പാപ്പാ: വിദ്യാഭ്യാസം പ്രത്യാശയുടെയും ശുശ്രൂഷയുടെയും ജ്വാല
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മിലാനിലെ സേക്രട്ട് ഹാർട്ട് കാത്തലിക് യൂണിവേഴ്സിറ്റി അതിന്റെ 2021- 2022 അദ്ധ്യായന വർഷം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺദെർ ലെയേന്റെ സാന്നിധ്യത്തിൽ ഞായറാഴ്ച ആരംഭിച്ചു.
തന്റെ വീഡിയോ സന്ദേശത്തിലൂടെ ഫ്രാൻസിസ് പാപ്പാ ഈ സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷത്തിൽ സർവ്വകലാശാലയിലെ എല്ലാ ജീവനക്കാരോടും, വിദ്യാർത്ഥികളോടും ഒപ്പം പങ്കുചേർന്നു. മിലാനിലെ വിശുദ്ധ അംബ്രോസിന്റെ ബസിലിക്കയിൽ, ആർച്ച് ബിഷപ്പ് മരിയോ ഡെൽഫീനി അർപ്പിച്ച ദിവ്യബലിയോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.
വിദ്യാഭ്യാസത്തിന്റെ ജ്വാല
ഫാ. അഗസ്റ്റിനോ ജെമെല്ലി സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ ശതാബ്ദി വർഷാദ്ധ്യായനാരംഭത്തിന് തന്റെ ഊഷ്മളമായ ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചു.
അഗ്നി, പ്രത്യാശ, സേവനം എന്ന മൂന്നാശയങ്ങളാൽ ആ സ്ഥാപനത്തെ എങ്ങനെ വിശേഷിപ്പിക്കാം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
അഗ്നി എന്ന പ്രതീകത്തിൽ നിന്ന് തന്റെ വിചിന്തനം ആരംഭിച്ച പാപ്പാ വിദ്യാഭ്യാസം ഒഴിഞ്ഞ പാത്രങ്ങളെ നിറക്കുന്നതല്ല, തീ ജ്വലിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കിയ ആയിരക്കണക്കിനു പൂർവ്വവിദ്യാർത്ഥികൾ ഈ സർവ്വകലാശാലയുടെ ജ്വാല തലമുറകളിലേക്ക് കൈമാറിയിട്ടുണ്ട് എന്ന് ഓർമ്മിപ്പിച്ചു. “ഒരാൾ തനിക്ക് അറിയാവുന്നത് കൈമാറുന്നതിന് മുൻപേ താനായിരിക്കുന്നത് പങ്കുവെച്ചുകൊണ്ട് ഒരു തീ കൊളുത്തുന്നു. ഈ സമ്പർക്കം ഒരു കൂടികാഴ്ചയിലൂടെയാണ് സംഭവിക്കുന്നത്. ഒരു സർവ്വകലാശാല ആളുകളെ ഒരുമിച്ചു കൊണ്ടുവരുന്നു” . ഒരേയിടത്തേക്ക്, ഒരേ സമയത്തിലേക്ക്, ഒരേ ചൈതന്യത്തിലേക്ക് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
ബന്ധങ്ങളിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു
സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റി പ്രത്യാശ എന്ന സുകൃതത്തെ പ്രതിഫലിപ്പിക്കുന്നു. കാരണം അത് ഐക്യദാർഢ്യത്തിൽ അധിഷ്ഠിതമായ ഒരു സമഗ്രമായ വിദ്യാഭ്യാസത്തെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ എല്ലാറ്റിനേക്കാളും ഉപരി വിദ്യാഭ്യാസം ഒരു ബന്ധമാണ് എന്ന് ഓർമ്മിപ്പിച്ചു. അത് അധ്യാപകരും വിദ്യാർത്ഥികളും തമ്മിലും, വിദ്യാർത്ഥികൾ പരസ്പരവുമുള്ള ബന്ധം തീർക്കുന്നു. അത് യാഥാർത്ഥ്യത്തിലേക്കും മറ്റുള്ളവരിലേക്കും തുറവുള്ള ഒരു സമൂഹം തീർക്കുന്ന ബന്ധമാണ് എന്ന് പാപ്പാ വിശദീകരിച്ചു.
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം വർത്തമാനത്തിനും ഭാവിക്കും നേരെയുള്ള ഒരു പിരിമുറുക്കത്തിലൂടെയാണ്. കൂടാതെ അവർ ഒരുമിച്ച് ഇന്നത്തെ മൂർത്തമായ യാഥാർത്ഥ്യത്തിൽ നിന്ന് ആരംഭിച്ച് നാളത്തെ നമ്മുടെ പൊതുഭവനത്തിന്റെ ചക്രവാളത്തെക്കുറിച്ച് ചിന്തിക്കാനും, പദ്ധതിയിടാനും, പ്രവർത്തിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു എന്നും പാപ്പാ ഓർമ്മിപ്പിച്ചു.
പ്രത്യാശ എന്നത് നമ്മെ പിന്നോട്ട് വലിക്കുന്ന ഭയങ്ങളെ മറികടന്നുകൊണ്ട് ഭാവിയിലേക്കുള്ള ഒരു വാതുവെപ്പാണ് അർത്ഥമാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ അവരുടെ പ്രത്യാശ മോഷ്ടിക്കപ്പെടാൻ അനുവദിക്കരുതെന്നും വ്യക്തിമഹാത്മ്യവാദത്തിന്റെ വൈറസ് പിടിപെടാൻ അനുവദിക്കരുതെന്നും പാപ്പാ അവരോടു ആവശ്യപ്പെട്ടു.
വ്യക്തിവാദം എന്ന വൈറസിനെ ചെറുക്കാനുള്ള പ്രതിരോധശക്തികൾ ( anti bodies) വികസിപ്പിക്കാനുള്ള നല്ല സ്ഥലമാണ് സർവ്വകലാശാല എന്ന പാപ്പാ കൂട്ടിച്ചേർത്തു.
പങ്കുവച്ചുള്ള സേവനത്തിന്റെ പരിശ്രമം
തന്റെ സന്ദേശത്തിൽ സേവനത്തെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ സേക്രഡ് ഹാർട്ട് സർവ്വകലാശാല സഭയ്ക്കുള്ളിലും സമൂഹത്തിലും സേവനത്തോടുള്ള വിശ്വസ്ഥത പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എടുത്തു പറഞ്ഞു.
സർവ്വകലാശാലയിലെ ജീവനക്കാരുടെയും അധ്യാപകരുടെയും ഗവേഷകരുടെയും പ്രവർത്തനം ഈ സേവന മനോഭാവത്തിനും അതുപോലെതന്നെ പങ്കുവെക്കലിന്റെ ചക്രവാളത്തിലേക്ക് ഒരുമിച്ചു സഞ്ചരിക്കാനുള്ള വിദ്യാർത്ഥികളുടെ ദൈനംദിന ശ്രമങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു എന്നും പാപ്പാ പറഞ്ഞു. സർവകലാശാലയുടെ ഓരോ ഘടകത്തിനും ഈ പ്രവർത്തനത്തിൽ പ്രധാന പങ്കു വഹിക്കാനുണ്ടെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
ഓരോരുത്തരുടെയും ദൈനംദിന പരിശ്രമമില്ലെങ്കിൽ ഈ പൊതു പദ്ധതി കൂടുതൽ ദരിദ്രമായിരിക്കുമെന്നും അതിൽ എന്തോ കുറവനുഭവപ്പെടുമെന്നും പാപ്പാ മുന്നറിയിപ്പു നൽകി. ഒരു ഓർക്കസ്ട്രയിൽ അതിന്റെ ശബ്ദമോ, നിരവധി ഉപകരണങ്ങളുടെ സ്വരപ്രമാണമോ ഇല്ലാത്തതുപോലെ (അത്ര പ്രാധാന്യം ഇല്ലാത്ത ഉപകരണമാണെന്ന് തോന്നിയാലും) യാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സേവനത്തിന്റെ ദൈവീക ജ്ഞാനം
കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ടിലെ എല്ലാ അംഗങ്ങളോടും സുവിശേഷത്തോടു വിശ്വസ്ഥത പുലർത്തിക്കൊണ്ട് വ്യതിരിക്തമായ സേവനമനോഭാവവും നിലനിർത്താൻ ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. കർത്താവായ യേശുക്രിസ്തു ദൈവീക വിജ്ഞാനമായ വചനമായിരുന്നിട്ടും സമ്പൂർണ്ണമായി സ്വയം ശൂന്യമാക്കുന്ന സേവനത്തിന്റെ ദോഷത്വം തിരഞ്ഞെടുത്തു. അത് കുരിശിന്റെ വിജ്ഞാനമായിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവിടുന്ന് ദൈവ സ്നേഹത്തിന്റെ സത്യത്തിനു സാക്ഷ്യം വഹിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ, രാജാവായ അവൻ, സേവിക്കുന്നതാണ് ഭരണമെന്ന് നമ്മെ പഠിപ്പിച്ചു. ഈ സേവന മനോഭാവത്തിൽ സർവ്വകലാശാല ആഴത്തിൽ വിശ്വസിക്കുകയും അവരുടെ വിദ്യാഭ്യാസ ദൗത്യത്തിൽ സധൈര്യം ചക്രവാളത്തിലേക്ക് നോക്കുകയും ചെയ്യുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: