തിരയുക

സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള പാപ്പായുടെ അപ്പോസ്തോലിക യാത്രയുടെ ലോഗോ.       സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള പാപ്പായുടെ അപ്പോസ്തോലിക യാത്രയുടെ ലോഗോ.  

വിശ്വാസത്തിലുള്ള സാന്ത്വന സന്ദേശമായി പാപ്പാ സൈപ്രസിലേക്കും, ഗ്രീസിലേക്കും

ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പത്തഞ്ചാം അപ്പോസ്തലിക സന്ദർശനം - സൈപ്രസിലേക്കും, ഗ്രീസിലേക്കും

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രണ്ട് മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലേക്കും, ഗ്രീസിലേക്കുള്ള പാപ്പായുടെ മുപ്പത്തഞ്ചാം അപ്പോസ്തോലിക സന്ദർശനം അഞ്ച് ദിവസം നീളുന്ന യാത്രയാണ്. യാത്രയുടെ ലോഗോകളിൽ പ്രതിഫലിപ്പിക്കുന്നതുപോലെ ഫ്രാൻസിസ് പാപ്പാ പ്രത്യാശയുടെയും, വിശ്വാസത്തിന്റെയും, തുറവിന്റെയും തീർത്ഥയാത്രയായിട്ടാണ് ഈ രണ്ട് രാജ്യങ്ങളും സന്ദർശിക്കുന്നത്.

2016ൽ ലെസ്ബോസ്, സൈപ്രസ് ദ്വീപുകളിൽ ജീവിക്കുന്ന കുടിയേറ്റക്കാരുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി ലോകത്തിലെ പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവരുടെ ആത്മീയ നേതാവായ എക്യൂമെനിക്കൽ പാത്രീയാർക്കീസ് ബർത്തലോമിയോ ഒന്നാമനെ കാണാ൯ ഒരു ദിവസത്തെ സന്ദർശനം ഫ്രാ൯സിസ് പാപ്പാ നടത്തിട്ടുണ്ടായിരുന്നു. കോവിഡ്- 19 മഹാമാരി ആരംഭിച്ചതിന് ശേഷം പാപ്പാ നടത്തുന്ന മൂന്നാമത്തെ അപ്പോസ്തോലിക യാത്രയാണിത്. കഴിഞ്ഞ മാർച്ചിൽ ഇറാഖിലേക്കും, സെപ്റ്റംബറിൽ ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കുമായിരുന്നു പാപ്പായുടെ മുൻയാത്രകൾ. 2010 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ മെഡിറ്ററേനിയൻ ദ്വീപിലേക്ക് നടത്തിയ യാത്രയ്ക്ക് ശേഷം സൈപ്രസ് സന്ദർശിക്കുന്ന രണ്ടാമത്തെ പാപ്പയാണ് ഫ്രാൻസിസ് പാപ്പാ. ജൂലൈയിൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ 84 കാരനായ ഫ്രാൻസിസ് പാപ്പായുടെ ഈ യാത്രയ്ക്ക്  ശുഭാശംസകൾ നേർന്ന് നമുക്ക് പ്രാർത്ഥിക്കാം.

സൈപ്രസിലേക്കുള്ള അപ്പോസ്തോലിക യാത്രയുടെ ലോഗോ

സൈപ്രസ് ദ്വീപിന്റെ മദ്ധ്യസ്ഥനായ വി. ബർണബാസിലേക്ക് നോക്കുന്ന ഫ്രാൻസിസ് പാപ്പായാണ് ലോഗോയുടെ ഇടതുവശത്ത്. വലതുവശത്ത് ഗോതമ്പ് കതിരും അതിൽ കെട്ടിയിരിക്കുന്ന ഒലിവ് ശാഖയും സമാധാനത്തിന്റെയും കൂട്ടായ്മയുടെയും അടയാളങ്ങളാണ്. മുകളിലും താഴെയുമായി ഗ്രീക്കിലും ഇംഗ്ലീഷിലും "വിശ്വാസത്തിൽ പരസ്പരം ആശ്വസിപ്പിക്കുക " എന്ന വാക്യം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു താഴെയായി പരിശുദ്ധ പിതാവിന്റെ സൈപ്രസ് സന്ദർശനവും യാത്രയുടെ തീയതിയും കാണാം. വത്തിക്കാൻ രാജ്യത്തിന്റെ പതാകയുടെ വെള്ളയും, മഞ്ഞയും  നിറങ്ങൾക്കൊപ്പം സൈപ്രസ് രാജ്യത്തിന്റെ പതാകയുടെ ഓറഞ്ച്, പച്ച നിറങ്ങൾ ലോഗോയിൽ വേറിട്ടുനിൽക്കുന്നു. "വിശ്വാസത്തിൽ പരസ്പരം ആശ്വസിപ്പിക്കുക " എന്ന യാത്രയുടെ മുദ്രാവാക്യം, അപ്പോസ്തോലനായ ബർണബാസിന്റെ പേരിൽനിന്ന്  ഉൾക്കൊണ്ടതാണ്. ബർണബാസ് എന്നാൽ പ്രബോധനത്തിന്റെയും സാന്ത്വനത്തിന്റെയും പുത്രൻ എന്നാണ് അർത്ഥം.  (അപ്പോസ്തല പ്രവർത്തനങ്ങൾ 4: 36).

ഗ്രീസിലേക്കുള്ള അപ്പോസ്തോലിക യാത്രയുടെ ലോഗോ

ലോകത്തിന്റെ പ്രക്ഷുബ്ധ സാഗരത്തിലൂടെ കടന്നുപോകുന്ന ഒരു കപ്പലായി സഭയെ പ്രതിനിധീകരിക്കുന്ന ലോഗോയാണ്  ഗ്രീസ് സന്ദർശനത്തിന്റേത്. ക്രിസ്തുവിന്റെ കുരിശു പായ്മരമായും, പരിശുദ്ധാത്മാവിന്റെ കാറ്റിനാൽ അതിന്റെ പായ്കളെ വിടർത്തുന്നതായുമാണ് ലോഗോയുടെ ചിത്രീകരണം. ഗ്രീസിന്റെ സുഹൃത്തായി വരുന്ന പാപ്പായുടെ രൂപത്തെ വെളിപ്പെടുത്തുന്ന ആകൃതിയും കാണാം. ലോഗോയിൽ കാണുന്ന മഞ്ഞയും നീലയും നിറങ്ങൾ  പരിശുദ്ധ സിംഹാസനത്തിന്റെയും ഗ്രീക്ക് റിപ്പബ്ലിക്കിന്റയും പതാകകളെ പ്രതിനിധീകരിക്കുന്നു. 36-മത് ലോക യുവജന ദിനത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവ് നൽകിയ സന്ദേശത്തിൽ നിന്നാണ് "ദൈവത്തിന്റെ വിസ്മയങ്ങൾക്കായി നമുക്ക് കൂടുതൽ തുറവുള്ളവരാകാം" എന്ന ലോഗോയുടെ  മുദ്രാവാക്യം എടുത്തിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2021, 15:09