ക്രിസ്തുമസിനെ ഉപഭോഗവും നിസ്സംഗതയും കൊണ്ട് മലിനമാക്കരുതെന്ന് പാപ്പാ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പെറുവിലെ ഹുവാൻകവേലിക്കയിൽ നിന്നുള്ള പ്രതിനിധി സംഘത്തിനും ക്രിസ്തുമസ് ട്രീ സമ്മാനിച്ച ഇറ്റലിയിലെ ത്രെന്തീനോയിൽ നിന്നെത്തിയ പ്രതിനിധികളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് ആശംസകളർപ്പിച്ചു.
പെറുവിലെ ഹുവാൻകവേലിക്കയിൽ ചോപ്കാ ഗ്രാമത്തിൽ നിന്നാണ് തിരുപ്പിറവി രംഗം കൊണ്ടുവന്നിട്ടുള്ളത്. ആ പ്രദേശങ്ങളിൽ നിന്നുള്ള വസ്തുക്കളും തുണിയും കൊണ്ട് നിർമ്മിച്ച തിരുപ്പിറവി രംഗത്തിലെ കഥാപാത്രങ്ങൾ ആൻഡീസ് ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത് രക്ഷയിലേക്കുള്ള സാർവ്വത്രിക ആഹ്വാനത്തിന്റെ പ്രതീകമാണെന്ന് പാപ്പാ പറഞ്ഞു. എല്ലാ സംസ്കാരങ്ങളിലും ദേശങ്ങളിലുമുള്ള ഓരോ സ്ത്രീയെയും പുരുഷനെയും രക്ഷിക്കാൻ ഒരു ജനതയുടെ മൂർത്തതയിലാണ് യേശു ഭൂമിയിലേക്ക് വന്നത്. നമുക്ക് അവിടുത്തെ സ്വാഗതം ചെയ്യാനും ദൈവത്തിന്റെ ആർദ്രതയുടെ സമ്മാനം സ്വീകരിക്കാനും അവിടുന്ന് തന്നെത്തന്നെ ചെറുതാക്കി എന്ന് പാപ്പാ അവരോടു പങ്കുവെച്ചു.
ഇന്ന് രാത്രി ഔദ്യോഗികമായി ക്രിസ്തുമസ് ട്രീയിൽ അലങ്കാര വിളക്കുകൾ തെളിയിച്ചു. ക്രിസ്തുമസ് ട്രീ ജീവന്റെ വൃക്ഷമായ ക്രിസ്തുവിന്റെ പ്രതീകമാണ്. പാപം മൂലം മനുഷ്യന് എത്തിപ്പിടിക്കാൻ കഴിയാത്ത വൃക്ഷം. എന്നാൽ തിരുപ്പിറവിയോടെ ദൈവീക ജീവൻ മനുഷ്യന്റെ ജീവിതവുമായി ചേരുന്നു. അതിനാൽ ക്രിസ്തുമസ് ട്രീ പുനർജനനത്തെയും അതിലെ ദീപങ്ങൾ യേശുവിനേയും, ഈ ലോകത്തിന്റെ നിശയിൽ തെളിയുന്ന സ്നേഹത്തിന്റെ തിരികളേയും ഓർമ്മിപ്പിക്കുന്നു എന്നും പാപ്പാ പറഞ്ഞു.
ഇതാണ് ക്രിസ്തുമസ്. അതിനെ ഉപഭോഗവും നിസ്സംഗതയും കൊണ്ട് മലിനമാക്കരുതെന്ന് പാപ്പാ ആവശ്യപ്പെട്ടു. അതിന്റെ പ്രത്യേക പ്രതീകങ്ങളായ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഹൃദയത്തിൽ സമാധാനവും ദൈവം നമ്മുടെ കുടുംബാംഗമാകുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്ന മനുഷ്യാവതാരത്തിന്റെ സന്തോഷവും കൊണ്ട് നിറയ്ക്കുകയും നമ്മുടെ ദിനങ്ങൾക്ക് പ്രതീക്ഷയുടെ താളം നൽകുകയും ചെയ്യുന്നു. ആർദ്രതയുടെയും പങ്കുവയ്ക്കലിന്റെയും കുടുംബ സൗഹാർദ്ദത്തിന്റെയും അന്തരീക്ഷമുണർത്തുന്ന ക്രിസ്തുമസ് ട്രീയും പുൽക്കൂടും നമ്മുടെ സമൂഹത്തിന്റെ പാരമ്പര്യമാണെന്നു പാപ്പാ പങ്കുവച്ചു. അതിനാൽ ക്രിസ്തുമസ് കാലം ഒരു വ്യാജ, വാണിജ്യ കാലമായി ജീവിക്കാതെ കലയും സംഗീതവും ഗാനങ്ങളും പാരമ്പര്യങ്ങളും ഹൃദയത്തിലുണർത്തുന്ന ദൈവത്തിന്റെ സാമിപ്യമനുഭവിക്കുന്ന ദിനങ്ങളാക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
പാദുവാ രൂപതയിലെ വി. ബർത്തലോമിയോ അഗാല്ലോ ഇടവകയിലെ യുവജനങ്ങൾ ഒരുക്കി പോൾ ആറാമൻ ഹാളിൽ സ്ഥാപിച്ച പുൽക്കൂടിനും പാപ്പാ നന്ദി പറഞ്ഞു.നമ്മുടെ പ്രത്യാശയ്ക്ക് കാരണം ദൈവം നമ്മോടു കൂടെയുള്ളതാണെന്നും, നമ്മെ അവൻ വിശ്വസിക്കുന്നതും നമ്മെക്കുറിച്ചോർത്ത് ഒരിക്കലും തളരാത്തതുമാണ്. അധിപനായി ഉയരത്തിൽ നിൽക്കുന്ന ദൈവത്തേയല്ല സേവിക്കാനായി കുനിയുന്ന, ചെറുതാകുന്ന, ദരിദ്രനാകുന്ന ദൈവത്തെയാണ് ക്രിസ്തുമസ് വെളിപ്പെടുത്തുന്നത്. അതിനാൽ അവനെപ്പോലെയാകാനുള്ള വഴി എളിമപ്പെടുകയും സേവനം ചെയ്യലുമാണ് എന്ന് പാപ്പാ പറഞ്ഞു. ദൈവം നമ്മോടൊപ്പം വസിക്കാൻ വരികയും നമ്മുടെ സഹോദരരെ പ്രത്യേകിച്ച് ദരിദ്രരേയും ബലഹീനരേയും ശുശ്രൂഷിക്കാൻ നമ്മോടു ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനാണ് യേശു ഭൂമിയിൽ വന്നത്. പുൽക്കൂട് നമ്മെ ഓർമ്മിപ്പിക്കുന്നതും അതാണ്. പരിശുദ്ധ കന്യകയും വിശുദ്ധ യൗസേപ്പും ഈ ക്രിസ്തുമസ് ഇതുപോലെ ജീവിക്കാൻ നമ്മെ സഹായിക്കട്ടെ എന്നാശംസിച്ചു കൊണ്ടാണ് പാപ്പാ അവസാനിച്ചത്. തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന നടത്താനും പാപ്പാ മറന്നില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: