തിരയുക

നിക്കോസിയയിലുള്ള  "ജിഎസ്പി മൈതാനത്തിൽ"  അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ... നിക്കോസിയയിലുള്ള "ജിഎസ്പി മൈതാനത്തിൽ" അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ... 

പാപ്പാ: അന്ധതയിലും രക്ഷകനെ കണ്ടെത്തിയവർ

നിക്കോസിയയിലുള്ള "ജിഎസ്പി മൈതാനത്തിൽ" അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ നൽകിയ വചന സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ദാവീദിന്റെ പുത്രാ ഞങ്ങളോടു കരുണയായിരിക്കണമേ”(മത്താ 9:27) എന്ന് യേശുവിനോടു കരഞ്ഞു വിളിക്കുന്ന രണ്ട് അന്ധന്മാർ യേശുവിനെ കണ്ടുമുട്ടിയ സുവിശേഷ ഭാഗമായിരുന്ന പാപ്പായുടെ വചനപ്രഘോഷണത്തിന്റെ പ്രതിപാദന വിഷയം. അന്ധരായിരുന്നെങ്കിലും അവർ ലോകത്തിലേക്ക് വന്ന രക്ഷകനാണ് യേശു എന്ന് കണ്ടെത്തിയെന്ന സത്യത്തെ ഉൾക്കൊള്ളുന്ന മൂന്ന് ചുവടുവയ്പുകളെ ധ്യാനിച്ചാൽ അവ ഈ ആഗമന കാലത്തിൽ യേശുവിന്റെ വരവിനെ സ്വാഗതം ചെയ്യാൻ നമ്മെ സഹായിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് പരിശുദ്ധ പിതാവ് അതിന്റെ വിശദാംശങ്ങളിലേക്ക് കടന്നത്.

കൂടിക്കാഴ്ചയിലുള്ള മൂന്ന് ചുവടുവയ്പുകൾ

1. അവർ സൗഖ്യമാകാൻ യേശുവിന്റെയടുത്ത് ചെന്നു.

2. അവർ അവരുടെ വേദന പങ്കുവച്ചു

3 അവർ സന്തോഷത്തോടെ സുവിശേഷം പ്രഖ്യാപിച്ചു.

അന്ധർ സൗഖ്യമാകാൻ യേശുവിന്റെയടുത്ത് ചെന്നു

യേശുവിന്റെ അടുത്ത് അവർ സൗഖ്യം തേടിയെത്തിയത് പ്രവാചകർ മുൻകൂട്ടി പ്രവചിച്ച  ജനങ്ങളുടെയിടയിലെ ദൈവത്തിന്റെ സൗഖ്യദായക ശക്തിയുടെയും കരുണയുടെയും സാന്നിധ്യം അവർ അന്വേഷിച്ചത് കൊണ്ടാണെന്നും അവർ യേശുവിനെ അനുഗമിച്ചത് അവരുടെ കണ്ണുകൾക്ക് തെളിച്ചം കിട്ടാൻ വേണ്ടിയായിരുന്നു എന്നും പാപ്പാ പറഞ്ഞു. ചരിത്രത്തിന്റെ ഇരുളിൽ യേശുവാണ് ഹൃദയത്തിന്റെയും ലോകത്തിന്റെയും രാത്രികളെ തെളിക്കുന്ന വെളിച്ചം എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ആ അന്ധരെപോലെ നമ്മളും ജീവിതത്തിന്റെ ഇരുളിൽ അലയുന്നവരാണ്. അതിനുള്ള ആദ്യ മറുപടി യേശുവിലേക്ക് ചെല്ലുക എന്നതാണ്. നമ്മിലാരും ഭാരം വഹിച്ചു തളരാത്തവരായില്ല. എന്നിട്ടും യേശുവിലെത്താൻ മടിച്ച് നമ്മിൽ തന്നെ അടഞ്ഞ് ഏകാന്തതയിലും ഇരുളിലും നമ്മോടു തന്നെ പരിതപിച്ച് ദു:ഖത്തെ കൂട്ടുപിടിച്ചു കഴിയുന്നു. യേശുവാണ് ദിവ്യവൈദ്യൻ, അവൻ മാത്രമാണ് സത്യമായ പ്രകാശവും  സ്നേഹവും. തിന്മയിൽ നിന്ന് ഹൃദയത്തെ മോചിപ്പിക്കുന്നവൻ. അതിനാൽ നമ്മുടെ ഹൃദയത്തെ സുഖപ്പെടുത്താൻ നമുക്ക് യേശുവിന് ഒരവസരം നൽകാമെന്ന് പാപ്പാ അറിയിച്ചു.

അന്ധർ അവരുടെ വേദന പങ്കുവച്ചു

ഈ ആന്തരീക സൗഖ്യത്തിന് രണ്ട് ചുവടുകൾ കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞു കൊണ്ട് അടുത്ത ചുവടായി പാപ്പാ അവർ വേദന പങ്കുവച്ചതിനെ വിശദീകരിച്ചു. ഇന്നത്തെ  സുവിശേഷം രണ്ടു അന്ധരെ സൗഖ്യമാക്കിയതിനെക്കുറിച്ചാണ് വിവരിക്കുന്നത്. അവർ രണ്ടു പേരും ഒരുമിച്ചായിരുന്നു. അവരുടെ വേദനകൾ പങ്കുവച്ച് റോഡരികിലായിരുന്ന അവർ തങ്ങളുടെ അന്ധതയിലുള്ള ദുഃഖവും അവരുടെ ഹൃദയത്തിലെ ഇരുളിനെ തെളിക്കുന്ന ഒരു പ്രകാശത്തിനായുള്ള ആഗ്രഹവും പങ്കുവച്ചു. അവരുടെ സംസാരം മുതൽ സകലതും ബഹുവചനത്തിലാണ് സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ അത് ക്രൈസ്തവ ജീവിതത്തിന്റെ പ്രൗഢമായ അടയാളവും സഭാ ചൈതന്യത്തിന്റെ വ്യതിരിട്ട സ്വഭാവ വിശേഷവുമാണെന്ന് ചൂണ്ടിക്കാണിച്ചു.

"നമ്മൾ" എന്ന നിലയിൽ സംസാരിച്ചും പ്രവർത്തിച്ചും ഹൃദയത്തെ ബാധിക്കുന്ന വ്യക്തി മഹാത്മ്യവാദവും സ്വയം മതി എന്ന ചിന്തയും കൈവിടുന്നതാണത്. തങ്ങളുടെ വേദനകളും സാഹോദര്യ സൗഹൃദവും പങ്കിട്ടു കൊണ്ട് ആ അന്ധർ നമ്മെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. പാപത്തിന്റെ ഫലമായി ഓരോ തരത്തിൽ അന്ധരാകുന്ന നമുക്ക് ദൈവത്തെ നമ്മുടെ പിതാവായി കാണാനും പരസ്പരം സഹോദരീ സഹോദരരായി കാണാനും കഴിയാതെ പോകുന്നു. പാപം യാഥാർത്ഥ്യത്തെ വികൃതമാക്കി ദൈവത്തെ സ്വേച്ഛാധിപതിയും, മറ്റുള്ളവരെ പ്രശ്നങ്ങളായും അവതരിപ്പിക്കുന്നു. പ്രലോഭകന്റെ പണിയാണിതെന്നും അത് അപകടമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ ഉള്ളിലെ ഇരുളും സഭയിലും സമൂഹത്തിലുമുള്ള വെല്ലുവിളികളും നമ്മെ സാഹോദര്യത്തിന്റെ ബോധ്യം നവീകരിക്കാൻ വിളിക്കുന്നു. പരസ്പരം സംവാദിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യാതിരുന്നാൽ നമ്മുടെ അന്ധതയിൽ നിന്ന്  നാം ഒരിക്കലും മോചിതരാവില്ല, പാപ്പാ ഓർമ്മിപ്പിച്ചു. ഒരുമിച്ചു സങ്കടങ്ങൾ പങ്കുവയ്ക്കുമ്പോഴും  പ്രശ്നങ്ങൾ നേരിടുമ്പോഴും, പരസ്പരം ശ്രവിച്ചും സംസാരിച്ചും മുന്നോട്ടു പോകുമ്പോഴുമാണ് സൗഖ്യം വരുന്നതെന്നും പാപ്പാ പറഞ്ഞു. ഇതാണ് സമൂഹ ജീവിതത്തിലെ  കൃപയെന്നു  കൂട്ടിച്ചേർത്തുകൊണ്ട് ഒരു സമൂഹമാകാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു.

അന്ധർ സന്തോഷത്തോടെ സുവിശേഷം പ്രഖ്യാപിച്ചു

അടുത്ത ചുവട് സന്തോഷത്തോടെ അവർ സദ് വാർത്ത അറിയിച്ചതാണ്. ആരോടും പറയരുതെന്ന് യേശു പറഞ്ഞിട്ടും അവർക്ക് തങ്ങളുടെ സന്തോഷം അടക്കിവയ്ക്കാനായില്ല. ഇത് ക്രൈസ്തവന്റെ മറ്റൊരു അടയാളമാണ്. അടക്കിവയ്ക്കാനാവാത്ത സുവിശേഷത്തിന്റെ സന്തോഷം, യേശുവിനെ കണ്ടെത്തുന്നവരുടെ ഹൃദയവും ജീവിതവും നിറയ്ക്കുന്ന സന്തോഷം. അത് സ്വാഭാവീകമായും സാക്ഷ്യം നൽകാനും നമ്മെ വിശ്വാസത്തിന്റെ സ്വകാര്യതയിൽ നിന്നും, മ്ലാനതയിൽ നിന്നും പിറുപിറുക്കലിൽ നിന്നും മോചിപ്പിക്കും, പാപ്പാ വിശദീകരിച്ചു.

സുവിശേഷത്തിന്റെ സന്തോഷത്തെ സാക്ഷ്യപ്പെടുത്തി അവർ ജീവിക്കുന്നത് കാണുന്നത്  സംതൃപ്തി നൽകുന്നു എന്നും ഒരിക്കൽ കൂടി യേശുവിനെ കണ്ടെത്താനായി ഇറങ്ങിപ്പുറപ്പെടാനും ഫ്രാൻസിസ് പാപ്പാ അവരെ ആഹ്വാനം ചെയ്തു. പലപ്പോഴും നമുക്ക് ചുറ്റുമുള്ള ഇരുളിനെ പ്രകാശിതമാക്കാൻ പരിജ്ഞാനമുള്ള ക്രൈസ്തവരാകാനും മൃദലമായ സ്നേഹത്താലും സമാശ്വാസത്തിന്റെ വാക്കുകളാലും പ്രവർത്തികളാലും അന്ധരായവരിൽ പ്രത്യാശയുടെ കിരണങ്ങൾ എത്തിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

ഇന്നും സൈപ്രസിലെ വീഥികളിലൂടെ നമ്മുടെ അന്ധതകളുടെ നിലവിളി കേട്ടുകൊണ്ട് യേശു കടന്നു പോകുന്നുണ്ടെന്നും നമ്മുടെ മിഴികളെയും ഹൃദയങ്ങളെയും  തൊട്ട് നമ്മെ പ്രകാശത്തിലേക്കും, ആത്മീയ പുനർജനനത്തിലേക്കും പുത്തൻശക്തിയിലേക്കും നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ പാപ്പാ യേശുവിലുള്ള വിശ്വാസം നവീകരിക്കാൻ അവരോടു ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2021, 15:56