“ക്രിസ്തു ജീവിക്കുന്നു”: ദൈവത്തിന്റെ ക്ഷമയും രക്ഷയും നമുക്ക് വാങ്ങിക്കാൻ കിട്ടുന്നതല്ല
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
നാലാം അദ്ധ്യായം
മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും.
നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.
121. “അവിടുന്ന് നൽകുന്ന ക്ഷമയും രക്ഷയും നമുക്ക് വാങ്ങിക്കാൻ കിട്ടുന്നതല്ല. നമ്മുടെ പ്രവർത്തികൾ കൊണ്ടോ, പരിശ്രമം കൊണ്ടോ നേടാ൯ കഴിയുന്നതുമല്ല. അവിടുന്ന് നമ്മോടു ക്ഷമിക്കുന്നു. ചെലവ് കൂടാതെ നമ്മെ സ്വന്ത്രരാക്കുന്നു. അവിടുത്തെ കുരിശിലെ ആത്മപരിത്യാഗം വളരെ വലുതാണ്. ഒരിക്കലും അതിനു പകരം നൽകാൻ നമുക്ക് സാധ്യമല്ല. അളവറ്റ നന്ദിയോടെ, നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവുന്നതിനേക്കാൾ കൂടുതലായി സ്നേഹിച്ചത് കൊണ്ടുള്ള സന്തോഷത്തോടെ തന്നെ അത് സ്വീകരിക്കാനേ കഴിയൂ. "അവിടുന്ന് ആദ്യം നമ്മെ സ്നേഹിച്ചു" (യോഹ4:19).” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
ദൈവത്തോടു വില പേശാനും ദൈവത്തിന്റെ പേരിൽ വിലപേശാനും ശ്രമിക്കുന്ന മനുഷ്യ൯
ദൈവത്തിന്റെ ക്ഷമയും രക്ഷയും നമുക്ക് വാങ്ങിക്കാൻ കിട്ടുന്നതല്ല എന്ന് ഈ ഖണ്ഡികയുടെ ആരംഭത്തിൽ പാപ്പാ പ്രബോധിപ്പിക്കുന്നു. ഇന്നത്തെ ലോകത്തിൽ ആധുനിക മനുഷ്യൻ ചിന്തിക്കുന്നത് അവന്റെ കഴിവുകൊണ്ടും, ധനം കൊണ്ടും, അധികാരം കൊണ്ടും എല്ലാം നേടാം എന്നാണ്. അതിനുവേണ്ടി ഏതു മാർഗ്ഗവും സ്വീകരിക്കാനും അവൻ തയ്യാറാണ്. സ്വാർത്ഥതയും, ചതിയും, വഞ്ചനയും, അധികാര ദണ്ഡും, അടിച്ചമർത്തലും, പാർശ്വവൽക്കരിക്കലും, ആക്രമണവും എന്നുവേണ്ടാ തിന്മയുടെ ഏത് വഴികൾ സ്വീകരിച്ചും മനുഷ്യൻ താൻ ആഗ്രഹിക്കുന്ന എന്തും നേടാൻ സന്നദ്ധനായിരിക്കുന്നു. തനിക്ക് എന്തും നേടാം എന്ന ഭാവത്തെ ദൈവത്തിന്റെ മുന്നിൽ പോലും മനുഷ്യൻ മാറ്റി വയ്ക്കുന്നില്ല. ദൈവത്തോടു വില പേശാനും ദൈവത്തിന്റെ പേരിൽ വിലപേശാനും അവൻ മടിക്കുന്നുമില്ല.
നാം ഒന്നും നേടിയെടുത്തതല്ലല്ലോ എല്ലാം ദൈവത്തിന്റെ ദാനമല്ലേ. ദാനത്തെ ആരാധിച്ചു ദാനദാതാവിനെ വിസ്മരിക്കുന്നത് ഉചിതമല്ല എന്ന ചിന്ത പോലും മനുഷ്യനിൽ നിന്നും അന്യമായി തീർന്നുകൊണ്ടിരുന്നു. ഇന്ന് ലോകത്തിൽ നടക്കുന്ന കലാപങ്ങളിൽ കൂടുതലും മതത്തിന്റെ പേരിലാണ് സംഭവിക്കുന്നത്. മതത്തിന്റെയും,ദൈവത്തിന്റെയും പേരിൽ നടക്കുന്ന കൊലയും,കൊള്ളയും, കൊള്ളരുതായ്മയുമൊക്കെ യഥാർത്ഥത്തിൽ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അകലങ്ങളെയാണ് വ്യക്തമായി വെളിപ്പെടുത്തുന്നത്. നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ ദൈവസ്വഭാവത്തെയും, ഭാവത്തെയും, രൂപത്തെയും നാം മാറ്റിയും നമുക്ക് സന്തോഷം തരുന്ന രീതിയിൽ ദൈവത്തെ ആരാധിച്ചും ‘ഇഷ്ട ദൈവങ്ങളെ’ ചിലർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ചില പ്രത്യേക ആരാധനാലയങ്ങൾ, പ്രാർത്ഥനാ രീതികൾ, പ്രാർത്ഥിപ്പിക്കുന്ന സിദ്ധന്മാർ, ദൈവത്തെ സ്വന്തമാക്കാൻ ചില പ്രത്യേക മാനദണ്ഡങ്ങൾ എന്നിങ്ങനെ കുറെ ഇഷ്ട വിനോദങ്ങൾ സൃഷ്ടിച്ച് പലരുടെയും വിശ്വാസ ജീവിതത്തിൽ ദൈവസ്നേഹത്തിനും അവിടുത്തെ പ്രതിഛായയ്ക്കും സ്വഭാവത്തിനും വിവിധ അർത്ഥങ്ങളും, വ്യഖ്യാനങ്ങളും നൽകി മനുഷ്യരെ വഴി തെറ്റിപ്പിക്കുന്നു.
ദൈവ മനുഷ്യ ബന്ധത്തിന്റെ. അടിസ്ഥാനം യേശു ജീവിതം
മനുഷ്യന് ദൈവവുമായുള്ള ബന്ധം എക്കാലവും തെറ്റിദ്ധാരണകൾ നിറഞ്ഞതായിരുന്നു. ഒരു പക്ഷേ ഒരു തരത്തിലും അവന് പരിപൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആ പ്രതിഭാസത്തെ അവന്റെ കഴിവിന്റെ പരിമിതിക്കുള്ളിൽ നിന്നു നോക്കിക്കാണുകയും എന്നാൽ നിർവ്വചിക്കാൻ ധൈര്യം കാണിക്കുകയും ചെയ്യുന്നതാവാം അവന്റെ ഭോഷത്വം. യേശുവിന്റെ വരവിലൂടെയും അവന്റെ വെളിപ്പെടുത്തലുകളിലൂടെയും ദൈവസങ്കല്പങ്ങൾക്കും ദൈവ മനുഷ്യബന്ധത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾക്കും ഒരു സമൂല പരിവർത്തനമുണ്ടായി. ഇവിടെ ദൈവം തന്നെ മനുഷ്യ രൂപമെടുത്ത് താൻ ആരാണെന്നും തനിക്ക് മനുഷ്യനോടുള്ള ബന്ധമെങ്ങനെയാണെന്നും വെളിപ്പെടുത്തുകയായിരുന്നു. അതിനാൽ ദൈവത്തെ അന്വേഷിച്ചുള്ള മനുഷ്യന്റെ യാത്രയിൽ ദൈവവുമായുള്ള അവന്റെ ബന്ധത്തെ നിർവ്വചിക്കാൻ നാം അടിസ്ഥാനമാക്കേണ്ടത് യേശുവിന്റെ വചനങ്ങളും പ്രവർത്തികളും ജീവിതവുമായിരിക്കണം. ഇവയിൽ ഊന്നി നിന്നുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രബോധനങ്ങളിൽ ദൈവത്തിന്റെ അപാര കരുണയും സ്നേഹവും വിഷയമാക്കുന്നത്. മനുഷ്യന്റെ രക്ഷയാണ് ദൈവത്തിന്റെ ലക്ഷ്യം. തന്റെ ഈ ലക്ഷ്യത്തെ മനുഷ്യന്റെ അത്യാഗ്രഹം തകർത്തപ്പോൾ സ്വന്തം പുത്രനെ മനുഷ്യനായി അവതരിപ്പിച്ച് ലക്ഷ്യം നേടാൻ തുനിഞ്ഞിറങ്ങിയ ദൈവം. മനുഷ്യാവതാരം തന്നെ മനുഷ്യരക്ഷയായിരുന്നു. യോഹന്നാന്റെ സുവിശേഷം 3:16 ഉം, 2പത്രോ. 3:9 ഉം ആരും നശിച്ചുപോകരുതെന്ന ദൈവനിശ്ചയം നമ്മുടെ മുന്നിൽ തുറന്നു വയ്ക്കുന്നു.
വാങ്ങാനും വിൽക്കാനും കഴിയാത്ത ദൈവസ്നേഹം
മനുഷ്യന്റെ ബലഹീനതയെ മനസ്സിലാക്കുന്ന ദൈവത്തിന്റെ സ്നേഹത്തെ വെറും മാനുഷീകമായ അളവുകോലുകൾ കൊണ്ടളക്കുമ്പോൾ വരുന്ന അധ:പതനങ്ങളാണ് പാപ്പാ ഇവിടെ സൂചിപ്പിക്കുന്നത്. പണവും സമ്പാദ്യവും ഈ ലോകത്തിൽ മനുഷ്യനെ കേമനാക്കുന്ന ഘടകമായിരിക്കാം. എന്നാൽ അവ കൊണ്ട് നിത്യരക്ഷ നേടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. "ഒട്ടകത്തെ സൂചിക്കുഴയിലൂടെ " കടത്താൻ ശ്രമിക്കുന്ന പോലെയാണത് എന്ന് കർത്താവു തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു. അതു കൊണ്ടാണ് പാപ്പാ എഴുതുന്നത് ദൈവത്തിന്റെ ക്ഷമയും രക്ഷയും വാങ്ങാനോ നമ്മുടെ പ്രവർത്തികൾ കൊണ്ടു നേടിയെടുക്കാനോ കഴിയുന്നതല്ല എന്ന്. അത് ഒരു ദാനമാണ്. സ്നേഹത്തിന്റെ വിരുന്നിലെ വിഭവങ്ങൾ. സ്വയം മുറിഞ്ഞു പങ്കുവച്ച അപാര സ്നേഹത്തിന്റെ ബലിപീഠത്തിൽ നാഥൻ വച്ചുവിളമ്പുന്ന സൗജന്യ ദാനങ്ങൾ.
ഈ സാഹചര്യത്തിൽ ജീവിക്കുന്ന യുവജനങ്ങളോടു പാപ്പാ പറയുന്നത് മനുഷ്യന്റെ ചിന്തയ്ക്കും, സ്നേഹത്തിനും അപ്പുറത്ത് നിൽക്കുന്ന ദൈവത്തിന്റെ അപരിമേയമായ സ്നേഹത്തെ കുറിച്ചാണ്. വാങ്ങാനും വിൽക്കാനും കഴിയാത്ത സ്നേഹം. സ്വയം ദാനം ചെയ്യുന്ന സ്നേഹം. ഓരോ ദിനവും ഓരോ മനുഷ്യനും കടന്നു പോകുന്ന കഠിന വഴികളിൽ കാവൽ നിന്ന് കാത്തു സംരക്ഷിക്കുന്ന സ്നേഹം. മുഖം മൂടിയില്ലാത്ത, യാതൊരു നിബന്ധനകളുമില്ലാത്ത സ്നേഹം. മനുഷ്യൻ അർപ്പിക്കുന്ന അൾത്താരയിലെ ഓരോ ബലിയിലും അവന്റെ ജീവിത ബലിയിലും ബലിയായി തീരുന്ന സ്നേഹം.
യേശു - സ്നേഹത്തിന്റെ പേരും മുഖവും
തിരുപ്പിറവി രംഗവും ക്രിസ്തുമസ്ട്രീയും സംഭാവനചെയ്തവരുടെ പ്രതിനിധികൾക്ക് പാപ്പാ ആശംസകളർപ്പിച്ചവസരത്തിൽ എല്ലാ സംസ്കാരങ്ങളിലും ദേശങ്ങളിലുമുള്ള ഓരോ സ്ത്രീയെയും പുരുഷനെയും രക്ഷിക്കാൻ ഒരു ജനതയുടെ മൂർത്തതയിലാണ് യേശു ഭൂമിയിലേക്ക് വന്നതെന്ന് പറഞ്ഞ് ദൈവസ്നേഹത്തെ കുറിച്ച് പാപ്പാ ഓർമ്മപ്പെടുത്തി. നമുക്ക് അവിടുത്തെ സ്വാഗതം ചെയ്യാനും, ദൈവത്തിന്റെ ആർദ്രതയുടെ സമ്മാനം സ്വീകരിക്കാനും അവിടുന്ന് തന്നെത്തന്നെ ചെറുതാക്കി എന്ന് പറഞ്ഞ് തിരുപ്പിറവിയിൽ വിരിയുന്ന ദൈവസ്നേഹത്തിന്റെ മറ്റൊരു മുഖത്തെ പാപ്പാ കാണിച്ചു നൽകി. ഇതാണ് നമുക്ക് നിത്യമായ പ്രത്യാശയുടെ അടിസ്ഥാനമാകേണ്ടത്. നമ്മുടെ പ്രത്യാശ എന്നത് ദൈവം നമ്മോടു കൂടെയുണ്ടെന്നും, നമ്മെ അവൻ വിശ്വസിക്കുന്നുവെന്നും, നമ്മെക്കുറിച്ചോർത്ത് ഒരിക്കലും തളരുന്നില്ലെന്ന് എന്നതാണ്. അധിപനായി ഉയരത്തിൽ നിൽക്കുന്ന ദൈവത്തേയല്ല സേവിക്കാനായി കുനിയുന്ന, ചെറുതാകുന്ന, ദരിദ്രനാകുന്ന ദൈവത്തെയാണ് ക്രിസ്തുമസ് വെളിപ്പെടുത്തുന്നത്. പുൽക്കൂട് നമ്മെ ഓർമ്മിപ്പിക്കുന്നതും അതാണെന്നും പാപ്പാ വിശദീകരിച്ചു.
ഫ്രാൻസിസ് പാപ്പാ ബദ്ലഹേമിലേയും വിശുദ്ധനാട്ടിലെയും യുവജനങ്ങൾക്ക് നൽകിയ സന്ദേശത്തിലും ഈ പ്രത്യാശയെ മുൻനിറുത്തി മുന്നിലേക്ക് നോക്കാനും ജീവിതത്തിൽ എപ്പോഴും ഒരു ചക്രവാളമുണ്ടെന്നും തല താഴ്ത്തി താഴേക്ക് നോക്കാതെ ചക്രവാളത്തിലേക്ക് നോക്കാനും അവരോടു ആവശ്യപ്പെട്ടു. അവിടെ എപ്പോഴും ഒരു വാഗ്ദാനമുണ്ട്, ആ വാഗ്ദാനം ദൈവത്തിന്റെ വചനം വഴി ഉറപ്പു തരുന്നതാകയാൽ ഒരിക്കലും നിരാശപ്പെടുത്തുന്നതല്ല എന്ന് ഫ്രാൻസിസ് പാപ്പാ അവരെ ഓർമ്മിച്ചിച്ചു. കഴിഞ്ഞ ഡിസംമ്പർ 22ആം തിയതി ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചയിൽ നൽകിയ പ്രബോധനത്തിൽ സന്തോഷത്തിന്റെ അടിത്തറയായ സ്നേഹത്തിന്റെ പേരും മുഖവുമാണ് യേശുവെന്ന് അടിവരയിടുകയും ചെയ്തു.
യോഗ്യതയില്ലാതെ സ്നേഹിക്കപ്പെട്ടവരാണ് നാം
“ദൈവം സ്നേഹിക്കുന്ന മനുഷ്യർക്ക് സമാധാനം” എന്ന മാലാഖമാരുടെ ആശംസകളുമായി നമുക്ക് വീട്ടിലേക്ക് മടങ്ങാം. നമ്മളല്ല ദൈവത്തെ സ്നേഹിച്ചത് അവനാണ് നമ്മെ സ്നേഹിച്ചത്. അവൻ നമ്മെ ആദ്യം സ്നേഹിച്ചു ( യോഹ4,10.19 )എന്ന വചനങ്ങൾ എപ്പോഴും ഓർക്കാമെന്ന പരിശുദ്ധ പിതാവിന്റെ ക്രിസ്തുമസ് കാലത്തെ വാക്കുകൾ നമുക്ക് അനുസ്മരിക്കാം.
“യോഗ്യതയില്ലാതെ സ്നേഹിക്കപ്പെട്ടവരാണ് നാം. നമ്മെക്കാൾ മുന്നേ നമ്മെ സ്നേഹിക്കാൻ ദൈവം മുന്നിട്ടിറങ്ങി എന്നതാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം. മാംസം ധരിച്ച് നമ്മുടെ ഇടയിൽ വന്ന് താമസിക്കാൻ വേണ്ടുവോളം ആ സ്നേഹം അത്ര മൂർത്തമായിരുന്നു. ഈ സ്നേഹത്തിന് ഒരു പേരും ഒരു മുഖവുമുണ്ട്. നമ്മുടെ സന്തോഷത്തിന്റെ അടിത്തറയായ ആ സ്നേഹത്തിന്റെ പേരും മുഖവും - യേശുവാണ്. അത് നാം പുൽകൂട്ടിൽ കാണുന്ന കുഞ്ഞാണ്”.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: