തിരയുക

രക്ഷകനായി അവതരിച്ച ഉണ്ണിയേശുവും അവന്റെ മാതാപിതാക്കളും. (പ്രതികാത്മക ചിത്രം). രക്ഷകനായി അവതരിച്ച ഉണ്ണിയേശുവും അവന്റെ മാതാപിതാക്കളും. (പ്രതികാത്മക ചിത്രം). 

"ക്രിസ്തു ജീവിക്കുന്നു” : രക്ഷിക്കുന്ന ദൈവ സ്നേഹം

സഭാദർശനം പരിപാടിയിൽ ഇന്ന് നാം ശ്രവിക്കുന്നത് “Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 120 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും.

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന്  പാപ്പാ പറയുന്നു.

120. “നാം യേശു ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ടിരിക്കുന്നു. കാരണം അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. തന്റെ പ്രകൃതിക്കു വിരുദ്ധമായിരിക്കാൻ അവിടുത്തേക്ക്‌ കഴിയുകയില്ല. അവിടുത്തേക്ക് എതിരായി എന്ത് വേണമെങ്കിലും ചെയ്യാം. എന്നാലും അവിടുന്ന് നമ്മെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. എന്തെന്നാൽ സ്നേഹിക്കപ്പെട്ടത് മാത്രമേ രക്ഷിക്കപെടുകയുള്ളു. ആശ്ലേഷിക്കപ്പെട്ടത് മാത്രമേ രൂപാന്തരപ്പെടുകയുള്ളു. കർത്താവിന്റെ സ്നേഹം നമ്മുടെ എല്ലാ പ്രശ്നങ്ങളെക്കാളും ദുർബ്ബലതകളെക്കാളും  വൈകല്യങ്ങളെക്കാളും വലുതാണ്. നമ്മുടെ പ്രശ്നങ്ങൾ, ദൗർബല്യങ്ങൾ, വൈകല്യങ്ങൾ എന്നിവയിലൂടെയാണ് അവിടുന്ന് തന്റെ  പ്രണയകഥ എഴുതാൻ ആഗ്രഹിക്കുന്നത്. അവിടുന്ന് ധൂർത്ത പുത്രനെ തഴുകി. നിഷേധിച്ച പത്രോസിനെ തഴുകി. നമ്മുടെ ഓരോ വീഴ്ചകൾക്ക് ശേഷം അവിടുന്ന് എപ്പോഴും നമ്മെ തഴുകുന്നു. വീണ്ടും എഴുന്നേറ്റ് കാലിൽ നിൽക്കാൻ അവിടുന്ന് സഹായിക്കുന്നു. ഒരു വസ്തുത ശ്രദ്ധിക്കുക: ഏറ്റവും മോശപ്പെട്ട വീഴ്ച - നമ്മുടെ ജീവിതത്തെ നശിപ്പിക്കാൻ കഴിവുള്ള ഏറ്റവും മോശപ്പെട്ട വീഴ്ച - നാം നിലംപറ്റി കിടക്കുകയും സഹായിക്കപ്പെടാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ്.” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ക്രിസ്തു നമ്മെ രക്ഷിക്കുന്നു കാരണം അവിടുന്ന് സ്നേഹിക്കുന്നു.

ഒരുപാട് സ്നേഹം ഉള്ളിലൊതുക്കി കാത്തിരിക്കുന്ന ദൈവം. ഇത് എന്റെ ശരീരമാണ്. ഇത് എന്റെ രക്തമാണെന്ന് പറഞ്ഞ് തന്റെ ശരീരത്തെയും രക്തത്തെയും പങ്കുവെച്ച ദൈവം. കാൽവരിയുടെ വിരിമാറിൽ തന്നെത്തന്നെ മുറിപ്പെടുത്താൻ വിട്ടുകൊടുത്ത ദൈവം. അസത്യങ്ങളുടെയും അന്യായമായ വിധിയുടെയും മുന്നിൽ അഗാധമായ  നിശബ്ദതയിൽ നിന്നു കൊണ്ട് ആത്മാർത്ഥതയ്ക്ക് സ്നേഹത്തിന്റെ മുഖം നൽകിയ ദൈവം. ഈ ദൈവമാണ് നമ്മെ സ്നേഹിക്കുന്നതെന്നും രക്ഷിക്കുന്നതെന്നും പാപ്പാ തന്റെ പ്രബോധനത്തിൽ പറയുന്നു.

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത് സ്നേഹത്തിന്റെ പേരിലാണ്. "ഗാഢമായ ആത്മബന്ധങ്ങളെ മൂലധനമാക്കി വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ, ഹൃദയാലുക്കളായ  വർത്തകരുടെ ഭൂമിയാണിത്. ഒടുവിലത്തെ ശ്വാസത്തോളം കൂടെ ഉണ്ടായിരിക്കും എന്ന് കരുതിയവർ എത്ര നിസ്സംഗമായാണ് ഓരോരുത്തരെയും പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. " നമ്മുടെ ജീവിതത്തിൽ പലരും ആരൊക്കെയായി വന്നും കടന്നും പൊയ്ക്കൊണ്ടിരിക്കുന്നു. ആരും സ്ഥിരമായി നമ്മിൽ തങ്ങുന്നില്ല. ഇടവഴികളിൽ വച്ച് നമ്മുടെ കുടിലിലെ വെട്ടം മങ്ങുന്നു എന്ന് അറിഞ്ഞാൽ ദുരിതങ്ങളുടെയും, രോഗങ്ങളുടെയും, സാമ്പത്തിക പ്രതിസന്ധിയുടെയും ഉരുൾപൊട്ടൽ നമ്മുടെ കുടിലിനെ ഉലയ്ക്കും എന്നറിഞ്ഞാൽ നമ്മുടെ കൂടെ ഉണ്ടാകും, ഒപ്പമുണ്ടാകും എന്ന് പറഞ്ഞവരൊക്കെ അവരവരുടെ വഴികളിലേക്ക്, ദേശങ്ങളിലേക്ക് ഓരോരുത്തരായി യാത്രയാകുന്നത് നാമൊക്കെ അനുഭവിക്കുന്ന സത്യങ്ങളാണ്. എന്നിട്ടും നാം മനുഷ്യരെ വല്ലാതെ വിശ്വസിക്കുകയും അവിശ്വസ്ഥത കാണിച്ചാലും നമ്മോടു വിശ്വസ്ഥത കാണിക്കുന്ന ദൈവത്തെ അവിശ്വസിക്കുകയും ചെയ്തു കൊണ്ട് ജീവിക്കുന്നു.

സ്നേഹിക്കുന്നത് കൊണ്ട് ദൈവം നമ്മെ രക്ഷിക്കുന്നു എന്നാണ് നാം ഇന്ന് ധ്യാനിക്കുന്ന ഖണ്ഡികയിലൂടെ  പാപ്പാ നമ്മോടു പറഞ്ഞു തരുന്നത്. നമ്മെ സ്നേഹിക്കുന്നവരും നാം സ്നേഹിക്കുന്നവരും എന്ന് കരുതുന്ന പലരിൽ നിന്നും നമ്മൾ നാമറിയാതെ തന്നെ രക്ഷാ സഹായം പ്രതീക്ഷിക്കുന്നു. മാതാപിതാക്കൾ നൽകുന്ന രക്ഷയുണ്ട്. നമ്മുടെ നിസ്സഹായ അവസ്ഥയിൽ അവർ നൽകിയ സ്നേഹത്തിന്റെ പിന്നിൽ നാം അനുഭവിച്ചത് സുരക്ഷയുടെ വലിയ അനുഗ്രഹങ്ങൾ ആയിരുന്നു. പക്ഷേ ഇന്ന് നാം എത്ര എത്ര മാതാപിതാക്കൾ മക്കളുടെ ഘാതകരായി തീരുന്ന വാർത്തകൾക്ക് സാക്ഷിയായി തീരുന്നു. സ്വയം രക്ഷപ്പെടാൻ മക്കളെ കുരുതി കൊടുക്കുന്ന മാതാപിതാക്കൾ. കുഞ്ഞുനാളിൽ മറ്റുള്ള കുട്ടികൾ നമ്മെ ഒന്നു തൊട്ടാൽ പോലും അതിനെ പ്രതി നമുക്കു വേണ്ടി വാദിച്ചിരുന്ന സഹോദരങ്ങൾ അന്ന് പണുതുയർത്തിയത് സ്നേഹം കൊണ്ട് തീർത്ത സുരക്ഷയുടെ മതിലുകളായിരുന്നുവെങ്കിൽ ഇന്ന് മണ്ണ് കൊണ്ട് തീർത്ത മതിലുകളുടെ പേരിൽ സ്വന്തം കൂടപ്പിറപ്പുകളെ വക വരുത്തുന്നവരായി മാറുന്ന അനുഭവങ്ങളും നമുക്കറിയാം. അതുകൂടാതെ ഈ ഭൂമിയിൽ നമ്മുടെ രക്ഷകരായി തീർന്ന മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ രോഗാവസ്ഥയിൽ രക്ഷ നൽകാതെ ഉപേക്ഷയുടെ തീരത്ത് വിട്ടുപോകുന്ന മക്കളുടെ ലോകവും വികസിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് നാം നമ്മെ കുറിച്ചും ദൈവത്തെക്കുറിച്ചും ധ്യാനിക്കേണ്ടത്.

ദൈവം നൽകുന്ന രക്ഷ

മനുഷ്യൻ നൽകുന്ന രക്ഷയും ദൈവം നൽകുന്ന രക്ഷയും തമ്മിലുള്ള അഗാധമായ അകലങ്ങളെ നാം തിരിച്ചറിയണം. സ്നേഹത്തിന്റെ അഭാവം മാത്രമാണ് മനുഷ്യർ ചെയ്യുന്ന എല്ലാ തിന്മകളുടെയും മൂലകാരണം. നാം ജീവിക്കുന്ന ലോകത്തിൽ നടക്കുന്ന യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രത്യേകിച്ച് യുവജനങ്ങൾ ഈ തിന്മയുടെ വഴികളും, പടികളും ചവിട്ടി കയറാതെ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് ദൈവം നൽകുന്ന രക്ഷയുടെ അനുഭവം നാം സ്വന്തമാക്കണം. സക്കേവൂസിനെ പോലെ നമ്മുടെ  ഭവനത്തിലേക്ക് കടന്നുവന്ന ക്രിസ്തുവിന്റെ മുന്നിൽ അവന്റെ  സ്നേഹത്തിന് നിരക്കാത്തതൊക്കെ തിരികെ കൊടുക്കാൻ വിട്ടു ഉപേക്ഷിക്കാൻ തയ്യാറാകണം. എങ്കിൽ നമുക്ക് ദൈവം നൽകുന്ന രക്ഷയുടെ അനുഭവം ജീവിതത്തിലുടനീളം അനുഭവിക്കാനും സ്വന്തമാക്കാനും കഴിയും. കാരണം ദൈവം തന്നെ പറഞ്ഞിട്ടുണ്ട് "രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകി പോയിട്ടില്ല. കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല" (ഏശ 59:1). ദൈവം നൽകുന്ന രക്ഷയ്ക്ക് തടസ്സമായി ഇരിക്കുന്ന ഘടകങ്ങളെയും നാം തിരിച്ചറിയണം അതിനെക്കുറിച്ചും വചനം പറയുന്നുണ്ട്. " നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന്‌ നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല."(ഏശയ്യാ 59:2). ദൈവം നൽകുന്ന നിത്യരക്ഷ സ്വന്തമാക്കാൻ ദൈവത്തിന്റെ സ്നേഹത്തിലേക്ക് തന്നെ മടങ്ങി ചെല്ലണം.

വീഴ്ച്ചകളിൽ മുന്നിലുള്ള പ്രത്യാശ

ഏറ്റവും മോശപ്പെട്ട വീഴ്ച - നമ്മുടെ ജീവിതത്തെ നശിപ്പിക്കാൻ കഴിവുള്ള ഏറ്റവും മോശപ്പെട്ട വീഴ്ച - നാം നിലംപറ്റി കിടക്കുകയും സഹായിക്കപ്പെടാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ്.” ഇത് ഒരു മുന്നറിയിപ്പാണ്. ഒരു പിതാവ് സ്വന്തം മക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്. ചെറുപ്പത്തിന്റെ ചോരത്തിളപ്പിലും, ധൈര്യത്തിലും, എല്ലാം അറിയാനുള്ള ത്വരയിലും അപകടങ്ങൾ പതിയിരിക്കുന്ന പാതകൾ നിസ്സാരമെന്ന് കരുതി തരണം ചെയ്യാനുള്ള പ്രവണത യുവജനങ്ങളുടെ ഒരു പ്രത്യേകത തന്നെയാണ്. എന്നാൽ ഇവിടെ വീഴ്ചകൾ ഉണ്ടാവുക സാധാരണമാണ്. ആ വീഴ്ചകളിൽ പാപ്പാ സൂചിപ്പിക്കുന്നത് പോലെ "മോശപ്പെട്ട "വീഴ്ചകളും സംഭവിക്കാം. എന്നാൽ അത്തരം വീഴ്ചകളിൽ നിന്നു പോലും പ്രത്യാശയോടെ എഴുന്നേൽക്കാൻ ശ്രമിക്കണമെന്ന് പാപ്പാ ഇവിടെ ആഹ്വാനം ചെയ്യുന്നു.

ചില വീഴ്ചകളിൽ നിന്ന് നമുക്ക് തനിയെ എഴുന്നേൽക്കാനാവും എന്നാൽ ചിലവയിൽ തീർച്ചയായും നമുക്ക് സഹായം കൂടിയേ തീരൂ. ഇവ തമ്മിലുള്ള വ്യത്യാസം തീർച്ചയായും നാം തിരിച്ചറിയണം. എളിമയെ പറ്റി പല പ്രാവശ്യം പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. വീഴ്ചകളിൽ വീണു എന്നു തിരിച്ചറിയാനും വീണു പോയി എന്ന് അംഗീകരിക്കാനും എഴുന്നേൽക്കാൻ പരിശ്രമിക്കാനും ഈ എളിമ വളരെ പ്രധാനമാണ്. ഇനി സ്വയം എഴുന്നേൽക്കാനാവില്ല എന്ന് തിരിച്ചറിയുമ്പോൾ സഹായം തേടുന്നതിന് തയ്യാറാകേണ്ടതും എളിമയിലൂടെ തന്നെയാണ്. അപ്പോഴെല്ലാം നമുക്ക് ഓർമ്മിക്കാൻ ഒരു സുന്ദര വാക്യം പാപ്പാ ഈ ഖണ്ഡികയിൽ കുറിച്ചിട്ടിട്ടുണ്ടു. "തന്റെ പ്രകൃതിക്കു വിരുദ്ധമായിരിക്കാൻ അവിടുത്തേക്ക്‌ കഴിയുകയില്ല." സ്നേഹമാണ് അവിടുത്തെ പ്രകൃതി. ആ സ്നേഹം എന്തെന്ന് വി. പൗലോസ്  അപ്പോസ്തോലൻ വിവരിക്കുന്നുണ്ട്.  “സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്‌. ...സ്നേഹം….കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. സ്നേഹം സകലതും സഹിക്കുന്നു...സകലത്തെയും അതിജീവിക്കുന്നു.” (1 കൊറി13:4-7).

ഇതാണ് യേശുവിന്റെ പ്രകൃതി. ക്ഷമ, അനുകമ്പ, ആർദ്രത എന്നിവയാൽ അലങ്കരിക്കപ്പെട്ട സ്നേഹം. നമ്മുടെ പ്രത്യാശ മുഴുവൻ ഈ പ്രകൃതിയിൽ അടിസ്ഥാനമിട്ടുകൊണ്ട് വീഴ്ച്ചകളിൽ തളരാതെ എഴുന്നേൽക്കാൻ പരിശ്രമിക്കാം. സ്വയം എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ തിരിച്ചറിഞ്ഞാൽ മറ്റുള്ളവരാൽ സഹായിക്കപ്പെടാൻ നമ്മെ അനുവദിക്കാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2021, 13:11