ഫ്രാൻസിസ് പാപ്പായ്ക്ക് 85 ആം ജന്മദിനാശംസകൾ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ആടുകളുടെ മണമുള്ള ഒരിടയൻ. സ്നേഹിതർക്ക് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് പറഞ്ഞ് ജീവൻ നൽകുവോളം സ്നേഹത്തെ വിശുദ്ധീകരിച്ച ക്രിസ്തുവെന്ന മഹാപുരോഹിതന്റെ യഥാർത്ഥ ശിഷ്യൻ. ചേരികളുടെ പിതാവ്, വിനയത്തിന്റെ രുചിയുള്ള മനുഷ്യൻ, അഗതികളുടെ പിതാവ്, കുടിയേറ്റക്കാരുടെയും, പ്രവാസികളുടെയും കൂട്ടുകാരൻ, സമാധാനസ്ഥാപകൻ, പാവപ്പെട്ടവരുടെയും, സമൂഹം തഴയപ്പെട്ടവരുടെയും രോദനങ്ങളെ അതേ തീവ്രതയിൽ മനസ്സിലാക്കുന്ന, പച്ചയായ യാഥാർത്ഥ്യങ്ങളിൽ വെളിപ്പെടുന്ന ക്രിസ്തുവിനെ ജീവിതം കൊണ്ട് പ്രഘോഷിക്കുന്ന യഥാർത്ഥ അജപാലകൻ, മിതത്വത്തോടു അഭിരുചിയുള്ള പുരോഹിതന്‍, സഭയും ശാസ്ത്രവും തമ്മിലുള്ള അന്തരത്തിന്റെ അകലം കുറയ്ക്കാന്‍ പരിശ്രമിക്കുന്ന വ്യക്തി, അനുകമ്പയുടെ സ്വരമുള്ള പാപ്പാ, യുദ്ധങ്ങൾ കൊണ്ടല്ല സത്യം കൊണ്ടും സമാധാന സംവാദം കൊണ്ടും ഭൂമിയെ ശാന്ത ഭൂമിയാക്കാമെന്നു പറഞ്ഞ് രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധ ചിന്തകളെ നിർമ്മൂലമാക്കാൻ അവിശ്രാന്തം പരിശ്രമിക്കുന്ന നേതാവ്.
ഈ വ്യക്തി ആരാണ്? 2013, മാർച്ച് 13 ആം തിയതി 266 -മത്തെ പാപ്പയായി കത്തോലിക്കാ തിരുസഭയ്ക്ക് ദൈവം നൽകിയ കൃപയുടെ പേരാണ് ഫ്രാൻസിസ് പാപ്പാ. ലോകത്തിൽ ആറിൽ ഒന്ന് ജനസംഖ്യയുള്ള ഒരു സമൂഹത്തിന്റെ ആത്മീയ കാവൽകാരനായി ജോർജ്ജ് മരിയോ ബെർഗോളിയോയെ ദൈവം ഉയര്‍ത്തി. ജോർജ്ജ് മാരിയോ ബെർഗോളിയോ 1936 ഡിസംബർ 17 ന് അർജെന്‍റീനയിൽ ബ്യൂണസ് അയേഴ്സിന്റെ സമീപപ്രദേശമായ ഫ്ലോറസിൽ ജനിച്ചു. മാരിയോ ഹൊസെ ബെർഗോളിയോ (1908–1959), റെജീന മരിയാ സാവോരി (1911–1981) എന്ന ഇറ്റാലിയന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ അഞ്ച് മക്കളിൽ മൂത്ത മകനായി ജനിച്ച ജോർജ്ജ് ബർഗോളിയോയുടെ ജീവിതത്തിന്റെ നിയോഗമായി ദൈവം നൽകിയത് തിരുസഭയെയാണ്. ഓരോ വ്യക്തിയും തനിമയുള്ളവനാണ്. മറ്റുള്ളവരുടെ തനിമയ്ക്ക് അവരുടെ വ്യത്യസ്ഥതയ്ക്ക് വില നൽകുന്ന പാപ്പാ മറ്റ് മാർപാപ്പാമാരിൽ നിന്നും വ്യത്യസ്ഥനായിരിക്കുന്നത് ആദർശങ്ങള്‍ എന്നതിലുപരി സവിശേഷ സുകൃതങ്ങളിലാണ്.
അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സിൽ ജനിച്ച ബെർഗോ ളിയോ 1969ൽ ഒരു കത്തോലിക്കാ പുരോഹിതനായി. 1973 മുതൽ 1979 വരെ ഈശോ സഭയുടെ അർജന്‍റീനാ പ്രോവിന്‍ഷ്യല്‍ സുപ്പീരിയരായിരുന്നു 1998 ൽ ബ്യൂണസ് അയേഴ്സിന്റെ ആർച്ച് ബിഷപ്പായി. 2001ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ കർദിനാളായി നിയമിച്ചു.
2001 ഡിസംബറിൽ അർജന്‍റീനയിൽ നടന്ന കലാപത്തിൽ അദ്ദേഹം അർജന്‍റീനാ സഭയെ സമാധാന സംരക്ഷണത്തില്‍ നയിച്ചു. നെസ്റ്റർ കിർക്ക്നെർ, ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർക്ക്നെർ എന്നിവര്‍ അവരുടെ ഭരണ കാലത്തില്‍ അദ്ദേഹത്തെ ഒരു രാഷ്ട്രീയ എതിരാളിയായി കണക്കാക്കി. 2013 ഫെബ്രുവരി 28ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന്, പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവ് മാർച്ച് 13ന് ബെർഗോളിയോയെ ബെനഡിക്റ്റ് പതിനാറാമന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ മാതൃകയാക്കി ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. 2021 ഡിസംബർ പതിനേഴാം തിയതി, 85 ആം ജന്മദിനമാഘോഷിക്കുന്ന ആടുകളുടെ മണമുള്ള ഇടയന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നമുക്ക് പാപ്പായുടെ ജീവിതത്തിലൂടെ സഞ്ചരിക്കാം.
സമകാലികരെ ഞെട്ടിച്ച യേശു: കരുതലിന്റെ കരുണയിൽ പാപ്പാ
2013 മെയ് മാസത്തിൽ നിരീശ്വരനായ ഒരു മാധ്യമ പ്രവർത്തകന്‍ നൽകിയ അഭിമുഖത്തിൽ ക്രിസ്തു തന്റെ തിരുരക്തം നൽകി രക്ഷിച്ചത് കത്തോലിക്കരെ മാത്രമല്ല; എല്ലാവരെയും അവൻ രക്ഷിച്ചുവെന്ന് പറഞ്ഞു കൊണ്ട് നിരീശ്വരവാദിക്കും സ്വർഗ്ഗത്തിൽ പ്രവേശനമുണ്ടെന്നും, അതേ വർഷത്തിൽ തന്നെ സ്വർഗ്ഗത്തിലെത്താൻ മതം മാറ്റം ചെയ്യുന്നത് "പാവനമായ അസംബന്ധം" Solemn Nonsense എന്നും അപലപിച്ചു. സഭയിൽ കാണുന്ന Careerism എന്നത് കുഷ്ഠരോഗമെന്ന് നവവൈദീകരുമായുള്ള കൂടികാഴ്ച്ചയിൽ വ്യക്തമാക്കിയ പാപ്പാ 2013 ജൂലൈ മാസത്തിൽ ബ്രസീലിൽ നിന്നും മടങ്ങി വരുന്ന വിമാന യാത്രയിൽ സ്വവർഗ്ഗഭോഗത്തെ കുറിച്ച് ചോദ്യമുയർന്നപ്പോൾ, ഒരു വ്യക്തി ദൈവത്തെ അന്വേഷിക്കുകയും, നല്ല മനസ്സുള്ളവനുമായാൽ ആ വ്യക്തിയെ വിധിക്കാൻ ഞാൻ ആരാണ്? എന്ന മറുചോദ്യത്താൽ പാപിനിയായ സ്ത്രീയെയും, ചുങ്കകാരനായ സക്കേവൂസിനെയും ചേർത്തു പിടിച്ച ക്രിസ്തുവിന്റെ പുരോഹിതനായി ഫ്രാൻസിസ് പാപ്പാ കരുണയുടെ ഇടയനെ ഓർമ്മിപ്പിച്ചു.
ഉപഭോഗ സംസ്ക്കാരത്തെയും തൊഴിൽ മേഖലയിലെ ആർത്തിയെയും, ഒലിച്ചുപോകുന്ന സാമ്പത്തീക വ്യവസ്ഥയെയും ചോദ്യം ചെയ്ത പാപ്പാ ഭവനരഹിതനായ ഒരു വയോധികന്റെ മരണം വാർത്തയാകുന്നില്ല എന്നാൽ ഓഹരി വിപണിയിലെ രണ്ട് ബിന്ദു നഷ്ടമാകുന്നത് വാർത്തയാകുന്നുവെന്ന് പറഞ്ഞു കൊണ്ട് സമൂഹം മറന്ന് പോകുന്ന മനുഷ്യജീവിതങ്ങൾ ലോകത്തിന്റെ സമ്പത്തിനെക്കാളും മൂല്യമുള്ളവയാണെന്ന് ഓർമ്മപ്പെടുത്തി.
പിശാചിന്റെ പുത്രി എന്ന് പ്രാദേശീക വൈദീകനാൽ വിളിക്കപ്പെട്ട, സ്ത്രീയായി ജനിച്ച് പിന്നീട് പുരുഷനായി മാറിയ Diego Neria Lejarraga എന്ന 48 വയസ്സുള്ള വ്യക്തിയെ വത്തിക്കാനിൽ വച്ച് കണ്ടുമുട്ടിയ അവസരത്തിൽ തനിക്ക് സഭയിൽ ഇടമുണ്ടോ എന്ന ചോദ്യത്തിന് പാപ്പാ ആ വ്യക്തിയെ ആശ്ലേഷിച്ച് കൊണ്ട് ഉത്തരം നൽകി. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ആദ്യമായി പരിസ്ഥിതി സംബന്ധിച്ച അപ്പോസ്തോലിക പ്രബോധനം നൽകിയത് ഫ്രാൻസിസ് പാപ്പായാണ്.
എളിമയുടെ വിശുദ്ധ വിസ്മയമായ ഫ്രാന്‍സിസ് പാപ്പാ
ദൈവത്തിന്റെ കരുണാദ്രസ്നേഹത്തിന്റെ അടിത്തറയിൽ പ്രത്യാശയുടെ പുനർജന്മം വിശ്വാസപ്രമാണമാക്കിയ എളിമയുടെ വിശുദ്ധ വിസ്മയമായാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായെ നമുക്ക് കാണാൻ കഴിയുക. ദൈവപിതാവിന്റെ കരുണയുടെ അവതാരമാണ് പുത്രനായ മിശിഹായെങ്കിൽ യേശുവിന്റെ മനസ്സിന്റെ കരുണാദ്രസ്പർശം തന്റെ വാക്കിലും പ്രവർത്തിയിലും പ്രതിധ്വനിപ്പിക്കുന്നത് പാപ്പാ അനുഭവിക്കുന്ന കാരുണ്യ സ്നേഹത്തിന്റെ പങ്കുവയ്ക്കലാവാം.
ക്രിസ്ത്യാനി എന്ന നാമപദത്തിന് മറ്റ് വിശേഷണങ്ങളാവശ്യമില്ല എന്ന് ശക്തമായി പ്രഖ്യാപിച്ച പാപ്പായുടെ ഉദ്ബോധനങ്ങളെ ആഴത്തിൽ വിശകലനം ചെയ്താൽ തന്റെ ദൗത്യത്തിന്റെ ആരംഭം മുതൽ ക്രിസ്ത്യാനിയെ ക്രിസ്തുവിലേക്ക് തിരികെ എത്തിക്കാനാണ് ആ വിളി എന്ന് നമുക്കു മനസ്സിലാകും. തന്റെ എല്ലാ പ്രബോധനങ്ങളിലും പ്രവർത്തികളിലും "കര്‍ത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്‌ച്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ.4:18- 19) എന്ന വാക്യങ്ങളെ അനുസ്മരിപ്പിക്കുകയും അങ്ങനെയാകാൻ നമ്മെ ആഹ്വാനം ചെയ്യുകയുമാണ് പാപ്പാ. ക്രിസ്തുവിലേക്കും, ക്രിസ്തു ശിഷ്യത്വത്തിന്റെ ആരംഭകാലങ്ങളിലേക്കും തിരിഞ്ഞു നോക്കി ഒരു ആത്മീയ പാരിസ്ഥീക മാനസാന്തരത്തിന് ക്ഷണിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.
ഫ്രാൻസിസ് എന്ന പേരിന്റെ തിരഞ്ഞെടുപ്പു മുതൽ വസ്ത്രധാരണവും താമസവും സഞ്ചാരവും അനുദിന ജീവിതചര്യവരെ ലാളിത്യത്തിന്റെ പര്യായമാക്കിയ പാപ്പായുടെ നീക്കങ്ങളിൽ പ്രവാചകത്വത്തിന്റെ പ്രതിഫലനങ്ങൾ നിരവധിയാണ്. ക്രിസ്ത്യാനി സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചു നീങ്ങുന്ന ഒരു തീർത്ഥാടകനാണ്, അല്ലാതെ ഭൂമിയിൽ സ്ഥിരതാമസക്കാരനല്ല എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനത്തെ മനസ്സിൽ ഉൾക്കൊണ്ട് സ്വർഗ്ഗം ലക്ഷ്യം വച്ചുള്ള ഭൂമിയിലെ തീർത്ഥാടനത്തിന് ആവശ്യമായവയെ ചൂണ്ടിക്കാണിക്കാൻ പാപ്പായ്ക്ക് കഴിയുന്നുണ്ട്.
ലോക സമാധാനത്തിനായി പാലങ്ങള്‍ പണിയുന്ന പാപ്പാ
ലോക സമാധാനം പ്രധാന വിഷയമാകുമ്പോൾ ലോകസമാധാനത്തെ ഹനിക്കുന്ന മത, രാഷ്ട്രീയ, സാമ്പത്തീക വൈരങ്ങളെ മുന്നിൽ കാണുന്ന പാപ്പാ നമ്മുടെ മുന്നിലേക്ക് പരസ്പര കൂടിക്കാഴ്ച്ചയുടെ ഒരു സംസ്കാരം വളർത്താൻ ആവശ്യപ്പെടുന്നു. അപരന്റെ വ്യത്യസ്ഥതയെ ഭയക്കാതെ പരസ്പരം കൂടുതൽ ആഴത്തിലറിയാൻ ആത്മാർത്ഥ സംവാദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ ആഹ്വാനം ചെയ്യുന്നു. പലപ്പോഴും അസമാധാനത്തിനും യുദ്ധങ്ങൾക്കും ഇന്നത്തെ ലോകത്തിലെ സംഘർഷങ്ങൾക്കും, ആധുനീക ലോകത്തിലെ ഏറ്റം കലുഷിതമായ കുടിയേറ്റ പ്രവാസങ്ങൾക്കും പിന്നിൽ പെട്ടെന്നുള്ള ലാഭത്തിനായി എടുക്കുന്ന സാമ്പത്തീക നയങ്ങളും യാഥാർത്ഥ്യങ്ങളിലൂന്നാത്ത ഊഹക്കച്ചവടതന്ത്രങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തീക അസമത്വങ്ങളാണെന്ന് കണ്ടെത്തിയ പാപ്പാ അവയ്ക്കെതിരായി ലോകത്തിലുയരുന്ന ശബ്ദത്തിന്റെ ഏറ്റവും ശക്തിയേറിയ വക്താവാണ്. സമാധാനം സ്ഥാപിക്കാൻ മതിലുകളല്ല പാലങ്ങളാണ് പണിയേണ്ടതെന്ന് പറഞ്ഞ് മതിലുകൾ സംരക്ഷണമേകുമെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യനെ മനുഷ്യനിൽ നിന്ന് വേർപിരിക്കുന്ന മൂഢവിശ്വാസത്തെ പൊളിച്ചുകാട്ടാൻ ഏതു വൻശക്തിയുടെ മുന്നിലും പാപ്പായ്ക്ക് മടിയുണ്ടായിട്ടില്ല.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവത്തിന്റെ മക്കൾ ദൈവത്തിന്റെ നാമത്തിൽ തമ്മിൽ നടത്തുന്ന യുദ്ധങ്ങൾ ഭ്രാതൃഹത്യയാണ് എന്ന് ശക്തിയുക്തം അപലപിക്കുന്ന ഫ്രാൻസിസ് പാപ്പാ ലോകസമാധാനത്തിന് വേണ്ടി ഏതിടംവരെ പോകാനും മടിക്കുന്നില്ല എന്ന് അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. അതിനുദാഹരണങ്ങളാണ് സിറിയയിലെ പ്രശ്ന പരിഹാരത്തിനായി നടത്തിയ പ്രാർത്ഥനാ യജ്ഞ സായാഹ്നവും, വത്തിക്കാൻ തോട്ടത്തിൽ വച്ച് നടത്തിയ സർവ്വമത പ്രാർത്ഥനയും, യു.എ.ഇ.യിൽ ക്രിസ്ത്യൻ, മുസ്ലിം, യഹൂദമതങ്ങളുടെ നേതൃത്വത്തിൽ മറ്റു മത വിഭാഗങ്ങളെല്ലാം ചേർന്ന് ഒപ്പുവച്ച സാർവ്വത്രീക സാഹോദര്യത്തിന്റെ പ്രതിജ്ഞാപത്രവും പത്രികയും, യുദ്ധം പിച്ചിച്ചീന്തിയ തെക്കൻ സുഡാനിലെ നേതാക്കളെ വത്തിക്കാനിൽ വിളിച്ചു കൂട്ടി നടത്തിയ ആത്മീയ ഒരുക്കവും പ്രാർത്ഥനയും, അവരുടെ പാദം ചുംബിച്ച് നടത്തിയ അഭ്യർത്ഥനയും.
സമാധാന സംരക്ഷണത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രവർത്തനങ്ങളിൽ എപ്പോഴും ആവർത്തിച്ച് വരുന്ന പ്രയോഗമാണ് Culture of Encounter അഥവാ കൂടിക്കാഴ്ചയുടെ സംസ്കാരം. സ്വന്തം വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യാനല്ല മറിച്ച് മറ്റുള്ളവരുമായി കൂടി കണ്ട് സംസാരിച്ച് അവരെ മനസ്സിലാക്കലാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ദൈവം മനുഷ്യനെ കാണാൻ ഇറങ്ങി വന്ന മനുഷ്യാവതാരത്തിന്റെ തന്നെ അടിത്തറയിലാണ് പാപ്പായുടെ ഈ കൂടിക്കാഴ്ചയുടെ സംസ്കാരം പണിതുയർത്തുക എന്നത് പ്രത്യാശയ്ക്ക് ആക്കം കൂട്ടുന്നതാണ്. ആയുധങ്ങൾ കൊണ്ടും നശീകരണ ഭീഷണി കൊണ്ടും നേടുന്നതിനേക്കാൾ അപരനുമായി നടത്തുന്ന ഈ കൂടിക്കാഴ്ച്ചയും സംവാദവും വഴി മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പ്രാദേശീക, ദേശീയ, അന്തർദേശീയ നിലയിൽ സാധിക്കുമെന്നും അതുവഴി സമാധാനം പുനസ്ഥാപിക്കാനും സംരക്ഷിക്കാനും കഴിയുമെന്നും പാപ്പാ വിശ്വസിക്കുന്നു.
പരിസ്ഥിതിയെ പരിപാലിക്കുന്ന പാപ്പാ
എല്ലാറ്റിനും അടിസ്ഥാനപരമായി നമുക്ക് ഒരു മാനസാന്തരമാവശ്യമാണ്. അത് ഒരു പാരിസ്ഥിതിക മാനസാന്തരമാവണം എന്ന് പാപ്പാ അഗ്രഹിക്കുന്നു. കാരണം മനുഷ്യന്റെ സമ്പത്തിനോടുള്ള ആർത്തിമൂലം, പെട്ടെന്ന് ലാഭം കിട്ടാനുള്ള ആവേശം മൂലം, സമ്പാദ്യം അവനേകുമെന്നവൻ വിശ്വസിക്കുന്ന അധികാരശക്തിക്കായി, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നു. ദൈവം സംരക്ഷിക്കാൻ ഏല്‍പ്പിച്ച നമ്മുടെ പൊതു ഭവനമായ ഭൂമി ഇന്ന് നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയാൻ നമുക്ക് ഒട്ടും പ്രയാസമില്ല. അതിനാൽ തന്റെ പ്രബോധനങ്ങളിൽ ഭൂമിയുടെയും അന്തരീക്ഷത്തിന്റെ യും പരിതസ്ഥിതിയുടേയും സംരക്ഷണത്തെ മുൻനിറുത്തി പാപ്പാ എഴുതിയ Laudato Sì എന്ന പ്രബോധനം വഴി നമ്മെ ഒരു മാനസാന്തരത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് ആമസോൺ സിനഡും തുടർ നടപടികളും വഴി അക്കാര്യത്തിന്റെ വളരെ പ്രായോഗീകമായ വശങ്ങളിലേക്ക് സഭയെ നയിക്കാൻ പരിശ്രമിക്കുന്നു.
ചേരി നിവാസികളുടെ പിതാവ്
2013ൽ തന്നെ ടൈംസ് മാസിക പാപ്പായെ ആ വർഷത്തെ മഹത് വ്യക്തിയായി തിരഞ്ഞെടുത്തുകൊണ്ടെഴുതിയത് പാപ്പാ സ്ഥാനത്തെ കൊട്ടാരത്തിൽ നിന്ന് തെരുവിലേ പുറമ്പോക്കുകളിൽ വസിക്കുന്നവരിലെത്തിക്കുകയും, ലോകത്തിലെ ഏറ്റവും വലിയ സഭയെ അതിന്റെ ഏറ്റം വലിയ ആവശ്യങ്ങളെ ആഭിമുഖീകരിക്കാൻ നിയോഗിക്കുകയും നീതിയും കരുണയും തമ്മിൽ സമീകരിക്കുകയും ചെയ്തു എന്നു പറഞ്ഞാണ്. ആധുനീക സാങ്കേതിക തലമുറയുടെ ലാഭമില്ലാത്തവ വലിച്ചെറിയുന്ന സംസ്കാരത്തിൽ പുറമ്പോക്കിലാക്കപ്പെടുന്ന മനുഷ്യജന്മങ്ങളുടെ, അത് വയോധികരായാലും ജനിക്കാനിരിക്കുന്ന കുഞ്ഞായാലും, മനുഷ്യാന്തസ്സിനെ വിലമതിക്കാനും, അംഗീകരിക്കാനും, സംരക്ഷിക്കാനും പാപ്പാ എന്നും മുന്‍ നിരയിൽ തന്നെ നില്‍ക്കുന്നു.
മെത്രാന്മാർ കച്ചവടക്കാരാകരുതെന്നും, വൈദീകര്‍ മെത്രാന്റെ ഏറ്റവും അടുത്ത അയൽക്കാരനായിരിക്കണമെന്നും, ജനങ്ങൾ ഒരു പുരോഹിതനിൽ നിന്നും ആത്മീയ ഉപദേശകനെയും വഴികാട്ടിയെയുമാണ് പ്രതീക്ഷിക്കുന്നതെന്നും ഓർമിപ്പിച്ച് കൊണ്ട് ജനങ്ങളുടെ മനസ്സറിയുന്ന വ്യക്തികളായി ജീവിക്കാൻ വൈദീക ഗണത്തോടു ആഹ്വാനം ചെയ്തതും പാപ്പായിൽ തെളിയുന്ന സേവനത്തിന്റെ പ്രകാശമാണ്.
അഗതികളെ വിരുന്നൂട്ടുന്ന പാപ്പാ
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യ ജന്മങ്ങളേയും സമൂഹങ്ങളെയും തേടി തന്റെ അപ്പോസ്തോലീക സന്ദർശനങ്ങളിൽ പോലും കുടിയേറ്റ ക്യാമ്പുകളിലുള്ളവരേയും, ജയിൽവാസികളേയും കാണാൻ പോവുകയും വിശേഷ ദിവസങ്ങളിൽ പാർപ്പിടമില്ലാത്തവരേയും ഭക്ഷണമില്ലാത്തവരേയും തന്റെ മേശയിലിരുത്തി വിരുന്നൂട്ടുകയും ചെയ്യുന്ന പാപ്പാ ദൈവത്തിന്റെ കരുണയുടെ മുന്നിൽ നില്‍ക്കാൻ നമ്മെ അർഹരാക്കുന്നത് നാം അലങ്കരിക്കുന്ന അധികാര സ്ഥാനമോ, അണിയുന്ന വേഷഭൂഷാദികളോ അല്ല എന്നും നമ്മെ ഇത്രമാത്രം കൃത്യമായി എടുത്തു കാണിക്കുന്ന ഏത് നേതൃത്വമാണ് ഇന്ന് സമകാലീക സമൂഹത്തിൽ ജീവിച്ചിരിക്കുന്നത്? ഒരു പക്ഷേ ഇത്രമാത്രം ആഴത്തിൽ അവശർക്കും ആലംബഹീനർക്കു വേണ്ടി നിലപാടുകളെടുക്കുന്ന ലോക നേതാക്കളെ കണ്ടെത്താൻ തന്നെ പ്രയാസം.
പാപ്പായെ പ്രതി ദൈവത്തിന് നന്ദി!
ദൈവം നമുക്ക് നൽകിയ പാപ്പാ എന്ന വരദാനത്തിന് നമുക്ക് നന്ദി പറയാം. ഫ്രാൻസിസ് പാപ്പായിലൂടെ നമുക്ക് ദൈവം കാണിച്ചുതരുന്ന ക്രിസ്തീയ ജീവിതം സകലരേയും നഷ്ടപ്പെട്ടെന്ന് കരുതുന്നവയെപ്പോലും തേടിപിടിച്ചെത്തുന്ന യേശുവിന്റെ സ്നേഹക്കരുതലിന്റെ കാണപ്പെടുന്ന രൂപങ്ങളാകാൻ നമ്മെ സഹായിക്കട്ടെ. അങ്ങനെ നമ്മളും ഫ്രാൻസിസ് പാപ്പായെ പോലെ യേശുവിന്റെ ജീവിക്കുന്ന കൂദാശകളായി മാറാൻ ആ ജീവിതം നമുക്ക് പ്രചോദനമാക്കാം. 52 വർഷം തന്റെ പൗരോഹിത്യത്തെയും, ജീവിതത്തെയും കൂദാശയായി ദൈവജനത്തിനായി വിനിയോഗിച്ച ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദിയും ആശംസകളും ആയുരാരോഗ്യവും ഈ ജന്മദിനത്തിൽ ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: