്ദേഹത്തിൽ മാനസാന്തരം ആരംഭിച്ചുവെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം വെളിപ്പെടുത്തുന്നു.
രോഗികളും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വ്യക്തികളിൽ ഫ്രാൻസിസ് യേശുവിനെ ദർശിക്കുകയും അവരുടെ മുറിവുകളുടെ മുന്നിൽ ശിരസ്സ് നമിക്കുകയും ചെയ്തു. പലരും പാർശ്വവൽക്കരിക്കപ്പെടുകയും, ഭാരമായി കണക്കാക്കപ്പെട്ട് ഭിക്ഷ തേടാൻ ഇടയാക്കുമ്പോഴും കുറച്ചു പേരുടെ കൈകളിൽ മാത്രം സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്ന വലിച്ചെറിയൽ സംസ്കാരം അന്നും പ്രലോഭിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഫ്രാൻസിസ് അസ്സീസി അവരെയെല്ലാം സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി എന്ന് പാപ്പാ വിശദീകരിച്ചു.
സെറാഫിക് സ്ഥാപനം
ഒരു യഥാർത്ഥ ഫ്രാൻസിസ്കൻ എന്ന നിലയിൽ കസോറയിയിലെ വിശുദ്ധ ലൂഡോ വിക്കോ, സെറാഫിക് പിതാവിന്റെ സന്ദേശം സ്വാംശീകരിച്ചിരുന്നു. അസീസിലേക്കുള്ള ഒരു തീർത്ഥാടനത്തിൽ ക്രൂശിത രൂപത്തിന് മുന്നിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അക്കാലത്ത് ആവശ്യമായ സാമൂഹിക പിന്തുണ ലഭിക്കാതിരുന്ന അന്ധരും ബധിതരും, മൂകരുമായവർക്കുവേണ്ടി ഒരു സ്ഥാപനം തുടങ്ങാനുള്ള പ്രചോദനത്തിനു മുന്നിൽ അദ്ദേഹത്തിന്റെ സർഗ്ഗാത്മകവും ഉദാരവുമായ ദാനധർമ്മം രണ്ടാമതൊന്നും ചിന്തിക്കാതെ മൂന്ന് പ്രാവശ്യം അതേ എന്ന് സമ്മതം മൂളി. അന്നു മുതൽ ഈ സ്ഥാപനം വലിയ മുന്നേറ്റങ്ങളിലൂടെ കടന്നുപോയതും ഗുരുതരവും വിവിധവുമായ വൈകല്യാവസ്ഥയിലുള്ള യുവാക്കളെ സ്വീകരിച്ചുകൊണ്ട് സേവനത്തിൽ വളർന്നു വികസിച്ചു ശാസ്ത്ര സമൂഹത്തിന്റെ പോലും പ്രശംസ പിടിച്ചു പറ്റിയതും പാപ്പാ അനുസ്മരിച്ചു.
ഈ ദൗത്യത്തിനായി സ്വയം സമർപ്പിക്കപ്പെട്ട നിങ്ങളുടെ ആദർശമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറഞ്ഞ പാപ്പാ അത് എല്ലാവർക്കും വേണ്ടി ഉള്ളതായിരിക്കണം എന്ന് അവരോടു പറഞ്ഞു. ഓരോ മനുഷ്യ വ്യക്തിയും വിലപ്പെട്ടവനാണ്. ഓരോ വ്യക്തിയിലും അവരിലുള്ളതോ അവരുടെ കഴിവുകളെ ആശ്രയിക്കുന്നതോ അല്ലാത്ത ഒരു മൂല്യമുണ്ട്. ഓരോരുത്തരും ദൈവത്തിന്റെ സാദൃശ്യമുള്ള വ്യക്തികളാണ് എന്ന ലളിതമായ കാരണം മാത്രം മതി അതിന്. വൈകല്യങ്ങളും രോഗവും ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുന്നു എങ്കിലും അത് ആരേയും പൂർണ്ണമായും ജീവിക്കാ൯ യോഗ്യതയില്ലാതാക്കുന്നില്ല പാപ്പാ അടിവരയിട്ടു.
ഭിന്നശേഷിയുള്ള വ്യക്തി നമ്മിലൊരാളാണ്
ഭിന്നശേഷിയുള്ള ഒരു വ്യക്തിയെ നമ്മിലൊരാളായാണ് കാണേണ്ടത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ പരിപാലനത്തിന്റെയും പരിഗണനയുടെയും കേന്ദ്രമായിരിക്കണം അവർ. കൂടാതെ എല്ലാവരുടെയും രാഷ്ട്രതന്ത്രത്തിന്റെയും ശ്രദ്ധ അവരിൽ വേണം. സംസ്കാരത്തിന്റെ ലക്ഷ്യം അതാവണം. ഈ തത്വം സ്വീകരിക്കുന്നതിലൂടെ വൈകല്യമുള്ള വ്യക്തി സ്വീകരിക്കുക മാത്രമല്ല നൽകുകയും ചെയ്യുന്നു എന്ന് തിരിച്ചറിയാൻ കഴിയും. അവരെ പരിപാലിക്കുന്നത് ദാനങ്ങളുടെ കൈമാറ്റവും കൂടിയാണ്, പാപ്പാ ചൂണ്ടിക്കാണിച്ചു.
സ്നേഹത്തിന്റെ സുവിശേഷമാണ് ക്രൈസ്തവരായ നാം കണ്ടെത്തുന്നത്. നല്ല സമരിയാക്കാരന്റെ ഉപമയാണ് തന്റെ മനസ്സിലെന്ന് സൂചിപ്പിച്ച പാപ്പാ നമ്മൾ സാഹോദര്യത്തിന്റെ ചങ്ങലയിലെ കണ്ണികളാണെന്നും അതിനാലാണ് "ഫ്രത്തേലി തൂത്തി" എന്ന ചാക്രീകലേഖനം അസ്സീസിയിൽ വന്ന് താൻ ഒപ്പുവച്ചതെന്നും പാപ്പാ വെളിപ്പെടുത്തി.
"സെറാഫിക്കോ" യുടെ യുക്തി സനേഹത്തിലാണ്.
"സെറാഫിക്കോ" യുടെ യുക്തി സനേഹത്തിലാണ്. സുവിശേഷം വിശുദ്ധ ഫ്രാൻസിസിന്റെയും വിശുദ്ധ ലൂഡോവിക്കോയുടെയും വിദ്യാലയത്തിൽനിന്നും പഠിക്കുമ്പോൾ ലഭിക്കുന്ന സ്നേഹത്തിലാണ് ആ യുക്തി എന്ന് പാപ്പാ എടുത്തു പറഞ്ഞു. കണ്ണുകളിലും ആംഗ്യങ്ങളിലും നിന്ന് വായിച്ചെടുക്കാൻ കഴിയുന്ന, ആഗ്രഹങ്ങൾ മുൻകൂട്ടി കാണുന്ന, ക്ഷീണത്തിന്റെ മുന്നിൽ തളരാത്ത, എല്ലാ ദിവസവും തുടങ്ങാനുള്ള ശക്തി കണ്ടെത്തുന്ന, നാം ശുശ്രൂഷിക്കുന്ന വ്യക്തിയുടെ ചെറിയ പുരോഗതിയിലും സന്തോഷിക്കുന്ന സ്നേഹമാണത്.
വിഭവങ്ങൾ കുറവാണെങ്കിൽ കൂടി ജീവിതം എപ്പോഴും മനോഹരമാണ്. ചിലപ്പോൾ അത്ഭുതപ്പെടുത്താനുമറിയാം. നിങ്ങളുടെ കുട്ടികൾ പലതും ചെയ്യാൻ പ്രാപ്തരാണ്. അവരിൽ അഭിനയ, റേഡിയോ കലാകാരന്മാരും, ചിത്രകാരന്മാരുമുണ്ടെന്ന് തനിക്കറിയാം. അവരുടെ പുഞ്ചിരി ഏത് പരിശീലനത്തിലും പ്രതിഫലം നൽകുന്നു.
ദുർബ്ബലമായവരുടെ വേദനകളിൽ ക്രിസ്തുവിന്റെ മുറിവുകളെ ശ്രവിക്കുക
മഹാമാരിയുടെ അടിയന്തരാവസ്ഥയിൽ ഇവരുമായ റോമിലേക്കുള്ള ഈ യാത്ര അവരുടെ ഉത്തരവാദിത്വത്തിനപ്പുറം അവരുടെ ഉത്സാഹത്തെ എടുത്തു കാണിക്കുന്നതാണ് എന്ന് പാപ്പാ പറഞ്ഞു. അവരുടെ ചാപ്പലിനെ ദിവ്യകാരുണ്യത്തിന്റെ നിത്യാരാധനാലയമാക്കി മാറ്റിയതിനെ കുറിച്ചും കോവിഡ് അടിയന്തരാവസ്ഥ വരെ അതു തുടർന്നു കൊണ്ടു പോയിരുന്നതും താൻ അറിഞ്ഞിരുന്നെന്നും സൂചിപ്പിച്ച പാപ്പാ ദിവ്യകാരുണ്യത്തിൽ യേശുവിനെ ആരാധിക്കുകയും ഏറ്റവും ദുർബ്ബലമായവരുടെ വേദനകളിൽ അവിടുത്തെ മുറിവുകളെ ശ്രവിക്കുകയും ചെയ്യുന്നത് നിങ്ങളുടെ പ്രവർത്തനമായി മാറിയതിൽ അവർക്ക് നന്ദി പറഞ്ഞു.
ഏറ്റം എളിയവരിൽ നിന്ന് തുടങ്ങിക്കൊണ്ട് സമൂഹത്തെ സ്വയം പുനർവിചിന്തനം ചെയ്യാൻ ഉത്തേജിപ്പിക്കുന്നതിനായി അവരുടെ സ്ഥാപനം വികസിപ്പിച്ച ഒരു സാമൂഹിക രാഷ്ട്രീയ വിദ്യാലയം, സമ്പത്ത് വ്യവസ്ഥയെ നീതിയിലും ഐക്യദാർഢ്യത്തിലും നവീകരിക്കാൻ സഹായിക്കുന്ന ഫ്രാൻസിസിന്റെ സാമ്പത്തിക സംരംഭത്തിന്റെ ചട്ടക്കുടിലേക്ക് നന്നായി യോജിക്കുന്നു എന്നും പാപ്പാ പറഞ്ഞു.
വിശുദ്ധരുടെ കാൽപാദങ്ങൾ പിന്തുടർന്ന് മുന്നേറുവാനും അവരുടെ പ്രവർത്തനങ്ങൾക്ക് എപ്പോഴും പ്രേക്ഷിത രസവും സന്തോഷവും ഉണ്ടാകട്ടെ എന്നും പാപ്പാ ആശംസിച്ചു. കുട്ടികളുടെ ഓരോ പുഞ്ചിരിയും അവർക്ക് ദൈവത്തിന്റെ പുഞ്ചിരിയായിരിക്കും എന്നു പറഞ്ഞ പാപ്പാ ഹൃദയത്തിൽനിന്ന് അവരെ അനുഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: